22 December 2024, Sunday
KSFE Galaxy Chits Banner 2

മാധ്യമനിയന്ത്രണത്തിന് ബിജെപിയുടെ പുതിയ തന്ത്രം

അനുരാധ രാമൻ
August 24, 2023 4:15 am

ന്ത്യ സ്വതന്ത്രമായതിന്റെ 77-ാം വർഷം ആഘോഷിച്ചതിന് തൊട്ടുപിന്നാലെയാണ് ഉത്തർപ്രദേശിലെ ആദിത്യനാഥ് സർക്കാർ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ‘നെഗറ്റീവ്’ വാർത്തകളെക്കുറിച്ച് അന്വേഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. സ്വാതന്ത്ര്യദിന പിറ്റേന്ന് ഓഗസ്റ്റ് 16ന് പുറപ്പെടുവിച്ച ഉത്തരവ്, ഭരണഘടനയുടെ അനുച്ഛേദം 19 പ്രകാരം അഭിപ്രായസ്വാതന്ത്ര്യം നിലനില്‍ക്കേ സർക്കാരിന് വസ്‌തുതാപരിശോധകനാകാൻ കഴിയുമോ എന്ന ചോദ്യമുയർത്തുന്നുണ്ട്.‌ ഈ അനുച്ഛേദമനുസരിച്ച് സംസാരിക്കാനും അഭിപ്രായപ്രകടനത്തിനും ഉള്ള പൗരന്‍മാരുടെ സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്കും അനുവദനീയമാണ്.

വാർത്തകളുടെ, പ്രത്യേകിച്ച് സർക്കാരിനെ വിമർശിക്കുന്നവയുടെ സത്യാവസ്ഥ രാജ്യത്ത് ആദ്യമായി ചോദ്യം ചെയ്യുന്നത് ആദിത്യനാഥ് സർക്കാരല്ല, അത് അവസാനത്തേതും ആയിരിക്കില്ല. കേന്ദ്ര സർക്കാരിന്റെ പുതിയ ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങളും ഒരു ഫാക്ട് ചെക്ക് യൂണിറ്റ് (എഫ്‌സിയു) നിയമിക്കാനുള്ള തീരുമാനവും ചോദ്യംചെയ്ത് ഒരുകൂട്ടം ഹര്‍ജികൾ ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് എന്നതാണ് രസകരമായ കാര്യം. ആക്ഷേപഹാസ്യകാരനായ കുനാൽ കമ്ര, എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, അസോസിയേഷൻ ഓഫ് ഇന്ത്യൻ മാഗസിന്‍ എന്നിവരാണ് ഹര്‍ജികള്‍ സമർപ്പിച്ചത്. സർക്കാരിന്റെ വസ്തുതാ പരിശോധനാ വിഭാഗം നിർദേശിച്ചാൽ സമൂഹമാധ്യമ ഇടനിലക്കാർ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട ഉള്ളടക്കം നീക്കം ചെയ്യുകയോ പരിഷ്കരിക്കുകയോ ചെയ്യണമെന്ന് പുതിയ വിവര സാങ്കേതിക നിയമങ്ങൾ ആവശ്യപ്പെടുന്നു. ജൂലൈ 10 വരെ വസ്തുതാ പരിശോധക വിഭാഗം പ്രാവര്‍ത്തികമാക്കുകയില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നതാണ്. പിന്നീട് സമയപരിധി ജൂലൈ 28ലേക്കും വീണ്ടും സെപ്റ്റംബർ മൂന്ന് വരെയും നീട്ടി.

ഹർജികൾ പരിശോധിക്കുന്ന ജഡ്ജിമാർ ജൂലൈ ആറിന് വാദം കേൾക്കുന്നതിനിടെ ചില ചോദ്യങ്ങള്‍ ഉന്നയിച്ചതായി ബാര്‍ ആന്റ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ‘2024 ലേക്ക് അടുക്കുമ്പോൾ, ജനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വ്യത്യസ്തമായ കാര്യങ്ങൾ പറയും. ഒരു രാഷ്ട്രീയ നേതാവ് പ്രചാരണത്തിനിടെ നടത്തുന്ന പ്രസ്താവനകളെ ഓണ്‍ലെെനില്‍ ഒരാള്‍ ചോദ്യം ചെയ്യുകയും വസ്തുതാ പരിശോധക സമിതി അത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്താൽ, അതെങ്ങനെ പ്രാവര്‍ത്തികമാകും? ഇതാണോ സർക്കാരിന്റെ ലക്ഷ്യം?’ എന്നാണ് കോടതി ചോദിച്ചത്.


