5 November 2024, Tuesday
KSFE Galaxy Chits Banner 2

സ്വയം പ്രചോദകരാകുക

അജിത് കൊളാടി
വാക്ക്
January 14, 2023 4:15 am

പ്രചോദിപ്പിക്കുന്നതോ, ആഹ്ലാദം തരുന്നതോ ആയ വാക്കുകളും പ്രവൃത്തികളും മനുഷ്യൻ എന്നും തിരയുന്നു. ആധികൾക്ക് നടുവിൽ മനുഷ്യനെ സന്തോഷിപ്പിക്കാനും സമാധാനിപ്പിക്കാനും കഴിയുന്ന സാമീപ്യങ്ങൾ മൊഴികളായും പ്രവൃത്തികളായും വരാറുണ്ടോ? പ്രചോദനം എന്നാൽ ഒഴുക്കിനെതിരെയുള്ള ഒരു തുഴച്ചിലാണ്. ജീവിതനൈരാശ്യങ്ങളുടെ കടപിഴുത് അനുരാഗങ്ങളെ സൂക്ഷ്മതലത്തിൽ ഉണർത്തലാണ്. അത് സ്വയം ഉണ്ടാക്കുക എന്നതാണ് നമ്മുടെ കർത്തവ്യം. അളവറ്റ ഉത്സാഹവും ആനന്ദവും കൊണ്ടുവരുന്ന സംഭാഷണങ്ങളുണ്ട്. ആവേശഭരിതമാക്കുന്ന, രോമാഞ്ചമണിയിപ്പിക്കുന്ന പ്രവൃത്തികളുണ്ട്. സംഭാഷണ കലകൊണ്ട് ലോകത്തെ ആനന്ദസാഗരത്തിൽ ആറാടിപ്പിച്ച, ചിന്തയുടെ ഉത്തുംഗശൃംഗങ്ങളിലേക്ക് മനുഷ്യകുലത്തെ നയിച്ച സ്വാമി വിവേകാനന്ദൻ, സോക്രട്ടീസ്, പ്ലാറ്റോ, ശ്രീനാരായണ ഗുരു, മഹാത്മാഗാന്ധി, മാർട്ടിൻ ലൂഥർ കിങ് ജൂനിയർ, നെൽസൺ മണ്ടേല, തുടങ്ങിയവർ ജീവിതം അവസാനിക്കുന്നതുവരെ സംസാരിച്ചു കൊണ്ടിരുന്നു. മരണത്തെയും ചവിട്ടിക്കടന്നു പോകുന്ന വാക്കുകളായിരുന്നു അവയെല്ലാം. ജീവിതത്തെ ഗുണപരമായി മാറ്റിമറിക്കുന്ന പ്രചോദനം ചെറിയ കാര്യമല്ല. ചില സമയത്ത് ഒരു വാക്കുകൊണ്ട്, ഒരു നോട്ടം കൊണ്ട്, എഴുത്തുകൊണ്ട് അത് സാധിക്കും. ചിലപ്പോൾ ഒരു വാക്കും പ്രവൃത്തിയും നമ്മെ ഏത് ഊഷരതയിലും ജീവിതത്തോട് ചേർത്തു നിർത്തുകയും മറ്റുള്ളവരെ ഒപ്പം നിർത്തുകയും ചെയ്യുന്നു. ജീവിതം എന്നത് വലിയ വാഗ്ദാനമാണ്.


