ഇന്ത്യ ഏറെക്കാലമായി പിന്തുടര്‍ന്നുവന്നിട്ടുള്ള വിദേശ വ്യാപാരനയം ബഹുരാഷ്ട്ര മാതൃകയില്‍ അധിഷ്ഠിതമായ‑മള്‍ട്ടി ലാറ്ററല്‍-ഒന്നായിരുന്നു. ഇത്തരമൊരു നയത്തിന് ഉപോദ്‍ബലകമായി ശക്തമായ നീതീകരണവുമുണ്ടായിരുന്നു. വിദേശ വ്യാപാരബന്ധങ്ങളില്‍ യാതൊരു പ്രതിസന്ധിയുമില്ലാതെ സുഗമമായി മുന്നോട്ടുപോകാന്‍ ഈ നയമായിരിക്കും സഹായകമാവുക എന്നതായിരുന്നു ഇത്. താരതമ്യേന ചെറിയ വ്യാപാരപങ്കാളിക്കു പോലും ഈ സംവിധാനത്തിന്റെ ഭാഗമാകാന്‍ കഴിയും. വിദേശ വ്യാപാരബന്ധങ്ങളില്‍ വലിപ്പചെറുപ്പ ഭേദമില്ലാത്തൊരു സ്ഥിതിവിശേഷമായിരിക്കും നിലനില്‍ക്കുക എന്നര്‍ത്ഥം. ഉഭയകക്ഷി വ്യാപാരബന്ധങ്ങളില്‍ നിന്നും ലഭ്യമല്ലാത്ത നേട്ടമായിരിക്കും തന്മൂലം പ്രയോജനപ്പെടുത്താന്‍ കഴിയുക. മള്‍ട്ടി ലാറ്ററല്‍ വ്യാപാരബന്ധത്തിന്റെ ഭാഗമാകുന്ന രാജ്യങ്ങളിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകളും സേവനങ്ങളും എളുപ്പത്തില്‍ കിട്ടുകയും ചെയ്യും. ലോകവ്യാപാര സംഘടനയിലെ അംഗരാജ്യങ്ങള്‍ക്ക് ഇതേപ്പറ്റി വ്യക്തമായ അനുഭവങ്ങള്‍ ഉണ്ടായിരിക്കും എന്നായിരുന്നു തുടക്കത്തില്‍ നിലനിന്നിരുന്ന ധാരണയെങ്കിലും ഇത് താത്വികതലത്തില്‍ ഒതുങ്ങിപ്പോയിരിക്കുന്നു എന്നാണ് സമീപകാല അനുഭവം വെളിവാക്കുന്നത്.
ലോക വ്യാപാര സംഘടന തത്വത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതും സംരക്ഷിക്കേണ്ടതും വ്യാപാര ബഹുമുഖത്വമാണെന്നിരിക്കെ, സമീപകാലത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ ഇതിന് കടകവിരുദ്ധമായ ചില ധാരണകളിലാണ് ഇരുരാഷ്ട്രങ്ങളിലെയും തലവന്മാര്‍ എത്തിച്ചേര്‍ന്നത്. ഈ ധാരണകള്‍ തത്വത്തിലും പ്രയോഗത്തിലും ഉഭയകക്ഷിസ്വഭാവമുള്ളവയായിരുന്നു. ഒന്ന്, സോളാര്‍ പാനലുകള്‍ സംബന്ധിച്ചിട്ടുള്ളത്. മറ്റൊന്ന്, ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലവിലിരുന്ന തീരുവാ നിയന്ത്രണങ്ങളിലെ-അലൂമിനിയം, സ്റ്റീല്‍ തുടങ്ങിയവയുടെ കാര്യത്തില്‍— തര്‍ക്കങ്ങള്‍പിന്‍വലിക്കല്‍. ഈ രണ്ട് തീരുമാനങ്ങളും ഉഭയകക്ഷി സ്വഭാവമുള്ളവയാണ്. അതുകൊണ്ടുതന്നെ ലോകവ്യാപാര സംഘടന അനുശാസിക്കുന്ന വ്യവസ്ഥകള്‍ക്ക് വിരുദ്ധവുമാണ്. ഒടുവിലത്തെ ഇന്ത്യ‑യുഎസ് കരാര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അവയുടെ വിശാലമായ അര്‍ത്ഥത്തില്‍ ബന്ധങ്ങളില്‍ അനുകൂല മാറ്റങ്ങള്‍ക്കിടയാക്കുമെങ്കിലും ഇന്ത്യയുടെ വ്യാപാര താല്പര്യ സംരക്ഷണത്തിന് പൊതുവില്‍ നഷ്ടമായിരിക്കും സംഭവിക്കുക. മാത്രമല്ല, ഇത്തരമൊരു ധാരണയിലെത്തുന്നതില്‍ ശക്തിയായ സമ്മര്‍ദത്തിന് ഇന്ത്യ വഴങ്ങിക്കൊടുക്കുന്നുവെന്ന വിമര്‍ശനവും ശരിവച്ചു കൊടുക്കേണ്ടിവരുന്നുണ്ട്.
