മുഖസൗന്ദര്യം വ്യക്തിത്വത്തിന്റെ അടയാളമാക്കി മാറ്റിയവര്‍ നമ്മുടെ സമൂഹത്തിലുണ്ട്. സൗന്ദര്യ സംരക്ഷണ കാര്യത്തില്‍ സ്ത്രീയും പുരുഷനും ഒരു പോലെ ശ്രദ്ധിക്കാറുണ്ട്. പണവും സമയവും ചെലവഴിക്കാനുണ്ടെങ്കില്‍ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ നേരെ ബ്യൂട്ടീപാര്‍ലറിലേക്ക് പോയാല്‍ മതി…
പല തൊഴില്‍ മേഖലയിലെയും പോലെ തന്നെ ബ്യൂട്ടീപാര്‍ലര്‍ ബിസിനസ് മേഖല ഇന്ന് വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. പുതിയ ട്രെന്‍ഡുകള്‍, പ്രധാന ബ്രാന്‍ഡുകള്‍, സര്‍വീസുകള്‍ എല്ലാം അറിഞ്ഞിരിക്കണം. ഒരു സ്ഥാപനം തുടങ്ങുന്നതിന് മുന്‍പായി മാസവരുമാനം, റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റ്, മാസവാടക, ഇന്റീരിയര്‍, വില നിര്‍ണയം, ടാര്‍ഗറ്റ് കസ്റ്റമേഴ്‌സ്, സ്‌കീമുകള്‍, ഫണ്ടുകള്‍, ഡിസ്‌കൗണ്ട്, ക്ലിനിക് പോലെ മള്‍ട്ടി സര്‍വീസസ് നല്‍കുന്ന ബ്യൂട്ടീ പാര്‍ലറുകളാണ് ഇന്ന് കേരളത്തില്‍ പല ജില്ലയിലും ബിസിനസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.
ബ്യൂട്ടീഷന്‍ കോഴ്സുകള്‍ക്ക് അതിന്റേതായ പഠനരീതിയുണ്ട്. ബിസിനസ് ഇന്‍വെസ്റ്റ്‌മെന്റ്, ലൈസന്‍സുകള്‍ എന്നി കാര്യങ്ങള്‍ പ്രത്യേകം അന്വേഷിച്ചറിയണം. ജിഎസ്‌ടി രജിസ്‌ട്രേഷന്‍, പ്രൊഫഷണല്‍ ടാക്‌സ് ലൈസന്‍സ്, മുനിസിപ്പല്‍ കോര്‍പറേഷനില്‍ നിന്നുള്ള ലൈസന്‍സ്, മേഖലയിലെ പ്രാവീണ്യത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിഫിക്കേഷനുള്ള സ്റ്റാഫിന്റെ നിയമനം എന്നിവയും പ്രധാനമായും ശ്രദ്ധിക്കണം.
ഉപഭോക്താവിനെ തിരിച്ചറിഞ്ഞ് അവരുടെ ആവശ്യങ്ങള്‍ അറിഞ്ഞ് സേവനം നല്‍കണം. മറ്റേതൊരു ബിസിനസിനെയും പോലെ സര്‍വീസിലുള്ള ഗുണനിലവാരമാണ് പ്രധാനമായും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. കസ്റ്റമര്‍ സര്‍വീസും ഓഫറുകളും ആളുകളെ ഏറെ സ്വാധീനിക്കാറുണ്ട്. വില കുറവുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഈടാക്കുന്ന ചാര്‍ജുകളും മിക്കപ്പോഴും കുറവായിരിക്കും. മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി പ്രൊഫഷണല്‍ സ്റ്റാഫിന്റെ സേവനം ഉറപ്പാക്കണം. ഇതിലൂടെ സ്ഥിരം ഉപഭോക്താക്കളെ നേടിയെടുക്കാന്‍ സാധിക്കും.
പരിചയം ആവശ്യംവേണ്ട സംരംഭ മേഖലയാണ് ബ്യൂട്ടീഷന്‍. ഇന്ത്യയിലും വിദേശത്തും തൊഴില്‍ സാധ്യത ഏറെയുള്ളതിനാല്‍ യുവതലമുറയ്ക്ക് ഇത്തരം കോഴ്സുകളോടാണ് ഏറെ താല്പര്യം. പഠനത്തിനുശേഷം സ്വന്തമായി പാര്‍ലര്‍ തുടങ്ങാനും വിദേശത്തു പോയി നല്ല ശമ്പളമുള്ള ജോലിയില്‍ പ്രവേശിക്കാനുമാണ് യുവജനത ഈ കോഴ്സുകള്‍ കൂടുതലായി തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഗുണനിലവാരമുള്ള പരിശീലനത്തിലൂടെ മാത്രമേ മികച്ച ബ്യൂട്ടീഷ്യന്മാര്‍ക്ക് ഈ മേഖലയില്‍ ശോഭിക്കാന്‍ സാധിക്കൂ. സംസ്ഥാനത്ത് ബ്യൂട്ടീഷ്യന്‍ കോഴ്സുകളെന്ന പേരില്‍ പല സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. പല പേരിലാണ് അക്കാഡമികള്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റും പ്രവര്‍ത്തിപരിചയവും നല്‍കുന്നത്. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഉയര്‍ന്ന ശമ്പളം തേടി പോകുമ്പോള്‍ വഞ്ചിക്കപ്പെടാന്‍ സാധ്യതയേറെയാണ്.
