23 December 2024, Monday
KSFE Galaxy Chits Banner 2

ഭാരത ‌രത്നയുടെ സങ്കുചിത വോട്ട് രാഷ്ട്രീയം

അബ്ദുൾ ഗഫൂർ
February 11, 2024 4:20 am

ഇന്ത്യയിലെ പരമോന്നത പൗരത്വ പുരസ്കാരമാണ് ഭാരത രത്ന. 1954ല്‍ സി രാജഗോപാലാചാരി, എസ് രാധാകൃഷ്ണന്‍, സി വി രാമന്‍ എന്നിവര്‍ക്ക് നല്‍കിയാണ് പുരസ്കാരം ആരംഭിക്കുന്നത്. പിന്നീട് ഇതുവരെയുള്ള വിവിധ കാലയളവുകളിലായി 53 പേരാണ് പുരസ്കാരത്തിന് അര്‍ഹരായത്. കഴിഞ്ഞ ദിവസങ്ങളില്‍ അഞ്ച് പേര്‍ക്ക് മൂന്ന് തവണയായി പ്രസ്തുത പുരസ്കാരം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ചൂടേറിയ വിവാദങ്ങള്‍ക്കപ്പുറം ബിജെപിയുടെ, പ്രത്യേകിച്ച് നരേന്ദ്ര മോഡിയുടെ സങ്കുചിതമായ രാഷ്ട്രീയ ദുഷ്ടലാക്കിലൂടെയും ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. 2014ല്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ഇത് മൂന്നാം തവണയാണ് ഭാരത രത്ന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. നേരത്തെയുള്ള രണ്ട് പ്രഖ്യാപനങ്ങളിലും ജേതാക്കളുടെ നിലപാടുകളും ബിജെപിയുടെ സംഘരാഷ്ട്രീയവുമായി ചേര്‍ന്നു നില്‍ക്കുന്നവര്‍ കൂടുതലായി പരിഗണിക്കപ്പെട്ടുവെന്നതും വിവാദമായിരുന്നുവെങ്കിലും ഇത്തവണയുണ്ടായ പ്രഖ്യാപനങ്ങളെല്ലാം വിവാദത്തിനപ്പുറം ചില വിശാലമാനങ്ങള്‍ കൂടി ഉള്ളതാണ്. 2014 മേയ് മാസം അധികാരമേറ്റ നരേന്ദ്ര മോഡി ഭരണകാലയളവിലെ ആദ്യ പുരസ്കാര പ്രഖ്യാപനം ആ വര്‍ഷം ഡിസംബറിലാണുണ്ടായത്. മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ എ ബി വാജ്പേയ്, മദന്‍ മോഹന്‍ മാളവ്യ എന്നിവര്‍ക്കായിരുന്നു പുരസ്കാരം. ബിജെപിയും അതിന്റെ ആശയങ്ങളുമായി ഇരുവര്‍ക്കുമുള്ള രാഷ്ട്രീയ ബന്ധം പ്രസിദ്ധമാണ്. ആര്‍എസ്എസും പിന്നീട് ബിജെപിയുമായാണ് വാജ്പേയ്‌യുടെ രാഷ്ട്രീയ കര്‍മ്മകാണ്ഡമെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നുവെങ്കിലും അഖില ഭാരത് ഹിന്ദു മഹാസഭ സ്ഥാപകന്‍ കൂടിയാണ് മദന്‍ മോഹന്‍ മാളവ്യ.
പിന്നീട് 2019ലാണ് ജനുവരിയില്‍ (പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമമ്പ്) മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഭാരതീയ ജനസംഘം നേതാവ് നാനാജി ദേശ്‌മുഖ്, സുപ്രസിദ്ധ ഗായകന്‍ ഭൂപന്‍ ഹസാരിക എന്നിവര്‍ക്ക് ഭാരത രത്ന പ്രഖ്യാപിച്ചത്. ഇതില്‍ ഭൂപന്‍ ഹസാരികയെ മാറ്റിനിര്‍ത്തിയാല്‍ പ്രണബ് മുഖര്‍ജി, നാനാജി ദേശ്‌മുഖ് എന്നിവരുടെ പേരുകള്‍ വിവാദമായതാണ്. നാനാജി ദേശ്‌മുഖ് അടിയുറച്ച ജനസംഘംകാരനായിരുന്നു. പ്രണബ് മുഖര്‍ജി അടിയുറച്ച കോണ്‍ഗ്രസുകാരനായിരുന്നുവെങ്കിലും അവസാനകാലത്തെ അദ്ദേഹത്തിന്റെ നിലപാടുകളില്‍ വിവാദത്തിന്റെയും സംശയത്തിന്റെയും ചില അംശങ്ങളുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പേര് ചര്‍ച്ചയ്ക്ക് ഇടയാക്കിയത്.

