22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 13, 2024
September 10, 2024
June 20, 2024
March 1, 2024
November 23, 2023
November 5, 2023
November 3, 2023
September 16, 2023
April 20, 2023
April 1, 2023

ഐഐഎമ്മുകളിൽ പിന്നാക്ക വിഭാഗ സംവരണം അട്ടിമറിക്കപ്പെടുന്നു

കോഴിക്കോട് ഐഐഎം പ്രവേശനം നല്കിയത് രണ്ട് പേർക്ക്
Janayugom Webdesk
July 22, 2022 9:51 pm

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളിലെ (ഐഐഎം) പിഎച്ച്ഡി പ്രോഗ്രാമുകളിൽ പിന്നാക്ക സംവരണം അട്ടിമറിക്കപ്പെടുന്നുവെന്ന് കേന്ദ്രത്തിന്റെ കുറ്റസമ്മതം. ഇത് പിഎച്ച്ഡി പ്രോഗ്രാമുകളിൽ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ കുറവ് വരുത്തിയെന്നും പാർലമെന്റിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അവതരിപ്പിച്ച കണക്കുകൾ പറയുന്നു. ഗവേഷണ വിഭാഗത്തിൽ പട്ടികജാതി (15), പട്ടികവർഗം (7.5), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (27) ശതമാനം എന്നിങ്ങനെ സംവരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ നിന്ന് ഐഐഎമ്മുകൾ ബഹുദൂരം പിന്നിലാണെന്ന് റിപ്പോർട്ടിലുണ്ട്. 

2018–19 നും 21–22 നുമിടയിൽ ഐഐഎമ്മുകളിലെ പിഎച്ച്ഡി പ്രോഗ്രാമുകളിൽ പ്രവേശനം നേടിയ 757 വിദ്യാർത്ഥികളിൽ പട്ടികജാതിക്കാർ 6.6 ശതമാനവും, എസ്‍ടി 1.98, ഒബിസി 17.17,പൊതുവിഭാഗം 72 ശതമാനവുമാണ്. അഹമ്മദാബാദ് ഐഐഎമ്മിൽ ഇക്കാലയളവിൽ എസ്‍സി വിഭാഗത്തിൽ നിന്ന് 200 പിഎച്ച്ഡി അപേക്ഷകൾ ലഭിച്ചു. അതിൽ രണ്ടെണ്ണം സ്വീകരിച്ചു. 78 പട്ടികവർഗക്കാരിൽ നിന്ന് രണ്ടുപേർക്ക് പ്രവേശനം ലഭിച്ചു. ജനറൽ വിഭാഗത്തിൽ 2,617 ൽ 75 പേർ പ്രവേശനം നേടി. ബംഗളുരു ഐഐഎമ്മിൽ പട്ടികജാതിക്കാരുടെ 188 അപേക്ഷകളിൽ മൂന്നെണ്ണം സ്വീകരിച്ചു. 2021–22ല്‍ അപേക്ഷകളൊന്നുമില്ല. എസ്‍ടി വിഭാഗക്കാരിൽനിന്നുള്ള 52 അപേക്ഷകളിൽ ആർക്കും പ്രവേശനം നല്കിയില്ല. പൊതുവിഭാഗത്തിലെ 1,946ൽ 80 പേർക്ക് പ്രവേശനം കിട്ടി. അതേസമയം കൊൽക്കത്ത ഐഐഎം പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള 219 അപേക്ഷകളിൽ ഒൻപതെണ്ണം സ്വീകരിച്ചു. കോഴിക്കോട് ഐഐഎം 298 ൽ രണ്ടെണ്ണത്തിനാണ് പ്രവേശനം നല്കിയത്. 

സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ള ഗവേഷണ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. പട്ടികജാതി വിഭാഗക്കാരിൽനിന്നുള്ള അപേക്ഷകരുടെ എണ്ണത്തിലും നേരിയ വർധനയേ ഉള്ളു. 2018–19 ൽ ഇത് 386 ആയിരുന്നത് 21–22ൽ 415 ആയി. എസ്‍ടി അപേക്ഷകൾ 88 ൽ നിന്നും 100 ആയി. അതേസമയം ഒബിസി എവിഭാഗത്തിൽ 619 ൽ നിന്ന് 1,023 ആയി ഉയർന്നു. 2018–19 ൽ 3,103 ആയിരുന്ന ജനറൽ വിഭാഗം 2021–22 ൽ 3,799 ആയി.
2018–19 നും 2021–22 നും ഇടയിൽ, പട്ടികജാതിക്കാരിൽ നിന്ന് 1,636 പിഎച്ച്ഡി അപേക്ഷകളാണ് രാജ്യത്തെ 20 ഐഐഎമ്മുകളിൽ ലഭിച്ചത്. ഇതിൽനിന്ന് 50 (3.05 ശതമാനം) പേരെ തിരഞ്ഞെടുത്തു. 403 എസ്‍ടി വിഭാഗക്കാരിൽ 15 (3.72 ശതമാനം) പേരെയും, 3,110 ഒബിസി അപേക്ഷകളിൽനിന്ന് 130 (4.18) പേരെയും തിരഞ്ഞെടുത്തു. ജനറൽ കാറ്റഗറിയിൽ 13,669 അപേക്ഷകൾ ലഭിച്ചപ്പോൾ 547 എണ്ണം (നാല്) സ്വീകരിച്ചു. ഐഐഎമ്മുകളിൽ ആകെ ലഭിച്ച 18,823 അപേക്ഷകളിൽനിന്നും 757 പേർക്കാണ് പ്രവേശനം നൽകിയത്. 

2019 ഡിസംബറിൽ വിദ്യാഭ്യാസ മന്ത്രാലയത്തോട് എസ്‍സി, എസ്‍ടി, ഒബിസി, ഇഡബ്ല്യുഎസ് എന്നിവർക്കുള്ള ഫാക്കൽറ്റി തസ്തികകൾ ഒഴിവാക്കണമെന്ന് ഐഐഎമ്മുകൾ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ പിഎച്ച്ഡി പ്രോഗ്രാമുകളിൽ ഉൾപ്പെടെ സംവരണ നയത്തിൽ നിന്ന് ഐഐഎമ്മുകളെ ഒഴിവാക്കിയിട്ടില്ലെന്ന് കേന്ദ്രം ആവർത്തിക്കുന്നു. സംവരണവിഭാഗങ്ങളിൽ നിന്നുള്ള കൂടുതൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കണമെന്നും അതുവഴി അവർക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫാക്കൽറ്റി അംഗങ്ങളാകാൻ കഴിയുമെന്നും കാണിച്ച് 2017 ഏപ്രിൽ 19 ന് കേന്ദ്രം ഐഐഎമ്മുകൾക്ക് കത്തയച്ചിരുന്നു. കത്തയച്ച് അഞ്ച് വർഷത്തിനു ശേഷവും പിഎച്ച്ഡി പ്രോഗ്രാമുകളിലും ഫാക്കൽറ്റി തസ്തികകളിലും പിന്നാക്കക്കാരുടെ പ്രാതിനിധ്യം കാര്യമായി മെച്ചപ്പെട്ടിട്ടില്ല. 

‘പിന്നാക്ക വിഭാഗക്കാരിലെ കഴിവുള്ള വിദ്യാർത്ഥികളെ ആകർഷിക്കാൻ ഐഐഎമ്മുകൾ ഫലപ്രദമായ ഒന്നും ചെയ്യാത്തതാണ് എണ്ണം കുറയുന്നതിനുള്ള കാരണ’മെന്ന് ബംഗളുരു ഐഐഎം യിലെ പ്രൊഫ. ദീപക് മൽഗാൻ പറയുന്നു. ‘മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും സംവരണ വിഭാഗങ്ങളിലെ ഒഴിവുകൾ, അനുയോജ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്തിയില്ലെങ്കിൽ അതുപോലെ തന്നെ തുടരുമെന്നും ഇൻഡോർ ഐഐഎം ഡയറക്ടർ ഹിമാൻഷു റായി പറഞ്ഞു. 

Eng­lish Summary:Backward class reser­va­tion is sub­vert­ed in IIMs
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.