23 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 14, 2025
January 13, 2025
January 3, 2025
December 14, 2024
December 13, 2024
December 13, 2024
December 11, 2024
November 8, 2024
October 7, 2024
September 26, 2024

അട്ടപ്പാടി മധു വധക്കേസ്: സാക്ഷികളെ സ്വാധീനിച്ചു, പ്രതികളുടെ ജാമ്യം റദ്ദാക്കി

Janayugom Webdesk
അട്ടപ്പാടി
August 20, 2022 11:40 am

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസിലെ 12 പ്രതികളുടെ ജാമ്യം റദ്ദാക്കി. കേസ് അട്ടിമറിക്കുന്നതിന് പ്രതികൾ സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന പ്രോസിക്യൂഷൻ ഹർജിയിലാണ് നടപടി. കോടതിയിൽ ഹാജരായ നാലാം പ്രതി അനീഷ്, ഏഴാം പ്രതി സിദ്ദീഖ്, പതിനഞ്ചാം പ്രതി ബിജു എന്നിവരെ റിമാൻഡ് ചെയ്തു. മറ്റ് ഒമ്പതു പേർക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചു.
രണ്ടുമുതല്‍ ഏഴുവരെ പ്രതികളായ മരയ്ക്കാർ, ഷംഷുദ്ദീൻ, അനീഷ്, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ദിഖ്, ഒമ്പതുമുതല്‍ 12 വരെ പ്രതികളായ നജീബ്, ജൈജു മോൻ, അബ്ദുൾ കരീം, സജീവ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരുടെ ജാമ്യമാണ് മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതി ജ‍ഡ്ജി കെ എം രതീഷ് കുമാര്‍ റദ്ദാക്കിയത്. ഒന്നാം പ്രതി ഹുസൈൻ, എട്ടാം പ്രതി ഉബൈദ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ് എന്നിവര്‍ ജാമ്യത്തില്‍ തുടരും.
പ്രതികള്‍ ഇടനിലക്കാർ വഴിയും നേരിട്ടും പലപ്പോഴും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു. അതിന്റെ ഫലമായി വിചാരണസമയത്ത് 15 പേരെ വിസ്തരിച്ചപ്പോൾ 13 പേരും കൂറുമാറി. ഇത് അന്വേഷണ സംഘത്തെയും പ്രോസിക്യൂഷനെയും വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഇനിയും വിസ്താരം നടത്താനിരിക്കുന്ന സാക്ഷികളെയും പ്രതികൾ സ്വാധീനിച്ചുവെന്ന നിർണായക വിവരവും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതിനുള്ള തെളിവുകളും ഹാജരാക്കി. പ്രതികളായ മരക്കാർ, ഷംസുദ്ദീൻ, നജീബ്, സജീവ് എന്നിവരാണ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു.
63 തവണ വരെ ചിലർ സാക്ഷികളെ വിളിച്ചതിന്റെ രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി. ഈ സാഹചര്യത്തിൽ സാക്ഷിവിസ്താരം കോടതി താല്ക്കാലികമായി നിർത്തിവെച്ചിരുന്നു. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ തീർപ്പാക്കിയ ശേഷം സാക്ഷി വിസ്താരം മതിയെന്ന ഹർജിയിൽ 16-ാം തീയതി വാദം പൂർത്തിയാക്കിയിരുന്നു.
കേസെടുത്ത് നാലുവര്‍ഷത്തിന് ശേഷമാണ് കോടതിയില്‍ വിചാരണ തുടങ്ങാനായത്. ഇതിനിടെ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയ പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ച് തങ്ങള്‍ക്കനുകൂലമായി കോടതിയില്‍ മൊഴി കൊടുപ്പിച്ചതോടെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കുകയായിരുന്നു. കൂറുമാറിയവരില്‍ വനംവകുപ്പിന്റെ താല്കാലിക വാച്ചര്‍മാരുമുണ്ട്. ഇവരെയെല്ലാം വനംവകുപ്പ് ജോലിയില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തു.
ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് 2018 ഫെബ്രുവരി 22നാണ് ചിണ്ടക്കി-പൊട്ടിക്കൽ റോഡിലെ സംരക്ഷിത വനമേഖലയിൽ തേക്കുകൂപ്പ് ഭാഗത്തുനിന്ന് ചിലർ മധുവിനെ പിടികൂടി മർദ്ദിച്ചത്. അടിയേറ്റ് അവശനായ മധുവിനെ കിലോമീറ്ററുകളോളം നടത്തിച്ചു. പിന്നീട് പൊലീസിന് കൈമാറി. ആശുപത്രിയിലേക്ക് പൊലീസ് ജീപ്പിൽ കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. കനത്ത പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് 16 പേരെ പ്രതികളാക്കി കേസെടുത്തു. 2022 ഏപ്രിൽ 28നാണ് വിചാരണ തുടങ്ങിയത്. സാക്ഷികളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റം കേസിനെ ദോഷകരമായി ബാധിക്കുമെങ്കിലും ഡിജിറ്റൽ തെളിവുകൾ ശക്തമാണെന്ന് പ്രോസിക്യൂഷൻ പറയുന്നു.

Eng­lish sum­ma­ry: Atta­pa­di Mad­hu mur­der case: Bail of accused canceled
You may also like this video

YouTube video player

TOP NEWS

January 23, 2025
January 23, 2025
January 23, 2025
January 23, 2025
January 23, 2025
January 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.