
‘കുടിയൊഴിപ്പിക്കൽ’ മലയാളി വായിക്കാൻ തുടങ്ങിയിട്ട് എത്രകാലമായി. അങ്ങനൊരു കാവ്യം തന്നതിന് മഹാകവിയോട്, മലയാളം ആദരവോടെ നിൽക്കുന്നു. ഇവിടെ മറ്റൊരു കുടിയൊഴിപ്പിക്കലിന്റെ കഥയാണ്. അക്ഷരങ്ങളെ കുടിയൊഴിപ്പിക്കൽ പാലക്കാട്ട് ആസൂത്രണം ചെയ്യപ്പെടുന്നു. പണ്ട് കുടിയാന്മാരെ കുടിയിറക്കുമ്പോൾ കാണുന്ന മനുഷ്യദൈന്യം, കേരളത്തിൽ ഇന്ന് ഏതാണ്ട് അന്യമാവുകയാണ്. നന്നായി, ഈ ഭൂമി എല്ലാവരുടേതും കൂടിയാണല്ലോ. വൈക്കം മുഹമ്മദ് ബഷീർ ‘ഭൂമിയുടെ അവകാശികൾ’ എന്നാണ് നാം ഉയർത്തിയ ചോദ്യം. എല്ലാ മനുഷ്യരും എന്ന ഉത്തരവും.
പാലക്കാട്ട് മറ്റൊരു കുടിയൊഴിപ്പിക്കലിന്റെ കേളികൊട്ട് തുടങ്ങിയപ്പോഴേ അക്ഷരസ്നേഹികൾ പടയിളകി വന്നു. എഴുപതാണ്ടിലധികമായി നിലനിന്നുവന്നിരുന്ന പാലക്കാട് പബ്ലിക് ലൈബ്രറി, മുനിസിപ്പാലിറ്റിയുടെ കുടിയിറക്ക് ഭീഷണിയിലാണ്. ഏതാണ്ട് 75,000 ത്തിലധികം പുസ്തകങ്ങൾക്ക് വീടായിരിക്കുന്ന ഈ പബ്ലിക് ലൈബ്രറി, ഉടൻ അടച്ചുപൂട്ടാനാണ് മുനിസിപ്പാലിറ്റി ഉത്തരവ്. പുസ്തകങ്ങളോ! അതവർക്കറിയേണ്ട. അതൊക്കെ തെരുവിലിറങ്ങിക്കോട്ടെ. ഉത്തരവ് വന്നത് നല്ല സമയത്താണ്. വിദ്യാരംഭസമയത്ത് മഹാനവമി, വിദ്യാരംഭം എന്നിവയ്ക്കു തൊട്ടു മുമ്പ് ഗ്രന്ഥഹത്യ നടക്കണമത്രേ.
മുനിസിപ്പാലിറ്റിയുടെ വാദം വിചിത്രമാണ്. നഗരത്തിന്റെ മധ്യമായ സുൽത്താൻപേട്ടയിൽ ഒരു കെട്ടിടത്തിന്റെ ഭാഗമായാണ് പബ്ലിക് ലൈബ്രറി ഏതാണ്ട് 75,000 പുസ്തകങ്ങളുമായി പ്രവർത്തിക്കുന്നത്. കെട്ടിടത്തിനു കാലപ്പഴക്കമുണ്ടെന്ന കാരണം പറഞ്ഞ്, ആ കെട്ടിടസമുച്ചയം മുഴുവനും പൊളിച്ചുമാറ്റുന്നു. അതിലേക്കുള്ള പ്രവേശനമാർഗമായി ഈ ലൈബ്രറിയും പൊളിച്ചാൽ നിലവിൽ വരുന്ന കൊമേഴ്സ്യൽ കോംപ്ലക്സ് ഗംഭീരമാവും. വാണിജ്യ സമുച്ചയത്തിനായി ലൈബ്രറി തകർക്കണം. അപ്പോൾ പുസ്തകങ്ങളോ? അവിടെ നിത്യേനയെന്നോണം വരുന്ന വായനക്കാരോ? സ്ഥിരമായി നടക്കുന്ന മീറ്റിങ്ങുകളോ? അതൊന്നും അവർക്കു പ്രശ്നമല്ല. സകലതും ഉടനെ മാറ്റാൻ നോട്ടീസ് നൽകിക്കഴിഞ്ഞു. ഒരു ഭാഗത്ത് മുനിസിപ്പാലിറ്റിയുടെ വാണിജ്യ താല്പര്യം. മറുഭാഗത്ത് പാലക്കാട്ടെ പുസ്തക പ്രേമികളുടെ പ്രതിഷേധം.
