22 November 2024, Friday
KSFE Galaxy Chits Banner 2

പി കൃഷ്ണപിള്ളയുടെ ധീരതകളും ‘സിഐഡി‘യായ കമ്മ്യൂണിസ്റ്റുകാരനും

Janayugom Webdesk
September 16, 2022 5:45 am

1940 സെപ്റ്റംബർ 15ലെ മർദ്ദനപ്രതിഷേധ പ്രകടനങ്ങളിലും പൊലീസുമായുള്ള സംഘട്ടനങ്ങളും നടന്ന മൊറാഴയും തലശേരിയും മട്ടന്നൂരും പഴയ ചിറക്കൽ‑കോട്ടയം താലൂക്കുകൾ ഉൾപ്പെടുന്ന ഇന്നത്തെ കണ്ണൂർ ജില്ലയിലാണെങ്കിലും അവ തമ്മിൽ 15–20 നാഴികയുടെ അകലമുണ്ട്. മൂന്നിടത്തും നിരോധനാജ്ഞ ലംഘിച്ചതും പൊലീസ് കടന്നാക്രമിച്ചപ്പോൾ തിരിച്ചടിച്ചതും, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒളിവുകാല (അണ്ടർഗ്രൗണ്ട്) നേതൃത്വത്തിന്റെ കാര്യക്ഷമതയാണ് വെളിപ്പെടുത്തുന്നത്. ഈ പ്രതിഷേധത്തിന്റെ പ്രധാന മുദ്രാവാക്യങ്ങൾ: ജന്മിത്തം നശിക്കട്ടെ, മുതലാളിത്തം തകരട്ടെ, സാമ്രാജ്യത്വം തുലയട്ടെ എന്നിവയായിരുന്നു. രണ്ടു മണിക്കൂറെങ്കിലും നീണ്ടുനിന്നു, മൊറാഴയിലെ അഞ്ചാം പീടികയെന്ന ആ കുടുസായ അങ്ങാടിയിൽ ഒരുഭാഗത്തു പൊലീസും മറുഭാഗത്ത് ജനക്കൂട്ടവും രണ്ടുചേരിയായി നിന്നു നടത്തിയ ആ ബലപരീക്ഷ. വെടിപൊട്ടിയപ്പോഴും ആരും ഓടിയില്ല. സബ്ഇൻസ്പെക്ടറുടെ തീ വമിക്കുന്ന കെെത്തോക്ക്, ഉരുളൻകല്ലിന്റെ ഏറുകൊണ്ട് തെറിച്ചുവീണു. കാര്യബോധമൊന്നും വരാത്ത കാലമായിരുന്നു. എങ്കിലും ഒരദൃശ്യഹസ്തം, അദൃശ്യമായ ഒരാജ്ഞാശക്തി, ജനക്കൂട്ടത്തിന്റെ ധീരോദാത്തമായ ആ ചെറുത്തുനില്പിനു പിന്നിൽ പ്രവർത്തിക്കുന്നില്ലേ എന്ന് പലര്‍ക്കും തോന്നിയിരുന്നു. അത് മറ്റാരുമായിരുന്നില്ല, സഖാവ് പി കൃഷ്ണപിള്ള തന്നെയായിരുന്നു. മൊറാഴയിൽ സംഘട്ടനം നടക്കുമ്പോൾ കൃഷ്ണപിള്ള അവിടെ ഉണ്ടായിരുന്നു; ഒളിവിൽ, അഞ്ചാംപീടികയിൽ നിന്നു വിളിപ്പാടകലെയുള്ള ഒരുവീട്ടില്‍. 1940ലെ ജനകീയ മുന്നേറ്റത്തിന്റെ ജീവൻ കൃഷ്ണപിള്ളയായിരുന്നു.

