കൊളംബിയയ്ക്കും ചിലിയ്ക്കും ശേഷം ലാറ്റിന്‍ അമേരിക്കയില്‍ വീണ്ടും ചെങ്കൊടി ആവേശം. ബ്രസീൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ വർക്കേഴ്‌സ് പാർട്ടി നേതാവ് ലൂയിസ് ഇനാഷ്യോ ലുല ഡ സിൽവയ്ക്ക് ജയം. തീവ്രവലതുപക്ഷക്കാരനായ നിലവിലെ പ്രസിഡന്റ് ജയ്ര്‍ ബൊള്‍സൊനാരൊയെയാണ് പരാജയപ്പെടുത്തിയത്. ലുല 50.9 ശതമാനം വോട്ട് നേടി. ബൊള്‍സൊനാരൊയ്ക്ക് 49.1 ശതമാനം വോട്ടാണ് നേടാനായത്.
മൂന്നാമത്തെ തവണയാണ് 77കാരനായ ലുല ബ്രസീല്‍ പ്രസിഡന്റാകുന്നത്. 2003-06, 2007–2011 വര്‍ഷങ്ങളിലായിരുന്നു നേരത്തെ പദവിയിലിരുന്നത്. ഈ കാലയളവില്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ ബ്രസീലിന്റെ സാമ്പത്തികവളർച്ച ഉറപ്പാക്കി. ദാരിദ്ര്യത്തെ വലിയ രീതിയില്‍ തുടച്ചുനീക്കാനും ലുലയ്ക്ക് കഴിഞ്ഞു. പിന്നീട് അഴിമതി ആരോപിച്ച് 19 മാസത്തോളം ലുല ജയിലില്‍ അടയ്ക്കപ്പെട്ടു. 2018 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ലുലയെ മോചിപ്പിക്കുകയായിരുന്നു.
ഇത് എന്റെയോ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെയോ മാത്രം വിജയമല്ല, വ്യക്തിതാല്പര്യങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും അതീതമായി ജനാധിപത്യത്തിന്റെ വിജയമാണെന്ന് ഫലം പുറത്തുവന്നതിന് പിന്നാലെ സാവോപോളോയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ലുല പറഞ്ഞു.
ബൊള്‍സൊനാരൊ ഇതുവരെ പരസ്യമായി പരാജയം സമ്മതിച്ചിട്ടില്ല. നേരിയ വ്യത്യാസത്തില്‍ പരാജയം സംഭവിക്കുമെന്നും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്നും ബൊള്‍സൊനാരൊ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആദ്യഫലങ്ങള്‍ എത്തിയപ്പോള്‍ ബൊള്‍സൊനാരൊയായിരുന്നു മുന്നില്‍. എന്നാല്‍ ലുലയുടെ ശക്തികേന്ദ്രങ്ങള്‍ എണ്ണിത്തുടങ്ങിയതോടെ ബ്രസീലിന്റെ ഇടത് സ്പന്ദനം കേട്ടുതുടങ്ങി. ഒക്ടോബര്‍ രണ്ടിന് നടന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ രണ്ട് പേര്‍ക്കും 50 ശതമാനം വോട്ട് നേടാന്‍ കഴിയാതെ വന്നതോടെയാണ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്.
സാമൂഹിക അസമത്വം, ദാരിദ്ര്യ നിര്‍മാര്‍ജ്ജനം, ധനികരുടെ നികുതി വര്‍ധന, സാമൂഹിക സുരക്ഷ വര്‍ധിപ്പിക്കുക, അടിസ്ഥാന വേതനം ഉയര്‍ത്തുക തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ലുലയും വര്‍ക്കേഴ്സ് പാര്‍ട്ടിയും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെന്നത്. ദൈവം, കുടുംബം, സ്വരാജ്യം, സ്വാതന്ത്ര്യം ഇതായിരുന്നു വലതുപക്ഷ ക്യാമ്പിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനി സ്വകാര്യവല്കരിക്കുക, ആമസോണ്‍ മേഖല കൂടുതല്‍ ഖനനത്തിനായി തുറന്നുകൊടുക്കുക, തോക്ക് നിയന്ത്രണങ്ങള്‍ ഒഴിവാക്കുക തുടങ്ങി കുത്തക‑കോര്‍പറേറ്റ് നയങ്ങളുമായാണ് ബൊള്‍സൊനാരൊ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. കോവിഡ് പ്രതിരോധം പാളിയതും മരണസംഖ്യ ഉയര്‍ന്നതും ബൊള്‍സൊനാരൊയ്ക്കേറ്റ തിരിച്ചടിയുടെ ആക്കം കൂട്ടി. അടുത്ത വര്‍ഷം ജനുവരി ഒന്നിന് ലുല പ്രസിഡന്റായി അധികാരമേല്‍ക്കും.
English Summary: Brazil Left: Lula da Silva’s third term as president
You may also like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.