മണിപ്പൂരില്‍ തുടരുന്ന വംശീയ ഉന്മൂലനവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ വേട്ടയും ഗോത്രവര്‍ഗ വിരുദ്ധതയും വടക്കുകിഴക്കൻ അതിർത്തി സംസ്ഥാനമായ മിസോറാമിന്റെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിർണായകമാകും. അസം-മിസോറാം അതിർത്തിയിൽ തുടരുന്ന സംഘർഷവും വോട്ടര്‍മാരെ സ്വാധീനിക്കും. മുഖ്യമന്ത്രി സോറം തംഗ വിജയം ആവർത്തിച്ചാല്‍ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവി വഹിച്ച വ്യക്തിയാകും. നവംബർ ഏഴിന് നിശ്ചയിച്ചിരിക്കുന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ മിസോ നാഷണൽ ഫ്രണ്ട് (എംഎൻഎഫ്) പരാജയപ്പെട്ടാൽ സ്വാഭാവികമായും രാഷ്ട്രീയത്തില്‍ നിന്നും വിടവാങ്ങേണ്ടിയും വരും. 1988 മുതൽ എംഎൻഎഫ് സാരഥി സോറം തംഗയും കോൺഗ്രസിന്റെ ലാൽ തന്‍ഹാവ്‌ലയിലും ഒതുങ്ങിയിരുന്നു മിസോറാമിലെ മുഖ്യമന്ത്രിക്കസേരയ്ക്കുള്ള മത്സരം. ഇരുവരും 80 പിന്നിട്ടവര്‍. എന്നാല്‍ പ്രായം കുറഞ്ഞ പ്രദേശ് കമ്മിറ്റി അധ്യക്ഷനുണ്ട് (ലാൽസവത)എന്നത് മിസോറാം പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്ക് ആശ്വാസമാണ്.
മിസോറാമിലെ പ്രാദേശിക പാര്‍ട്ടിയായ സോറാം പീപ്പിൾസ് മൂവ്മെന്റി(ഇസഡ്പിഎം)നും വര്‍ത്തമാന തെരഞ്ഞെടുപ്പില്‍ തനതായൊരു മുഖമുണ്ട്. നേതാവ് 35കാരനായ ലാൽദുഹൗമയുടെ യുവത്വവും പുതുമയും വേറിട്ടൊരു പോര്‍മുഖം തുറക്കുന്നു. ലാൽ തന്‍ഹാവ്‌ല ഭരണത്തിലെ മുൻ ധനമന്ത്രിയായിരുന്ന ലാൽസവതയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ്. മികച്ച പ്രതിച്ഛായ ലാല്‍സവതയ്ക്ക് തുണയാണ്. മിസോറം കടക്കെണിയിലാഴുന്നു എന്ന പ്രചാരവും ലാൽസവതയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്. ‘സംസ്ഥാനത്തിന്റെ കടം 53.1 ശതമാനം കവിയും. മിസോറാമിന് ഇപ്പോഴും രാജ്യത്തെ ഏറ്റവും ഉയർന്ന കടമാണുള്ളത്’ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സോഡിന്റ് ലവ്ംഗ ചൂണ്ടിക്കാട്ടുന്നു.
ഇസഡ്പിഎമ്മിലെ ലാൽദുഹൗമ ജനങ്ങളുടെ വിശ്വാസമാര്‍ജിച്ച നേതാവാണ്. മാർച്ച് അവസാനം നടന്ന ലങ്‌ലേ നഗരസഭാ തെരഞ്ഞെടുപ്പിൽ സോറോം മൂവ്മെന്റിന് വലിയ വിജയം നേടാനായിരുന്നു. മുൻ ഐപിഎസ് ഓഫിസറാണ് പാര്‍ട്ടി സ്ഥാപകനായ ലാൽദുഹൗമ. 2017ലാണ് ഇസഡ്പിഎം നിലവില്‍ വന്നത്. 2018ലെ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റിൽ മത്സരിച്ച ലാൽദുഹൗമ രണ്ടിടത്തും വിജയിച്ചു. പാർട്ടി ആറ് സീറ്റുകളും നേടി. രജിസ്റ്റർ ചെയ്ത പാർട്ടി അല്ലാതിരുന്നതിനാല്‍ എല്ലാ സ്ഥാനാർത്ഥികളും സ്വതന്ത്രചിഹ്നത്തിലാണ് മത്സരിച്ചത്. നിലവില്‍ ഇസഡ്പിഎം അംഗീകൃത പാർട്ടിയാണ്. ചക്മ സ്വയംഭരണ കൗൺസിൽ ഏരിയയിലെ ട്വിചങ് ഉൾപ്പെടെ 40 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും നടത്തിക്കഴിഞ്ഞു. തെരഞ്ഞെടുപ്പിൽ പാര്‍ട്ടി ചിഹ്നത്തിൽ മത്സരിച്ചാല്‍ അയോഗ്യരാക്കാനുള്ള സാധ്യത ഒഴിവാക്കാൻ നിലവിലെ ആറ് എംഎൽഎമാരും രാജി വച്ചിട്ടുണ്ട്.