ഇതുകൂടി വായിക്കൂ: ഒറ്റ വാക്ക്


അമൂല്യമായ സമ്മാനമാണ്. പക്ഷെ ഇത് മനുഷ്യർ അറിയാറില്ല; പലർക്കും ദൃശ്യമായ അനുഭവമാകാറില്ല. സാമൂഹിക ജീവിതത്തിൽ എത്രയോ നല്ല മാറ്റങ്ങൾ വന്നു. എന്നിട്ടും എത്ര ചെറുപ്പക്കാരാണ് ജീവനുപേക്ഷിക്കുന്നത്. എന്തുകൊണ്ട് ഒരു ഇച്ഛാഭംഗം അതിജീവിക്കാനുള്ള ശേഷിപോലും അവർക്കുണ്ടാകുന്നില്ല. രക്ഷിതാക്കൾ വഴക്കു പറഞ്ഞിനെത്തുടർന്ന്, പ്രേമനൈരാശ്യംമൂലം ജീവനൊടുക്കുകയും ജീവനെടുക്കുകയും ചെയ്യുന്ന കുട്ടികൾ സമൂഹത്തിനു മുന്നിൽ ഉയർത്തുന്ന ചില ചോദ്യങ്ങളുണ്ട്. ഇവരെ ജീവിതത്തിൽ നിന്ന് പുറത്താക്കിയതാര്? ആത്മബോധത്തെ, ശുഷ്കമാക്കിയതാരാണ്? സ്വന്തം കഴിവുകളും സർഗാത്മകതയും തിരിച്ചറിയാത്തതിന്റെ ഫലമായി നിലപാടുകളില്ലാത്തവരായി എങ്ങനെ മാറി ഒരു സമൂഹം? അധികാരത്തിലിരിക്കുന്നവരുടെ ആശ്രിതവത്സലരാകാൻ വെമ്പൽകൊള്ളുന്ന, അവർക്ക് സ്തുതിഗീതം പാടാൻ മത്സരിക്കുന്ന ഒരു ജനതയുടെ എണ്ണം വർധിക്കുന്നതെങ്ങനെ? ഭാവാനാ വിചാരങ്ങളാൽ, ഉത്കൃഷ്ട ചിന്തകളാൽ ഉത്തേജനം ചെയ്യപ്പെടേണ്ട തലച്ചോറുകളിൽ അകാലമരണത്തിലേക്കുള്ള വഴി മാത്രമാണോ ലഭിച്ചത്? ഇവർക്ക് ഒരു പ്രചോദനവും ലഭിച്ചില്ലേ?. ‘പരാജയങ്ങളുടെ സ്മരണ ഏതൊരാളെയും തളർത്താം. പുതുതായി എന്തെങ്കിലും സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നവര്‍ പരാജയങ്ങളെ വിസ്മരിക്കണം. ഭാവിയെ ഭാവന ചെയ്യണം. എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ, പൂന്താനം, ആശാൻ, വള്ളത്തോൾ, ഉള്ളൂർ, ഇടശ്ശേരി, വൈലോപ്പിള്ളി, ഉറൂബ്, ബഷീർ, എംടി തുടങ്ങിയവരെല്ലാം നമ്മുടെ ജീവിതത്തിന്റെ “ഇക്കോസിസ്റ്റം” നിർമ്മിച്ച വനങ്ങളാണ്. അവരിലൂടെ പ്രവഹിച്ച ആശയങ്ങൾ, വാക്കുകൾ, എത്രമാത്രം നമ്മളെ പ്രചോദിപ്പിച്ചിരുന്നു. സ്വാതന്ത്ര്യ ബോധവും നീതിബോധവും മാനവികതയും ഉൾച്ചേർന്ന സൗന്ദര്യബോധമാണ് അവരുടെയെല്ലാം മുഖമുദ്ര. ലോകത്തിനെ പ്രബുദ്ധരാക്കിയ ചിന്തകൾ നിരവധിയാണ്.


