17 May 2024, Friday

Related news

May 16, 2024
May 14, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 11, 2024
May 11, 2024
May 10, 2024
May 10, 2024

ആർഎസ്എസ് വിലാസമില്ലാതെ എത്തിയവർക്ക് ബിജെപിയില്‍ അവഗണന

ബേബി ആലുവ
കൊച്ചി
September 24, 2021 5:45 pm

കേരള ബിജെപിയിലെത്തിയ സംഘപരിവാർ മേൽവിലാസമില്ലാത്തവർ കടുത്ത അവഗണന നേരിടുന്നതായി ആക്ഷേപം. കോൺഗ്രസിൽ നിന്നെത്തിയവരും മറ്റെങ്ങും ഇടം കിട്ടാത്തതിനാല്‍ ബിജെപിയിലെത്തിയവരുമാണ് വല്ലാത്ത വീർപ്പുമുട്ടൽ അനുഭവിക്കുന്നത്.
ടോം വടക്കൻ, ജേക്കബ് തോമസ്, ഇ ശ്രീധരൻ, എപി അബ്ദുള്ളക്കുട്ടി, ടി പി സെൻകുമാർ തുടങ്ങി ഈ നിരയിൽപെടുന്നവർ അവഗണനയിൽ തീർത്തും നിരാശരും അസംതൃപ്തരുമാണ്. സംഘടനയുടെ ചട്ടക്കൂടിന്റെ തീണ്ടാപ്പാട് അകലെയാണ് ഇങ്ങനെ വന്നവരിൽ പലരുടെയും സ്ഥാനം. മെട്രോമാൻ എന്ന നിലയിൽ ജനങ്ങളുടെ ആദരവ് നേടിയെടുത്ത ഇ ശ്രീധരൻ വലിയ മോഹങ്ങളോടെയാണ് ബിജെപിയിലെത്തിയത്. പാലക്കാട് സ്ഥാനാർത്ഥിയാക്കി എന്നതൊഴിച്ചാൽ ഇന്ന് അദ്ദേഹം ഏതാണ്ട് അനാഥാവസ്ഥയിലാണ്. കേന്ദ്ര മന്ത്രിയാക്കുമെന്നും ഗവർണറാക്കുമെന്നും ഒടുവിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററാക്കുമെന്നും ഒക്കെ കേട്ടിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. അത്തരത്തില്‍ വിഷമവൃത്തത്തിലാണ് മുൻ പോലീസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട സ്ഥാനാർത്ഥിയായതുമാത്രമാണ് മെച്ചം. ഇതുവരെ ഒരു കസേര പോലും കിട്ടിയിട്ടില്ല. ഇരുകൂട്ടരും ഈ അവസ്ഥയ്ക്കെതിരെ ചില മുറുമുറുപ്പുകൾ ഉയർത്തിത്തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

 


ഇതുകൂടി വായിക്കൂ:  കേന്ദ്രം വിചാരിക്കാതെ ഇന്ധനവില കുറയില്ല: ബിജെപി പ്രചാരണം വ്യാജം: ധനമന്ത്രി കെ എൻ ബാലഗോപാൽ


 

കോൺഗ്രസ് രാഷ്ട്രീയം മടുത്ത് ബിജെപിയിൽ ചേക്കേറിയ പഴയ വക്താവ് ടോം വടക്കനും ഏതാണ്ട് വിസ്മൃതിയിലാണ്. അവസാനമായി കേട്ടത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിക്കുമെന്നാണ്. അതുണ്ടായില്ല. ദേശീയ വക്താവായി നിയമനം നൽകിയെങ്കിലും സ്ഥാനം തിരശീലയ്ക്കു പിന്നിൽ. ടോം വടക്കൻ ബിജെപിയിലെത്തിയ കാലം മുതൽ കേരളത്തിലെ നേതാക്കളുടെ എതിർപ്പ് പ്രാബല്യത്തിലുണ്ട്.
സംഘപരിവാർ പരിവേഷമുണ്ടായിട്ടും പഴയ പോലീസ് ഉദ്യോഗസ്ഥനായ ടി പി സെൻകുമാറിനും പിടിച്ചു നിൽക്കാനായിട്ടില്ല. ചെന്നുകയറിയയുടനേ ആളിക്കത്തിയെങ്കിലും പിന്നീട് കെട്ടടങ്ങി. വല്ലപ്പോഴും കിട്ടുന്ന ഹിന്ദു ഐക്യവേദിയുടെ വേദികൾ കൊണ്ട് സമാധാനപ്പെടുകയാണ് സെൻകുമാർ. കോൺഗ്രസ് വഴി ബിജെപിയിൽ പ്രവേശനം നേടിയ എ പി അബ്ദുള്ളക്കുട്ടി ദേശീയ വൈസ് പ്രസിഡന്റാണ്. ലക്ഷദ്വീപിന്റെ ചുമതലയും പേരിനുണ്ട്. ബിജെപിയുടെ കേരള രാഷ്ട്രീയത്തിനു പുറത്താണ് അബ്ദുള്ളക്കുട്ടിയുടെ സ്ഥാനം. ഇടയ്ക്കിടെ ചില പ്രസ്താവനകളൊക്കെ നടത്തി തന്റെ സാന്നിധ്യം ഓർമ്മിപ്പിക്കുന്നുണ്ടെങ്കിലും ഒരു കോർ ഗ്രൂപ്പ് യോഗത്തിൽപോലും ഇതുവരെ സംസ്ഥാന നേതൃത്വം പങ്കെടുപ്പിച്ചിട്ടില്ല.
വലിയ പ്രതീക്ഷകളോടെ ബിജെപിയിൽ പ്രവേശിച്ച ഇവരിൽ പലരുടെയും ഇന്നത്തെ സ്ഥിതിയെന്തെന്ന് ബിജെപിക്കാർക്കു പോലും പിടിപാടില്ല. ഇവർക്ക് ആർഎസ്എസ് പിന്തുണയില്ല. കേരള ബിജെപിയിൽ പരസ്പരം പോരടിച്ചു നിൽക്കുന്ന ഇരുഗ്രൂപ്പുകളും ഇത്തരക്കാർ പാർട്ടിയിൽ സജീവമാകാതിരിക്കാൻ തന്ത്രപരമായ കരുനീക്കം നടത്തുന്നുണ്ട്.

 

Eng­lish Sum­ma­ry:  BJP ignores those who come with­out RSS address

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.