27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 25, 2024
July 22, 2024
July 22, 2024
July 21, 2024
July 19, 2024
July 18, 2024
July 18, 2024
July 18, 2024
July 17, 2024
July 15, 2024

ഭാരത് ജോഡോ യാത്രയ്ക്കിടയിലും കോണ്‍ഗ്രസിന് രാഷ്ട്രീയ നിഗ്രഹം

Janayugom Webdesk
September 17, 2022 6:00 am

‘നുകവും തോളത്തേന്തിക്കാളയ്ക്കു പിന്‍പേ പോകും 

സുകൃതസ്വരുപമേ നിന്നെ ഞാന്‍ നമിക്കുന്നു’ 

എന്ന് ചങ്ങമ്പുഴ കവിതയില്‍ (എന്റെ ഗുരുനാഥന്‍) കുറിച്ചിട്ടിട്ടുണ്ട്. നുകവും തോളത്തേന്തി നരേന്ദ്രമോഡിയുടെയും അമിത് ഷായുടെയും പിന്‍പേ പോകുന്ന ‘സുകൃത സ്വരുപങ്ങളായി’ കോണ്‍ഗ്രസുകാര്‍ അധഃപതിച്ചിരിക്കുന്നു. ഭാരതത്തിന്റെ ഐക്യം സൃഷ്ടിക്കാന്‍ ‘ഭാരത് ജോഡോ യാത്ര’ നടത്തുന്ന രാഹുല്‍ഗാന്ധിയുടെ ഭാരത് യാത്ര ആരംഭിച്ച നാളുകളില്‍ തന്നെ കോണ്‍ഗ്രസില്‍ നിന്ന് പ്രമാണികളും പ്രധാനികളും അനുചരന്മാരും കോണ്‍ഗ്രസ് വിട്ട് അതിവേഗതയില്‍ സംഘകുടുംബത്തിലേക്കും യാത്രയാരംഭിച്ചു. ഗോവയില്‍ കോണ്‍ഗ്രസിന്റെ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തും നിലവിലെ പ്രതിപക്ഷ നേതാവ് മൈക്കേല്‍ ലോബോയുമുള്‍പ്പെടെ എട്ട് എംഎല്‍എമാര്‍ ആഢംബരാഘോഷങ്ങളോടെ ബിജെപിയില്‍ ചേര്‍ന്നു. ആകെ പതിനൊന്ന് എംഎല്‍എമാരുണ്ടായിരുന്ന കോണ്‍ഗ്രസ് മൂന്ന് എംഎല്‍എമാരായി ചുരുങ്ങി. ആ മൂവര്‍ എന്ന് ബിജെപി കൂടാരത്തില്‍ കൂടിയേറുമെന്ന് കാത്തിരുന്ന് കാണണം.

ഭാരതത്തിന്റെ ഐക്യം ഊട്ടിയുറപ്പിക്കാന്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ യാത്ര നടത്താനിറങ്ങിയ രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടി അനുദിനമനുദിനം ശിഥിലമാകുന്നുവെന്നതാണ് വര്‍ത്തമാന രാഷ്ട്രീയത്തിലെ ഫലിതം. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പനന്തരവും ഗോവയില്‍ ഈ കാഴ്ച കണ്ടു. ആ തെരഞ്ഞെടുപ്പില്‍ 17 സീറ്റുമായി ഒറ്റക്കക്ഷിയായി കോണ്‍ഗ്രസ് അധികാരത്തില്‍ വരുമായിരുന്ന സാഹചര്യത്തില്‍ 10 എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറി അവരെ അധികാരത്തിലെത്തിച്ചു. 20 കോടി രൂപയും 25 കോടി രൂപയും മന്ത്രിസ്ഥാനവും ഫ്ളാറ്റ് സമുച്ചയങ്ങളും മുന്നില്‍ വച്ചാല്‍ ചാക്കില്‍ കയറുന്ന കൂട്ടരാണിന്ന് കോണ്‍ഗ്രസ് ജനപ്രതിനിധികളും നേതാക്കളും ഇന്ന് രാത്രി ഖദര്‍ധാരിയായിരിക്കുന്ന കോണ്‍ഗ്രസ് തൊട്ടടുത്ത സുപ്രഭാതത്തില്‍ കാവിയുടുത്ത് ബിജെപിയാകുന്ന വിചിത്ര കാഴ്ചയ്ക്കാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. ഓന്തിനെപ്പോലെ അനുനിമിഷം നിറം മാറുന്ന കോണ്‍ഗ്രസിനെയും അതിന്റെ പ്രവര്‍ത്തകരെയും പുനരുജ്ജീവിപ്പിക്കുവാന്‍ ‘ഭാരത് ജോഡോ യാത്ര’യുമായി ഇറങ്ങിപ്പുറപ്പെട്ട രാഹുല്‍ഗാന്ധിയെ സ്വീകരിക്കുവാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ ആളുകള്‍ അവശേഷിക്കുമോ എന്ന സന്ദേഹം ന്യായമാണ്.

