26 May 2024, Sunday

Related news

May 7, 2024
February 28, 2024
January 15, 2024
January 12, 2024
January 1, 2024
December 14, 2023
December 13, 2023
October 28, 2023
August 14, 2023
July 13, 2023

പണപ്പെരുപ്പം, തൊഴിലില്ലായ്മ; കുടുംബ സമ്പാദ്യം കാലി

Janayugom Webdesk
ന്യൂഡല്‍ഹി
May 7, 2024 9:50 pm

രൂക്ഷമായ പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവ കാരണം രാജ്യത്തെ കുടുംബങ്ങളുടെ ചെലവ് കുതിച്ചുയരുന്നു. ഇതിന്റെ ഫലമായി കുടുംബ സമ്പാദ്യം ഗണ്യമായി ഇടിയുന്നതായും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.
2022–23 ല്‍ രാജ്യത്തെ കുടുംബങ്ങളുടെ ധന നിക്ഷേപം മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ (ജിഡിപി) 5.1 ശതമാനമായി ഇടിഞ്ഞതായും ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറവ് സമ്പാദ്യമാണ് രാജ്യത്തെ കുടുംബങ്ങളില്‍ ഉള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

ബാങ്കുകള്‍-മറ്റ് ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപം, ഓഹരി വിപണി, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ഫണ്ട് അടക്കമുള്ള തുകയുടെ കണക്കും മോഡി ഭരണത്തില്‍ കൂപ്പുകുത്തി. ബാങ്കില്‍ നിന്നുള്ള വായ്പ തുകയുടെ തോത് കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. രാജ്യത്തെ കുടുംബങ്ങളുടെ സ്വത്തായി കണക്ക് കൂട്ടുന്ന കുടുംബ നിക്ഷേപം ഗണ്യമായി കുറയുന്നതിന് പ്രധാന കാരണം കുറഞ്ഞ വേതനം, രൂക്ഷമായ പണപ്പെരുപ്പം, വര്‍ധിച്ച തൊഴിലില്ലായ്മ നിരക്ക് എന്നിവയാണ്. പണപ്പെരുപ്പത്തിന് പുറമെ ഭക്ഷ്യവിലക്കയറ്റവും കുടുംബ ബജറ്റ് താളം തെറ്റുന്നതിന് ഇടവരുത്തി. ഇതോടൊപ്പം കുടുംബങ്ങളുടെ കടബാധ്യതയും ഗണ്യമായി വര്‍ധിച്ചു.
വായ്പയെ ആശ്രയിച്ച് മുന്നോട്ട് പോകുന്ന കര്‍ഷകര്‍ അടക്കമുള്ള അടിസ്ഥാന വര്‍ഗം കുടുംബച്ചെലവ് താങ്ങാനാവാതെ വട്ടംകറങ്ങുമ്പോള്‍ അതിസമ്പന്നര്‍ അവരുടെ നിക്ഷേപം സ്വര്‍ണത്തിലും വെള്ളിയിലും ഭദ്രമാക്കുന്ന പ്രവണത ഏറി വരികയാണെന്നും ആര്‍ബിഐ പറയുന്നു. പാര്‍പ്പിട സമുച്ചയ നിര്‍മ്മാണത്തിനും കോടികള്‍ വിലയുള്ള ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കുന്നതിനും നിര്‍ബാധം തുക ചെലവഴിക്കുന്നുണ്ട്. 

