June 3, 2023 Saturday

Related news

April 30, 2023
February 16, 2023
February 16, 2023
February 12, 2023
January 15, 2023
January 9, 2023
January 5, 2023
December 21, 2022
December 13, 2022
December 6, 2022

രാജ്ഭവനില്‍ പിന്‍വാതില്‍ നിയമനം: ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ഗവര്‍ണറുടെ കത്ത് പുറത്ത്

Janayugom Webdesk
തിരുവനന്തപുരം
November 21, 2022 11:04 pm

സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനും വ്യാജ ആരോപണങ്ങളുമായി കളംനിറഞ്ഞുനില്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഇരട്ടത്താപ്പ് വെളിച്ചത്തായി. രാജ്ഭവനിലെ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് പുറത്തുവന്നതോടെ, സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങള്‍ ഗവര്‍ണര്‍ക്കുനേരെ ബൂമറാങ് ആയി.
ഭരണഘടനാ പദവിയിലിരുന്നുകൊണ്ട് പ്രതിപക്ഷത്തെക്കാള്‍ വീറോടെ, എല്‍ഡിഎഫ് സർക്കാരിനെതിരെ പിൻവാതിൽ നിയമനം എന്ന് നിരന്തരം ആക്ഷേപമുയര്‍ത്തുന്ന ഗവർണറാണ്, സ്വന്തം ഓഫീസിലെ ജീവനക്കാരെയും തന്റെ ഫോട്ടോഗ്രാഫറെയും സ്ഥിരപ്പെടുത്താന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഗവര്‍ണറുടെ ലക്ഷ്യം ആര്‍എസ്എസിന്റെ അജണ്ട നടപ്പിലാക്കുകയെന്നത് മാത്രമാണെന്ന് കൂടുതല്‍ വ്യക്തമാക്കുന്നതായി ഇന്നലെ പുറത്തുവന്ന കത്തുകള്‍. 

20 താല്‍ക്കാലിക ജീവനക്കാരെയും രാജ്ഭവനിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന പി ദിലീപ് കുമാറിനെയും സ്ഥിരപ്പെടുത്തണമെന്നാണ് 2020 ഡിസംബര്‍ 29ന് ഗവര്‍ണര്‍ കത്തിലൂടെ ആവശ്യപ്പെട്ടത്. കുടുംബശ്രീ മുഖേന നിയമിതരായ അഞ്ചുവർഷത്തിൽ താഴെ മാത്രം സേവനമുള്ളവരെയാണ് സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. കരാറടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്ന ദിലീപിനെ സ്ഥിരപ്പെടുത്താനായി ‘സൈഫർ അസിസ്റ്റന്റ്’ എന്ന തസ്തിക ഫോട്ടോഗ്രാഫർ തസ്തികയാക്കി പുനർനാമകരണം ചെയ്യണമെന്നും ഗവർണർ കത്തിൽ ആവശ്യപ്പെട്ടിരുന്നു. പ്രത്യേക കേസായി പരിഗണിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഗവർണർ പ്രത്യേക താല്പര്യ പ്രകാരം, മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് ഇദ്ദേഹത്തെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിലും വ്യക്തമാക്കുന്നുണ്ട്. 

വിശദീകരണത്തിലും ഉരുണ്ടുകളി

രാജ്ഭവനിലെ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ കത്ത് പുറത്തായതിനെത്തുടര്‍ന്നുള്ള രാജ്ഭവന്റെ വിശദീകരണക്കുറിപ്പിലും ഉരുണ്ടുകളി. ദുര്‍ബലമായ വാദങ്ങളുമായാണ് രാജ്ഭവന്‍ പിആര്‍ഒ രംഗത്തെത്തിയത്. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായി സ്ഥാനമേറ്റതിനു ശേഷം, പേഴ്സണല്‍ സ്റ്റാഫില്‍ അനുവദിക്കപ്പെട്ട അംഗസംഖ്യയില്‍ കൂടുതലായി ഒരാളെയും നിയമിച്ചിട്ടില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു. അദ്ദേഹം അധികാരമേല്‍ക്കുന്നതിന് മുമ്പുള്ള ജീവനക്കാരെയാണ് സ്ഥിരപ്പെടുത്താന്‍ കത്ത് നല്‍കിയതെന്നും, ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിന്റെ നയത്തിന് അനുസൃതമായാണെന്നും രാജ്ഭവന്‍ വാദിച്ചു. 

എന്നാല്‍ ഗവര്‍ണര്‍ തന്റെ കാലയളവില്‍ പേഴ്സണല്‍ സ്റ്റാഫിലേക്ക് നിയമിച്ചിട്ടുള്ളത് ബിജെപി നേതാവ് ഉള്‍പ്പെടെയുള്ളവരെയാണെന്ന് നേരത്തെ പുറത്തുവന്നതാണ്. മന്ത്രിമാരുടെ ഓഫീസിലെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ വാളോങ്ങുന്ന ഗവര്‍ണര്‍ തന്നെയാണ് സ്വന്തക്കാരെ പേഴ്സണല്‍ സ്റ്റാഫില്‍ തിരുകിക്കയറ്റുകയും രാജ്ഭവനിലെ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തത്.

Eng­lish Sum­ma­ry: Back door appoint­ment at Raj Bha­van: Gov­er­nor’s let­ter is out to sta­bi­lize staff

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.