12 May 2024, Sunday

Related news

May 11, 2024
May 11, 2024
May 11, 2024
May 10, 2024
May 10, 2024
May 10, 2024
May 9, 2024
May 9, 2024
May 9, 2024
May 9, 2024

കര്‍ഷക രോഷം ഇരമ്പുന്നു: ബിജെപി എംഎല്‍എയെ ബന്ദിയാക്കി പ്രതിഷേധക്കാര്‍

Janayugom Webdesk
ലഖ്നൗ
October 5, 2021 3:41 pm

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് നേരെ നടന്ന അതിക്രമത്തില്‍ വലിയ പ്രതിഷേധമാണ് രാജ്യവ്യാപകമായി നടന്നു കൊണ്ടിരിക്കുന്നത്. ഹരിയാനയില്‍ പ്രതിഷേധിന്റെ ഭാഗമായി കര്‍ഷകര്‍ ഒരു ബി ജെ പി എം എല്‍ എയെ സ്ഥലത്തെ റെസ്റ്റ് ഹൗസില്‍ ബന്ദിയാക്കി. ഹിസാറില്‍ നിന്നുള്ള നിയമസഭാംഗമായ കമല്‍ ഗുപ്തയെയാണ് കര്‍ഷകര്‍ തടഞ്ഞ് വെച്ചത്. സംഘടിച്ച് എത്തിയ കര്‍ഷകര്‍ റസ്റ്റ് ഹൗസിലെ പ്രധാന ഹാളില്‍ എംഎല്‍എയെ തടഞ്ഞു വെക്കുകയായിരുന്നു. 

എല്ലെനാബാദ് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചർച്ച ചെയ്യാന്‍ വേണ്ടിയായിരുന്നു കമല്‍ ഗുപ്ത റസ്റ്റ് ഹൗസില്‍ എത്തിയത്. അതേസമയം തന്നെ റസ്റ്റ് ഹൗസില്‍ യോഗം ചേരുന്ന പ്രധാന ഹാള്‍ കര്‍ഷകരുടെ അവരുടെ യോഗത്തിന് വേണ്ടി ബുക്ക് ചെയ്തിരുന്നു. ഇക്കാര്യം റെസ്റ്റ് ഹൗസ് ജീവനക്കാർ ബി ജെ പി നേതാക്കളേയും എംഎല്‍എമാരേയും അറിയിക്കുകയും ചെയ്തു. ഈ സമയം റസ്റ്റ് ഹൗസിനുള്ളിലേക്ക് കടന്ന് വന്ന ബി ജെ പി എംഎൽഎയെ ഒരു കൂട്ടം കർഷകർ ലോബിയിൽ തടഞ്ഞു വെക്കുകയായിരുന്നു. അദ്ദേഹത്തെ പുറത്ത് പോവാന്‍ അനുവദിക്കാതിരുന്ന കര്‍ഷക സമര പ്രവര്‍ത്തകര്‍ ചൂറ്റും കൂടി നിന്ന് കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയും ബി ജെ പിക്കെതിരേയും മുദ്രാവാക്യം വിളിക്കുകയായിരുന്നു. അരമണിക്കൂറോളം കര്‍ഷകര്‍ എംഎല്‍എയെ തടഞ്ഞ് വെച്ചു. പിന്നീട്, പൊലീസ് എത്തിയാണ് കര്‍ഷകര്‍ക്ക് നടുവില്‍ നിന്നും എം എല്‍ എയെ മോചിപ്പിച്ചത്.

റസ്റ്റ് ഹൗസിൽ കർഷകരുടെ യോഗത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു പിന്നീട് വീട്ടിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിച്ച ബി ജെ പി എം എൽ എ പറഞ്ഞത്. ഘെരാവോ സമയത്ത് തന്നെ മർദ്ദിക്കുകയും റസ്റ്റ് ഹൗസിലെ പ്രധാന ഹാളിലേക്ക് വലിച്ചുകൊണ്ടുപോവാന്‍ ശ്രമിച്ചപ്പോൾ ആരോ തന്റെ ഷർട്ട് വലിച്ച് കീറുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ സംഭവത്തെക്കുറിച്ച് പോലീസിൽ പരാതി നൽകിയിട്ടില്ലെന്നും ബി ജെ പി എം എല്‍ എ അറിയിച്ചു. എന്നാല്‍ സംഘര്‍ഷം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ബി ജെ പി എം എൽ എ മനഃപൂർവം കർഷകർ യോഗം നടത്തുന്ന റസ്റ്റ് ഹൗസിലേക്ക് എത്തുകയാണെന്നാണ് കർഷക നേതാവ് രൺബീർ സിംഗ് ആരോപിക്കുന്നത്. ഇത് കർഷകരെ പ്രകോപിപ്പിക്കാനുള്ള ഗൂഡാലോചനയാണെന്ന് ഞാൻ സംശയിക്കുന്നു. ബിജെപി നേതാക്കളെ കണ്ടപ്പോള്‍ കർഷകർ പ്രതിഷേധ സൂചകമായി മുദ്രാവാക്യങ്ങൾ ഉയർത്തി, എന്നാൽ പ്രതിഷേധക്കാർ ആരും എംഎൽഎയെ കൈകാര്യം ചെയ്തില്ലെന്നും അദ്ദേഹം അറിയിച്ചു.

ENGLISH SUMMARY:BJP MLA held hostage by protesters
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.