24 December 2024, Tuesday
KSFE Galaxy Chits Banner 2

ഘോരതയുടെ രൂപരേഖ

Janayugom Webdesk
June 19, 2022 5:00 am

ഒരു വിഭാഗത്തില്‍പ്പെട്ടവരും നിരപരാധികളുമായ ജനങ്ങള്‍ എന്തുകൊണ്ടാണ് ഭരണകൂടത്തിന്റെ വേട്ടയ്ക്കിരയാകുന്നത്. ജനവാസകേന്ദ്രങ്ങളെ അവശിഷ്ടങ്ങളാക്കുന്ന, മുഖമില്ലാത്ത, തടസമില്ലാതെ പ്രവർത്തിക്കാൻ കഴിയുന്ന ബുൾഡോസറിന് ഇക്കാര്യത്തില്‍ അതിന്റെതായ പ്രാധാന്യമുണ്ട്. അത് എല്ലാറ്റിനെയും നിസാരമാക്കുന്നു. വെൽഫെയർ പാർട്ടിയുടെ പ്രാദേശിക നേതാവായ ജാവേദ് മുഹമ്മദിനെ തുറുങ്കിലടച്ചു. ബാബരി മസ്ജിദ്-രാമജന്മഭൂമി തർക്കത്തിന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങളിലെ ഇടപെടലുകള്‍ തടഞ്ഞുകൊണ്ട് 1991ൽ പാർലമെന്റ് കൊണ്ടുവന്ന നിയമത്തില്‍ അദ്ദേഹം വിശ്വസിച്ചു പോയി. എന്നാൽ 1992 ഡിസംബർ ആറിലേക്ക് അധികം അകലമുണ്ടായില്ല. ബാബരി മസ്ജിദ് വന്യമായ മനുഷ്യകരങ്ങളുടെ ശക്തിയില്‍ നിലംപൊത്തി. ഇവിടെ ബുൾഡോസറിന് ഇടമുണ്ടായില്ല. ഗോൾവാൾക്കറുടെ സ്വപ്നപദ്ധതി അദ്ദേഹത്തിന്റെ അനുയായികൾ പൂർത്തിയാക്കി. ന്യൂനപക്ഷങ്ങള്‍ക്കുള്ള പൗരത്വാവകാശങ്ങൾ നീക്കണമെന്ന് ഗോൾവാൾക്കര്‍ ആഗ്രഹിച്ചിരുന്നു. അഡോൾഫ് ഹിറ്റ്ലറുടെ ജൂതവിരുദ്ധതയ്ക്കു സമാനമായി ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്ര പദ്ധതി ഗോൾവാൾക്കർ ആവര്‍ത്തിച്ചു. ‘നാം അല്ലെങ്കിൽ നമ്മുടെ രാഷ്ട്രം നിർവചിക്കപ്പെടുമ്പോള്‍’ എന്ന പുസ്തകത്തിന്റെ കാമ്പും ഇതായിരുന്നു. അതിൽ ഒരു സങ്കോചവുമില്ലാതെയാണ് സംഘിന്റെ ഹിന്ദു രാഷ്ട്ര പദ്ധതിയെ അഡോൾഫ് ഹിറ്റ്‌ലറുടെ യഹൂദ വിരുദ്ധതയുമായി ഗോള്‍വാള്‍ക്കര്‍ താരതമ്യപ്പെടുത്തുന്നത്.