മൊറാഴ, മട്ടന്നൂർ തുടങ്ങി നിരവധി സമരങ്ങളുടെ നേതൃത്വം സഖാവിന്റേതായിരുന്നുവെന്ന് മൊറാഴക്കേസിലെ ഒന്നാം പ്രതിയായിരുന്ന കെപിആർ ഗോപാലൻ പറഞ്ഞുവച്ചിട്ടുണ്ട്. മോറാഴ സംഭവത്തെ തുടര്‍ന്ന് ആ പരിസരങ്ങളിലെല്ലാം ഭീകരമായ പൊലീസ് വേട്ടയാണ് നടന്നുകൊണ്ടിരുന്നത്. പല വീടുകളിലും പുരുഷന്മാര്‍ക്കു മാത്രമല്ല സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുപോലും രക്ഷയില്ലാത്ത വിധം പൊലീസ് വേട്ടയായിരുന്നു. മൊറാഴ, അഞ്ചാംപീടിക, കാനൂല്‍, പറശ്ശിനിക്കടവ് എന്നിവിടങ്ങളിലെല്ലാം പൊലീസ് തേര്‍വാഴ്ച. റിസർവ് പൊലീസ് വലയം ചെയ്ത ഒരു തുരുത്തായി മാറിയിരുന്നു മൊറാഴയും ചുറ്റുപാടുമുള്ള പ്രദേശങ്ങളും. സംഭവം നടക്കുന്നതിന് ആഴ്ച മുമ്പുതന്നെ മൊറാഴയുടെ തൊട്ടടുത്തുള്ള വസതിയില്‍ ഒളിവിലാണ് കൃഷ്ണപിള്ള. ഒളിവിലായിരിക്കുമ്പോഴും തെളിവിലെന്നതുപോലെയും അസാധാരണ ധീരതയോടെയും പ്രവര്‍ത്തിച്ചിരുന്ന പോരാളിയായിരുന്നു അദ്ദേഹം. സെപ്റ്റംബര്‍ 15 ന് സംഭവം നടന്നതിന്റെ പിറ്റേന്നുതന്നെ സഖാവിനെ സുരക്ഷിതമായ മറ്റൊരു സങ്കേതത്തിൽ എത്തിക്കണമെന്ന് എസ്കോര്‍ട്ടു പോകാന്‍ ചുമതലപ്പെട്ട സഖാക്കള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു. പക്ഷേ ദിവസങ്ങൾ നാലു കഴിഞ്ഞിട്ടും കൃഷ്ണപിള്ളയെ കാണുന്നതിനോ പുറത്തെത്തിക്കുന്നതിനോ സഖാക്കള്‍ക്ക് സാധിക്കുന്നില്ല. അത്രയ്ക്കധികം പൊലീസുകാരും രഹസ്യ പൊലീസുകാരുമാണ് പ്രദേശത്ത്. ഉപരോധിത മേഖലയിൽനിന്നു പുറത്തുകടക്കാൻ ഒരു പഴുതും കാണാത്തതുകൊണ്ട് സഖാക്കള്‍ കുഴങ്ങി. ഗുരുതരമായ ഒരു കൃത്യവിലോപം ചെയ്തിരിക്കുന്നു എന്ന് എസ്കോര്‍ട്ടായി പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ക്ക് കുറ്റബോധം തുടങ്ങുന്ന സ്ഥിതിയായിരുന്നു. ഒടുവില്‍ നാലാം ദിവസമാണ് എസ്കോര്‍ട്ടുകളില്‍ ഒരാള്‍ കൃഷ്ണപിള്ളയുടെ മുമ്പിൽ ചെന്നത്. തികഞ്ഞ കുറ്റബോധത്തോടെയായിരുന്നു അത്.