എങ്ങനെ കോഴ്സ് തിരഞ്ഞെടുക്കാം
ബ്യൂട്ടീഷന്‍ കോഴ്‌സ് തിരഞ്ഞെടുക്കാന്‍ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പത്ത് അല്ലെങ്കില്‍ 12-ാം ക്ലാസാണ്. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് കോഴ്സ് പൂര്‍ത്തിയാക്കുകയും പരിശീലനം നേടുകയും ചെയ്യുന്നവര്‍ക്കാണ് പല സ്ഥലങ്ങളിലും മുന്‍ഗണന ലഭിക്കുന്നത്. പ്രൊഫഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളാണ് അക്കൂട്ടത്തില്‍ വൈവിധ്യമാർന്ന ബ്യൂട്ടീഷ്യൻ കോഴ്സുകൾ നൽകുന്നത്. സ്കില്‍ ഡെവലപ്മെന്റിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ധാരാളം തൊഴില്‍ അടിസ്ഥിത കോഴ്സുകള്‍ നല്‍കാറുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കോഴ്സുകളില്‍ ഉള്‍പ്പെടുന്നതാണ് പ്രധാനമന്ത്രി കൗശിക്ക് യോജന, കേരള കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ സിസ്റ്റം, നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍, കുടുംബശ്രീ എന്നിവ സൗജന്യമായി കോഴ്സ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിന് സഹായം നല്‍കുകയും ചെയ്യുന്നു. ഈ സ്ഥാപനങ്ങള്‍ വഴി പഠിക്കുന്നവര്‍ക്കും പഠിപ്പിക്കുന്നവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണ്.
കോഴ്സുകളുടെ കാലാവധി
ആറ് മാസം മുതല്‍ ഒന്നരവര്‍ഷം വരെ നീളുന്ന കോഴ്സുകള്‍ നല്‍കുന്ന പല സ്വകാര്യ സ്ഥാപനങ്ങളും ഇന്ന് കേരളമുള്‍പ്പെടെയുള്ളയിടങ്ങളിലുണ്ട്. ചര്‍മ്മ സംരക്ഷണവും മുടി സംരക്ഷണവുമാണ് പ്രധാനമായും അവയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. തിയറിക്കൊപ്പം കോഴ്സിന്റെ ഭാഗമായുള്ള പ്രാക്ടീസ് സെഷനുകളുമുണ്ട്. പഠനത്തിനിടെ പല ബ്രാന്‍ഡുകളെയും പരിചയപ്പെടാന്‍ സാധിക്കും. ഒരു വര്‍ഷം വരെയുള്ള അംഗീകൃത കോസ്മെറ്റോളജി കോഴ്സുകളും ഇന്ന് പല സ്ഥാപനങ്ങളും നല്‍കുന്നുണ്ട്. സര്‍ട്ടിഫിക്കറ്റുള്ള ട്രെയ്നേഴ്സിന്റെ നേതൃത്വത്തില്‍ കോഴ്സ് പൂര്‍ത്തിയാക്കാം. ഫൗണ്ടേഷന്‍ കോഴ്സുകളും ഇതിനായി നല്‍കും. പ്രമുഖ ബ്രാന്‍ഡുകളെ പരിചയപ്പെടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കും. പല ബ്രാന്‍ഡുകളും തങ്ങളുടെ ബ്യൂട്ടീഷന്‍ സര്‍ട്ടിഫിക്കേറ്റഡ് കോഴ്സുകളാണ് നല്‍കുന്നത്. പല രാജ്യങ്ങളിലും വെല്‍നെസ് സെന്റേര്‍സും ഇവര്‍ക്കുണ്ട്. നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് അപ്രൂവലും ഐഎസ്ഒ സര്‍ട്ടിഫിക്കേഷനും കൂടെയാണ് കോഴ്സുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഐഎഒ വരുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് ഇന്‍റ്റര്‍നാഷണല്‍ അക്രഡിറ്റേഷന്‍ വരുമെന്നാണ് ഈ മേഖലയിലെ പ്രമുഖരുടെ വിലയിരുത്തലുകള്‍. ബ്യൂട്ടി ആന്റ് വെല്‍നെസ് സ്കില്‍ കൗണ്‍സില്‍ അപ്രൂവല്‍സാണ് ഇത്തരം കോഴ്സുകള്‍ക്ക് സര്‍ട്ടിഫിക്കറ്റായിവരുന്നത്. വിദേശ രാജ്യങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്ക് പുറമെ അതാത് രാജ്യങ്ങളുടെ മാനദണ്ഡം പാലിക്കേണ്ടതുണ്ട്. ഏറെ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന മേഖലയില്‍ ഒരുപാട് കാലത്തെ പരിചയമുള്ളവരാണ് പ്രാക്ടിക്കല്‍ ക്ലാസുകള്‍ നല്‍കിവരുന്നത്. ബ്യൂട്ടീഷന്‍ കോഴ്സുകള്‍ ചെയ്യുന്നവര്‍ക്കായി കോസ്മെറ്റിക്ക് ക്ലാസുകളുടെ ട്രെയ്നേഴ്സ് ഡെമോ ക്ലാസുകള്‍ ഒരുക്കി നല്‍കാറുണ്ട്.