“വംശത്തിന്റെയും അതിന്റെ സംസ്കാരത്തിന്റെയും ശുദ്ധി നിലനിർത്തുന്നതിന് സെമിറ്റിക് വംശങ്ങളുടെ — ജൂതന്മാരുടെ ഉന്മൂലനത്തിലൂടെ ശുദ്ധീകരിക്കാന്‍ ശ്രമിച്ച ജർമ്മനിയുടെ ചെയ്തികള്‍ ലോകത്തെ ഞെട്ടിച്ചു”, 1939ല്‍ അദ്ദേഹം എഴുതി. “ആഴമേറിയ വ്യത്യാസങ്ങളുള്ള, വംശങ്ങളും സംസ്കാരങ്ങളും സമന്വയിക്കുന്നത് എത്രത്തോളം അസാധ്യമാണെന്ന് ജർമ്മനി തെളിയിച്ചു. ഹിന്ദുസ്ഥാന് പഠിക്കാനും നേട്ടമുണ്ടാക്കാനുമുള്ള ഒരു നല്ല പാഠമാണിത്.” ജൂതന്മാരെ ശുദ്ധീകരിക്കാനുള്ള നാസി പരീക്ഷണം മനസിൽ ഉള്‍ക്കൊണ്ട് അഹിന്ദുക്കളെ വിദേശവംശങ്ങളായി അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ഗോൾവാൾക്കര്‍ ഉപദേശിക്കുന്നു “ഹിന്ദുസ്ഥാനിലെ വിദേശ വംശങ്ങൾ ഒന്നുകിൽ ഹിന്ദുസംസ്കാരവും ഭാഷയും സ്വീകരിക്കണം, ഹിന്ദുമതത്തെ ബഹുമാനിക്കാനും ആദരിക്കാനും പഠിക്കണം, മഹത്വവല്ക്കരിക്കലല്ലാതെ മറ്റൊന്നും പാടില്ല. ഹിന്ദുവംശത്തിൽ അലിയുന്നതിന് അവരുടെ അസ്ഥിത്വം നഷ്ടപ്പെടണം, അല്ലെങ്കിൽ ഒന്നും അവകാശപ്പെടാതെ ഹിന്ദുരാഷ്ട്രത്തിന് പൂർണമായും കീഴ്പെട്ട് രാജ്യത്ത് തുടരാം. അവര്‍ ഒരു പ്രത്യേകാവകാശവും അർഹിക്കുന്നില്ല. പൗരന്റെ അവകാശങ്ങൾ പോലും”. പിന്നീടുള്ള വർഷങ്ങളിൽ ഗോൾവാൾക്കറും അദ്ദേഹത്തിന്റെ സംഘടനയും പുസ്തകത്തിലെ വാദങ്ങളില്‍ നിന്ന് അകന്നു. അകല്‍ച്ച താല്ക്കാലികമായിരുന്നു. എങ്കിലും ഗോൾവാൾക്കറുടെ ചിന്തയില്‍ പിറന്ന സാമൂഹിക രാഷ്ട്രീയ പദ്ധതിയുടെ സാക്ഷാത്കാരത്തിനായി ആർഎസ്എസ് ക്ഷമയോടെ തുടർന്നു.


ഇതും കൂടി വായിക്കാം;ബുള്‍ഡോസര്‍ രാജ് എന്ന ഭരണകൂട ഭീകരത


പ്രയാഗ്‌രാജിലെ സംഭവവികാസങ്ങൾ ഇതിന് ഉദാഹരണമാണ്. ജൂൺ 10 ന് പ്രാർത്ഥനയ്ക്ക് ശേഷം പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്ക്കെതിരെ പ്രയാഗ്‌രാജിൽ പ്രതിഷേധം നടന്നു. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. പക്ഷെ, ജൂൺ 12 ന് ജാവേദ് മുഹമ്മദിന്റെ ഭാര്യ പർവീൻ ഫാത്തിമയുടെ ഇരുനില വീട് പ്രയാഗ്‌രാജ് ഡെവലപ്മെന്റ് അതോറിറ്റി (പിഡിഎ) ബുൾഡോസർ ഉപയോഗിച്ച് തകർത്തു. ഇതിനെതിരെ അലഹബാദ് ഹൈക്കോടതിയിൽ ഹർജി നൽകി. തച്ചുടയ്ക്കൽ ഭയന്ന് സമീപത്തെ കടയുടമകൾ സാമഗ്രികളും കച്ചവടവും നീക്കിത്തുടങ്ങി. ബുൾഡോസർ കാലം എവിടെയും അവസാനിക്കുന്നില്ല. കൂടുതല്‍ വിശകലനം ചെയ്യുമ്പോള്‍ ഘോരതയുടെ രൂപരേഖ വ്യക്തമാകുന്നു. രാജ്യത്ത് അവശ്യവസ്തുക്കൾക്കുള്‍പ്പെടെ വില ഉയരുകയാണ്. തൊഴിലില്ലായ്മ രൂക്ഷമാകുന്നു. കൂടെ വിശപ്പും. നിലനില്‍പ്പിനായുള്ള കുടിയേറ്റവും പലായനവും സാമാന്യതത്വമായിരിക്കുന്നു. ഇത് കൂടുതൽ ദാരിദ്ര്യത്തിന് വഴിയൊരുക്കുന്നു. ദാരിദ്ര്യം സകല സമുദായങ്ങളെയും വേട്ടയാടുന്നു. ഇപ്പോൾ നാനാത്വത്തിലെ പുതിയ ഐക്യരേഖയാണിത്. കാവിഭരണത്തിന്റെ സമ്മാനമാണിത്. മറുവശവും കാണാം.

