5 May 2024, Sunday

സാംസ്കാരിക വർത്തമാനങ്ങൾ

അജിത് കൊളാടി
വാക്ക്
January 1, 2023 4:00 am

ഇന്ത്യൻ മുതലാളിത്തം ഇന്നു ചെയ്തുകൊണ്ടിരിക്കുന്നത്, “വിശ്വാസ” മാർക്കറ്റിനെ വികസിപ്പിക്കുക എന്നതാണ്-ഗോഡ് മാർക്കറ്റ്. പുനരുത്ഥാനത്തിന്റെയും നാടുവാഴിത്തത്തിന്റെയും വിജ്ഞാന വിരോധത്തിന്റെയും ഒരു സമന്വയമാണ് യഥാർത്ഥത്തിൽ ഇന്ത്യയിലെ ദൈവവിശ്വാസത്തിന്റെ അസംസ്കൃതാടിത്തറ. ആഗോളവൽക്കരണം ഇന്ത്യയിലെ ജനങ്ങളെ സാംസ്കാരിക അർത്ഥത്തിൽ സവർണവല്‍ക്കരിച്ചു. രാജ്യത്തെ മുതലാളിത്തവുമായും ആഗോള മൂലധനശക്തികളുമായുള്ള സഖ്യത്തിലൂടെ സംഘ്പരിവാർ ജനക്ഷേമ സാമ്പത്തിക പ്രവർത്തനത്തെയും ജനകീയ സംസ്കാരത്തെയും അട്ടിമറിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യനെ നിരുപാധികം അംഗീകരിക്കുകയും മനുഷ്യനന്മയിൽ വിശ്വസിക്കുകയും അവന്റെ പുരോഗതിയിൽ പ്രതീക്ഷ അർപ്പിക്കുകയും ചെയ്യുന്ന ചിന്താപദ്ധതിയാണ് മാനവികതാവാദം. പാശ്ചാത്യരുടെ അഭിപ്രായത്തിൽ പതിനാലാം നൂറ്റാണ്ടിൽ ആരംഭിച്ച ഇറ്റാലിയൻ നവോത്ഥാനത്തോടെയാണ് ഇത് പ്രമുഖമായ തത്വചിന്തയായത്. പക്ഷെ പതിനാലാം നൂറ്റാണ്ടിനു മുമ്പു തന്നെ ഹ്യൂമനിസം രൂപപ്പെട്ടിരുന്നു. സംസ്കാരത്തിന്റെ ആദിമ രേഖകളായ വേദങ്ങളിലും ഉപനിഷത്തുകളിലും മാനവികതാ വാദത്തിന്റെ സൂചനകളുണ്ട്. “യത്ര വിശ്വം ഭവത്യേക നീഡം”, “ലോകോ സമസ്താ സുഖിനോ ഭവന്തു” തുടങ്ങിയ ആപ്തവാക്യങ്ങൾ മനുഷ്യനെ‌ക്കുറിച്ചുള്ള കരുതലും സാർവമാനവികമായ കാഴ്ചപ്പാടിന്റെ സൂചനയും നൽകുന്നു. ബുദ്ധദർശനത്തിലും അത് കാണാം. മാനവികതാബോധം നഷ്ടപ്പെട്ട് ആചാരജഡിലമായിത്തീർന്ന വൈദിക മതത്തോടുള്ള കലാപം എന്ന നിലയ്ക്കാണ് ബുദ്ധ ദർശനം രൂപം കൊള്ളുന്നത്.