ലോകവ്യാപാര സംഘടനയുടെ അപ്പീല്‍ സമിതിയായ ട്രിബ്യൂണലിലേക്ക് പുതിയ ജഡ്ജിമാരെ നിയമിക്കുന്നതില്‍ യുഎസ് ഭരണകൂടത്തിനുള്ള വീറ്റോ അധികാരം നിലനിര്‍ത്തുന്നതില്‍ അമേരിക്കന്‍ സമ്മര്‍ദത്തിന് ഇന്ത്യ വഴങ്ങിക്കൊടുക്കേണ്ടി വന്നു. പരിഹരിക്കപ്പെടാതെ ദീര്‍ഘകാലമായി കെട്ടിക്കിടക്കുന്ന തര്‍ക്കങ്ങള്‍ തീര്‍ക്കുന്നതിന് ആവശ്യമായ ജഡ്ജിമാരുടെ നിയമനവും നീണ്ടുപോകുന്ന അവസ്ഥയാണ്. സമീപകാലത്ത് പരിഹാരം കണ്ടെത്തിയെന്ന് അവകാശപ്പെടാന്‍ കഴിഞ്ഞിട്ടുള്ളത് ഇന്ത്യയും യുഎസും തമ്മില്‍ നേരത്തെ പരാമര്‍ശിക്കപ്പെട്ട ഉഭയകക്ഷി പ്രശ്നങ്ങളുടേതാണ്. അവ മാത്രവുമാണ്. ഇവയാണെങ്കിലോ ഒട്ടും നീതീകരിക്കാന്‍ കഴിയാത്തവയുമാണ്. അംഗങ്ങള്‍ക്ക് പ്രശ്നപരിഹാരം വേണ്ടിവരുമ്പോള്‍ തുല്യപരിഗണന നിഷേധിക്കപ്പെടുക മാത്രമല്ല, കൂടുതല്‍ ശക്തിയും സ്വാധീനവുമുള്ളവയ്ക്ക് ആധിപത്യം നേടിയെടുക്കാന്‍ കഴിയുകയും ചെയ്യുന്നു.
വ്യാപാര മേഖലയിലെ ചെറിയ പങ്കാളികള്‍ സ്ഥിരമായി ചൂഷണത്തിന് വിധേയരാകേണ്ടി വരുന്ന സാഹചര്യമാണ് സാര്‍വദേശീയ തലത്തില്‍ തുടര്‍ന്നുവരുന്നത്. ഇത്തരമൊരു പശ്ചാത്തലത്തില്‍ മോഡി-ബെെഡന്‍ ധാരണ ഒരുതരത്തിലും സാധൂകരിക്കാന്‍ കഴിയുന്നതല്ല. തന്ത്രപരമായ പങ്കാളിത്തം എന്ന ഓമനപ്പേര് നല്‍കി അതിനെ നീതീകരിക്കാനുമാവില്ല. നിയമാനുസൃതമായി പ്രവര്‍ത്തനം നടത്താന്‍ ബാധ്യസ്ഥമായ ലോകവ്യാപാര സംഘടന പോലൊരു സംവിധാനം ഇടയ്ക്കിടെ, എന്തിന്റെ പേരിലായാലും ഇതില്‍നിന്നും തെല്ലും വ്യതിചലിക്കാന്‍ പാടില്ലാത്തതുമാണ്. വാഷിങ്ടണില്‍, ന്യൂഡല്‍ഹിയില്‍ എന്നതുപോലെ രാഷ്ട്രീയാധികാരം കയ്യാളുന്നവരില്‍ മാറ്റങ്ങളുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ ഇതിനനുസൃതമായി ജോ ബെെഡനായാലും, നരേന്ദ്ര മോഡിയായാലും ദീര്‍ഘകാലമായി പിന്തുടര്‍ന്നുവരുന്ന മൗലിക പ്രാധാന്യമുള്ള കീഴ്‌വഴക്കങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്. നേരിയതോതിലുള്ള വ്യതിചലനങ്ങള്‍ക്കുപോലും ഇടംനല്‍കുന്നത് തെറ്റാണ്. വലിയ വില നല്‍കേണ്ടതായും വരും. ലോക വ്യാപാര സംഘടന, അതീവ തന്ത്രപ്രധാനമായ സാമ്പത്തിക സംവിധാനമെന്ന നിലയില്‍ ഭരണത്തലവന്മാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തനം നടത്തുന്നത് അനുവദിക്കാന്‍ കഴിയില്ല.
