8 May 2024, Wednesday

ആയുഷ്മാന്‍ ഭാരത് നിറംമങ്ങി:പദ്ധതിയിലെ ക്രമക്കേടുകളും തിരിച്ചടിയായി

ലക്ഷ്യമിട്ടത് 55 കോടി, ചേര്‍ന്നത് 28.45 കോടി
Janayugom Webdesk
ന്യൂഡല്‍ഹി
December 22, 2023 9:40 pm

പ്രധാനമന്ത്രി നരേന്ദ്രമോഡി കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ദേശീയ പൊതുജനാരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ആയുഷ്മാന്‍ ഭാരതിന്റെയും നിറം മങ്ങുന്നു. കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന പ്രഖ്യാപനവുമായാണ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്. രാജ്യത്തെ ആകെ ജനസംഖ്യയുടെ പകുതിയും പദ്ധതിക്ക് അര്‍ഹരായിരുന്നിട്ടും കേവലം 28.45 കോടിയാളുകള്‍ മാത്രമാണ് ഇതിന്റെ ഭാഗമായത്. പദ്ധതി പ്രകാരം അര്‍ഹരായവരുടെ ഓരോ കുടുംബത്തിനും പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപ വരെയുള്ള ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നു.പദ്ധതിയില്‍ ഗുരുതര ക്രമക്കേടുകളാണ് നടക്കുന്നതെന്ന് കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സിഎജി) നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അസാധുവായ പേരുകള്‍, വ്യാജ ജനനത്തീയതി, വ്യാജ തിരിച്ചറിയല്‍ രേഖകള്‍, കുടുംബാംഗങ്ങളുടെ എണ്ണത്തിലുള്ള വ്യത്യാസം തുടങ്ങിയ ക്രമക്കേടുകളും സിഎജി നേരത്തെ ലോക്സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 

7,49,820 പേര്‍ അവരുടെ ഫോണ്‍ നമ്പറായി ചേര്‍ത്തിരിക്കുന്നത് 9999999999 എന്ന ഒറ്റ നമ്പറാണെന്ന് സിഎജി കണ്ടെത്തി. മറ്റൊരു നമ്പറായ 8888888888 വഴി 1.39 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 9000000000 എന്നത് 96,000 പേര്‍ പദ്ധതിയില്‍ തങ്ങളുടെ ഫോണ്‍ നമ്പറായി ചേര്‍ത്തിട്ടുണ്ട്. ഒരു ലക്ഷത്തോളം പേര്‍ 20 വ്യത്യസ്ത ഫോണ്‍ നമ്പറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഗുണഫലം ലഭിക്കുന്നതിന് ഫോണ്‍ നമ്പര്‍ പ്രധാനമായിരിക്കെ പലര്‍ക്കും ആനുകൂല്യം ലഭിക്കാത്ത സാഹചര്യം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സ്വകാര്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ നടക്കുന്ന തീവെട്ടിക്കൊള്ളയ്ക്ക് അറുതി വരുത്താനെന്ന പേരില്‍ ആരംഭിച്ച പദ്ധതിയിലാണ് വ്യാപകമായ തട്ടിപ്പും വീഴ്ചകളും സിഎജി കണ്ടെത്തിയത്. പദ്ധതിയില്‍ അംഗങ്ങളായ പലരും സമര്‍പ്പിച്ചിരിക്കുന്ന കുടുംബാഗങ്ങളുടെ വിവരം യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല. 43,197 കുടുംബങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്ന അംഗങ്ങളുടെ എണ്ണം പതിനൊന്ന് മുതല്‍ 201 വരെയാണ്. ഇത്തരം വീഴ്ചകള്‍ രജിസ്ട്രേഷനില്‍ സംഭവിച്ചത് ഗുരുതരപിഴവാണെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു. അപേക്ഷകളിലെ ഫോണ്‍ നമ്പറില്‍ പിഴവ് സംഭവിച്ചതായി ദേശീയ ആരോഗ്യ ദൗത്യം അധികൃതരും സമ്മതിച്ചിരുന്നു. 

കോവിഡ് കേസുകളിലുണ്ടാകുന്ന വര്‍ധന പദ്ധതിക്കായി മാറ്റിവച്ചിരിക്കുന്ന നിലവിലെ വിഹിതത്തെ ബാധിക്കില്ലെങ്കിലും കേസുകള്‍ ഉയരുകയും എന്‍റോള്‍മെന്റ് വര്‍ധിക്കുകയും ചെയ്താല്‍ അടുത്ത വര്‍ഷത്തെ ബജറ്റില്‍ പദ്ധതിക്ക് വേണ്ടിയുള്ള വിഹിതം വര്‍ധിപ്പിക്കേണ്ടിവരുമെന്നും പിഡബ്യുസി പാര്‍ട്ണര്‍ റാനെന്‍ ബാനര്‍ജി പറഞ്ഞു.
2024 ജനുവരി 26നകം 55 കോടി പേരെ പദ്ധതിയുടെ ഭാഗമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഏറ്റവും കൂടുതല്‍ പേര്‍ എന്റോള്‍ ചെയ്തിരിക്കുന്ന സംസ്ഥാനം ഉത്തര്‍പ്രദേശാണ്. 46 ദശലക്ഷം പേരാണ് ഉത്തര്‍പ്രദേശില്‍ എന്റോള്‍ ചെയ്തത്.
തൊട്ടുപിന്നിലായി മധ്യപ്രദേശ് (37 ദശലക്ഷം), ഗുജറാത്ത് (20 ദശലക്ഷം), ഛത്തീസ്ഗഡ് (20 ദശലക്ഷം), മഹാരാഷ്ട്ര (19 ദശലക്ഷം) എന്നീ സംസ്ഥാനങ്ങളുമുണ്ട്. 

Eng­lish Sum­ma­ry: Ayush­man Bharat fades away: Irreg­u­lar­i­ties in the scheme become setback 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.