7 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 6, 2025
January 5, 2025
January 5, 2025
January 4, 2025
January 3, 2025
December 31, 2024
December 31, 2024
December 30, 2024
December 30, 2024
December 29, 2024

കോഴ നിയമവല്‍ക്കരിച്ച് കോടികള്‍ കൊയ്ത ബിജെപി

കെ പി ശങ്കരദാസ്
March 29, 2024 4:30 am

രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്ക് വ്യവസ്ഥാപിതമായ സംഭാവന നൽകാൻ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സൗകര്യം ഒരുക്കാനാണ് ഇലക്ടറൽ ബോണ്ട് സമ്പ്രദായം കൊണ്ടുവന്നതെന്നാണ് ബിജെപിയുടെ അവകാശവാദം. രാഷ്ട്രീയ പാർട്ടികൾ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന കള്ളപ്പണ ഒഴുക്ക് തടയുകയെന്നതും ലക്ഷ്യമാണെന്ന് പറഞ്ഞിരുന്നു. രാഷ്ട്രീയ പാർട്ടികൾക്കും വിദേശ പൗരന്മാർക്കും, വിദേശ സ്ഥാപനങ്ങൾക്കും ഒരു നിയന്ത്രണവും ഇല്ലാതെ എത്ര കോടി രൂപ വേണമെങ്കിലും ഇലക്ടറൽ ബോണ്ട് വഴി സംഭാവന ചെയ്യാൻ അനുയോജ്യമായ ഭേദഗതിവരുത്തിക്കൊണ്ടാണ് 1976 മുതൽ മുൻകാല പ്രാബല്യത്തോടെ 2017‑ൽ ഈ പദ്ധതിക്ക് രൂപം നൽകിയത്. 1951 ലെ ജനപ്രാതിനിധ്യ നിയമവും, 1961 ലെ ആദായ നികുതി നിയമവും. 2010 ലെ വിദേശ സംഭാവന നിയന്ത്രണ നിയമവും, 2013 ലെ കമ്പനി നിയമവും ഉൾപ്പെടെ നാലു നിയമങ്ങളാണ് ഇതിലേയ്ക്കായി ഭേദഗതി ചെയ്തത്. 2017 ഫെബ്രുവരി ഒന്നിലെ കേന്ദ്ര ബജറ്റിന്റെ ഭാഗമായി ഇലക്ടറൽ ബോണ്ട് പദ്ധതിയും പ്രധാന നിയമഭേദഗതി ബില്ലും ചേർത്ത് ലോക്‌സഭയിൽ ധനബില്ലായി അവതരിപ്പിക്കുകയായിരുന്നു. രാജ്യസഭയിൽ ബിജെപിക്ക് ഭൂരിപക്ഷമില്ലാത്തതുകൊണ്ട് ഈ ബില്ല് അവതരിപ്പിച്ച് പാസാക്കിയെടുക്കാൻ കഴിയാതെ വരും എന്നതുകൊണ്ടാണ് ധനബില്ല് എന്ന പേര് നൽകി ലോക്‌സഭയിൽ അവതരിപ്പിച്ച് പാസ്സാക്കിയെടുത്തത്. ധനബില്ല് ലോക്‌സഭ മാത്രം പാസാക്കിയാൽ മതി. ഇലക്ടറൽ ബോണ്ട് വഴി ആർക്കും സംഭാവന നൽകുന്നതിന് അനുയോജ്യമായ നിയമഭേദഗതി മുൻകാല പ്രാബല്യത്തോടെ അംഗീകരിക്കുകയായിരുന്നു.