ബുദ്ധന്‍ ഈശ്വരനെ അജ്ഞേയമായ ഒരു ശക്തിയാക്കി മാറ്റി നിർത്തി, മനുഷ്യ ഭാഗധേയം നിർണയിക്കുന്നത് മനുഷ്യൻ തന്നെയാണെന്ന് ഉറപ്പിച്ചു പറഞ്ഞു. ചൈനയിലെ കൺഫ്യൂഷ്യസിന്റെ ദർശനം ഹ്യൂമനിസ്റ്റ് ദർശനമാണ്. മനുഷ്യന്റെ ഭൗതികമായ ജീവിത സാഫല്യത്തിനുള്ള ആശയങ്ങളാണ് അദ്ദേഹം ഉദ്ഘോഷിച്ചത്. ഗ്രീസിന്റെ ക്ലാസിക്കൽ യുഗത്തിൽ ഹ്യൂമനിസം നിലനിന്നു. സകലതിന്റെയും ആത്യന്തിക മാനദണ്ഡം മനുഷ്യനാണ് എന്ന് ഹ്യൂമനിസത്തിന്റെ ആധികാരിക വക്താവായ പ്രോട്ടഗോറസ് പറഞ്ഞു. പില്‍ക്കാലത്ത് 19-ാം നൂറ്റാണ്ടിൽ മാർക്സിയൻ ദർശനം ഇതു തന്നെ ഉദ്ഘോഷിച്ചു. പ്രപഞ്ചത്തിന്റെ മാനദണ്ഡം മനുഷ്യനാണ് എന്ന് മാർക്സ് തറപ്പിച്ചു പറഞ്ഞു. സോക്രട്ടീസ് മുതൽ അരിസ്റ്റോട്ടിൽ വരെയുള്ള മഹാചിന്തകർ മനുഷ്യനെയാണ് അവരുടെ അന്വേഷണത്തിന്റേയും ചിന്തയുടെയും കേന്ദ്രബിന്ദുവായി സ്വീകരിച്ചത്. അവരെല്ലാം യഥാർത്ഥ അറിവിലൂടെ മനുഷ്യജീവിതത്തെ എങ്ങനെ ധന്യമാക്കാമെന്ന് അന്വേഷിച്ചവരാണ്. പിഴവില്ലാത്ത യുക്തിയിലൂടെ എത്തിച്ചേരാവുന്ന അറിവാണ് മനുഷ്യനെ നന്മയിലേക്ക് വഴി നടത്തുന്നത് എന്നും അവനവനെ അറിയുകയാണ് പരമപ്രധാനം എന്നും അവർ സൂചിപ്പിച്ചു. അന്നു നിലനിന്ന സകല മാനുഷിക പ്രശ്നങ്ങളെക്കുറിച്ചും അവർ ചർച്ച ചെയ്തു. യുക്തിയെയും ചൈതന്യത്തെയും ആത്മാർത്ഥമായ ആഗ്രഹത്തെയും ഫലപ്രദമായി സമന്വയിക്കുന്നതിലൂടെ മനുഷ്യന് എന്തും നേടാൻ കഴിയുമെന്ന് അവർ ഉച്ചൈസ്തരം പ്രഖ്യാപിച്ചു. മധ്യയുഗം ഇരുളടഞ്ഞതായിരുന്നു. റോമിന്റെ കേന്ദ്രീകൃതമായ രാഷ്ട്രീയ അധികാരവും, സംഘടിതമായ ക്രൈസ്തവ മതവും, ജീവിതത്തിലും ചിന്തയിലും കലയിലും അടിച്ചേല്പിച്ച കൃത്രിമമായ നിയമങ്ങളും, മാനവധിഷണയെയും സർഗാത്മകതയെയും തടവിലാക്കി.


