നീയൊരു
മൗനത്തിന്റെ
അടരുകളിലേക്ക്
നൂഴ്ന്നിറങ്ങുമ്പോഴാണ്
ഞാൻ
കാത്ത് കാത്തിരുന്നൊരു
കവിതയുടെ
പേറ്റ് നോവിലേക്ക്
പിടഞ്ഞുണരുന്നത്.
ഉറക്കത്തിൽ
തെല്ല് വിടർന്നിരിക്കുന്ന
നിന്റെ ചുണ്ടുകൾ
പാതി വായിച്ചു
മടക്കിയ പുസ്തകത്തിലെ
വരികളിലേക്ക്
വലിച്ചു കൊണ്ട് പോകും.
വന്യമായ
ഒരു വേഴ്ച്ചക്കൊടുവിൽ
വിയർപ്പ് മുളപൊട്ടിയ
നിന്റെ നെഞ്ചിലെ
പുൽമേടുകൾക്കപ്പോൾ
മഞ്ഞു വീണു
നനഞ്ഞ
കറുകയുടെ
മണമാണ്.
അപ്പോഴാണ്
നാം
രണ്ട് കടൽത്തീരങ്ങൾ
ആവുന്നത്.
ദൂരങ്ങൾ പരസ്പരം
നടന്നു കയറി
വെയിലേറ്റും
മഴനനഞ്ഞും
തിരകൾ തൊട്ടും
മലർന്നു കിടന്ന്
ആകാശം കാണാൻ
നെഞ്ചൊരുക്കിയും
മണൽ കൊട്ടാരങ്ങളിൽ
രാജാവും റാണിയുമാവുന്നത്.
അല്ലെങ്കിലും
തീർന്നുപോയ
ഒരു വഴിയുടെ
അറ്റത്ത് നിന്നാണല്ലോ
നമ്മൾ
ഒന്നിച്ചു
നടന്നു തുടങ്ങിയത്…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.