ഇതുകൂടി വായിക്കൂ: ഇലക്ടറൽ ബോണ്ടുകൾ ജനാധിപത്യത്തിന് ഭീഷണി


1000, 10,000, ഒരു ലക്ഷം, 10 ലക്ഷം, ഒരു കോടി വിലയുളള ബോണ്ടുകളുടെ വില്പന ആരംഭിച്ചത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 29 ബ്രാഞ്ചുകൾ വഴിയാണ്. ബോണ്ടുകൾ പണമാക്കി മാറ്റാൻ പതിനഞ്ചു ദിവസമാണ് പരമാവധി സമയപരിധി. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് രംഗം മുൻപ് കരുതിയിരുന്നതിനേക്കാൾ ദുരൂഹവും സുതാര്യതയില്ലാത്തതുമാണെന്ന് വ്യക്തമാക്കുന്നതാണ് ഇലക്ടറൽ ബോണ്ടുകളെപ്പറ്റി പുറത്തുവന്ന വിവരങ്ങൾ. രാഷ്ട്രീയ പാർട്ടികൾക്ക് കോർപറേറ്റ് ഭീമൻമാരിൽ നിന്ന് ശതകോടികളുടെ കള്ളപ്പണം കൈക്കലാക്കാൻ വഴിതുറന്നുകൊടുത്തുള്ള ഇലക്ടറൽ ബോണ്ട് സമ്പ്രദായം രാജ്യത്തെ ഉന്നത നീതിപീഠത്തിന്റെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 2024 ഫെബ്രുവരി 15ന് റദ്ദാക്കി. ഇന്ത്യൻ ജുഡീഷ്യറിയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും പ്രബലമായ ഇടപെടലുകളിൽ ഒന്നായിരുന്നു ഇത്. രാഷ്ട്രീയ പാർട്ടികൾ വാങ്ങിയ ഇലക്ടറൽ ബോണ്ടുകളുടെ സീരിയൽ നമ്പരും ആൽഫാ ന്യൂമറിക് നമ്പരും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വെളിപ്പെടുത്തണമെന്ന് അഞ്ചംഗ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. എസ്ബിഐയിൽ നിന്ന് വിവരങ്ങൾ ലഭിച്ചാലുടൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും, ഇലക്ടറൽ ബോണ്ടിലെ എല്ലാ വിവരങ്ങളും വെളിപ്പെടുത്തിയെന്നും, ഇനി ഒന്നും ഒളിപ്പിച്ചുവെച്ചിട്ടില്ലെന്നും വ്യക്തമാക്കി, മാര്‍ച്ച് 21ന് വൈകിട്ട് അഞ്ചിനകം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാനും എസ്ബിഐ ചെയർമാന് ഭരണഘടനാ ബെഞ്ച് നിർദേശം നൽകി. ഇതനുസരിച്ച് ബോണ്ട് വാങ്ങിയവരുടെ പേര്, ബോണ്ട് നമ്പർ, പ്രിഫിക്സ്, യുആർഎൻ നമ്പർ, ബോണ്ട് മൂല്യം, ബ്രാഞ്ച് കോഡ് തുടങ്ങിയ വിവരങ്ങളാണ് എസ്ബിഐ കൈമാറിയതെന്ന് എസ്ബി­ഐ ചെയർമാൻ ദിനോഷ് കുമാർ ഖാര സത്യവാങ്മൂലം നല്‍കി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപായി ഇലക്ടറൽ ബോണ്ട് വഴി വൻകിട കോർപറേറ്റുകളിൽ നിന്നും ശതകോടി സമാഹരിക്കാമെന്ന് പലരും പ്രതീക്ഷിച്ചിരുന്ന സന്ദർഭത്തിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ ഉണ്ടായത്. 2019 ഏപ്രിൽ 12 മുതൽ 2024 ഫെബ്രുവരി വരെ വ്യക്തികളും, വ്യവസായ സ്ഥാപനങ്ങളുമൊക്കെ വാങ്ങിയ ഇലക്ടറൽ ബോണ്ടിന്റെ മുഴുവൻ വിശദാംശവും തെരഞ്ഞെടുപ്പ് കമ്മിഷന് എസ്ബിഐ സമർപ്പിക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അക്കാര്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഇലക്ടറൽ ബോണ്ടിന്റെ ചുമതലയിൽ ഉണ്ടായിരുന്ന എസ്ബിഐ നൽകിയ വിവരം അതേപടിയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ വെബ്­സൈ­റ്റിൽ പ്രസിദ്ധീകരിച്ചത്.


