26 July 2024, Friday
KSFE Galaxy Chits Banner 2

മണിപ്പൂർ‍: സ്വജനത്തെ പരാജയപ്പെടുത്തുന്ന ഭരണകൂടം

Janayugom Webdesk
May 12, 2024 5:00 am

ഗദ്ഗദങ്ങളും നിലവിളികളും ആരു കേൾക്കാൻ! നാലുവയസുള്ള മകളെ ചൂണ്ടി കരയുമ്പോഴും കേൾക്കാൻ ആരുമില്ല. തന്റെ മരണം തന്റെ കുഞ്ഞിന്റെയും ഒടുക്കമെന്ന് തിരിച്ചറിയുന്നു ആ മാതാവ്. അതു കൊണ്ടുമാത്രം സ്വജീവനായി കേഴുകയാണ്. മനുഷ്യമൃഗങ്ങളുടെ പ്രതികരണം വന്യമായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. “സ്വയം വസ്ത്രം ഉരിഞ്ഞു മാറ്റുക. അല്ലെങ്കിൽ കൊല്ലപ്പെടാൻ തയ്യാറാകുക. ” മണിപ്പൂരിൽ അക്രമത്തിന്റെ പെരുക്കം അവസാനിക്കുന്നില്ല. ആരാലും ശ്രദ്ധിക്കപ്പെടാതെ, വിലപിക്കാനാവാതെ, പ്രതികാരം ചെയ്യാൻ ശേഷിയില്ലാതെ ഇരകളായവർ നിരവധിയാണ്. മണിപ്പൂരിലെ സ്ത്രീകളുടെ അവസാനിക്കാത്ത പീഡന വ്യഥ ലോകം ഏറ്റെടുക്കുമ്പോഴും മണിപ്പൂരിൽ മുഖ്യമായും വടക്കുകിഴക്കൻ ഇന്ത്യയിൽ പരക്കെയും തുടരുന്ന അനിയന്ത്രിതമായ അശാന്തിയിൽ രാജ്യത്തിന്റെ അധികാരികൾ നിശബ്ദത തുടരുകയാണ്. 30 ലക്ഷം ജനസംഖ്യയുള്ള മണിപ്പൂരിൽ ഭൂരിപക്ഷമായ മെയ്തി വിഭാഗത്തിനും ന്യൂനപക്ഷമായ കുക്കി ഗോത്രത്തിനും ഇടയിൽ അക്രമങ്ങൾ അവസാനിക്കുന്നില്ല. ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്ന സംഘര്‍ഷത്തില്‍ നിരവധി പേർ കൊല്ലപ്പെട്ടു. ആയിരത്തിലധികം പേർക്ക് പരിക്കേറ്റു. എഴുപതിനായിരത്തിലധികം ആളുകൾക്ക് വീടും ഉപജീവനവും നഷ്ടപ്പെട്ടു. സ്വന്തം രാജ്യത്ത് കിടക്കാനിടം, ഭക്ഷണം, മരുന്ന് എന്നിവ തേടി പതിനായിരങ്ങൾ അഭയാർത്ഥികളായി. ആയിരക്കണക്കിന് പേർ അയൽ സംസ്ഥാനങ്ങളിൽ അഭയം പ്രാപിച്ചു.
2023 മേയ് മൂന്നിന് സാമൂഹിക പദവിക്കായും ഗോത്രവർഗക്കാരുടെ അവകാശങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ ഗോത്ര വിഭാഗങ്ങൾ സംഘടിപ്പിച്ച റാലികളെ തുടര്‍ന്നാണ് അശാന്തിക്ക് തുടക്കമായത്. ഇത് വിവിധ വിഭാഗങ്ങളിൽ പ്രത്യേകിച്ച് മെയ്തികൾക്കും കുക്കികൾക്കും ഇടയിൽ അവിശ്വാസത്തിന് വഴിയായി. മെയ്തികൾ കുക്കി വിഭാഗത്തെ കുടിയേറ്റക്കാരായി കണക്കാക്കുന്നു. എന്നാൽ രണ്ട് സമുദായങ്ങളും ഇംഫാൽ താഴ്‌വരയിൽ നിന്നുള്ളവരായും പറയുന്നു. കുന്നുകളിൽ നാഗജനത അധിവസിച്ചതായും സൂചനയുണ്ട്. ഭൂമി കൈവശം വച്ചിരിക്കുന്നതിന്റെ ക്രമം വിദേശ ഭരണകാലത്തെ ക്രമവുമായി കൂടിക്കുഴഞ്ഞതാണ്. 

ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ‑സാമ്പത്തിക പ്രശ്നങ്ങൾ തെറ്റായ രേഖകളാൽ വക്രീകരിക്കപ്പെട്ടിരിക്കുന്നു. അത് ബന്ധങ്ങളെക്കുറിച്ചുള്ള അവബോധങ്ങളെ ഇല്ലാതാക്കി ജനതയെ “നമ്മൾ”, “അവർ” എന്നിങ്ങനെ വിഭജിക്കുന്നു. താഴ്‌വര പ്രദേശത്തെ “അനധികൃത കുടിയേറ്റക്കാരായ” കുക്കിവിഭാഗം മയക്കുമരുന്ന് ഉപയോഗിക്കുന്നതായും കഞ്ചാവ് വളർത്തുന്നതായും മെയ്തികൾ പരാതിപ്പെടുന്നു. കുക്കികളും മറ്റ് ഗോത്രങ്ങളും താഴ്‌വരയിലുള്ളവരെ അവരുടെ ദാരിദ്ര്യത്തിന് ഉത്തരവാദികളായി കണക്കാക്കുന്നു.
സ്കൂളുകളും കോളജുകളും ആരോഗ്യ പരിപാലന കേന്ദ്രങ്ങളും കുന്നുകളിൽ നാമമാത്രമായിരുന്നു. അവഗണനയുടെയും ക്രൂരതകളുടെയും പ്രഭവകേന്ദ്രമായിരുന്നു ഇംഫാൽ. മലയോര ജില്ലയായ കാങ്പോക്പി തുടർച്ചയായി അക്രമങ്ങൾക്ക് ഇരയായിട്ടുണ്ട്. 90 ശതമാനം ആദിവാസി ജനസംഖ്യയുള്ള മറ്റൊരു മലയോര ജില്ലയായ ചുരാചന്ദ്പൂരും ഇതേ ദുരവസ്ഥയെ അഭിമുഖീകരിക്കുന്നു. ഇപ്പോൾ അക്രമ സംഭവങ്ങളുടെ എണ്ണം കുറവാണെന്നത് ശരിയാണ്. എന്നാൽ തീവ്രത സമാനമാണ്. കൂടുതൽ പ്രാകൃതവും.
രാജ്യത്തിന്റെ സമ്മിശ്ര സംസ്കാരവും ഭരണഘടനയും ജനാധിപത്യ ധാർമ്മികതയും ഭീഷണിയിലാണ്. ഇത്രയും വന്യമായ ദുരവസ്ഥയ്ക്ക് ഇന്ത്യ ഒരിക്കലും സാക്ഷ്യം വഹിച്ചിട്ടില്ല. സ്ത്രീകൾക്കെതിരായ അനിയന്ത്രിതമായ അക്രമം ചില സന്ദേശങ്ങളുടെ സൂചകമായിരിക്കുന്നു. നടപടിയെടുക്കാത്തതും ഇതിന്റെ ഭാഗമാണ്. അക്രമം തുടരുകയാണ്. ഒരു വർഷം കടന്നുപോയി. സമാധാനം അകലെയാണ്. അശാന്തി ഒരു പ്രദേശത്തെയാകെ വിഴുങ്ങുന്ന ഒരു ദുരന്തമായി മാറുന്നു. 