എന്നാല്‍ സോറോം പീപ്പിള്‍സ് മൂവ്മെന്റ് നേരിടുന്ന അവിശ്വാസം ബിജെപിയുമായുള്ള അടുപ്പവുമായി ബന്ധപ്പെട്ടതാണ്. കോൺഗ്രസ്-എംഎന്‍എഫ് ഇതര സർക്കാരെന്ന ആശയവുമായാണ് സോറോം പീപ്പിള്‍സ് മൂവ്മെന്റ് രൂപപ്പെട്ടത്. പിന്നീട്, ബിജെപിയുടെ മുൻ സഖ്യകക്ഷിയായ സോറം നാഷണലിസ്റ്റ് പാർട്ടി ഉൾപ്പെടെ സോറോം പീപ്പിള്‍സ് മൂവ്മെന്റിന്റെ ഭാഗമായി. ഇത് ബിജെപിയുമായുള്ള അടുപ്പം വര്‍ധിപ്പിക്കുകയുംചെയ്തു. ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനത്ത് ഇതൊരു ഗുണപരമായ തീരുമാനമല്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.
സോ ഏകീകരണത്തിനായുള്ള എംഎൻഎഫിന്റെ ആഹ്വാനം വോട്ടര്‍മാര്‍ക്കിടയില്‍ രാഷ്ട്രീയ ചലനം സൃഷ്ടിച്ചതായി വിലയിരുത്തലുണ്ട്. സംഘർഷഭരിതമായ മ്യാൻമറിൽ നിന്നും ഗണ്യമായ അഭയാർത്ഥികളെ ഉള്‍ക്കൊള്ളുകയും സംരക്ഷണം നല്‍കുകയും ചെയ്തതും അയൽസംസ്ഥാനമായ മണിപ്പൂരിൽ നിന്ന് പലായനം ചെയ്ത വംശീയ സംഘർഷത്തിന്റെ ഇരകളെ സംരക്ഷിച്ചതും സോ ജനതയുടെ സുരക്ഷയ്ക്കും നിലനില്പിനും എഎന്‍എഫ് മുഖ്യം എന്ന പ്രതിച്ഛായ വീണ്ടെടുക്കാന്‍ വഴിയായി. മുഖ്യമന്ത്രി വിഷയം ആവർത്തിച്ചതോടെ, വരുന്ന തെരഞ്ഞെടുപ്പുകളിൽ എംഎൻഎഫ് ആശ്രയിക്കുന്നതും ഇതില്‍ത്തന്നെയാകും എന്നുറപ്പായിട്ടുണ്ട്.
