26 May 2024, Sunday

മാലാഖമാർക്ക് നൽകാം ബിഗ് സല്യൂട്ട്

ഇന്ന് ലോക നഴ്സസ് ദിനം
സഫീല ഹബീബി
May 12, 2024 4:38 am

നഴ്സുമാർ സമൂഹത്തിനു ചെയ്യുന്ന വിലയേറിയ സേവനങ്ങളെ ഓർമ്മിക്കുവാനാണ് ലോക നഴ്സസ് ദിനമായി ആചരിക്കുന്നത്. ആധുനിക നഴ്സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് 1965 മുതൽ ലോക നഴ്സിങ് സമിതി (ഐസിഎന്‍) ഈ ദിനമായി ആചരിക്കുന്നത്. “നമ്മുടെ നഴ്സുമാർ, നമ്മുടെ ഭാവി, പരിചരണത്തിന്റെ സാമ്പത്തിക ശക്തി” എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. ആരോഗ്യമുള്ള വ്യക്തിളെയും സമൂഹങ്ങളെയും സൃഷ്ടിക്കുകയും ആരോഗ്യകരമായ സമ്പദ്‌വ്യവസ്ഥയെ നയിക്കുകയും ചെയ്യുന്ന പരിചരണത്തിന്റെ സാമ്പത്തിക ശക്തിയാണ് നഴ്സുമാർ എന്നതാണ് ഈ ആശയം അർത്ഥമാക്കുന്നത്. ആഗോള ആരോഗ്യ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ലോകമെമ്പാടും ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനും ഭാവിയിൽ നഴ്സിങ്ങില്‍ നാം എന്താണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കുന്നതിനുമുള്ള ഒരു ആഗോള പ്രചരണവുംകൂടി ഈ മുദ്രാവാക്യം ലക്ഷ്യമാക്കുന്നുണ്ട്.
കൊറോണപോലുള്ള ഏതൊരു മഹാമാരി താണ്ഡവമാടുമ്പോഴും നമ്മുടെ മുന്നിലേക്ക് ആദ്യം വരുന്നത് നഴ്സുമാരുടെ മുഖങ്ങളാണല്ലോ. അവരുടെ സ്നേഹസ്പർശമേൽക്കാത്ത, കാരുണ്യത്തിന്റെ നോട്ടമേൽക്കാത്ത, കരുതലും പരിചരണവും ഒരു പ്രാവശ്യമെങ്കിലും ലഭിക്കാത്ത ഒരു മനുഷ്യനുമുണ്ടാകില്ല. സ്വന്തം ജീവൻപോലും പണയംവച്ച് ലോകനന്മയ്ക്കായി സേവനമനുഷ്ഠിക്കുന്നവരാണ് നഴ്സുമാർ. അര നൂറ്റാണ്ട് മുമ്പുവരെ ആതുരസേവനം അല്ലെങ്കിൽ നഴ്സിങ് എന്നത് അനാകർഷകമായ ഒരു തൊഴിൽ മേഖലയായിരുന്നു. എന്നാൽ ഇന്നത് ഉന്നത പഠന തൊഴിൽ മേഖലയായി മാറിയിരിക്കുന്നു. പ്രകൃതിക്ഷോഭങ്ങളും മഹാമാരികളും വരുമ്പോഴാണ് നമ്മൾ അതോർക്കുന്നതും നഴ്സുമാരുടെ പ്രാധാന്യം മനസിലാക്കുന്നതും.