 


ഇതുകൂടി വായിക്കൂ; വേണ്ടത് ചരിത്ര ബോധവൽക്കരണം


ഇപ്പോഴത്തെ ഭാരത രത്ന, വിവാദത്തിനപ്പുറമുള്ള മാനം കൈവരിക്കുന്നത് മോഡിയുടെ നീക്കം സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യത്തിനുള്ള ഉപകരണമാക്കുന്നു എന്നതുകൊണ്ടാണ്. ഓരോന്നെടുത്ത് പരിശോധിച്ചാലും അത് ബോധ്യപ്പെടുമെങ്കിലും മോഡിയുടെ ഏറ്റവും സങ്കുചിതമായ തന്ത്രം ബോധ്യപ്പെടുക എല്‍ കെ അഡ്വാനിക്ക് പുരസ്കാരം നല്‍കുമെന്ന രണ്ടാമത്തെ പ്രഖ്യാപനത്തിലൂടെയാണ്. എല്‍ കെ അഡ്വാനി കടുത്ത സംഘ്പരിവാറുകാരനും ഇപ്പോള്‍ നരേന്ദ്ര മോഡി സ്വന്തം നേട്ടമായി അവകാശപ്പെടുന്ന രാമക്ഷേത്ര വിവാദത്തിന്റെ തുടക്കക്കാരനുമാണ് എന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടുതന്നെ അദ്ദേഹത്തിനുള്ള ഭാരത രത്ന പ്രഖ്യാപനം രാമക്ഷേത്ര വിവാദത്തെ വിത്തിറക്കി വളര്‍ത്തിയ വ്യക്തിക്ക് നല്‍കുന്ന പ്രത്യുപകാരമെന്നാണ് വിവര്‍ത്തനം ചെയ്യപ്പെട്ടത്. അതേരീതിയിലുള്ള പ്രചരണം സമൂഹമാധ്യമങ്ങളിലെ സംഘ് വിരുദ്ധ പ്രൊഫൈലുകള്‍ ആഘോഷിക്കുകയും ചെയ്യുന്നു. പക്ഷേ അതിനപ്പുറം വോട്ടുബാങ്ക് രാഷ്ട്രീയത്തിലെ രാസപ്രവര്‍ത്തനത്തിന് അനുരോധമായ മറ്റൊരു ഘടകംകൂടി മോഡിയുടെ കുബുദ്ധിയില്‍ ഉദിച്ചിട്ടുണ്ട്. അതിന് ഫലപ്രാപ്തിയുണ്ടാക്കുകയാണ് ഈ പുരസ്കാര പ്രഖ്യാപനത്തിലൂടെ.
അതിന് നാം രാമക്ഷേത്ര ഉദ്ഘാടന ചടങ്ങ് ഓര്‍ക്കണം. ആദ്യം അഡ്വാനി ക്ഷണിതാവായിരുന്നില്ല. അതിന് കാരണം അഡ്വാനിയും മുരളീ മനോഹര്‍ ജോഷിയുമൊക്കെ എത്തിയാല്‍ തന്റെ പ്രഭാവം കുറയുമെന്ന മോഡിയുടെ ആശങ്കയാണെന്നും മറ്റുമുള്ള പ്രചരണങ്ങള്‍ വരെയുണ്ടായി. സംഘ് ഇടനാഴികളിലും വിമര്‍ശനങ്ങളുണ്ടായി. അതിനാല്‍ ഇരുവരെയും പിന്നീട് ക്ഷണിച്ചു. പ്രായവും കാലാവസ്ഥയും കാരണമാക്കി ഇരുവരുമെത്തിയില്ല. എത്താതിരിക്കണമെന്നാണ് മോഡി ആഗ്രഹിച്ചതെന്നും അതാണ് നടന്നതെന്നുമുള്ള പ്രചരണങ്ങളും വ്യാപകമായുണ്ടായി. ആര്‍എസ്എസിന്റെ അകത്തളങ്ങളില്‍ ഇത് അസ്വാരസ്യമായി പടരുന്ന ഘട്ടത്തിലാണ് പതിവിന് വിപരീതമായി മോഡിയുടെ വ്യക്തിഗത എക്സ് അക്കൗണ്ടിലൂടെ അഡ്വാനിക്ക് ഭാരത രത്നയെന്ന അറിയിപ്പ് വരുന്നത് (രാഷ്ട്രപതി ഭവന്റെ അറിയിപ്പായാണ് ഭാരത