ഇതുകൂടി വായിക്കൂ: സ്വകാര്യത ഹനിക്കുന്ന ഭീഷണമായ നിയമം


ബിജെപി ഭരണകൂടം വാർത്തകൾ നിയന്ത്രിക്കുന്നത് അതിന്റെ നയമാക്കിയിരിക്കുകയാണ്. വാർത്തകൾ ശരിയായതാണോ അല്ലയോ എന്ന് പരിശോധിക്കാൻ രണ്ട് വർഷം മുമ്പ് ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം സർക്കാർ സ്ഥാപനമായ പ്രസ് ഇൻഫർമേഷൻ ബ്യൂറോയ്ക്ക് (പിഐബി) നിർദേശം നൽകിയിരുന്നു. സർക്കാരിന് ജഡ്ജിയും ജൂറിയും ആയി വാർത്തകളിൽ വിധി പറയാനാകുമോ എന്ന ചോദ്യം അപ്പോഴും അവശേഷിക്കുകയാണ്. അതിനിടയിലാണ് വിവര സാങ്കേതിക വകുപ്പിനു കീഴിലെ എഫ്‌സിയു. ഇതിനെല്ലാമപ്പുറമാണ് യുപി പോലെ ഓരോ സംസ്ഥാന സർക്കാരുകളും അവരുടെ സ്വന്തം ഉത്തരവുകളും നിയമങ്ങളും ഉപയോഗിച്ച് മാധ്യമങ്ങളുടെ ‘വസ്തുത പരിശോധിക്കാൻ’ ചുവടുവയ്ക്കുന്നത്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യവും ജനാധിപത്യവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. 1988ൽ രാജീവ് ഗാന്ധിയുടെ ‘അപകീര്‍ത്തി ബിൽ’ ഉള്‍പ്പെടെ മാധ്യമങ്ങളെ നിയന്ത്രിക്കാൻ തന്നെയാണ് മാറിമാറി വന്ന സർക്കാരുകളെല്ലാം താല്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ മുന്‍കാലശ്രമങ്ങളെ വർത്തമാനത്തിൽ നിന്ന് വേർതിരിക്കുന്നത് പഴയ നീക്കങ്ങൾ എതിർക്കപ്പെട്ടിരുന്നു എന്നതാണ്. അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കാനുള്ള ശ്രമങ്ങളെ അപലപിക്കുന്ന മാധ്യമങ്ങളിൽ നിന്ന് തന്നെ അന്നൊ‌ക്കെ തിരിച്ചടിയുണ്ടായി. രാജീവ് ഗാന്ധിക്ക് നിയമനിർമ്മാണത്തില്‍ നിന്ന് പിൻമാറേണ്ടി വന്നു. അപകീർത്തി ബില്ലിനെതിരെ മാധ്യമങ്ങൾ ഒറ്റക്കെട്ടായിരുന്നു. അക്കാലത്ത്, ചോദ്യങ്ങൾ ചോദിക്കാനും സർക്കാരിനെ ഉത്തരവാദിത്തപ്പെടുത്താനും മാധ്യമപ്രവർത്തകർക്ക് ഭയമില്ലായിരുന്നു.

ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഓഗസ്റ്റ് 16ന് ഇറക്കിയ ഉത്തരവ്, വസ്തുതകൾ വളച്ചൊടിച്ചെന്നോ സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ തെറ്റായി വാര്‍ത്ത നല്‍കിയെന്നോ കണ്ടെത്തിയാൽ, മാധ്യമ സ്ഥാപനങ്ങളോട് വിശദീകരണം തേടാൻ ബന്ധപ്പെട്ട ജില്ലാ, ഡിവിഷണൽ ഭരണാധികാരികളോട് നിർദേശിക്കുന്നു. ഇത് 2024ലെ തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങളുടെ സ്വതന്ത്ര പ്രവർത്തനത്തെ മരവിപ്പിക്കും. ‘ദി വയർ’ ചൂണ്ടിക്കാണിച്ചത് ‘2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾക്കുമുമ്പേ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള ആദിത്യനാഥ് സർക്കാരിന്റെ ഏറ്റവും പുതിയ ഉത്തരവാണിത്. 2017ൽ അധികാരമേറ്റതു മുതൽ വ്യവഹാരങ്ങളും ക്രിമിനൽ കേസുകളും ഉപയോഗിച്ച് മാധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുകയാണ് ആദിത്യനാഥ്’ എന്നാണ്.


ഇതുകൂടി വായിക്കൂ: ഫാസിസം ആഗ്രഹിക്കുന്നത് ചൊല്‍പ്പടിക്കാരെ മാത്രം


ആദിത്യനാഥ് ഭരണത്തില്‍ കുറഞ്ഞത് 48 മാധ്യമപ്രവർത്തകർ ശാരീരികമായി ആക്രമിക്കപ്പെടുകയും 66 പേർക്കെതിരെ കേസെടുക്കുകയോ അറസ്റ്റുചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് 2022ൽ മാധ്യമപ്രവർത്തകരോടുള്ള ആക്രമണത്തിനെതിരായ സമിതി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. കൂട്ടബലാത്സംഗക്കേസ് റിപ്പോർട്ട് ചെയ്തതിന് വിചാരണ കൂടാതെ രണ്ട് വർഷത്തിലധികം ജയിലിൽ കിടന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ കേസ് കുപ്രസിദ്ധമാണ്. സർക്കാർ സ്കൂളിലെ വിദ്യാർത്ഥികളുടെ ദുരവസ്ഥ ചിത്രീകരിച്ചതിന് ഗൂഢാലോചനാ കുറ്റത്തിന് സ്വതന്ത്രമാധ്യമപ്രവര്‍ത്തകനായ പവൻ ജയ്സ്വാളിനെതിരെയും കേസെടുത്തിരുന്നു. മിർസാപൂർ ജില്ലയിൽ ഉച്ചഭക്ഷണമായി റൊട്ടി ഉപ്പ് ചേർത്ത് കഴിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഇത്.

മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള ബിജെപി സർക്കാരിന്റെ തീരുമാനം നിയമംവഴി രൂപീകരിച്ച സ്ഥാപനങ്ങളെ നോക്കുകുത്തികളാക്കുകയാണോ എന്ന ചോദ്യം ശക്തമായിവരികയാണ്. വാർത്തകളുടെ നിജസ്ഥിതി അന്വേഷിക്കേണ്ട അർധ‑ജുഡീഷ്യൽ ഭരണഘടനാ സ്ഥാപനമായ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്ക് (പിസിഐ) എന്ത് സംഭവിക്കും? മുൻ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള പിസിഐയെ പല്ലില്ലാത്ത സിംഹമായി അധഃപതിപ്പിക്കില്ലേ? എന്ന ചോദ്യങ്ങളും അവശേഷിക്കുന്നു.

(അവലംബം: ന്യൂസ് ക്ലിക്ക്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.