ഇതുകൂടി വായിക്കൂ: കേരള നവോത്ഥാനത്തിന്റെ സൂര്യതേജസ്


കലയിലായാലും ശാസ്ത്രത്തിലായാലും സ്വതന്ത്രമായ ആത്മാവിഷ്കാരം അസാധ്യമായി. മനുഷ്യനെ‌ക്കുറിച്ചുള്ള ഏതന്വേഷണവും മതം ചിട്ടപ്പെടുത്തിയ വഴികളിലൂടെ മാത്രമെ പാടുള്ളു എന്ന അവസ്ഥ സംജാതമായി. മാനവികത പാടെ തമസ്കരിക്കപ്പെട്ടു. ഈ കെട്ടകാലത്തെ ഇല്ലായ്മ ചെയ്തത് ഇറ്റാലിയൻ നവോത്ഥാനമാണ്. കത്തോലിക്കാ സഭ അനാചാരങ്ങൾമൂലം ദുർബലമാവുകയും തുർക്കികൾ കോൺസ്റ്റാന്റിനോപ്പിളിലെ മഹത്തായ ഗ്രന്ഥശാല കൊള്ളയടിക്കുകയും ചെയ്തതോടെ സ്വാതന്ത്ര്യത്തിന്റെയും യുക്തിബോധത്തിന്റെയും പ്രകാശം പരന്നു തുടങ്ങി. യവന സിദ്ധാന്തത്തിന്റെ അറിവും മറ്റു തത്വചിന്തകളും ജന മസ്തിഷ്കത്തിലേക്കു പ്രവേശിക്കാൻ തുടങ്ങി. അവ തർജമ ചെയ്യപ്പെട്ടു. സ്വതന്ത്രചിന്ത യുക്തിബോധം വളർത്തി. യൂറോപ്പിലെ ബൗദ്ധിക പുനരുത്ഥാന ഹ്യൂമനിസത്തിന്റെ സുവർണയുഗമായിരുന്നു അത്. നവോത്ഥാന ഹ്യൂമനിസത്തിന്റെ പ്രധാന വക്താവ് ഹോളണ്ടുകാരനായ ഇറാസ്മസ് ആയിരുന്നു. തോമസ് മൂർ, ഷേക്സ്പിയർ, മൈക്കലാഞ്ചലോ, അങ്ങിനെ പലരും നവോത്ഥാന ചിന്തകളുടെ സന്തതികളാണ്. ഇന്ത്യയിലും ഉപനിഷത്തുകള്‍ വിപ്ലവകരമായ ചിന്തകൾ പ്രവഹിപ്പിച്ചു. യൂറോപ്യൻ നവോത്ഥാനത്തിനു മുൻപ് തന്നെ, തത്വമസി പറഞ്ഞ നാടാണിത്. അതിനുശേഷം ഭാരതത്തിൽ ബുദ്ധമതത്തിലൂടെ രൂപംകൊണ്ട ഹ്യൂമനിസം അദ്വൈതവേദാന്തം പോലുള്ള ആശയവാദപരമായ ചിന്താപദ്ധതികളുടെ ശക്തമായ സമ്മർദ്ദത്തിൽപ്പെ‌ട്ട് മുരടിച്ചു പോയി. ഇവരവതരിപ്പിച്ച “മായാവാദം” മനുഷ്യന്റെ ലൗകികമായ ജീവിതത്തിനു പ്രാധാന്യം നല്കിയില്ല.