ഇതുകൂടി വായിക്കൂ: ചരിത്രം പഠിക്കണം, പഠിപ്പിക്കണം


മഹനീയ നിലനിൽക്കുമ്പോഴും മനുഷ്യരിലെ ഭൂരിഭാഗവും ചിന്താദാരിദ്ര്യത്തിൽ അകപ്പെടുന്നു. പലരും സ്വന്തം ചിന്താശക്തിയെ മറ്റുള്ളവർക്ക് പണയംവയ്ക്കുന്നു. പ്രതികരിക്കാത്ത മനസുകളെ സൃഷ്ടിക്കാൻ ആഗോളവല്‍ക്കരണവും, ഫാസിസവും മൂലധനശക്തികളും ഗാഢമായ സഖ്യത്തിലേർപ്പെടുന്നു. നൈമിഷിക സുഖങ്ങളിലേക്ക് മനുഷ്യനെ അവർ കൂട്ടിക്കൊണ്ടു പോകുന്നു. സ്വാർത്ഥതയും അസഹിഷ്ണുതയും അധികാരമോഹവും ക്രമാതീതമായ ലൗകികവാസനകളും സമൂഹത്തിലും ഭരണാധികാരികളിലും പെരുകുന്നു. പേടിപ്പിക്കുന്ന നിശബ്ദതയ്ക്കു മേൽ വീണ്ടും വീണ്ടും ഒച്ചകൾ സൃഷ്ടിക്കുന്നു അവർ. മനുഷ്യനെ ഭയപ്പെടുത്തുന്നു. ഈ അവസ്ഥക്കെതിരാകണം അസന്ദിഗ്ധ പോരാട്ടം. ആത്മവീര്യത്തിന്റെ പ്രതീകങ്ങളാകണം നാം. തത്വചിന്തയും സാഹിത്യവും മനുഷ്യരുടെ ആന്തരിക ചേതനയിൽ വസിക്കുമ്പോൾ അതുണ്ടാക്കുന്ന ആനന്ദം ആത്മാവിന്റെ ആനന്ദമാകും. നമ്മൾ ഉയർത്തെഴുന്നേൽക്കണം, നീതിബോധമില്ലായ്മയെ, ജീർണതയെ, പ്രതിസന്ധികളെ അതിജീവിക്കാൻ. സ്വയം പ്രചോദിതരാകണം. അനീതിക്കെതിരെ അടങ്ങാത്ത പ്രതിഷേധജ്വാല മനസിൽ ആളിക്കത്തണം. അതിന് ആത്മവിശ്വാസം വേണം, ആശയ പ്രതിബദ്ധത വേണം. നമ്മുടെ ജീവിതത്തെ സർഗാത്മകമാക്കണം. പണിയായുധങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്നറിയാത്തവനല്ല, അറിവുള്ള സൃഷ്ടിക്ക് സന്നദ്ധരായ മനുഷ്യനാണ് വേണ്ടത്.


ഇതുകൂടി വായിക്കൂ: സാംസ്കാരിക വർത്തമാനങ്ങൾ


വെളിച്ചത്തെയും ഇരുളിനെയും സംബന്ധിച്ച ജ്ഞാനം ഉണ്ടാകണം. സർവാധികാരത്തിനു മുന്നിൽ മുട്ടുകുത്തുന്ന മനുഷ്യന്റെ നിസഹായവസ്ഥയെക്കുറിച്ച് ചരിത്രം ധാരാളം പറഞ്ഞിട്ടുണ്ട്. എവിടെയും അധികാരത്തിന്റെ സ്വഭാവം വേറെയാകുന്നില്ല. അധികാര സ്ഥാപനങ്ങൾക്കു മുന്നിലെ നിസഹായതയിൽ മനുഷ്യൻ സ്വന്തം ജീവിതത്തിന് ന്യായം കണ്ടെത്താൻ അന്വേഷണം നടത്തും. ആ നിസഹായതയെ അതിജീവിച്ച്, ആശയ പ്രതിബദ്ധതയോടെ, ആത്മവിശ്വാസത്തിന്റെ അചഞ്ചല പ്രതീകമായി, മാറ്റത്തിന്റെ ചാലകശക്തിയായി മാറിയ ജനതയുടെ ചരിത്രവുമുണ്ട്. അവർ തത്വചിന്തകളാൽ പ്രചോദിതരായിരുന്നു, തങ്ങളെത്തന്നെ ബോധവാന്മാരാക്കിയിരുന്നു. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരം അതിജീവന സമരം തന്നെയാണ്. അത് മരണത്തോട് ശരീരം പോരാടുംപോലെയുള്ള ഒരു ജൈവസമരമാണ്. ഭരണഘടന നമുക്ക് വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യങ്ങൾ നിഷേധിക്കപ്പെടുമ്പോൾ സധൈര്യം അത്തരം ജനാധിപത്യവിരുദ്ധ പ്രക്രിയകളെ എതിർക്കണം. അത്തരം പ്രതിബദ്ധത ഉണ്ടാകാൻ സ്വയം കരുത്താർജിക്കണം; ബാഹ്യഘടകങ്ങൾ നിന്ന് ആവേശമുൾക്കൊള്ളുന്നതിനപ്പുറം. രണ്ടു ദിവസം മുമ്പായിരുന്നു വിവേകാനന്ദ ജയന്തി. ഭാരതം ലോകത്തിനു സംഭാവന ചെയ്ത സൂര്യതേജസ്. വിവേകാനന്ദ സാഹിത്യസംഗ്രഹം വിജ്ഞാനത്തിന്റെ വിളനിലമാണ്. “അവനവനിൽ വിശ്വസിക്കുക, പിന്നീട് മറ്റെന്തിലും വിശ്വസിക്കുക. മനുഷ്യരാശിയുടെ നേർക്ക് ദൗർബല്യത്തിന്റെതായ ചിന്തകളും വാക്കുകളും അയയ്ക്കാതിരിക്കുക. ദൗർബല്യമെന്ന ഒറ്റവാക്കിൽ എല്ലാ പാപങ്ങളും ദോഷങ്ങളും ഉൾക്കൊള്ളുന്നു. ദുരാചാരങ്ങളുടെയെല്ലാം പിന്നിലുള്ള ചാലകശക്തി ദൗർബല്യമാണ്. സ്വാർത്ഥങ്ങളെല്ലാം ഉണ്ടാകുന്നത് ദൗർബല്യത്തിൽ നിന്നാണ്. മറ്റുള്ളവരെ ക്ഷതപ്പെടുത്താൻ മനുഷ്യരെ പ്രേരിപ്പിക്കുന്നതും ദൗർബല്യമാണ്. മറ്റുള്ളവരുടെ പാദസേവകരാകുന്നതും ദൗർബല്യം തന്നെ. വാസ്തവത്തിൽ തങ്ങൾ എന്തല്ലയോ അതാണെന്നു നടിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്നതും ദൗർബല്യം തന്നെ.


