27 July 2024, Saturday
KSFE Galaxy Chits Banner 2

ബാങ്ക് ഉദ്യോഗം ഇനി സമ്പന്നര്‍ക്ക് മാത്രം

കെ രംഗനാഥ്
തിരുവനന്തപുരം
July 5, 2023 10:18 pm

ഇന്ത്യന്‍ ബാങ്കുകളിലെ ഉദ്യോഗങ്ങള്‍ ഇനി സമ്പന്നര്‍ക്ക് മാത്രമായി സംവരണം ചെയ്യാന്‍ പാകത്തില്‍ കേന്ദ്രം മാനദണ്ഡങ്ങള്‍ പുറത്തിറക്കി. ഇതനുസരിച്ച് വായ്പയെടുത്ത് പഠിച്ച ദരിദ്രവിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ പ്രവേശന പരീക്ഷയും ഇന്റര്‍വ്യൂവും പാസായാലും ബാങ്ക് വായ്പയെടുത്ത് പഠിച്ചുവെന്ന കാരണത്താല്‍ ജോലി നിഷേധിക്കും. രക്ഷിതാക്കള്‍ക്ക് ഉയര്‍ന്ന സാമ്പത്തിക ഭദ്രത കാണിക്കുന്ന സിബില്‍ സ്കോറും നിയമനത്തിന് മാനദണ്ഡമാകും. കേന്ദ്ര ധനവകുപ്പിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷനാണ് നിയമനത്തിനായി ബിരുദധാരികള്‍, ബിരുദാനന്തര ബിരുദമുള്ളവര്‍, ഡോക്ടറേറ്റുള്ളവര്‍ എന്നിവരെ തിരഞ്ഞെടുക്കുക.

ദേശസാല്‍കൃത, ഗ്രാമീണ ബാങ്കുകളിലേയ്ക്ക് എബിസിഡി എന്നീ നാല് വിഭാഗങ്ങളിലേക്കാണ് നിയമനം നടത്തുന്നത്. പതിനായിരക്കണക്കിന് തസ്തികകളിലേയ്ക്ക് നിയമനം നടത്താനിരിക്കെയാണ് നിയമനങ്ങളില്‍ കീഴാള – മേലാള വിവേചനത്തോടെ റിക്രൂട്ടിങ് നയത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ വായ്പയെടുത്ത് പഠിക്കുന്ന ദരിദ്രര്‍‍ക്ക് ബാങ്ക് വായ്പ ലഭ്യമാക്കാന്‍ രക്ഷിതാക്കളുടെ വരുമാനം സംബന്ധിച്ച ഉന്നത സിബില്‍ സ്കോറുണ്ടായിരിക്കണമെന്ന വാര്‍ത്ത നേരത്തെ ‘ജനയുഗം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുപ്രീം കോടതി ഈ നടപടി തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് വായ്പയെടുത്ത് പഠിച്ചവരെ ഉദ്യോഗ നിയമനത്തില്‍ നിന്ന് ഒഴിവാക്കാനുള്ള പുതിയ നീക്കം.

ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബാങ്കുകളില്‍ ബാധ്യതയില്ലെന്ന് ഉറപ്പുവരുത്താനാണ് ഈ ഉത്തരവെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ വിശദീകരണം. ബാങ്കുകളില്‍ വായ്പാ ബാധ്യതയില്ലെന്ന രേഖകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ അപേക്ഷകള്‍ നിരസിക്കാനുള്ള അധികാരവും റിക്രൂട്ടിങ് ഏജന്‍സിക്ക് നല്കിക്കൊണ്ടാണ് പുതിയ ഉത്തരവ്. അതായത് ദരിദ്ര ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബാങ്കിങ് ജോലികള്‍ക്ക് അപേക്ഷിക്കാനുള്ള അവസരത്തിനുകൂടി വിലക്ക് കല്പിക്കപ്പെടും. ബാങ്ക് ജോലിക്കുള്ള അപേക്ഷാ ഫോറത്തില്‍ അപേക്ഷകന്റെ ബാങ്കുകളിലെ വായ്പാ ബാധ്യത എത്ര എന്ന കോളം കൂടി പുതുതായി ഏര്‍പ്പെടുത്തിയത് അപേക്ഷ തള്ളുന്നത് എളുപ്പമാക്കാന്‍ വേണ്ടിയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഉന്നത വരുമാനമുള്ള കുടുംബങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനത്തില്‍ ഇതോടെ മുന്‍ഗണന ലഭിക്കും. ബാധ്യതാരഹിത സര്‍ട്ടിഫിക്കറ്റുകള്‍ നല്കാന്‍ കഴിയാത്ത ദരിദ്രരുടെ അപേക്ഷകള്‍ തള്ളപ്പെടുകയും ചെയ്യും. പഠനത്തിനുവേണ്ടി ബാങ്കുകളില്‍ നിന്നും വായ്പയെടുക്കുന്നവരാണ് 65 ശതമാനത്തിലേറെ വിദ്യാര്‍ത്ഥികളുമെന്ന് ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഉദ്യോഗം ലഭിച്ചശേഷം തിരിച്ചടയ്ക്കാമെന്ന വ്യവസ്ഥയോടെ വായ്പയെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ ഭാവിയിലാണ് പുതിയ ഉത്തരവ് കരിനിഴല്‍ വീഴ്ത്തുന്നത്. 20നും 28നും മധ്യേ പ്രായമുള്ളവരായിരിക്കണം ഉദ്യോഗാര്‍ത്ഥികള്‍. സംവരണ ചട്ടങ്ങള്‍പോലും ഈ പുതിയ ഉത്തരവിലൂടെ കാറ്റില്‍ പറത്തപ്പെടുമെന്ന കടുത്ത ആശങ്കയുമുണ്ട്.

സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നില്ക്കുന്ന ദരിദ്ര, ദളിത്, ആദിവാസി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംവരണവും നിഷേധിക്കപ്പെടുന്നു. അപേക്ഷിക്കാനുള്ള അവസരം പോലും ഈ വിഭാഗങ്ങള്‍ക്ക് നിഷേധിക്കുന്നത് മേലാളന്മാരായ ഉദ്യോഗാര്‍ത്ഥികളെ മാത്രം ബാങ്കുകളില്‍ കുടിയിരുത്താനുള്ള കേന്ദ്രത്തിന്റെ കുടിലതന്ത്രമാണെന്നും വ്യാപകമായ ആക്ഷേപമുണ്ട്. ഭരണഘടനതന്നെ ലംഘിച്ചുകൊണ്ടുള്ള ഈ ഉത്തരവിനെ ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സംസ്ഥാന സര്‍ക്കാരുകള്‍ ചോദ്യം ചെയ്താല്‍ അനുകൂലമാവുമെന്ന വിലയിരുത്തലാണ് നിയമവിദഗ്ധര്‍ക്കുള്ളത്.

Eng­lish Sum­ma­ry: Bank jobs only for the rich
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.