ഭൗതിക ജീവിതത്തിലെ മാനവപ്രശ്നങ്ങൾ പാടെ അവഗണിക്കപ്പെട്ടു. പിന്നീട് രാമാനുജന്റെ വിശിഷ്ടാദ്വൈതം ഇതിനൊരു മാറ്റം വരുത്തി. ജാതിവ്യവസ്ഥ നിലനിൽക്കുന്ന സമൂഹത്തിൽ മനുഷ്യനെന്ന വാക്കിന് പരിമിതമായ അർത്ഥമേ ഉള്ളു. മനുസ്മൃതി ബ്രാഹ്മണ‑ക്ഷത്രിയർക്കേ വില കല്‍‌പ്പിക്കുന്നുള്ളു. ഗ്രീസില്‍ സ്ത്രീകളെയും അടിമകളെയും മനുഷ്യരായി പരിഗണിച്ചില്ല. ഇന്ത്യയിൽ ഇന്നും നിയമത്തിന്റെ മുന്നിൽ മനുഷ്യൻ വ്യത്യസ്തമായി പരിഗണിക്കപ്പെടുന്നു എന്ന സത്യം വിസ്മരിക്കാവതല്ല. ഉച്ചനീചത്വ സങ്കല്പത്തിലധിഷ്ഠിതമായ ശ്രേണീകരണത്തെ മറികടക്കാതെ ഹ്യൂമനിസം സാക്ഷാത്കൃതമാകുന്നില്ല എന്നതാണ് സത്യം. ബഹുസ്വരതയുടെ, വൈവിധ്യത്തിന്റെ, മാനവികതയുടെ സംസ്കാരത്തെ ജാതിവ്യവസ്ഥ വികൃതമാക്കുന്നു. ഈ ബ്രാഹ്മണ്യ സിദ്ധാന്തത്തിനെതിരെയാണ് ചട്ടമ്പി സ്വാമികളും വിവേകാനന്ദനും ശ്രീനാരായണ ഗുരുദേവനും അവരുടെ ദർശനങ്ങൾ അവതരിപ്പിച്ചതും പ്രചരിപ്പിച്ചതും. മലയാള സാഹിത്യനായകരും മാനവികതയുടെ സന്ദേശം ആലേഖനം ചെയ്തു. യൂറോപ്യൻ നവോത്ഥാനം ദൈവത്തെ സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് ഇറക്കിക്കൊണ്ടുവന്നു. പതിനാറാം നൂറ്റാണ്ടിനോടനുബന്ധിച്ച് ഇന്ത്യയിലെമ്പാടുമുണ്ടായ ഭക്തി പ്രസ്ഥാനം മതാത്മക ഹ്യൂമനിസത്തിന്റെ ദീപ്തമുഖമാണ് കാട്ടിത്തരുന്നത്. മതാത്മക ഹ്യൂമനിസത്തിന്റെ പ്രധാന പ്രത്യേകത അതുയർത്തിപ്പിടിച്ച അധഃസ്ഥിതാനുകമ്പയാണ്. ഈശ്വരസത്തയെ പൂർണമായും അംഗീകരിച്ചുകൊണ്ട് മാനുഷികതയെ ആദരിക്കുകയെന്നതാണ് മതാത്മക ഹ്യൂമനിസത്തിന്റെ പ്രത്യേകത. ദാനധർമ്മങ്ങളിലുള്ള നിഷ്ഠ, പങ്കുവയ്ക്കലിലുള്ള ആനന്ദം എന്നിവ അതിന്റെ ഭാഗങ്ങളാണ്. മനുഷ്യരുടെ പരിതാവസ്ഥ തിരിച്ചറിയുകയും അവരോട് കരുണ കാട്ടുകയും ചെയ്യുമെങ്കിലും എന്തുകൊണ്ടവർ പതിതരായി എന്ന ചോദ്യം ഉന്നയിക്കുന്നില്ല. ഉന്നയിച്ചാൽ തന്നെയും കർമ്മഫലത്തിലോ വിധിയിലോ മറുപടി കണ്ടെത്തും. ഇത് മതാത്മക ഹ്യൂമനിസത്തിന്റെ പരാധീനതയാണ്.