2018 മുതല്‍ 23 വരെയുള്ള വര്‍ഷങ്ങളിലാണ് കുടുംബ ചെലവ് ഗണ്യമായി വര്‍ധിച്ചത്. 2020–21ല്‍ കോവിഡ് കാലത്ത് കുടുംബ ചെലവിന്റെ തോത് 31 ലക്ഷം കോടിയായി വര്‍ധിച്ചു. കോവിഡ് കാരണം വ്യാപക ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ചെലവില്‍ ഗണ്യമായ കുതിച്ചുചാട്ടം ഉണ്ടായത്. 2022–23ല്‍ കുടുംബങ്ങളുടെ കടബാധ്യത 15.8 ലക്ഷം കോടിയായി ഉയര്‍ന്നു. ബാങ്കുകളില്‍ നിന്നുള്ള വായ്പാ തിരിച്ചടവാണ് കുടുംബങ്ങളുടെ മേല്‍ അശനിപാതമായത്. 77 ശതമാനം കുടുംബങ്ങളും വായ്പാ തിരിച്ചടവിന്റെ ഭാരം പേറുന്നവരാണെന്നാണ് ആര്‍ബിഐ പറയുന്നത്. ഭവന നിര്‍മ്മാണം, ഇന്‍ഷുറന്‍സ്, മറ്റ് ബാധ്യതകളും കുടുംബങ്ങളെ ചെലവ് ചുരുക്കലിലേക്ക് നയിച്ചു. പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍, ലൈഫ് ഇന്‍ഷുറന്‍സ്, ബാങ്കിതര സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പ എന്നിവയും കുടുംബങ്ങളുടെ ബാധ്യതാ പട്ടികയില്‍ ഇടം പിടിച്ചു. സ്ഥാവര സ്വത്തുകളുടെ കണക്കില്‍ സ്വര്‍ണവും വെള്ളിയും വാങ്ങുന്നവരുടെ എണ്ണത്തില്‍ 2021 ‑22ല്‍ വര്‍ധന രേഖപ്പെടുത്തി. എന്നാല്‍ ഇത് ചെറിയ ശതമാനം സമ്പന്നരില്‍ മാത്രം ഒതുങ്ങി. 60,000 കോടി രൂപയുടെ നിക്ഷേപമാണ് ഈയിനത്തില്‍ മാത്രം ഉണ്ടായത്. 

പണപ്പെരുപ്പം, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളില്‍ മൗനം പാലിക്കുന്ന മോഡി സര്‍ക്കാരിന്റെ നടപടി ജനജീവിതം കൂടുതല്‍ ദുരിത പൂര്‍ണമാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അനുമാനം. ജിഡിപി വളര്‍ച്ചയും ലോക സാമ്പത്തിക ശക്തിയായി മാറുമെന്ന മോഡിയുടെ വാചകവും കടലാസില്‍ മാത്രമാണ്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മോഡിയുടെ ഗ്യാരന്റി മാത്രം മതിയാകില്ല, ക്രിയാത്മകമായ പ്രവര്‍ത്തനമാണ് വേണ്ടതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

ഒമ്പത് ലക്ഷം കോടി നഷ്ടം

സ്ഥിതിവിവര പദ്ധതി നിര്‍വഹണ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം 2022–23 വരെയുള്ള മൂന്ന് വർഷത്തിനുള്ളിൽ ഗാർഹിക സമ്പാദ്യം ഒമ്പത് ലക്ഷം കോടി രൂപ കുറഞ്ഞ് 14.16 ലക്ഷം കോടി രൂപയായി. 2020–21ൽ ഇന്ത്യന്‍ കുടുംബങ്ങളുടെ മൊത്തം സമ്പാദ്യം 23.29 ലക്ഷം കോടി രൂപയായിരുന്നു. ഇത് 2021–22ൽ 17.12 ലക്ഷം കോടി രൂപയായി കുറഞ്ഞു, 2022–23ൽ അത് അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 14.16 ലക്ഷം കോടി രൂപയായി കുറഞ്ഞു.
2017–18ൽ 13.05 ലക്ഷം കോടി രൂപയായിരുന്നു മുമ്പത്തെ ഏറ്റവും കുറഞ്ഞ അറ്റ ​​സമ്പാദ്യം, 2018–19ൽ 14.92 ലക്ഷം കോടി രൂപയായും 2019–20ൽ 15.49 ലക്ഷം കോടി രൂപയായും വർധിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 

Eng­lish Sum­ma­ry: infla­tion and unem­ploy­ment; Fam­i­ly sav­ings empty

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.