ഇതുകൂടി വായിക്കൂ:പാര്‍ട്ടി പ്രവര്‍ത്തകരുടെ പിശാചുപേടിയും ചീട്ടുകളി ഭ്രാന്തും


എന്നാല്‍ സഖാവ് തട്ടിക്കേറിയില്ല. എല്ലാം കേട്ടു. “ഇത്രേ ഉള്ളോ” എന്ന മട്ടിൽ ഒന്നു ചിരിച്ചു. എന്നിട്ട്, ഇപ്പോൾത്തന്നെ പുറപ്പെടണമെന്നും പറഞ്ഞു. എസ്കോര്‍ട്ട് സഖാവ് നടുങ്ങിപ്പോയി. പത്രത്തിൽ വരാവുന്ന തലക്കെട്ടുകൾ ഓർത്തു. പുറത്തിറങ്ങിയാൽ സഖാവ് പൊലീസിന്റെ പിടിയിലാണെന്ന കാര്യത്തിൽ സംശയമില്ല. എങ്കിലും കൃഷ്ണപിള്ള നിശ്ചയ ദാര്‍ഢ്യത്തോടെ പറഞ്ഞു. “സാരമില്ല, താൻ എന്റെകൂടെ വന്നാൽമതി, ” എസ്കോർട്ടിന്റെ പരിഭ്രമം കണ്ട് കൃഷ്ണപിള്ള സമാധാനിപ്പിച്ച് ഇറങ്ങിനടന്നു. കോലത്തുവയലിന്റെ വടക്കേ അറ്റത്തുനിന്ന് പാപ്പിനിശേരി റയിൽവേ സ്റ്റേഷനിൽ ചെന്നുമുട്ടുന്ന തെക്കേ അറ്റംവരെ. പിന്നെ കടക്കേണ്ടത്, വളപട്ടണം പാലം. ഇന്നത്തെപ്പോലെ ബസും ലോറിയും പായുന്ന റോഡുപാലമായി അത് മാറിയിരുന്നില്ല. സ്ലീപ്പറുകൾ പാവിയ റയിൽപാളം. യാത്രക്കാർ പാലം ഉപയോഗിക്കാറില്ല. കടത്ത് വേറെയുണ്ട്. കൃഷ്ണപിള്ളയും എസ്കോര്‍ട്ടും പാലം കടന്ന് അക്കരെ പറ്റിയപ്പോൾ രണ്ടുപേർ എതിരെവന്നു. എസ്കോർട്ടിന്റെ തൊണ്ടവരണ്ടു, വന്നവർ വഴിതടഞ്ഞപ്പോൾ “എവിടുന്നുവരുന്നു ഈ പാതിരാത്രി? ” ഭീഷണിനിറഞ്ഞ ചോദ്യം പൊലീസാണോ? “ആരാണെന്നു പറയണം”, കർശനമായിരുന്നു കല്പന. “ചോദിക്കാൻ താനാരാ? ”, കൃഷ്ണപിള്ളയുടെ കനത്ത സ്വരത്തിലുള്ള വെല്ലുവിളി. അത്രയേ പറഞ്ഞുള്ളു, വഴിമുടക്കിയവർ മാറിനിന്നു. തിരിഞ്ഞുനോക്കാതെ നടന്നുപോന്നു. കുറേ ചെന്നപ്പോൾ എസ്കോർട്ടിനോടു പറഞ്ഞു. “രക്ഷപ്പെട്ടു, അല്ലേ? ” “ഇത്തരം സന്ദർഭങ്ങളിൽ ചൂളിപ്പോയാൽ, തീർന്നു, ” അർത്ഥഗർഭമായ ഒരു കമന്റും പാസാക്കി. സെപ്റ്റംബർ 15നെ തുടർന്ന് പഴയ ചിറക്കൽ, കോട്ടയം (തലശേരി) താലൂക്കുകളിലെ പല ഭാഗങ്ങളിലും പെെശാചികമായ പൊലീസ് മർദ്ദനം നടന്നു. തലതാഴ്ത്തിയിരുന്ന ജന്മിവർഗം തഞ്ചംനോക്കി പത്തിപൊക്കി.

കള്ളക്കേസുകൾ വന്നു. വീടുപരിശോധനകൾ നടന്നു. ഭീഷണികളും ലോക്കപ്പുമർദ്ദനങ്ങളും സാർവത്രികമായി. കമ്മ്യൂണിസ്റ്റ് പാർട്ടി ഒളിവിലിരുന്നു പ്രസ്ഥാനത്തെ നയിച്ചു. പൊലീസ് ഭീകരവാഴ്ചമൂലം പാർട്ടികേന്ദ്രം ആദ്യം സ്ഥാപിച്ചിരുന്ന പ്രദേശത്തുനിന്നും അക്കാലത്ത് മാറ്റേണ്ടിവന്നു. കീഴ്ഘടകങ്ങൾ പലതും ഈ ഘട്ടത്തിൽ ഉലഞ്ഞുപോയി. ചിലതു താറുമാറായി. മൂന്നുമാസത്തെ നിരന്തരപ്രവർത്തനം വേണ്ടിവന്നു, വീണ്ടും ശക്തമായ പാർട്ടിസംഘടന കെട്ടിപ്പടുക്കാൻ. മൊറാഴ സംഭവത്തെത്തുടർന്ന് കാസർകോട് താലൂക്കിന്റെ തെക്കൻഭാഗത്തും പൊലീസ് മർദ്ദനം ഉണ്ടായിരുന്നു. പുതുതായി ഉണ്ടാക്കിയ കർഷകപ്രസ്ഥാനത്തെ അതു ശിഥിലമാക്കി. സംഘടനാപരിചയമില്ലാത്ത കർഷകപ്രവർത്തകന്മാർക്ക് രഹസ്യസംഘടനയിൽ പ്രവർത്തിക്കാനുള്ള ട്രെയിനിങ് ക്ലാസ്, മലബാറിലെ മറ്റു താലൂക്കുകളിലെന്നപോലെ കാസർകോട് താലൂക്കിലും സംഘടിപ്പിച്ചത് കൃഷ്ണപിള്ളയായിരുന്നു. സഖാവ് വേഷപ്രച്ഛന്നനായി പരസ്യമായി പ്രവർത്തിക്കുകയാണ് ചെയ്തത്. തന്റെ പരിചയക്കാരുടെ മുമ്പിൽക്കൂടി ചഞ്ചലിപ്പില്ലാതെ പോകുന്നതുകണ്ടാൽ മാത്രമേ രഹസ്യപ്രവർത്തനത്തിലുള്ള അദ്ദേഹത്തിന്റെ സ്വാഭാവികത്വം മനസിലാവുകയുള്ളൂ എന്ന് കെ മാധവന്‍ അനുസ്മരിച്ചിട്ടുണ്ട്. പ്രവര്‍ത്തകരെ തിരഞ്ഞെടുക്കുന്നതിലും കൃഷ്ണപിള്ളയുടെ പാടവം അസാധാരണമായിരുന്നു. കൃഷ്ണപിള്ള അക്കാലത്ത് റിക്രൂട്ട് ചെയ്തെടുത്ത ഒരു സഖാവ് തലശേരിക്കടുത്ത ഒരു കൊച്ചുഗ്രാമത്തില്‍ നിന്നുള്ളയാളായിരുന്നു. സാമാന്യം ഭേദപ്പെട്ട കുടുംബം. നിയമവിരുദ്ധമായ ഒരു പാർട്ടിയുടെ രഹസ്യകേന്ദ്രത്തിൽ പ്രവർത്തിക്കാൻ പോയിട്ട്, കോൺഗ്രസുമായി നടക്കാൻപോലും സമ്മതിക്കുമായിരുന്നില്ല പിതാവ്.


