23 June 2024, Sunday

Related news

June 23, 2024
June 22, 2024
June 20, 2024
June 20, 2024
June 20, 2024
June 19, 2024
June 19, 2024
June 14, 2024
June 12, 2024
June 12, 2024

ബിജെപി രാജ്യം വിറ്റു; ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു

 കൈമാറിയതില്‍ കൂടുതല്‍ അവിശുദ്ധപണം
 ഖനി മുതല്‍ ഫാര്‍മ കമ്പനികള്‍ വരെ ശതകോടികള്‍ സംഭാവന നല്‍കി
 ഏറ്റവുമധികം ബോണ്ട് വാങ്ങിയത് സാന്റിയാഗോ മാര്‍ട്ടിന്‍
 കൈപ്പറ്റാതെ ഇടതുപാര്‍ട്ടികള്‍ മാത്രം
Janayugom Webdesk
ന്യൂഡല്‍ഹി
March 14, 2024 11:08 pm

വിവാദ ഇലക്ടറല്‍ ബോണ്ടിന്റെ വിവരങ്ങളിലൂടെ പുറത്തുവന്നത് കുത്തകകള്‍ക്ക് രാജ്യത്തെ വില്‍ക്കുന്ന ബിജെപി നടപടിയുടെ വിശദാംശങ്ങള്‍. മോഡി സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണത്തിന്റെയും ചൂഷണാധിഷ്ഠിത സാമ്പത്തിക നയത്തിന്റെയും ആനുകൂല്യങ്ങള്‍ പറ്റിയവരാണ് കൂടുതലായും ബോണ്ടുകളിലൂടെ സംഭാവന നല്‍കിയതെന്നാണ് വ്യക്തമാകുന്നത്. ഏറെ വിവാദങ്ങള്‍ക്കും സുപ്രീം കോടതിയിലെ നിയമയുദ്ധത്തിനും ശേഷം ഇലക്ടറല്‍ ബോണ്ട് സംഭാവന ലഭിച്ച പാര്‍ട്ടികള്‍, വാങ്ങിയ കമ്പനികള്‍, വാങ്ങിയ തീയതി എന്നിവയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ഇടതു പാര്‍ട്ടികള്‍ ഫണ്ട് സ്വീകരിച്ചിട്ടില്ലെന്ന് പുറത്തുവിട്ട രേഖയില്‍ പറയുന്നു.

വിവാദ ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിനാണ് ഏറ്റവുമധികം തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വാങ്ങിയിരിക്കുന്നത്. ചെന്നൈ ആസ്ഥാനമായ ഫ്യൂച്ചര്‍ ആന്റ് ഹോട്ടല്‍ സര്‍വീസസ് ഇതുവരെ 1368 കോടിയുടെ ബോണ്ടുകള്‍ വാങ്ങി. അടിസ്ഥാന നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹൈദരാബാദിലെ മേഘ ഗ്രൂപ്പ് കമ്പനികള്‍ 1,186 കോടി നല്‍കി. മേഘ എന്‍ജിനീയറിങ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരു കോടിയുടെ 966 ബോണ്ടുകള്‍ വാങ്ങി. 1.25 ലക്ഷം കോടിയുടെ കാളീശ്വരം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ഉള്‍പ്പെടെ ലഭിച്ചത് മേഘ ഗ്രൂപ്പിനായിരുന്നു.

റിലയന്‍സുമായി ബന്ധമുള്ള മഹാരാഷ്ട്രയിലെ ക്വിക്ക് സപ്ലൈ ചെയിൻ പ്രൈവറ്റ് ലിമിറ്റഡ് 410 കോടി, സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന്റെ ഭാഗമായ ഹാൽദിയ എനർജി ലിമിറ്റഡ് 377 കോടി, വേദാന്ത ലിമിറ്റഡ് 400 കോടി വീതം ബോണ്ടുകൾ വഴി സംഭാവന ചെയ്തു. കോവിഡ് കാലത്തുള്‍പ്പെടെ രാജ്യത്തിന്റെ ആരോഗ്യമേഖലയിലെ ചൂഷണത്തിന് വഴിയൊരുക്കിയതിന് വന്‍കിട മരുന്ന് കമ്പനികള്‍ വാരിക്കോരിയാണ് സംഭാവന നല്‍കിയിരിക്കുന്നത്. സിപ്ല, അരബിന്ദോ ഫാര്‍മ, ഹെറ്ററോ ഡ്രഗ്സ്, ഹോണര്‍ ലാബ്, മെസേഴ്സ് എസ്‍ എന്‍ മൊഹന്തി, ആക്സിസ് ക്ലിനിക്കല്‍സ്, മൈക്രോ ലാബ്സ്, റെഡ്ഡി ലാബ്, സണ്‍ ഫാര്‍മ തുടങ്ങിയ ആരോഗ്യ മേഖലാ സ്ഥാപനങ്ങള്‍ വന്‍ തോതില്‍ ബോണ്ടുകള്‍ വാങ്ങി.

ഖനന മേഖലയും അടിസ്ഥാന പ്രകൃതി വിഭവങ്ങളും ചൂഷണം ചെയ്യുന്നതിന് അവസരം ലഭിച്ച വന്‍കിട ഖനന കമ്പനികളും റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങളും ഇഷ്ടം പോലെ ബോണ്ടുകള്‍ വഴി സംഭാവന നല്‍കി. എസ്സല്‍, ഗ്രസിം, പിആര്‍എല്‍ ഡെവലപ്പേഴ്സ്, വര്‍ധമാന്‍ ടെക്സ്റ്റൈല്‍സ്, കെവന്റര്‍ ഫുഡ് പാര്‍ക്, കീ സ്റ്റോണ്‍ റിയല്‍ട്ടേഴ്സ്, പെഗാസസ് പ്രോപ്പര്‍ട്ടീസ്, ദി സുപ്രീം ഇന്‍ഡസ്ട്രി, യുഎം കേബിള്‍സ് ലിമിറ്റഡ്, കേരളത്തില്‍ നിന്നുള്ള മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങിയ കമ്പനികളും കൂടുതല്‍ ബോണ്ട് വാങ്ങിയവരില്‍ ഉള്‍പ്പെടുന്നു. ഇന്‍ഡിഗോ, സ്പൈസ്ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളും ബോണ്ടുകളിലൂടെ സംഭാവന നല്‍കിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ അഡാനിയും അംബാനിയും ഉള്‍പ്പെടുന്നില്ലെന്നത് വിചിത്രമാണ്.

ഏറ്റവും അധികം സംഭാവന നല്‍കിയ കമ്പനികള്‍ (കോടി രൂപയില്‍)

ഫ്യൂച്ചർ ഗെയിമിങ്: 1,368
മേഘ ഗ്രൂപ്പ്: 966
ക്വിക് സപ്ലൈ ചെയിൻ: 410
വേദാന്ത ലിമിറ്റഡ്: 400
ഹാൽഡിയ എനർജി: 377
ഭാരതി ഗ്രൂപ്പ്: 247
എസ്സൽ മൈനിങ്: 224
വെസ്റ്റേൺ യുപി
പവർ ട്രാൻസ്മിഷൻ: 220
കെവന്റര്‍ ഇൻഫ്ര : 195
മദൻലാൽ ലിമിറ്റഡ്: 185

Eng­lish Summary:BJP has sold the coun­try; Elec­toral bond infor­ma­tion published
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.