ആരോഗ്യപരിപാലന മേഖലയിൽ ഡോക്ടര്‍മാര്‍ക്കു തുല്യമായ പ്രാധാന്യം നഴ്സിങ് മേഖലയും അർഹിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആരോഗ്യമേഖലയിൽ ഇന്ന് ഏറ്റവും വലിയ തൊഴിൽ വിഭാഗമാണ് നഴ്സുമാർ. ആഗോളതലത്തിൽ നഴ്സുമാരുടെ ലഭ്യതക്കുറവ് പല രാജ്യങ്ങളും തിരിച്ചറിയുന്നത് മഹാമാരികളോ കൂട്ട ദുരന്തങ്ങളോ വരുമ്പോൾ മാത്രമാണ്. വർധിക്കുന്ന ജനസംഖ്യ കണക്കിലെടുക്കുമ്പോൾ ആവശ്യമായ നഴ്സുമാരില്ല എന്ന് ലോകാരോഗ്യ സംഘടന തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിനാൽത്തന്നെ നഴ്സുമാർ ലോകത്തിന് നൽകുന്ന മൂല്യത്തെക്കുറിച്ചും അവർ അഭിമുഖീകരിക്കുന്ന വെല്ലുവിളി നിറഞ്ഞ ജീവിതാവസ്ഥകളെക്കുറിച്ചും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാനും ഈ രംഗത്തേക്ക് കൂടുതൽ ആളുകളെ ആകര്‍ഷിക്കാനുമായി ലോകാരോഗ്യ സംഘടന പല പരിപാടികളും സംഘടിപ്പിക്കാറുണ്ട്. ഐസിഎൻ പ്രസിഡന്റ് ഡോ. പമേല സിപ്രിയാനോയുടെ അഭിപ്രായം ഇവിടെ പ്രസക്തമാകുന്നു. “മഹാമാരിയിലുടനീളം നഴ്സുമാർ വളരെയധികം കഷ്ടപ്പെട്ടു. അവർ നിർബന്ധിതമായി വൈറസുമായി സമ്പർക്കം പുലർത്തി, പൊതുജനങ്ങളിൽ നിന്നുള്ള ആക്രമണങ്ങളെ അഭിമുഖീകരിച്ചു, കഠിനമായ ജോലിഭാരം അനുഭവിച്ചു. കൂടാതെ കുറഞ്ഞ ശമ്പളവും. ആരോഗ്യരംഗത്ത് നിക്ഷേപം നടത്തുന്നത് സർക്കാരുകൾ നീട്ടിവയ്ക്കുന്നത് തുടരുകയാണെങ്കിൽ, അത് ആരോഗ്യ സംവിധാനങ്ങളെ ദോഷകരമായി ബാധിക്കും. ആരോഗ്യപ്രവർത്തകരില്ലാതെ ആരോഗ്യമില്ല”.

ആതുര സേവനത്തിനിടെ സ്വന്തം ജീവൻ ബലിയർപ്പിച്ച ലിനി ഉൾപ്പെടെ, കോവിഡിൽ ജീവൻ പൊലിഞ്ഞ നിരവധി നഴ്സുമാരെ ഓർക്കാതെ ഒരു നഴ്സസ് ദിനവും ആചരിക്കാനാവില്ല. ഡോക്ടർമാർ ദൈവത്തിന്റെ കരങ്ങളാണെങ്കിൽ, രാവും പകലും നമ്മോടൊപ്പം ചെലവഴിക്കുന്നത് നഴ്സുമാരാണ്. രോഗികളെ ശുശ്രൂഷിക്കുകയും പരിചരിക്കുകയും മാത്രമല്ല, ത്യാഗം, സഹിഷ്ണുത, ക്ഷമ, മനസ്സാന്നിധ്യം തുടങ്ങിയ സകല സദ്ഗുണങ്ങളോടും കൂടി നമ്മെ ചേർത്ത് നിർത്തുകയും പരിലാളിക്കുകയും ചെയ്യുന്നു. പാലിയേറ്റിവ് പരിചരണം ആവശ്യമായ രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈ രംഗത്ത് പ്രവർത്തിക്കുന്ന നിസ്വാർത്ഥരായ നഴ്സുമാരുടെ കാര്യവും ഓർക്കാതെ വയ്യ. കിടപ്പു രോഗികൾക്ക് വീട്ടിൽ ചെന്നുകൊണ്ടുള്ള ചികിത്സ ലഭ്യമാക്കുക എന്ന മഹത്തരമായ കർമ്മമാണ് ഇതിലൂടെ സാധ്യമാകുന്നത്. നഴ്സ് ഹോം കെയർ, ഡോക്ടർ ഹോം കെയർ, വോളണ്ടിയർ ഹോം കെയർ എന്നീ മൂന്നു രീതിയില്‍ നൽകുന്ന നഴ്സ്-ഡോക്ടർ‑വോളണ്ടിയർ സേവനം തെല്ലൊന്നുമല്ല ആശ്വാസം നൽകുന്നത്. ഇത്തരം സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കാകട്ടെ തങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ചുള്ള വിചാരത്തിനും ആത്മസംതൃപ്തിക്കും ഇട നൽകുന്നു.
മാനസികമായും ശാരീരികമായും സാമ്പത്തികമായും വളരെ പ്രയാസമനുഭവിക്കുന്ന രോഗികളെ ശുശ്രൂഷിക്കേണ്ടി വരുമ്പോൾ അവരെ കൂടുതൽ ശ്രദ്ധിക്കാനും പരിചരിക്കാനും കഴിയാത്ത വിഷമത്തെക്കുറിച്ചാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ നഴ്സിങ് ഓഫിസറായ ഓമശേരി ഐഷ ഷെബിന് പറയാനുള്ളത്. ഏറെക്കാലം വിദേശത്തും ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിലും നഴ്സിങ് ഓഫിസറായ കൊടുവള്ളി സുമയ്യ അൻവറുൽ ഹഖിന് പറയാനുള്ളത് രോഗി-നഴ്സ് അനുപാതത്തെക്കുറിച്ചാണ്. വിദേശത്ത് രണ്ടോ മൂന്നോ രോഗികൾക്ക് ഒരു നഴ്സ് ഉള്ളപ്പോൾ കേരളത്തിൽ വിശിഷ്യ മലബാറിൽ, 50 മുതൽ 75 വരെ രോഗികൾക്ക് ഒന്നോ രണ്ടോ നഴ്സുമാർ മാത്രം. ഇത് ജോലി ഭാരം കൂട്ടുക മാത്രമല്ല, രോഗികൾക്ക് ആവശ്യമായ പരിചരണവും ശ്രദ്ധയും നൽകാൻ തടസവുമാകുന്നു.
രോഗികളിൽ നിന്നും കൂട്ടിരിപ്പുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നുമുള്ള ആവലാതികൾക്കും സമ്മർദങ്ങൾക്കും പുറമെ ഡോക്ടർമാരുള്‍പ്പെടെ അധികാരികളുടെ ഭാഗത്ത് നിന്നുള്ള സമ്മർദങ്ങളും നഴ്സുമാർക്ക് പ്രയാസം സൃഷ്ടിക്കാറുണ്ട്. സ്വകാര്യ ആശുപത്രികളിലാവട്ടെ ഉയർന്ന ചികിത്സാഫീസ് നൽകുന്ന രോഗികളും ബന്ധുക്കളും അവരുടെ പരാതികളുടെ കെട്ടഴിക്കുന്നത് നഴ്സുമാരോടായിരിക്കും. അവിടെ നഴ്സുമാർക്ക് കിട്ടുന്ന വേതനമാകട്ടെ തുലോം തുച്ഛവും.