ഇതിനിടെ ഒരു പിൻനോട്ടം ആവശ്യമായി വരുന്നു. 1982ലാണ് എൽഎൽഎയുടെ കീഴിൽ ഈ പൊതു പുസ്തകാലയം നിലവിൽ വന്നത്. ഏതാണ്ട് നാല്പതാണ്ടുകൾക്ക് മുമ്പ്. അതിനും പിന്നിൽ ഒരു ചെറുചരിത്രമുണ്ട്. അതെന്റെ കൂടി വ്യക്തിപരമായ ഓർമ്മയാണ്. എഴുപതുകളുടെ ഉത്തരാർധം. മുപ്പതിനായിത്തോളം പുസ്തകങ്ങൾ പട്ടിക്കരയിലെ ഒരു വീട്ടിൽ കൂട്ടിയിട്ടിരിക്കുന്നതായി അറിഞ്ഞു. ഞങ്ങൾ ഏതാനും പേർ അവിടെ എത്തി. അതിനകത്ത് വെളിച്ചമില്ല. പാമ്പുണ്ടെന്നും ഈ പുസ്തകങ്ങൾ ഭയങ്കര ശല്യമായെന്നും തദ്ദേശീയർ. തുടർന്ന് ഒട്ടേറെ ശ്രമങ്ങൾ ഞങ്ങളെല്ലാവരും ചേർന്നുനടത്തിയിട്ടാണ്, പുസ്തകങ്ങളെ ‘വിലാപയാത്ര’യായി പിഎംജി സ്കൂളിലെ ഒരു ഭാഗത്ത് സ്ഥാപിച്ചത്. അവിടെയും സ്ഥലക്കുറവ് പ്രശ്നമായതോടെ പുസ്തകങ്ങൾ കുടിയിറക്ക് ഭീഷണിയിലായി.
പിന്നെയും അന്വേഷണങ്ങൾക്കൊടുവിൽ എത്തിച്ചേർന്നത് ഇപ്പോഴത്തെ കെട്ടിടത്തിലാണ് അന്നത് മീൻമാർക്കറ്റായിരുന്നു. ലൈബ്രറിയുടെ ‘മത്സ്യാവതാര’മായാലും വേണ്ടില്ലെന്നു തീരുമാനിച്ചു. അന്നത്തെ പരിശ്രമത്തിൽ ഒട്ടേറെ പൊതുപ്രവർത്തകരും ഉണ്ടായിരുന്നു. കൃത്യമായോർക്കുന്ന ഒരു വ്യക്തി പിൽക്കാലങ്ങളിൽ അധ്യാപക നേതാവായി ഉയർന്ന റഷീദ് കണിച്ചേരി എന്ന അധ്യാപകനായിരുന്നു. വളരെ പ്രസന്നമായൊരു ‘പൊതുമുഖ’മായിരുന്നു. നല്ല വായന, സുന്ദരൻ പ്രസംഗം. പിൽക്കാലങ്ങളിൽ ഇടതുപക്ഷ നേതൃത്വത്തോടൊപ്പം നിന്ന് ഉയർന്നുപോയ അദ്ദേഹം ഇതിനായി കഠിനമായി ശ്രമിച്ചു.
അപ്പോഴും ആ കെട്ടിടം വിട്ടുകിട്ടാൻ കടമ്പകളുണ്ടായിരുന്നു. ഞങ്ങളും വിട്ടുകൊടുത്തില്ല. പുസ്തകങ്ങൾ അനാഥമായാൽ ഞങ്ങൾ സുൽത്താൻ പേട്ട ജങ്ഷനിൽ നിന്ന് മുനിസിപ്പാലിറ്റി ഓഫിസ് വരെ ശയനപ്രദക്ഷിണം നടത്തുമെന്ന്, ഒരു ധെെര്യത്തിന് പറഞ്ഞു. അന്നത്തെ മുനിസിപ്പൽ എന്‍ജിനീയർ കെ വാസുദേവൻ എന്ന സഹൃദയൻ ഈ സംരംഭകത്തിനൊപ്പമായിരുന്നു. അദ്ദേഹം വഴികണ്ടു. പുസ്തകങ്ങള ഒരുവിധം ഈ കെട്ടിടത്തിലെത്തിച്ചു. ഉള്ള സൗകര്യത്തിൽ പ്രവർത്തനം തുടങ്ങി. ലോക്കൽ ലെെബ്രറി അതോറിട്ടിയുടെ കീഴിലായിരുന്നു ലെെബ്രറി. വളരെ കുറച്ച് സ്റ്റാഫ്. അവർക്കുതന്നെ ശമ്പളം തുച്ഛം. എന്നാലും ലെെബ്രറി സജീവമായിത്തുടങ്ങി.