ഇന്ത്യ കാലാകാലങ്ങളായി പിന്തുടര്‍ന്നുവന്നിരുന്ന വ്യാപാര മേഖലയോടുള്ള വിശാലമായ സമീപനത്തില്‍ ഉഭയകക്ഷി വ്യാപാരവ്യവസ്ഥ കടന്നുകയറ്റം നടത്തുന്നത് അനുവദനീയമല്ല, ആശാസ്യവുമല്ല. വ്യാപാരമേഖലയോട് പരമ്പരാഗതമായ നിലയില്‍ ഇന്ത്യന്‍ ഭരണകൂടങ്ങള്‍ സ്വീകരിച്ചുവന്നിരുന്ന ഈ നയസമീപനം ശക്തമാക്കാന്‍ തുറന്നുകിട്ടിയ ഏറ്റവും നല്ലൊരവസരമായിരുന്നു റീജിയണല്‍ കോംപ്രിഹെന്‍സീവ് ഇക്കണോമിക്ക് പാര്‍ട്ണര്‍ഷിപ്പ്-പ്രാദേശിക വിശാല സാമ്പത്തിക പങ്കാളിത്തം-എന്ന സംവിധാനം. തുടക്കത്തില്‍ ഇതിനോട് അനുകൂലമായ സമീപനമായിരുന്നു മോഡി ഭരണകൂടത്തിന്റെയെങ്കിലും അവസാന നിമിഷത്തില്‍ എന്തുകൊണ്ടെന്നറിയില്ല, ഇതില്‍ നിന്നും പിന്മാറി. തുടര്‍ന്ന് മോഡി സര്‍ക്കാര്‍ ചെയ്തത് തീര്‍ത്തും പൊള്ളയായതും ഇടുങ്ങിയതുമായ ഏതാനും വ്യാപാര ഇടപാടുകള്‍ക്കായി ഓസ്ട്രേലിയയുമായി ചില കരാറുകളില്‍ ഒപ്പിടുകയുമായിരുന്നു. യുപിഎ ഭരണകാലത്ത് വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ സ്വതന്ത്ര വ്യാപാര കരാറുകള്‍ (എഫ്‌ടിഎകള്‍)ക്കായി വികസിത ലോകരാജ്യങ്ങളുടെ ചങ്ങാത്തം നേടി, ദേശീയ ഭരണകൂടങ്ങള്‍ നീങ്ങുന്ന കാഴ്ചയാണുണ്ടായത്. രണ്ടാം യുപിഎ ഭരണകൂടം നിലംപൊത്തിയത് ഇടതുപാര്‍ട്ടികള്‍ സ്വതന്ത്രവ്യാപാര കരാറിന്റെ പേരില്‍ പിന്തുണ പിന്‍വലിച്ചതോടെയായിരുന്നല്ലോ. തുടര്‍ന്ന് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി ബിജെപി സര്‍ക്കാര്‍ നിലവില്‍ വന്നത് ഇപ്പോള്‍ ചരിത്രത്തിന്റെ ഭാഗവുമാണ്. ബഹുരാഷ്ട്ര കരാറുകള്‍ക്കായിരുന്നു ഊന്നല്‍ നല്‍കേണ്ടിയിരുന്നത് എന്നായിരുന്നു ഇടതുപാര്‍ട്ടികളുടെ നിലപാട്. ഈ നയമാറ്റം കൊണ്ട് ഇന്ത്യക്ക് നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. മറിച്ച് ബഹുരാഷ്ട്ര കരാറുകള്‍ക്ക് മുന്‍തൂക്കം നല്‍കിയിരുന്നതെങ്കില്‍ സ്ഥിതി തീര്‍ത്തും ഭിന്നമാകുമായിരുന്നു എന്നാണ് വിദഗ്ധാഭിപ്രായം. ബഹുരാഷ്ട്ര വ്യാപാര കരാറുകള്‍ തീര്‍ത്തും ഒഴിവാക്കാനുള്ള തീരുമാനം, ഇന്ത്യന്‍ ദേശീയ താല്പര്യങ്ങള്‍ക്ക് അനുഗുണമാണെന്ന് കരുതുന്നത് തെറ്റാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.