ബിജെപിയുടെ ശക്തിദുര്‍ഗങ്ങളായ സംസ്ഥാനങ്ങളില്‍ യാത്രപോകാതെ, ബിജെപി ഭരണ സംസ്ഥാനങ്ങളില്‍ ഒരു ദിവസമോ ഏറിയാല്‍ രണ്ടു ദിവസമോ മാത്രം സഞ്ചരിച്ച് തടിയൂരുന്ന കപട വര്‍ഗീയ വിരുദ്ധ ജാഥ പരിഹാസ്യതയില്‍ തട്ടുകടയിലെ ചായകുടിയും വടയും ബജിയും കഴിക്കലുമൊക്കെ അരങ്ങേറുന്നുണ്ട്. പക്ഷേ, അണികളും നേതാക്കളും കൊഴിഞ്ഞുകൊണ്ടിരിക്കുകയും വര്‍ഗീയ കൂടാരങ്ങളില്‍ ചേക്കേറുകയും ചെയ്യുന്നു. ഗോവ ഒറ്റപ്പെട്ട അനുഭവമല്ല, മധ്യപ്രദേശിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലും ഭരണ അട്ടിമറികള്‍ നടത്തിയത് റിസോര്‍ട്ട് രാഷ്ട്രീയത്തിലൂടെയും കോടാനുകോടികള്‍ സമ്മാനിച്ചതിലൂടെയുമാണ്. മണിപ്പൂരിലും അസമിലും ബിജെപിയുടെ ചാക്കിട്ടുപിടുത്തം നടന്നു. ഒരു കാവിക്കൊടി പോലും പാറാതിരുന്ന അരുണാചല്‍ പ്രദേശില്‍ ഒരാളൊഴികെ മുഴുവന്‍ കോണ്‍ഗ്രസ് എംഎല്‍എമാരും കൂറുമാറി ബിജെപി സര്‍ക്കാരുണ്ടാക്കി. കോടികള്‍ കണ്ടാല്‍ ഏത് വര്‍ഗീയ ഫാസിസ്റ്റുകളുടെയും കോഴച്ചാക്കില്‍ കയറുന്ന പാര്‍ട്ടി നേതാക്കളായി കോണ്‍ഗ്രസുകാര്‍ പരിണമിച്ചിരിക്കുന്നു.

ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ യൂത്ത് കോണ്‍ഗ്രസിന്റെയും പിന്നാലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും മുഖ്യമുഖവും മുഖപ്രസാദവുമായിരുന്നു ഗുലാം നബി ആസാദ്. എഐസിസി പ്രവര്‍ത്തക സമിതി അംഗമായിരുന്ന ജി കെ മൂപ്പനാര്‍ക്ക് ശേഷമുള്ള ‘ട്രബിള്‍ ഷൂട്ടര്‍’ (പ്രശ്നപരിഹാരി) കൂടിയായിരുന്നു ആസാദ്. അദ്ദേഹം കോണ്‍ഗ്രസ് വിട്ട് പുതിയപാര്‍ട്ടി രൂപീകരിക്കുന്നു. ഗുലാം നബി ആസാദിനെപ്പോലെതന്നെ ജി 23 നേതാവായിരുന്ന കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ട് സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണയോടെ രാജ്യസഭാംഗമായി. മറ്റൊരു മുഖ്യവക്താവായ മനീഷ് തിവാരി, കലഹങ്ങളും കലാപങ്ങളുമായി തുടരുകയാണ്. എന്നദ്ദേഹം പാര്‍ട്ടി വിടുമെന്ന് കാത്തിരുന്നു കാണണം. രാഹുല്‍ഗാന്ധിയും എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറിയായ മലയാളി കെ സി വേണുഗോപാലും ചേര്‍ന്ന് കോണ്‍ഗ്രസിനെയൊന്നാകെ ബിജെപി പാളയത്തിലെത്തിക്കുന്ന വൈചിത്ര്യത്തിനാണ് നാം സാക്ഷിയാകുന്നത്. സംഘ്പരിവാര ഫാസിസ്റ്റുകള്‍ ഇന്ത്യന്‍ ഭരണഘടനയെയും ജനാധിപത്യ സംഹിതകളെയും ഭരണസ്വാധീനവും കോടികളുടെ ആധിപത്യവും കൊണ്ട് ധ്വംസിക്കുകയാണ്. പഞ്ചാബിലെയും ദില്ലിയിലെയും എംഎല്‍എമാരെ വിലയ്ക്കെടുക്കുവാന്‍ യത്നിച്ചു. താല്ക്കാലികമായെങ്കിലും അവിടെ പരാജയപ്പെട്ടു. ‘ആയാറാം ഗയാറാം’ രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാക്കള്‍ ഇന്ന് ആ രാഷ്ട്രീയ നിഗ്രഹം ഏറ്റുവാങ്ങേണ്ടിവരുന്നുവെന്നത് ചരിത്രത്തിലെ കൗതുകം. 1991 ല്‍ അധികാരത്തില്‍ വന്ന പി വി നരസിംഹറാവുവിന്റെ മന്ത്രിസഭയുടെ കാലത്ത് അവിശ്വാസ പ്രമേയത്തെ അതിജീവിക്കുവാന്‍ ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച എംപിമാരെ ചാക്കില്‍ കയറ്റിയത് ചരിത്രത്തിന്റെ ഭാഗം. ‘മുമ്പേ ഗമിച്ചീടിന ഗോവു തന്റെ പിന്‍പേ ഗമിക്കും ബഹുഗോക്കളെല്ലാം’ എന്ന വരികള്‍ വര്‍ത്തമാനകാല രാഷ്ട്രീയ അനുഭവങ്ങളെ അനുസ്മരിപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.