രാജ്യത്തെ ശതകോടീശ്വരന്മാർ അഭൂതപൂർവമായ രീതിയിൽ തങ്ങളുടെ സമ്പത്ത് വളർത്തുന്നു. ലോക സമ്പദ്‌വ്യവസ്ഥയിൽ പോലും അപൂർവമാണിത്. കോവിഡ് 19 ലോക്ഡൗൺ കാലയളവിലും ശതകോടീശ്വരന്മാർ കൂടുതൽ സമ്പന്നരായി. രാജ്യത്തിന്റെ സകല വിഭവങ്ങളും കേന്ദ്രഭരണകൂടത്തിന്റെ സഹായത്തോടെ ധനമൂലധനം കയ്യേറുന്നു. ഭരണഘടന ഒരു നിയന്ത്രണാധികാരമായിരുന്നു, പക്ഷെ മാറ്റിയെഴുതാനുള്ള ശ്രമങ്ങള്‍ ശക്തമാണ്. പാർലമെന്റിൽ ചർച്ചയില്ല. ജനാധിപത്യ മൂല്യങ്ങൾ അപകടത്തിലാണ്. വിയോജിപ്പിന് ഇടമില്ല. ഗ്രാമീണ പ്രശ്നങ്ങൾ പരിഗണനയിലില്ല. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനം നടന്നില്ല. കാർഷിക നയങ്ങളൊന്നുമില്ല. കർഷകർക്ക് ചിന്തിക്കാനാവാത്ത വികല പരിഷ്കാരങ്ങൾ രൂപപ്പെടുത്തുന്നു. ഭക്ഷ്യസുരക്ഷ ഇല്ലാതായി.


ഇതും കൂടി വായിക്കാം; അതിര്‍വരമ്പ് ലംഘിക്കുന്ന അരാജക വാഴ്ച


ഗ്രാമീണ ജനതയുടെ ജീവിതം തന്നെ നാശത്തിന്റെ വക്കിലാണ്. ചെറുകിട നാമമാത്ര കർഷകർ നശിക്കുന്നു. അതിനിടെ സർക്കാർ അതിന്റെ വിപണിനയം രൂപീകരിക്കുന്നതിന്റെയും കാർഷിക കുത്തകവല്ക്കരണത്തിന്റെയും തിരക്കിലാണ്. വൻകുത്തകകള്‍ കാർഷിക മേഖല കയ്യടക്കാൻ കോപ്പുകൂട്ടുന്നു. വികേന്ദ്രീകരണ പ്രക്രിയ ആസൂത്രിതമല്ല. ഓരോ ഘട്ടത്തിലും പിന്തിരിപ്പൻ നയങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. ഭരണകൂടത്തിന്റെ കൈകളിൽ നിന്ന് അധികാരങ്ങൾ തട്ടിയെടുക്കപ്പെട്ടിരിക്കുന്നു. വരേണ്യവംശത്തിന്റെ ഭരണം സ്ഥാപിക്കുകയാണ് ലക്ഷ്യം, ഉയർന്ന ജാതിക്ക് സ്വയം ഉറപ്പിക്കുന്നതിനുള്ള എല്ലാ അവസരങ്ങളും തുറന്നുകൊടുക്കുന്നു. ആര്‍എസ്എസ് ഘോഷിക്കുന്ന ഹിന്ദുത്വം കുത്തകകളെ സേവിക്കുന്നതിന് വേണ്ടി മെനഞ്ഞതാണ്. തെറ്റായി ഇന്ത്യയെ ഭരിക്കാനും വിനാശകരമായ ദിശയിലേക്ക് നയിക്കാനുമുള്ള ഒരു സാമ്പത്തിക പദ്ധതി മാത്രമാണത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.