രത്ന പ്രഖ്യാപനം വരാറുണ്ടായിരുന്നത്). ഒരു വെടിക്ക് രണ്ട് പക്ഷികളാണ് ഇതിലൂടെ മോഡിക്ക് ലഭിക്കുന്നത്. ഒന്ന് രാമക്ഷേത്ര നിര്‍മ്മാണ വില്പന കൊഴുപ്പിക്കുമ്പോള്‍ അതിന്റെ തുടക്കക്കാരനായിരുന്ന അഡ്വാനിക്ക് ഭാരത ‌രത്ന നല്‍കി ആദരിച്ചുവെന്നത് പ്രചരണോപാധിയാക്കാം. അതേസമയം തന്നെ അഡ്വാനിയെ ക്ഷണിച്ചില്ലെന്നതിന്റെ മനഃപ്രയാസവുമായിരിക്കുന്ന ആര്‍എസ്എസുകാരുടെ അസ്വാരസ്യം അവസാനിപ്പിക്കാം. അതിലൂടെ കടുത്ത അഡ്വാനി ഭക്തരായ ആര്‍എസ്എസുകാര്‍ പുറംതിരിഞ്ഞുനില്‍ക്കുന്നതുണ്ടാക്കുന്ന അപകടത്തെ തരണവും ചെയ്യാം.
ബിഹാറിലെ മുന്‍ മുഖ്യമന്ത്രിയും സാമൂഹിക പ്രവര്‍ത്തകനുമായ കര്‍പ്പൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരത രത്ന നല്‍കിയതിനു പിന്നിലും ചില കൊടുക്കല്‍ വാങ്ങലുകളും കുതന്ത്രങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. അദ്ദേഹത്തിന്റെ അനുയായികള്‍ പലരും ഇന്ന് പല പാര്‍ട്ടികളിലായി ചിതറിക്കിടപ്പാണ്. പക്ഷേ, കര്‍പ്പൂരി ഠാക്കൂറിന് ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍, പ്രത്യേകിച്ച് ബിഹാറില്‍ ഇന്നും ബഹുമാന്യ സ്ഥാനവും അനുയായി വൃന്ദവുമുണ്ട്. ഭാരത രത്ന പ്രഖ്യാപനം നടക്കുമ്പോള്‍ നിതീഷ് കുമാര്‍ എന്‍ഡിഎയുടെ ഭാഗമായിരുന്നില്ല. ബിഹാറിലെ വോട്ടുബാങ്കില്‍ കണ്ണുവച്ചാണ് പിന്നാക്ക വിഭാഗക്കാരുടെ ഉന്നമനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ കര്‍പ്പൂരി ഠാക്കൂറിന് പുരസ്കാര പ്രഖ്യാപനം നടത്തുന്നത്. നൂറാം ജന്മദിനം അതിന് കാരണമായി പറഞ്ഞുവെന്ന് മാത്രം. ഈ തീരുമാനത്തിന്റെ അപകടം കൂടി മണത്താണ് വളരെ പെട്ടെന്ന് നിതീഷ് കുമാര്‍ മറുകണ്ടം ചാടിയത്. ഇന്ത്യ സഖ്യത്തിന്റെ കണ്‍വീനര്‍ പദവി എന്ന അലങ്കാരപദത്തിനപ്പുറം ബിഹാറിലെ വോട്ടുബാങ്കിനെ ഇപ്പോഴും സ്വാധീനിക്കാവുന്ന പേരാണ് കര്‍പ്പൂരി ഠാക്കൂറിന്റേതെന്ന് നരേന്ദ്ര മോഡിയെപ്പോലെതന്നെ നിതീഷിനും അറിയാവുന്നതാണ്. ഭാരത രത്നയുടെ പേരില്‍ ബിജെപിയും സഖ്യകക്ഷികളും കര്‍പ്പൂരി ഠാക്കൂറിനെ ഉപയോഗിക്കുമെന്ന ഭയം കൂടിയാണ് നിതീഷിന്റെ ഉടന്‍കൂറുമാറ്റത്തിന് പ്രധാനകാരണമെന്നും വിലയിരുത്താവുന്നതാണ്.

