19 July 2024, Friday
KSFE Galaxy Chits Banner 2

ബിജെപിയുടെ വിഷം വിദ്യാലയങ്ങളിലും

മെഹബൂബ മുഫ്തി
August 27, 2023 4:15 am

മൂഹമാധ്യമങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ, ഗ്രീസിലെ ഒരു കുട്ടി ഹിന്ദിയിൽ പാടുന്നതും പ്രധാനമന്ത്രി നരേന്ദ്ര മോഡി ശ്രദ്ധയോടെ കേൾക്കുന്നതുമായ മനോഹര വീഡിയോ ഞാൻ കണ്ടു. പെൺകുട്ടിയോട് ഇടപഴകുമ്പോൾ അദ്ദേഹത്തിന്റെ മുഖം സന്തോഷവും അഭിമാനവും കൊണ്ട് തിളങ്ങുന്നുണ്ടായിരുന്നു. അതേസമയം തന്നെയാണ് ഉത്തർപ്രദേശിലെ ഒരു വിദൂര ഗ്രാമത്തിലെ സ്കൂളില്‍, അധ്യാപിക, സഹപാഠികളെക്കൊണ്ട് തന്നെ തല്ലിക്കുമ്പോള്‍ ഒരു കുട്ടി നടുങ്ങിപ്പോകുന്ന വീഡിയോ പുറത്തുവന്നത്. അത് അദ്ദേഹം അറിഞ്ഞിട്ടുണ്ടാകില്ല. അടികൊണ്ട കുട്ടി മുസ്ലിമാണെന്നും അധ്യാപിക മുസ്ലിങ്ങളെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയതും വീഡിയോയുടെ ഭീകരത കൂട്ടി. ആ കുട്ടിയുടെ മുഖത്ത് കണ്ണീർ നിറഞ്ഞിരുന്നുവെങ്കിലും, കണ്ണീര്‍മഴ പെയ്യാത്തത് ശക്തമായ അടി കൊടുക്കാതെയാണെന്ന് അധ്യാപിക ഒരു സഹപാഠിയെ പരിഹസിക്കുന്നുണ്ട്.


ഇതുകൂടി വായിക്കൂ: തൊഴില്‍ ചോദിച്ചപ്പോള്‍ അവര്‍ കൊടുത്തത് ബുള്‍ഡോസര്‍: കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി


ജനരോഷത്തെത്തുടര്‍ന്ന് മുസഫർനഗർ ജില്ലയിലെ സ്കൂൾ സന്ദർശിച്ച പൊലീസ് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പറയുന്നു. തീർച്ചയായും, ഇര ഒരു ഹിന്ദുവും കുറ്റവാളി മുസ്ലിമും ആയിരുന്നെങ്കിൽ, അധ്യാപികയെ ഉടന്‍ അറസ്റ്റ് ചെയ്യുകയും അവരുടെ വീട് ബുൾഡോസർ ഉപയോഗിച്ച് നശിപ്പിക്കുകയും ചെയ്യുമായിരുന്നു. കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് ഭയമോ, അറിവില്ലായ്മയോ കൊണ്ട് നടപടിയെടുക്കാൻ കഴിയാത്തത് ന്യൂനപക്ഷങ്ങൾക്കും അവരെ സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ള നിയമസ്ഥാപനങ്ങൾക്കും ഇടയിലുള്ള വിശ്വാസത്തകർച്ചയുടെ പ്രതീകമാണ്. മകനെ സ്കൂളിൽ പോകുന്നത് വിലക്കുകയെന്ന മാര്‍ഗമാണ് അവര്‍ സ്വീകരിച്ചത്. ഒരുപക്ഷേ, സംഘ്പരിവാറിന്റെ മതാന്ധര്‍ പ്രതീക്ഷിച്ചതും ഇതായിരിക്കും. കർണാടകയിലെ ‘ഹിജാബ് വിവാദ’ത്തിന് ശേഷം നിരവധി മുസ്ലിം പെൺകുട്ടികളെ വിദ്യാഭ്യാസം അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചതും ഇതേ അവസ്ഥയാണ്.