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉത്തരവാദിത്തങ്ങൾ ഉപേക്ഷിക്കുന്നതിലാണ് ഭീകരത. ആളുകൾക്ക് പോകാൻ ഒരിടവുമില്ല. ഒരു വർഷത്തിലേറെയായിട്ടും, ഈ മേഖലയെ വിഴുങ്ങിയതും തുടരുന്നതുമായ ക്രൂരമായ അക്രമങ്ങളിൽ പ്രധാനമന്ത്രി കണ്ണടച്ചിരിക്കുന്നു. പ്രധാനമന്ത്രി സാഹചര്യം തിരിച്ചറിഞ്ഞ് പരിഹരിക്കേണ്ടതുണ്ട്. അതിന് സാധ്യമായില്ലെങ്കിൽ പ്രധാനമന്ത്രി പദവി നരേന്ദ്ര മോഡി രാജിവയ്ക്കണം. മെയ്തികളെയും കുക്കി-സോകളെയും നാഗ ജനതയെയും ഒരേ വേദിയിൽ എത്തിക്കാൻ കഴിവുള്ള നേതൃത്വമാണ് മണിപ്പൂരിന് വേണ്ടത്. മുറിവേറ്റവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കണം, പക്ഷേ സമാധാന ശ്രമങ്ങളൊന്നും കാണുന്നതേയില്ല.
മനുഷ്യാവകാശ വിഭാഗങ്ങളിൽ നിന്നുള്ളവർ പോലും നിഷ്ക്രിയരായിരിക്കാൻ ഇഷ്ടപ്പെടുന്നു. മണിപ്പൂർ സംസ്ഥാനത്തിന് വികസന സംരംഭങ്ങൾ ആവശ്യമാണ്. നാശത്തിന്റെ നാൾവഴികൾ അവസാനിക്കണം. ഏറ്റവും കുറഞ്ഞ ആളോഹരി വരുമാനം കണക്കിലെടുത്താൽ, രാജ്യത്തെ സംസ്ഥാനങ്ങളിൽ യുപിക്കും ബിഹാറിനും ശേഷം മൂന്നാം സ്ഥാനത്താണ് മണിപ്പൂർ. ഇല്ലായ്മ നികൃഷ്ടതയിലേക്ക് നയിക്കുകയും നിഷേധാത്മകത വളർത്തുകയും ചെയ്യുന്നു. ഗോത്രങ്ങൾക്കിടയിൽ കടുത്ത വിരോധമുണ്ട്. സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥയും സ്വത്വ രാഷ്ട്രീയത്തിന്റെ സ്വാധീനത്തിലാണ്. ഈ രാഷ്ട്രീയം ഭരണ കൂടത്തിൽ സ്വാധീനം ചെലുത്തുകയും തുടർച്ചയായി വിള്ളലുകൾ സൃഷ്ടിക്കുകയും സംസ്ഥാനത്തെ വെട്ടി മുറിക്കുകയും ചെയ്യുന്നു. അനധികൃത കുടിയേറ്റം മൂലം 996 ഗ്രാമങ്ങളിൽ “അസ്വാഭാവിക” വളർച്ചയുണ്ടെന്നും ഇത് “തദ്ദേശവാസികൾക്കും ദേശീയ സുരക്ഷയ്ക്കും” ഭീഷണിയാണെന്നും വിവരിച്ച് കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ഭരണകൂടം ഇറങ്ങിയിരിക്കുന്നതും ഗുരുതരമാണ്.
ഭൂമിയുടെ സങ്കീർണമായ പ്രശ്നം, വിവിധ സമുദായങ്ങൾക്കിടയിലുള്ള സാമൂഹിക സാംസ്കാരിക പ്രശ്നങ്ങൾ, സ്വത്വബോധം, വനഭൂമിയുടെ ദുരുപയോഗം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ അഭിമുഖീകരിക്കാൻ ഭരണകൂടം മടിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആർഎസ്എസ് പ്രചരണം തുടരുകയാണ്. ബിജെപി സർക്കാർ പരാജയപ്പെടുത്തുന്നത് മണിപ്പൂരിലെ ജനതയെയാണ്. ദാരുണമായ വർത്തമാന അവസ്ഥയ്ക്ക് കാരണവും ഭരണകൂടം തന്നെയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.