15 May 2024, Wednesday

സംസ്ഥാനത്തിന് കൈത്താങ്ങായി ആയുർവേദ ടൂറിസം

ബേബി ആലുവ
കൊച്ചി
June 28, 2023 9:46 pm

മൺസൂൺ കാലയളവിൽ കേരളത്തിന്റെ വിദേശ വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ അളവിൽ കൈത്താങ്ങായി മാറുകയാണ് ആയുർവേദം. കോവിഡും മറ്റും മൂലമുണ്ടായ തളർച്ച പ്രൗഢി കെടുത്തിക്കളഞ്ഞ സംസ്ഥാനത്ത ആയുർവേദ, വെൽനസ് ടൂറിസം ഇക്കുറി വലിയ കുതിപ്പ് നടത്തുമെന്നാണ് പ്രതീക്ഷ. മഴക്കാലത്തിനു മുമ്പു തന്നെ മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്തെ ആയുർവേദ ചികിത്സ യെക്കുറിച്ച് വിദേശങ്ങളിൽ നിന്ന് വ്യാപകമായ അന്വേഷണങ്ങളുണ്ടായതായി ഈ രംഗത്തുള്ളവർ പറയുന്നു. പിന്നാലെ, ധാരാളം വിദേശികളും എത്തിത്തുടങ്ങി. പശ്ചിമേഷ്യ, റഷ്യ, ഉക്രെയ്ന്‍, യൂറോപ്പ് തുടങ്ങി പഴയ സോവിയറ്റ് യൂണിയനിലെ അംഗരാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളെ വരെ ഈ സീസണിൽ പ്രതീക്ഷിക്കുന്നുണ്ട്. 

കായകല്പ ചികിത്സ, ഞവരക്കിഴി, അഭംഗ്യ, പഞ്ചകർമ ചികിത്സ തുടങ്ങിയ ആയുർവേദ രീതികളാണ് കേരളത്തിലുള്ളത്. വിദേശ വിനോദ സഞ്ചാരികൾക്ക് വെൽനസ് പാക്കേജുകൾ വാഗ്ദാനം ചെയ്യുന്ന പരമ്പരാഗത ആയുർവേദ കേന്ദ്രങ്ങളും അവധിക്കാല റിസോർട്ടുകളും ഉൾപ്പെടെ 120 പ്രീമിയം സ്ഥാപനങ്ങൾ കേരളത്തിലുണ്ട്. ആയുർവേദത്തെക്കുറിച്ചും പരമ്പരാഗത ചികിത്സകളെക്കുറിച്ചും ജിജ്ഞാസുക്കളായ ആഗോള സഞ്ചാരികൾക്ക് മെഡിക്കൽ ടൂറിസത്തിന് അനുയോജ്യമായ സ്ഥലമാണ് കേരളം. വിവിധ ആയുർവേദ അഭ്യംഗ ( മസാജുകൾ) ചികിത്സയ്ക്ക് മുൻപന്തിയിലാണ് കേരളം. കോവിഡാനന്തര കാലഘട്ടത്തിൽ ആയുർവേദത്തിന്റെ സമ്പന്നമായ പാരമ്പര്യത്തിലുള്ള അവഗാഹം മൂലം ലോകത്തെമ്പാടുമുള്ള വിനോദ സഞ്ചാരികൾ കൂടുതലായി ഇഷ്ടപ്പെടുന്ന സ്ഥലവും കേരളം തന്നെ. ടൂറിസം മേഖലയുടെ വിദേശ നാണ്യ വരുമാനത്തിന്റെ 70–80 ശതമാനവും ആയുർവേദ, വെൽനസ് വ്യവസായത്തിലൂടെയാണ്. 

ആയുർവേദ ചികിത്സാലയങ്ങൾക്ക് സമീപമുള്ള ഹോട്ടലുകളിലും റിസോർട്ടുകളിലും ഇതിനകം തന്നെ ധാരാളമായി മുറികൾ വിദേശ ടൂറിസ്റ്റുകൾക്കായി ബുക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കടുത്തുള്ള വാസസ്ഥലങ്ങളിലും തിരുക്കേറിത്തുടങ്ങി. മറ്റിടങ്ങളെ അപേക്ഷിച്ച് ആയുർവേദ ചികിത്സയ്ക്കുള്ള ചെലവ് കുറവാണ് എന്നതും കേരളത്തിലേക്ക് വരാൻ അന്താരാഷ്ട്ര സഞ്ചാരികളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ്. കർക്കടകമാകുന്നതോടെ സഞ്ചാരികളുടെ ഒഴുക്ക് ഉയർന്ന നിലയിലാവും. 

Eng­lish Summary:Ayurvedic tourism as a sup­port for the state

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.