ഇതുകൂടി വായിക്കൂ: സ്യാനന്ദൂരം, പുന്നപുരം പിന്നെ ബാലരാമപുരവും


അവരാരെന്നു സ്വയമറിയട്ടെ. അവരാരെന്ന്, സോ ഹം (അത് നീ ആകുന്നു)എന്ന് രാപ്പകൽ അവർ ഉരുക്കഴിക്കട്ടെ. അമ്മയുടെ മുലപ്പാലിനൊടൊപ്പം ബലത്തിന്റെതായ ഈ ആശയം അവരുൾക്കൊള്ളട്ടെ. സോ ഹം, സോ ഹം. ഒന്നാമത് ഇതു കേൾക്കണം. ശ്രോതവ്യോ മന്ദവ്യോ നിദിധ്യാസിതവ്യഃ. പിന്നെ അതിനെപ്പറ്റി ചിന്തിക്കണം. ആ ചിന്തയിൽ നിന്ന്, ആ ഹൃദയത്തിൽ നിന്ന് ഇതുവരെ ലോകം കണ്ടിട്ടില്ലാത്ത കർമ്മങ്ങൾ ഉടലെടുക്കും. ബലവാനാകുക. നിവർന്നു നിൽക്കുക. ചോദ്യങ്ങൾ ചോദിക്കുക” എന്ന് വിവേകാന്ദന്‍ എഴുതി. നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് ആവിഷ്കാരത്തിനുള്ള സ്വാതന്ത്ര്യമാണ്. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട്, അധികാരം വച്ചുനീട്ടുന്ന പ്രലോഭനങ്ങൾകൊണ്ട്, പല ആളുകളും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പറയാതിരിക്കുന്ന കാലമാണിത്. അഭിപ്രായം പറയാൻ, ആശയം പ്രകടമാക്കാൻ ബലം വേണം എന്ന് വിവേകാനന്ദന്‍ പറഞ്ഞു. സ്വയം പ്രചോദിതരാകുക, ആലസ്യം വെടിയുക എഴുന്നേൽക്കുക, ഉണരുക, ലക്ഷ്യത്തിലെത്തുന്നതുവരെ പോരാടുക എന്നും അദ്ദേഹം ഉണര്‍ത്തി. നിങ്ങൾ നിങ്ങൾ ആകുക, അതാണ് സ്വയം പ്രചോദനത്തിന്റെ ഉദാത്തമായ ഫലം.

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.