ഇതുകൂടി വായിക്കൂ: അംബേദ്കറില്‍ നിന്ന് സവര്‍ക്കറിലേക്ക്


കേന്ദ്രത്തിലെ മോഡി സർക്കാർ ന്യൂനപക്ഷങ്ങൾക്കായി നീക്കിവച്ചിരുന്ന പല സ്കോളർഷിപ്പുകളും ഇതിനകം റദ്ദാക്കിയിട്ടുണ്ട്. അവരുടെ ശാക്തീകരണത്തിലേക്കുള്ള പാതയിലെ നിർണായക ചുവടുവയ്പായിരുന്നു സ്കോളര്‍ഷിപ്പുകള്‍. എന്നാൽ 2014 മുതൽ ബിജെപി ആളിക്കത്തിച്ച വിദ്വേഷത്തിന്റെ തീജ്വാലകൾ ഇപ്പോൾ സ്കൂളുകള്‍ എന്ന സുരക്ഷിത സങ്കേതത്തെയും നശിപ്പിച്ചിരിക്കുന്നു. ജനാധിപത്യത്തിന്റെ മാതാവ് എന്ന് വിളിക്കപ്പെടുന്ന രാജ്യം എങ്ങനെയാണ് ഈ മലീമസമായ അവസ്ഥയിൽ എത്തിയത്? മുന്‍കൂട്ടി തയ്യാറാക്കിയ കലാപങ്ങൾ പോരാഞ്ഞിട്ട്, മുസ്ലിങ്ങളെ തെറ്റായി ചിത്രീകരിക്കുന്നതും പൈശാചികവൽക്കരിക്കുന്നതുമായ സിനിമകളിലൂടെയുള്ള പ്രചാരണവും ബിജെപി ഉൾപ്പെടുത്തിയിരിക്കുന്നു. അല്ലെങ്കില്‍ ദ കശ്മീർ ഫയൽസ്, 72 ഹൂറൈൻ, കേരള സ്റ്റോറി തുടങ്ങിയ മുസ്ലിം വിരുദ്ധ സിനിമകൾ പാർട്ടിയുടെ ഉന്നതർ പ്രചരിപ്പിക്കുന്നത് എന്തിനു വേണ്ടിയാണ്. കശ്മീരി മുസ്ലിങ്ങളെ അപകീർത്തിപ്പെടുത്തുന്ന കശ്മീർ ഫയൽസിന് ‘ദേശീയോദ്ഗ്രഥന’ത്തിനുള്ള സമ്മാനവും നല്‍കി. രാജ്യത്തിന് നാണക്കേടാകുന്ന തരത്തിലുള്ള ന്യൂനപക്ഷ ആക്രമണം മഹത്വവല്‍ക്കരിക്കപ്പെടുകയും ദേശീയാഭിമാനത്തിന്റെ പ്രതീകങ്ങളായി മാറ്റപ്പെടുകയും ചെയ്യുന്നു. അടുത്ത വർഷം പൊതുതെരഞ്ഞെടുപ്പില്‍, ഏറെക്കാലം ഗാന്ധിമാര്‍ഗം നയിച്ചിരുന്ന ഒരു രാജ്യത്തിന്റെ കൂട്ടായ ബോധത്തിന് കളങ്കമുണ്ടാക്കുന്ന ഇത്തരം സംഭവങ്ങളായിരിക്കും ഭരണകക്ഷിയുടെ പ്രചരണായുധങ്ങള്‍. ബിജെപി ചൊരിയുന്ന വിഷം കുട്ടികളില്‍ പോലും പടരുമെന്ന് ഇതുവരെ കരുതിയിരുന്നില്ല. നമ്മുടെ ശാസ്ത്രജ്ഞരുടെ നിശ്ചയദാർഢ്യം ഇന്ത്യ വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയെന്ന് ഉറപ്പാക്കുമ്പോൾ, ഇത്തരം രാഷ്ട്രീയക്കാർ നമ്മെ ഇരുണ്ട യുഗത്തിലേക്ക് തിരികെക്കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ബിജെപി സര്‍ക്കാരിന്റെ 10 വർഷത്തെ ദയനീയ പ്രകടനം കണക്കിലെടുക്കുമ്പോൾ, അതിന്റെ തെരഞ്ഞെടുപ്പ് തന്ത്രം പ്രധാനമായും മതധ്രുവീകരണത്തിലും വർഗീയാഗ്നി ആളിക്കത്തിക്കുന്നതിലും ഊന്നിയുള്ളതായിരിക്കും. കർണാടക തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് ശേഷമുള്ള പരിഭ്രാന്തിയില്‍ നിന്ന് വിദ്വേഷത്തിന്റെ എല്ലാ മാര്‍ഗങ്ങളും തുറന്നിരിക്കുകയാണവര്‍. ആ വിഷം നമ്മുടെ സ്കൂളുകളിലും എത്തിയിരിക്കുന്നു.

(അവലംബം: ദ വയര്‍)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.