കോഴ്സിന് ശേഷമുള്ള അവസരങ്ങള്‍
മുടി സംരക്ഷണം, ചർമ്മ സംരക്ഷണം, നഖ സംരക്ഷണം എന്നിവയാണ് പ്രധാനമായും ബ്യൂട്ടീഷന്‍ കോഴ്സുകളില്‍ പഠിപ്പിക്കുന്നത്. ബ്യൂട്ടീപാര്‍ലറുകളിലും സലൂണുകളിലും ജോലി സാധ്യതയേറി വരുന്ന ഇക്കാലത്ത്, പഠനത്തിന് ശേഷം എക്സ്പീരിയന്‍സ് കൂടിയുണ്ടെങ്കില്‍ ഒരു പ്രൊഫഷണൽ ബ്യൂട്ടീഷ്യന് പിന്നീട് ഒരു മേക്കപ്പ് ആർട്ടിസ്റ്റായും, മേക്ക് ഓവർ അഡ്വൈസറായും, പ്രൊഡക്റ്റ് ഡിസൈനർ/മാർക്കറ്റർ, കോസ്മെറ്റോളജിസ്റ്റ്, നെയിൽ കെയർ വിദഗ്‌ദ്ധരായും ഈ മേഖലയില്‍ പ്രവർത്തിക്കാം. ബ്യൂട്ടീഷനായി മാത്രമല്ല ഇവര്‍ക്ക് ജോലി ചെയ്യാന്‍ കഴിയുന്നത്. സ്പാ സെന്ററുകൾ, ഫിറ്റ്നസ് ക്ലിനിക്കുകൾ, മോഡലിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിലും ഏറെ അവസരങ്ങളുണ്ട്. സ്വന്തമായി ഫിറ്റ്നസ്, വെൽനസ് സ്ഥാപനം ആരംഭിക്കാന്‍ ഈ കോഴ്സുകള്‍ പഠിക്കുന്നതിലൂടെ സാധിക്കും. നിരന്തരമായ പരിശീലനമുള്ളവര്‍ക്ക് മാത്രമാണ് മുന്നോട്ട് പോകാന്‍ സാധിക്കുക. ഫ്രീലാന്‍സ് ആയും ബ്യൂട്ടീഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വരുമാനം ഉണ്ടാക്കാന്‍ കഴിയും. സമൂഹമാധ്യമങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്താം…
ബ്യൂട്ടീഷന്‍ കോഴ്സുകള്‍ക്ക് പിന്നിലെ ചതി
തൊഴില്‍ രഹിതരായി ആളുകള്‍ക്ക് ബ്യൂട്ടീഷന്‍ മേഖലയില്‍ കഴിവ് തെളിയിക്കാന്‍ ധാരാളം അവസരമുണ്ട്. എന്നാല്‍ ഓരോ കോഴ്സിനും പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍ നമ്മള്‍ അറിയാതെ പോകരുത്. ധാരാളം ആളുകളാണ് ബ്യൂട്ടീപാര്‍ലറുകളില്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുകയും ട്രെയ്നികളായി നില്‍ക്കുകയും ചെയ്യുന്നത് . ഇത്തരക്കാര്‍ക്ക് കോഴ്സ് പൂര്‍ത്തിയാക്കുവാനോ സംരംഭം തുടങ്ങുവാനോ സാധിക്കാറില്ല. എന്നാല്‍ ഇവരെ ചൂഷണം ചെയ്യാന്‍ പല സ്ഥാപനങ്ങളും വ്യക്തികളും ശ്രമിക്കാറുണ്ട്.