ബിജെപിക്ക് സ്വന്തമായി സർക്കാർ രൂപീകരിക്കാനോ നിലവിലെ സർക്കാരിന്റെ ഭാഗമാകാനോ കഴിയാത്ത ഏക സംസ്ഥാനമാണ് മിസോറാം. എംഎന്‍എഫ് എന്‍ഡിഎയുടെയും നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് (എൻഇഡിഎ)യുടെയും സഖ്യകക്ഷിയാണെങ്കിലും ബിജെപിയുടെ ഹിന്ദുത്വ അനുകൂല നിലപാട് മൂലം സോറം തംഗ സഖ്യത്തോട് അത്ര അടുപ്പത്തിലല്ല. മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ പാർട്ടി സ്വാഭാവികമായും ബിജെപിയില്‍ നിന്നും അകന്നുനിൽക്കാനാണ് സാധ്യത. അതേസമയം, എല്ലായിടത്തുമെന്നപോലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മറ്റു പാർട്ടികളിൽ നിന്നുള്ള എംഎൽഎമാരെയും നേതാക്കളെയും വിലയ്ക്കെടുത്ത് കൂടെച്ചേര്‍ക്കുന്നത് ബിജെപി ഇവിടെയും തുടരും. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ്, ലാൽ തന്‍ഹാവ്‌ല സർക്കാരില്‍ മന്ത്രിയായിരുന്ന ബുധ ധൻ ചക്മയെ വിലയ്ക്കെടുത്ത് 2018ൽ സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാൻ ബിജെപിക്ക് കഴിഞ്ഞു. ഒക്ടോബർ 11 ന്, നിയമസഭാ സ്പീക്കറും എംഎൻഎഫ് നേതാവുമായ എൽ സൈലോ രാജിവച്ച് ബിജെപിയിൽ ചേർന്നിട്ടുണ്ട്. അദ്ദേഹം മമിത് ജില്ലയിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിക്കും. മറ്റൊരു മുന്‍ എംഎൻഎഫ് നേതാവ് കെ ബെയ്ചുവയും ബിജെപി ടിക്കറ്റില്‍ മത്സരിക്കാൻ സജ്ജമായിരിക്കുന്നു.
ഈ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാൻ സാധ്യതയില്ലെന്നും സർക്കാർ രൂപീകരിക്കുന്നതിൽ തങ്ങള്‍ നിര്‍ണായകമാകുമെന്നുമാണ് ബിജെപിയുടെ പ്രതീക്ഷ. മേഘാലയയിലും നാഗാലാൻഡിലും വിരലിലെണ്ണാവുന്ന എംഎൽഎമാരെ മുന്‍നിര്‍ത്തി ഗവര്‍ണര്‍മാര്‍ രാഷ്ട്രീയം കളിച്ചപ്പോള്‍ ബിജെപി സര്‍ക്കാരുകളുണ്ടായി. ആര്‍ക്കും ഭൂരിപക്ഷം ഇല്ലാതെ വന്നാല്‍ മോഡി സർക്കാർ ഗവർണറെ ഉപയോഗിച്ച് കൈകാര്യം ചെയ്യുക തന്നെ ചെയ്യുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നു.
ദേശീയതലത്തിൽ എൻഡിഎ മുന്നണിയുടെ ഭാഗമായ എംഎൻഎഫ് വീണ്ടും ഭരണം പിടിച്ചാൽ ബിജെപിയും അതിന്റെ ഭാഗമാകുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ എംഎൻഎഫ് ബിജെപിയുമായി അകലം പാലിക്കുകയാണെങ്കിലും തെരഞ്ഞെടുപ്പിനു ശേഷം അവർ കൈകോർക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതുകൊണ്ടുതന്നെ സോറാം പീപ്പിൾസ് മൂവ്മെന്റുമായി സഖ്യമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. നിലവിൽ വടക്കുകിഴക്കൻ മേഖലയിലെ ഏഴു സംസ്ഥാനങ്ങളിലൊരിടത്തും കോൺഗ്രസ് അധികാരത്തിലില്ല. തിരിച്ചുവരവിനുള്ള വാതിൽ മിസോറം തുറക്കുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. അധികാരം പിടിച്ചടുക്കുക എന്ന ലക്ഷ്യത്തോടെ രാഹുൽ ഗാന്ധിയുടെ ആദ്യഘട്ട പ്രചാരണം നടന്നുവരികയുമാണ്.
മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങളെക്കാള്‍ ഇസ്രയേല്‍-ഹമാസ് യുദ്ധത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് താല്പര്യമെന്ന് രാഹുല്‍ ഗാന്ധി പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് പറഞ്ഞു. മണിപ്പൂരിനെ കുറിച്ച് കേന്ദ്രസര്‍ക്കാരിന് ആശങ്കയില്ലാത്തത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ഒരു മണ്ഡലം ഒഴിച്ച് ബാക്കി 39 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥിപ്പട്ടിക ഇന്നലെ കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ ലാൽ സവതയടക്കമുള്ളവർ പട്ടികയിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.