കേരളത്തിൽ നിന്നും യൂറോപ്പ്, പശ്ചിമേഷ്യ, ഓസ്ട്രേലിയ, അമേരിക്ക, ബ്രിട്ടൻ, ഗൾഫ് നാടുകൾ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആയിരക്കണക്കിന് നഴ്സുമാരാണ് ഓരോ വർഷവും ജോലി തേടി പോകുന്നത്. ദുബായ്, മെൽബൺ, വിയന്ന, ഫ്ലോറിഡ തുടങ്ങിയ വൻ നഗരങ്ങളിൽ മാത്രമല്ല, ഇറാഖിലെ തിക്രിത്, ലിബിയയിലെ ട്രിപ്പോളി, ഉക്രെയ്നിലെ കീവ് തുടങ്ങിയ യുദ്ധബാധിത പ്രദേശങ്ങളിൽ വരെ മലയാളി നഴ്സുമാരുണ്ട്. ആഗോളതലത്തിൽ നഴ്സുമാര്‍ 75 ശതമാനവും കേരളത്തിൽ നിന്നുള്ളവരാണത്രെ! ഇന്ത്യയില്‍ മൊത്തം 18 ലക്ഷം നഴ്സുമാരിൽ 12 ലക്ഷവും മലയാളികളാണെന്നതും അഭിമാനകരമാണ്. ലോകമൊട്ടുക്കും മലയാളി നഴ്സുമാർക്കുള്ള വൻ ഡിമാന്റാണിത് കാണിക്കുന്നത്. കേരളത്തിന് വിദേശ നാണ്യം നേടിത്തരുന്നതിൽ മുഖ്യ പങ്ക് നഴ്സുമാര്‍ക്കുണ്ട്. കേരളത്തിലേക്ക് വരുന്ന വിദേശ നാണ്യത്തിന്റെ 1.5 ലക്ഷം കോടിയും നമ്മുടെ നഴ്സുമാരുടെ രക്തവും വിയർപ്പുമാണ് എന്ന വസ്തുത നാം മറന്നുകൂടാ. എന്നിട്ടും ആവശ്യത്തിന് നഴ്സിങ് പഠന കേന്ദ്രങ്ങളോ ആധുനിക ചികിത്സാ പരിചയ കേന്ദ്രങ്ങളോ തുടങ്ങുന്നതിൽ നാം വേണ്ടത്ര ശ്രദ്ധാലുക്കളല്ല എന്നത് വിരോധാഭാസമാണ്. ഭൂരിപക്ഷം വിദ്യാർത്ഥികള്‍ക്കും ഇതര സംസ്ഥാനങ്ങളെയോ വിദേശ രാജ്യങ്ങളെയോ ആശ്രയിക്കേണ്ടി വരുന്നു. ആധുനിക കാലത്തെ നഴ്സുമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും ഈ ഡിമാൻഡ് കണ്ടറിഞ്ഞുകൊണ്ടുള്ള ഒരു മാറ്റത്തിന് നാം തയ്യാറാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.