ലോണ്‍ തിരിച്ചടയ്ക്കുന്ന സമയങ്ങളില്‍ വായ്പ സ്വീകരിച്ചവര്‍ നേരിടുന്ന വെല്ലുവിളികള്‍ പരിശോധിക്കുന്നതിന് ബാങ്ക്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുള്‍പ്പെട്ട നിയന്ത്രിത സ്ഥാപനങ്ങള്‍ക്ക് ആര്‍ബിഐയുടെ പ്രത്യേക നിര്‍ദേശം. വായ്പ തിരിച്ചടച്ച് 30 ദിവസത്തിനുള്ളില്‍ ഈട് സംബന്ധിച്ച രേഖകള്‍ തിരികെ നല്‍കണമെന്ന് കേന്ദ്ര ബാങ്ക് നിര്‍ദേശിച്ചു. രേഖകള്‍ കൃത്യസമയത്ത് തിരികെ നല്‍കാത്ത പക്ഷം പ്രതിദിനം 5000 രൂപ പിഴയായി നല്‍കേണ്ടി വരുമെന്നും കേന്ദ്രബാങ്ക് മുന്നറിയിപ്പ് നല്‍കി. ഈ വര്‍ഷം ഡിസംബര്‍ ഒന്ന് മുതല്‍ നിര്‍ദേശം പ്രാബല്യത്തില്‍ വരുമെന്നും ആര്‍ബിഐ അറിയിച്ചു.
2003ല്‍ പുറപ്പെടുവിച്ച ഫെയര്‍ പ്രാക്ടീസ് കോഡനുസരിച്ച് വായ്പകളില്‍ തീര്‍പ്പുണ്ടാകുന്ന സമയത്തു തന്നെ നിയന്ത്രിത സ്ഥാപനങ്ങള്‍ രേഖകള്‍ തിരികെ നല്‍കണം. എന്നാല്‍ പല സ്ഥാപനങ്ങളും വ്യത്യസ്ത നിയമങ്ങളാണ് അനുസരിക്കുന്നതെന്നും അത് ഉപഭോക്താക്കള്‍ക്കിടയില്‍ പ്രശ്നം സൃഷ്ടിക്കുന്നതായും ആര്‍ബിഐ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ബാങ്കിങ് നിയന്ത്രണ നിയമം 1949ലെ വകുപ്പ് 21, 35എ, 56 എന്നിവ അനുസരിച്ചും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയമം 1934ലെ വകുപ്പ് 45ജെഎ, 45എല്‍ എന്നിവയനുസരിച്ചും ദേശീയ ഹൗസിങ് ബാങ്ക് നിയമം 1987ലെ വകുപ്പ് 30എ അനുസരിച്ചുമാണ് ആര്‍ബിഐ വിജ്ഞാപനം പുറത്തിറക്കിയത്.
വായ്പ തിരിച്ചടച്ചവര്‍ക്ക് അതത് ബാങ്കില്‍ നിന്നോ ബ്രാഞ്ചില്‍ നിന്നോ സ്ഥാപനങ്ങളുടെ ഓഫിസുകളില്‍ നിന്നോ രേഖകള്‍ തിരികെ വാങ്ങാം. രേഖകള്‍ തിരികെ നല്‍കുന്ന സമയം, തീയതി എന്നിവ കൃത്യമായി രേഖപ്പെടുത്തണമെന്നും ആര്‍ബിഐ നിഷ്കര്‍ഷിക്കുന്നു. ഇക്കാര്യത്തില്‍ എന്തെങ്കിലും കാലതാമസമുണ്ടായാല്‍ അതിനുള്ള കാരണം വായ്പ എടുത്തവരെ അറിയിക്കണം.
രേഖകള്‍ക്ക് നാശനഷ്ടമുണ്ടായാല്‍ അവയുടെ പകര്‍പ്പ് ലഭിക്കുന്നതിന് സ്ഥാപനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങുകയും ചെലവുകള്‍ വഹിക്കുകയും വേണം. പകര്‍പ്പ് ലഭിക്കാൻ കാലതാമസമുണ്ടാകുന്ന ഓരോ ദിവസവും 5000 രൂപ വീതം പിഴ നല്‍കണം. എന്നാല്‍ ചില പ്രത്യേക സാഹചര്യത്തില്‍ 30 ദിവസം അധികമായി ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുമെന്നും പിഴ അതുകഴിഞ്ഞുള്ള ദിവസങ്ങളിലാകും ഈടാക്കുകയെന്നും ആര്‍ബിഐ വിജ്ഞാപനത്തിലുണ്ട്.
English Summary:Banks are catching up; 5000 penalty per day for late return of collateral documents
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.