12 May 2024, Sunday

നിമിഷപ്രിയയുടെ മോചനത്തിന് ഏകമാര്‍ഗം ‘ബ്ല ഡ് മണി’

Janayugom Webdesk
ന്യൂഡല്‍ഹി
November 18, 2023 9:47 pm

യെമന്‍ പൗരന്റെ കൊലപാതകത്തില്‍ വധശിക്ഷയ്ക്ക് വിധിപ്പെട്ട് സന ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനുള്ള ഏക പോംവഴി ‘ബ്ലഡ് മണി‘യാണെന്ന് അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍. യെമനിലെ ആഭ്യന്തര കലാപം മൂലം കേസ് നടത്തിപ്പ് ഫലപ്രദമായില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.

യെമന്‍ സുപ്രീം കോടതിയും വധശിക്ഷ ശരിവച്ചതോടെ മരിച്ചയാളുടെ കുടുംബവുമായി ചര്‍ച്ച നടത്തി ശരിയത്ത് നിയമ പ്രകാരം ബ്ലഡ് മണി സംബന്ധിച്ച് ധാരണയിലെത്തിയാലേ നിമിഷപ്രിയയുടെ മോചനം സാധ്യമാകൂ. ഇതിനായി അവരുടെ അമ്മയ്ക്ക് യെമന്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2016 മുതല്‍ ഇന്ത്യന്‍ പൗരന്മാര്‍ യെമന്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദോ മെഹദിയെ നിമിഷപ്രിയ മയക്കുമരുന്ന് കുത്തിവച്ച് കൊന്നുവെന്ന കേസുണ്ടായത്. സ്‌പോണ്‍സറായ തലാലില്‍ നിന്നും സാമ്പത്തികമായും ശാരീരികമായും പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നതോടെ രക്ഷപ്പെടാന്‍ പാസ്‌പോര്‍ട്ട് കൈക്കലാക്കാനാണ് മയക്കുമരുന്നു കുത്തിവച്ചത്. എന്നാല്‍ ഡോസ് കൂടിയതിനാല്‍ തലാല്‍ മരിച്ചു. യെമനിലെ ആഭ്യന്തര കലാപങ്ങളെത്തുടര്‍ന്നാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. ഭര്‍ത്താവും കുട്ടിയും നാട്ടിലേക്ക് മടങ്ങിയെങ്കിലും നിമിഷപ്രിയ യമനില്‍ തുടരുകയായിരുന്നു. ആഭ്യന്തര സംഘര്‍ഷം മൂലം ഹൂതി വിമതരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന സന ജയിലില്‍ തടവിലായിരുന്ന ഇവര്‍ക്ക് വേണ്ട രീതിയില്‍ കേസ് വാദിക്കാന്‍ സാധിച്ചില്ലെന്നും സുഭാഷ് ചന്ദ്രന്‍ വ്യക്തമാക്കി. 

Eng­lish Summary:‘Blood mon­ey’ is the only way to release Nimishipriya
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.