ഇതുകൂടി വായിക്കൂ:തിരുവനന്തപുരത്ത് പാര്‍ട്ടിയുടെ ആദ്യകാലം


ഒരു വിദ്യ പ്രയോഗിച്ചു തനിക്കൊരു സർക്കാർ ജോലി കിട്ടിയതായി മകൻ അച്ഛനെ അറിയിച്ചു. എന്താണ് ജോലിയെന്നല്ലേ? പുറമെ ആരും അറിയരുത്; ബന്ധുക്കൾപോലും. അങ്ങനെയുമുണ്ട് ജോലി-സിഐഡി ഉദ്യോഗസ്ഥൻ, പിതാവ് സന്തോഷിച്ചു. വരവും പോക്കും പരസ്യമായിത്തന്നെ. പ്രവൃത്തിമാത്രം പരമരഹസ്യം. കേരളത്തിലെ ആദ്യനിര കമ്മ്യൂണിസ്റ്റ് പ്രവർത്തകന്മാർക്കും നേതാക്കന്മാർക്കും ഒരുപോലെ പ്രിയങ്കരനായി പിന്നീട് മാറിയ ആ ‘സിഐഡി ഉദ്യോഗസ്ഥനാ‘യിരുന്നു “പാർട്ടിഓഫീസിലെ നാണു” എന്നും മറ്റുമുള്ള പേരുകളില്‍ അറിയപ്പെട്ടിരുന്ന കെ പി നാരായണൻ. സിഐഡി ഉദ്യോഗസ്ഥനെ പോലും പാര്‍ട്ടി പ്രവര്‍ത്തകനാക്കുന്നതിനുള്ള കൃഷ്ണപിള്ളയുടെ കഴിവുകള്‍ ഇതുപോലെ നിരവധിയായിരുന്നു. തികച്ചും അപരിചിതമായ സാഹചര്യങ്ങളിലും പ്രദേശങ്ങളിലും, കൃഷ്ണപിള്ളയുടെ കണ്ണും കാതും തന്റെ വഴികാട്ടിയേക്കാൾ ജാഗരൂകമായിരുന്നുവെന്നതിന്റെ ഒട്ടേറെ അനുഭവങ്ങൾ അനുസ്മരിക്കാനുണ്ട്. 1940 ആദ്യം ചിറക്കൽ താലൂക്കിലെ ഒരു കിഴക്കൻഗ്രാമം. ഒരു വലിയ പാഴ്‌പറമ്പിൽ വഴിതിരിയാതെ കൃഷ്ണപിള്ളയും എസ്കോർട്ടു ചെയ്യുന്ന ആളും പാതിരാത്രിക്ക് അലയേണ്ടിവന്നു. കനത്ത മഴ. ചെന്നെത്തേണ്ടത് ഒരു വലിയ കുളമുള്ള തൊടിയിലാണെന്ന് എസ്കോർട്ടു വിവരിച്ചപ്പോൾ, സഖാവ് പറഞ്ഞു: “എന്നാൽ നമുക്കു തെറ്റുപറ്റിയിട്ടില്ല. നാം ആ കുളം നിൽക്കുന്ന സ്ഥലത്തുനിന്നും വളരെ അകലെയല്ല. ” ശരിയായിരുന്നു. ചെന്നുകയറിയത് കുളം നിൽക്കുന്ന തെങ്ങിൻതോപ്പിൽത്തന്നെ. “എങ്ങനെ മനസിലാക്കി? ” എസ്കോർട്ട് ചോദിച്ചു. “വെള്ളത്തിൽ തവള പാടുന്ന ശബ്ദം കേട്ടു, കുളത്തിൽ നിന്നല്ലാതെ, മറ്റെവിടെ നിന്നാണത്? ” സഖാവ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.