 


ഇതുകൂടി വായിക്കൂ; ആയാറാം ഗയാറാം നിതീഷ് കുമാര്‍


അവസാനമാണ് രണ്ട് മുന്‍ പ്രധാനമന്ത്രിമാരായ ചരണ്‍സിങ്, നരസിംഹറാവു, കാര്‍ഷിക ശാസ്ത്രജ്ഞന്‍ എം എസ് സ്വാമിനാഥന്‍ എന്നിവരെ ഭാരത രത്നയ്ക്കായി പ്രഖ്യാപിച്ചത്. മൂവരില്‍ ആരെയും — എം എസ് സ്വാമിനാഥനെപോലും — മോഡിയുടെ വോട്ടുബാങ്ക് രാഷ്ട്രീയ കുറുക്കന്‍ ബുദ്ധിക്ക് പുറത്ത് പരിഗണിക്കാനാവില്ല. ചിലത് വിലയ്ക്കുവാങ്ങാനുള്ള തന്ത്രമായിരുന്നു എന്ന് ചരണ്‍സിങ്ങിന്റെ പൗത്രനായ ജയന്ത് ചൗധരിയുടെ നിലപാടുമാറ്റങ്ങളും ചാഞ്ചാട്ടങ്ങളും ബോധ്യപ്പെടുത്തുന്നുണ്ട്. യുഎസിലെ ടെക്സാസില്‍ ജനിച്ച്, ചെറുപ്പത്തില്‍ ഡല്‍ഹിയില്‍ ജീവിച്ച്, ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സസില്‍ നിന്ന് അക്കൗണ്ടിങ്ങിലും രാഷ്ട്രമീമാംസയിലും ബിരുദാനന്തര ബിരുദം നേടിയ ജയന്ത് ചൗധരിയെക്കാള്‍ കൃത്യമായ കണക്കൂകൂട്ടലിലൂടെയാണ് മോഡി ചരണ്‍സിങ്ങിന്റെ പുരസ്കാര പ്രഖ്യാപനവും നടത്തിയത്.
നരസിംഹറാവുവിന്റെ പുരസ്കാരവും രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള പ്രത്യുപകാരമെന്ന നിലയിലാണ് മാധ്യമങ്ങളിലും സമൂഹമാധ്യമ ഇടങ്ങളിലും നിറഞ്ഞത്. അതിനപ്പുറം രാഷ്ട്രീയലക്ഷ്യങ്ങള്‍ അതിലുമടങ്ങിയിട്ടുണ്ട്. ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കുവാന്‍ കഴിഞ്ഞിട്ടില്ലാത്ത തെലുങ്ക് രാഷ്ട്രീയത്തില്‍ നിന്നാണ് നരസിംഹറാവു. പൊതുതെരഞ്ഞടുപ്പില്‍ അവിഭക്ത ആന്ധ്രയില്‍ പ്രചരണത്തിനെത്തുന്ന ആദ്യകേന്ദ്രത്തില്‍ മോഡിയുടെ പ്രസംഗം ആരംഭിക്കുക, ഈ നാട്ടുകാരനായ (അതിനായി ആദ്യ പൊതുയോഗം റാവുവിന്റെ ജന്മനാടായ വാറങ്കലിലെ നര്‍സംപേട്ടില്‍ തന്നെ നടത്തിയെന്നുമിരിക്കും) പി വി നരസിംഹറാവുവിന് പരമോന്നത പൗരത്വ ബഹുമതിയായ ഭാരത രത്ന നല്‍കിയത് മോഡിയുടെ ഗ്യാരന്റിയായിരുന്നു എന്ന് പറഞ്ഞായിരിക്കുകയും ചെയ്യും.