ഇതുകൂടി വായിക്കൂ: ആവര്‍ത്തിക്കപ്പെടുന്ന ചില ചോദ്യങ്ങള്‍


ഭൗതികവാദപരമായ ഹ്യൂമനിസമാണ് സോഷ്യലിസ്റ്റ് ഹ്യൂമനിസം. ഇതിന്റെ അടിവേരുകൾ തോമസ് മൂറിന്റെ ഉട്ടോപ്യൻ സങ്കല്പത്തിലാണ് അന്വേഷിക്കേണ്ടത്. മനുഷ്യ ജീവിതത്തിന്റെ അമൂല്യതയെ‌ക്കുറിച്ച് വാചാലനാകുന്ന അദ്ദേഹം നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാകണമെന്ന് വാദിച്ചു. പിന്നീട് ഭൗതിക ഹ്യൂമനിസത്തിന് പുതിയ മാനങ്ങൾ നൽകിയത് ലുഡ്‍വിഗ് ഫൊർബക് ആണ്. ആത്മീയരക്ഷയെക്കാൾ മനുഷന്റെ ശാരീരികവും ഭൗതികവുമായ സമ്പൂർണതയ്ക്ക് അദ്ദേഹം പ്രാധാന്യം നല്കി. മാർക്സിയൻ ഹ്യൂമനിസത്തിന് അത് ദൃഢമായ അടിത്തറ നൽകി. മാർക്സും ഏംഗൽസും അതിന്റെ ഉപജ്ഞാതാക്കളായി. മനുഷ്യനെ അവന്റെ യഥാർത്ഥ സത്തയെക്കുറിച്ചുള്ള ശരിയായ അവബോധത്തിലേക്ക് കൊണ്ടുവരാനും മാനുഷികമായ പരിഹാരം കണ്ടെത്താനും അവർ പ്രേരിപ്പിച്ചു. സാമ്പത്തിക സമത്വവും സാമൂഹിക സമത്വവും അവസര സമത്വവും നിലവിൽ വരുത്താൻ മാനവരാശി നിതാന്തമായി പോരാടാൻ അവർ പറഞ്ഞു. ഒട്ടേറെ മാനവിക ചിന്താധാരകൾകൊണ്ട് ഈ ലോകം പ്രകാശപൂരിതമായി. മനുഷ്യനെ പരമപ്രധാനമായി കണ്ട ചിന്തകൾ. എന്നാൽ പൗരോഹിത്യത്തിന്റെ ആധിപത്യം മനുഷ്യനെ അനാചാരങ്ങൾക്കും അന്ധവിശ്വാസത്തിനും അടിമയാക്കി. അവരുമായി സഖ്യത്തിലേർപ്പെടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങൾ ഉയർന്ന ചിന്തകളെ വിസ്മരിച്ചു. അധികാരവും സമ്പത്തും മാത്രമായി ലക്ഷ്യം. ജനതയെ ചിന്തിക്കാത്തവരാക്കി മാറ്റി. അവരെ സ്തുതിപാഠകരും ഭൈമീകാമുകരും ആക്കി. സത്യം അന്വേഷിക്കാനും പറയാനും ആളില്ലാത്ത അവസ്ഥ. മഹത്തായ ദർശനങ്ങൾ പിറന്ന ലോകത്താണ് ദാരുണമായ ഈ അവസ്ഥ. ഇന്ത്യയിൽ മനുഷ്യർ സങ്കുചിതത്വത്തിന്റെ മാളങ്ങളിലാണ് താമസിക്കുന്നത്. വിവേകാനന്ദനും, ഗുരുദേവനും, മഹാത്മാ ഫൂലെയും, വൈകുണ്ഠ സ്വാമികളും, പെരിയോറും, മഹാത്മാ ഗാന്ധിയും, തുടങ്ങി എത്രയോ യുഗപുരുഷന്മാരും ചിന്തകളും ജനിച്ച നാട്ടിൽ ഇന്ന് അന്ധവിശ്വാസത്തിന്റെ, അനാചാരത്തിന്റെ ഘോഷയാത്രയാണ്. അട്ടഹാസവും ആക്രോശവും, ഹോമവും, നരബലിയും നടക്കുന്നു. മന്ത്രവാദവും ദുർമന്ത്രവാദവും നടക്കുന്നു. ധനം ആകർഷിക്കാൻ പൂജകൾ, മോതിരങ്ങൾ എന്നിവ. ദുർബല മനസിനെ പൗരോഹിത്യവും മതമൗലിക വാദികളും സമ്പത്തു മാത്രം ലക്ഷമിടുന്ന ഭരണാധികാരികളും ചൂഷണം ചെയ്യുന്നു. നവോത്ഥാന നായകർ കണ്ണാടിക്കൂട്ടിലെ പ്രതിമകളാകുന്നു. ജീവിതം ശാസ്ത്രചിന്തയിലും യുക്തിബോധത്തിലും സത്യാന്വേഷണത്തിലും അധിഷ്ഠിതമാകാനാണ് ദർശനങ്ങൾ പറഞ്ഞത്. അതാണ് നമ്മുടെ കർത്തവ്യം. അല്ലാതെ ചിന്തകൾ മരവിച്ച, ജീർണത ബാധിച്ച മനസുമായി ജീവിക്കുകയല്ല. ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുക. വിജ്ഞാന ലോകത്തെ പുൽകുക. അറിവിനെ മുന്നോട്ടു നടക്കാനുള്ള കവചകുണ്ഡലമാക്കുക. ജീവിതം സർഗാത്മക ആശയത്തിലൂടെ സാർത്ഥകമാക്കുക, മനുഷ്യനെ കാണുക, അതാണ് ചിന്തകർ പറഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.