27 July 2024, Saturday
KSFE Galaxy Chits Banner 2

ഭീമാ കൊറേഗാവ് കേസ്; എക്കാലവും തടവിലിടാനാകില്ല: ഗോണ്‍സാല്‍വസിനും അരുണ്‍ ഫെരേരയ്ക്കും ജാമ്യം

Janayugom Webdesk
ന്യൂഡല്‍ഹി
July 28, 2023 10:21 pm

ഭീമാ കൊറേഗാവ് കേസില്‍ എൽഗർ പരിഷത്ത് അംഗങ്ങളായ വെര്‍നോണ്‍ ഗോണ്‍സാല്‍വസിനും അരുണ്‍ ഫെരേരയ്ക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് അനിരുദ്ധ ബോസ്, സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ഇരുവരും ജയിലില്‍ കഴിയുകയാണ്. 

ഇരുവര്‍ക്കുമെതിരെയുള്ള കുറ്റാരോപണങ്ങള്‍ ഗൗരവമുള്ളതാണെങ്കിലും എല്ലാക്കാലവും ജാമ്യം നിഷേധിക്കാനാകില്ലെന്ന് പരമോന്നത കോടതി വ്യക്തമാക്കി. 2018 ഓഗസ്റ്റ് മുതല്‍ മുംബൈയിലെ തലോജ ജയിലില്‍ കഴിയുന്ന ഇവര്‍ക്കുമേല്‍ യുഎപിഎ നിയമമാണ് ചുമത്തിയിട്ടുള്ളത്. ബോംബൈ ഹൈക്കോടതി ജാമ്യാപേക്ഷ നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇരുവരും സുപ്രീം കോ‍ടതിയെ സമീപിച്ചത്. സുധാ ഭരദ്വാജിന് ജാമ്യം അനുവദിച്ച ബോംബൈ ഹൈക്കോടതി തങ്ങളുടെ ജാമ്യഹര്‍ജി തള്ളിയതായി ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു. 

കര്‍ശനമായ ജാമ്യ വ്യവസ്ഥകളാണ് സുപ്രീം കോടതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്രക്ക് പുറത്തേക്ക് പോകാൻ പാടില്ല. ഫോണുകളില്‍ ലൊക്കേഷൻ ഓണ്‍ ചെയ്തിട്ടുണ്ടാകം. ഒരു സമയം ഒരു ഫോണ്‍ മാത്രമേ ഓണ്‍ ചെയ്യാൻ പാടുള്ളൂ, ഫോണ്‍ കേസിന്റെ ചുമതല വഹിക്കുന്ന എൻഐഎ ഉദ്യോഗസ്ഥന്റെ ഫോണുമായി ബന്ധിപ്പിക്കണം തുടങ്ങിയ വ്യവസ്ഥകള്‍ കോടതി നിര്‍ദേശിച്ചു. ഇരുവരും പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. 

ഭീമാ കൊറേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷിക ഭാഗമായി എല്‍ഗര്‍ പരിഷത്ത് എന്ന സംഘടന നടത്തിയ പരിപാടിയിലെ പ്രസംഗങ്ങല്‍ കലാപമുണ്ടാക്കിയെന്നാണ് ആരോപണം. കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുത്തിരുന്നു. കേസില്‍ ഗോണ്‍സാല്‍വസും ഫെരേരയും ഉള്‍പ്പെടെ 16 ആക്ടിവിസ്റ്റുകള്‍ അറസ്റ്റിലായി. ഈ കേസില്‍ ഉള്‍പ്പെട്ട ക്രിസ്ത്യന്‍ പുരോഹിതനും ആദിവാസി അവകാശ പ്രവര്‍ത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമി 2021 ജൂലൈയില്‍ കസ്റ്റഡിയിലിരിക്കെ മരിച്ചിരുന്നു.

Eng­lish Sum­ma­ry: Bhi­ma Kore­gaon Case; Can’t be jailed for­ev­er: Bail for Gon­salves and Arun Ferreira

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.