രാഷ്ട്രീയത്തിന്റെ കള്ളിയില്‍ കെട്ടേണ്ടയാളല്ല എം എസ് സ്വാമിനാഥന്‍. എങ്കിലും മോഡിയുടെ രാഷ്ട്രീയ ദുഷ്ടലാക്ക് കാണാതിരുന്നുകൂടാ. തെക്കെ ഇന്ത്യയെ പരിഗണിച്ചു എന്നൊക്കെയാണ് പ്രചരണം. അതൊക്കെ സംഘി കേന്ദ്രങ്ങളില്‍ രൂപപ്പെടുന്നവയുമായിരിക്കും. ഇവിടെയും ചിലത് ഇവിടെ നാം ഓര്‍ത്തെടുക്കണം. അത് ഐതിഹാസിക കര്‍ഷക സമരമാണ്. ആ സമരത്തിലെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന് സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുക എന്നതാണ്. സ്വാമിനാഥനെ അറിയാത്തവര്‍ക്കും കര്‍ഷക സമരത്തിനുശേഷം, കര്‍ഷകരെ സഹായിക്കുന്നതിന് അദ്ദേഹം നല്‍കിയ സുപ്രധാന നിര്‍ദേശങ്ങള്‍ അറിയാം. അതിലൂടെ അദ്ദേഹം സുപരിചിതനുമാണ്. കേരളീയരെ മാത്രമല്ല, ഉത്തരേന്ത്യയിലെ കര്‍ഷകഗ്രാമങ്ങളെവരെ സ്വാധീനിക്കുവാന്‍ കഴിയുമെന്ന ചിന്ത ഈ തീരുമാനമെടുക്കുമ്പോള്‍ മോഡിയെ സ്വാധീനിച്ചിട്ടുണ്ടാകുമെന്നുറപ്പാണ്.
ചരിത്രത്തില്‍ ആദ്യമായി ഇത്തവണയാണ് ഇത്രയധികം പേര്‍ പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെടുന്നത്. ഒരിക്കല്‍ നാലുപേരുണ്ടായി എന്നതൊഴിച്ചാല്‍ ഒന്നോ രണ്ടോ അല്ലെങ്കില്‍ മൂന്നുപേരെ വീതം മാത്രമാണ് ഇതുവരെ തിരഞ്ഞെടുത്തിരുന്നത്. ഇത്തവണ അത് അഞ്ചായി. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി ഉപയോഗിക്കുവാന്‍ സാധിക്കുന്നവരെ ഇനിയും കണ്ടെത്താനുള്ള പരിശോധന മോഡി പ്രഭൃതികളുടെ അന്തഃപുരങ്ങളില്‍ നടക്കുകയായിരിക്കും ഇപ്പോള്‍. അതുകൊണ്ട് ഇനിയും ഭാരത രത്ന പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടാലും അത്ഭുതപ്പെടേണ്ടതില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.