സ്വാര്‍ത്ഥ താല്‍പര്യങ്ങളും പണവും ലക്ഷ്യമിട്ടെത്തുന്നവര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളും നിലവാരമില്ലാത്ത ക്ലാസുകളും നല്‍കി ചതിക്കുഴിയിലാക്കും. ഭീമമായ തുക നല്‍കിയും ചെറിയ സെമിനാറുകള്‍ നടത്തിയും വഞ്ചിക്കുന്നവരും കുറവല്ല. ഓണ്‍ലൈനില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ ധാരാളം ടെംപ്ലേറ്റുകളും ലഭ്യമാണ്. പേരും സ്ഥാപനത്തിന്റെ പേരും നല്‍കി പണമടച്ചാല്‍ ഒരു ദിവസത്തിനുള്ളില്‍ കോസ്മറ്റോളജി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കുന്ന ഓണ്‍ലൈന്‍ സൈറ്റുകളെയും സൂക്ഷിക്കണം.
ബ്രാന്‍ഡുകള്‍ തിരഞ്ഞെടുക്കുന്നതില്‍ വരുന്ന അമളികളാണ് മറ്റൊരു വെല്ലുവിളി. അവയുടെ ഗുണനിലാവാരം ശ്രദ്ധിക്കാതെ മോഹനവാഗ്ദാനങ്ങളില്‍ച്ചെന്നുപെടുന്നവര്‍ മറ്റൊരു ചതിക്കുഴിയിലാണ് ചെന്നുപെടുന്നത്. പല പ്രമുഖ ബ്രാന്‍ഡുകളുടെ പേരിലും വ്യാജ ഉല്പന്നങ്ങള്‍ വിപണിയില്‍ സുലഭമാണ്. മറ്റേതുമേഖലയിലെപ്പോലെയും പരിശീലനം അത്യന്താപേക്ഷിതമായ ഒരുമേഖല തന്നെയാണ് സൗന്ദര്യമേഖലയും. നിസാരവല്‍ക്കരിക്കുന്നതുമൂലമാണ് ഈ മേഖലയിലെ പലരീതിയിലുള്ള ചതികളും സാധാരണക്കാര്‍ അറിയാതെ പോകുന്നത്. അതിലൊന്നാണ് ശരിയായി പരിശീലനം ലഭിക്കാത്ത തൊഴിലാളികളെന്ന ചതിയും. മുറിവൈദ്യവുംകൊണ്ട് ഇവിടേക്കെത്തുന്ന പലരും അത്യാപത്തില്‍ ഉപഭോക്താവിനെ ചെന്നെത്തിക്കുന്നതായുള്ള വാര്‍ത്തകള്‍ നാമേറെ കേട്ടുകഴിഞ്ഞു. ശരിയായ രീതിയലല്ലാതെ ഫേഷ്യലിങ്ങിന് വിധേയയായ നവവധുവിന്റെ മുഖം പൊള്ളിയ വാര്‍ത്ത ഈ അടുത്തിടെയാണ് നാം വായിച്ചത്.
ഫാഷന്റെ മുംബൈ മുഖം
ഫാഷന്‍ മേഖലയില്‍ മുംബൈയിലുള്ള ബ്യൂട്ടീഷ്യന്‍ കോഴ്സുകളാണ് ആളുകള്‍ കൂടുതലായും തിരഞ്ഞെടുക്കുന്നത്. അനുദിനം വര്‍ധിച്ചുവരുന്നതും അവസരം സൃഷ്ടിക്കുകയും ചെയ്യുന്ന ബ്യൂട്ടീഷന്‍ മേഖല മുംബൈ നഗരത്തെ മറ്റൊരു തരത്തില്‍ വികസനത്തിലെത്തിച്ചു. ബ്യൂട്ടീ തെറാപിസ്റ്റുകളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ഉപഭോക്താക്കളും ഏറുകയാണ്. സൗന്ദര്യം വ്യവസായമായി മാറിക്കൊണ്ടിരിക്കുന്ന നഗരം ചെലവേറിയതും കഴിവുള്ളവരുടെയും ആയിമാറിക്കഴിഞ്ഞു. സൗന്ദര്യ വര്‍ധന വസ്തുക്കളുടെ വമ്പന്‍ ബ്രാന്‍ഡുകള്‍ മഹാനഗരമായ മുംബൈയിലാണ് ആദ്യം ലോഞ്ച് ചെയ്യുന്നത്. മോഡലുകളും സിനിമ താരങ്ങളും പ്രചാരം നല്‍കുന്ന പലകമ്പനികളുമാണ് പിന്നീട് സാധാരണക്കാരിലേക്ക് എത്തുന്നതെന്നാണ് ഈ മേഖലയിലെ മറ്റൊരു പ്രത്യേകത.
English Sammury: beautician course and job- article by pinky murali
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.