ഇതുകൂടി വായിക്കൂ: തെരഞ്ഞെടുപ്പ് ചെലവും അഴിമതി സൂചികയും


2018 മാർച്ച് മുതൽ ഇതുവരെ മുപ്പതു പ്രാവശ്യം വില്പനയ്ക്ക് വെച്ചിട്ടുണ്ടായിരുന്നു. ആകെ 16,518 കോടി രൂപയാണ് ഇലക്ടറൽ ബോണ്ടുകളിലൂടെ രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ചത്. 2018 മാർച്ചിൽ 220 കോടി രൂപയാണ് വിവിധ രാഷ്ട്രീയപാർട്ടികൾക്കായി കൈമാറിയത്. 2018 ഏപ്രിൽ മുതൽ 2019 മാർച്ചുവരെ ബോണ്ടുകളിലൂടെ ബിജെപിക്ക് 1456.89 കോടി രൂപയും കോൺഗ്രസിന് 383.70 കോടി രൂപയും ലഭിച്ചിട്ടുളളത്. 2019 ഏപ്രിൽ 19 മുതൽ രാജ്യത്തെ രാഷ്ട്രീയ ബോണ്ടു വഴി ലഭിച്ച സംഭാവനയുടെ വിവരങ്ങൾ മാർച്ച് ആറിന് മുൻപ് തെരഞ്ഞെടുപ്പ് കമ്മിഷനു നൽകണമെന്നും ഏപ്രിൽ 12ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി വിശദവിവരങ്ങൾ അറിയിക്കണമെന്നും 15നകം ഇവ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതിയുടെ നിർദേശപ്രകാരം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച 2019 ഏപ്രിൽ 12 മുതൽ 2024 ഫെബ്രുവരി 15 വരെയുള്ള ഇലക്ട്രറൽ ബോണ്ട് വിവരങ്ങൾ മുഴുവൻ പുറത്തുവരണമെന്ന കടുത്ത നിലപാടിലാണ് സുപ്രീം കോടതി. ബോണ്ടിലെ യൂണിക് ആൽഫാ ന്യൂമറിക് നമ്പർ അടക്കം എസ്ബിഐയുടെ പക്കലുള്ള എല്ലാ വിവരവും തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറണം എന്നാണ്. ബിജെപിക്കാണ് ഏറ്റവും കൂടുതൽ തുക കിട്ടിയിട്ടുള്ളത്- 6060 കോടി രൂപ. കോൺഗ്രസിന് രണ്ടാം സ്ഥാനവും. ഇടതുപാർട്ടികൾ ഇലക്ടറൽ ബോണ്ടുകൾ സ്വീകരിച്ചിട്ടില്ലെന്നും രേഖയിൽ പറയുന്നുണ്ട്. ബോണ്ട് വാങ്ങിയവരിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് സാന്റിയാഗോ മാർട്ടിന്റെ കമ്പനിയാണ്. 1368 കോടിരൂപയുടെ ബോണ്ടുകളാണ് സ്ഥാപനം വാങ്ങിയത്. 2019 ഏപ്രിൽ മുതൽ വിറ്റ 22,217 ബോണ്ടുകളുടെ കണക്കാണുള്ളത്. വിറ്റ ബോണ്ടുകളുടെ മൂല്യം ഏകദേശം 12,000 കോടിയോളം വരുമെന്നാണ്. ഇലക്ടറൽ ബോണ്ടു വഴി ലഭിച്ച സംഭാവനയുടെ കണക്കുകൾ മുദ്രവച്ച കവറിൽ സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി കൽപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ കമ്മിഷൻ 105 രാഷ്ട്രീയ പാർട്ടികളെ സംബന്ധിക്കുന്ന രഹസ്യ റിപ്പോർട്ടുകൾ 2020 ൽ സമർപ്പിച്ചിരുന്നു.

TOP NEWS

January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.