പിന്നെയും പ്രശ്നങ്ങൾ തന്നെയായിരുന്നു. സ്റ്റാഫിന് ശമ്പളമില്ല. വായിക്കാൻ വരുന്നവർക്ക് അത്യാവശ്യ സൗകര്യങ്ങളില്ല, വെെദ്യുതി കണക്ഷൻ ദുർബലം, ഓരോന്നോരോന്നായി പ്രശ്നങ്ങൾ തീർന്നുതുടങ്ങി. പലരും കെെനീട്ടി വന്നു. അതിനിടയിൽ ചെറുപ്പക്കാരായിരുന്ന ചില അസി. കളക്ടർമാർ (ടി കെ മനോജ് കുമാർ ഐഎഎസ് അടക്കം) കഴിയാവുന്ന തരത്തിലൊക്കെ ഈ ഗ്രന്ഥപ്പുരയെ സഹായിച്ചു.
ക്രമേണ അവിടെ വായനകളും ചർച്ചകളും സെമിനാറുകളും ആരംഭിച്ചു. നാടകപ്രവർത്തനങ്ങൾ തുടങ്ങി. നഗരത്തിന്റെ ഹൃദയമിടിപ്പായി ഈ സ്ഥലം മാറാൻ തുടങ്ങി. പ്രൊഫ. പി കെ ബാലകൃഷ്ണൻ, പുതിയ തലമുറയിലെ പുത്തൂർ രവി, ദാസ് മാട്ടുമന്ത തുടങ്ങി ഒട്ടേറെപേർ സാരഥ്യത്തിലെത്തി. കൂടുതൽ ചെറുപ്പക്കാരും വായനക്കാരും പൊതുസദസും വന്നുചേർന്നതോടെ ഈ സ്ഥാപനം പുതിയ പ്രതാപത്തിലെത്തി.
ഇതൊക്കെ ഏതാണ്ട് നാല് പതിറ്റാണ്ടുകളിലൂടെ ഉണ്ടായ പുരോഗതിയുടെ സൃഷ്ടിയാണ്. തുടക്കത്തിനുശേഷം ഒരു തലമുറ തന്നെ കാലം ചെയ്തു. പുതിയവർ വന്നു. അപ്പോഴാണ് നഗരസഭ ‘എവിക്ഷൻ’ തിട്ടൂരവുമായി വരുന്നത് ഉടനെ മാറണം. എങ്ങോട്ട് മാറണമെന്ന് അവർക്കറിയണ്ട. പുസ്തകങ്ങളോ? എന്തുചെയ്താലും വേണ്ടില്ല. വാണിജ്യ കെട്ടിടത്തിന് ഭംഗം വരരുത്. പണം വേണം, നികുതി വേണം, എല്ലാം ഉടൻ.
പൊതുജനമുണ്ടല്ലോ ഇവിടെ. ഒരിക്കലും കീഴടങ്ങില്ലെന്ന വാശിയുമായി ഞങ്ങൾ സംഘടിച്ചു. കോട്ട മെെതാനത്തെ അഞ്ചുവിളക്കിനടുത്ത് വൻ സമ്മേളനം ചേർന്ന് പ്രതിഷേധം ശക്തമാക്കി. കൃത്യമായി നല്ല സ്ഥലം കിട്ടാതെ ലെെബ്രറി തൊടാനനുവദിക്കുന്നില്ല. നഗരസഭയ്ക്ക് കാര്യം എളുപ്പമല്ലെന്ന് മനസിലായി. അവർ ഗ്രന്ഥശാല ഭാരവാഹികളുമായി ചർച്ച നടത്തി. എല്ലാം ശരിയാക്കാമെന്ന ധാരണയിലായി.
എന്തായാലും ഈ മഹാഗ്രന്ഥ സമ്പത്ത് അനാഥമാക്കാൻ ഞങ്ങൾ അനുവദിക്കില്ല. ആവുംവിധം എതിർക്കും. അംബേദ്കർ ഒപ്പിട്ട ഇന്ത്യൻ ഭരണഘടനയുടെ കോപ്പി പോലും ഇവിടെയുണ്ട്.
ഒരുകാലത്ത് മുനിസിപ്പാലിറ്റി അനുവദിച്ച സ്ഥലത്തുനിന്ന് അതേ മുനിസിപ്പാലിറ്റി തന്നെ ഗ്രന്ഥപ്പുരയെ അനാഥമാക്കാൻ ശ്രമിക്കുന്നു. എന്തൊരു സാംസ്കാരിക ച്യുതിയാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.