16 April 2024, Tuesday

ബ്രസീലില്‍ അട്ടിമറി ശ്രമം

Janayugom Webdesk
ബ്രസീലിയ
January 9, 2023 11:36 pm

യുഎസിലെ കാപിറ്റോള്‍ ആക്രമണത്തിന് സമാനമായി ബ്രസീലിലും അട്ടിമറി ശ്രമം. മുന്‍ പ്രസിഡന്റ് ജയ്ര്‍ ബൊള്‍സൊനാരൊയുടെ അനുയായികള്‍ ബ്രസീല്‍ കോണ്‍ഗ്രസ്, പ്രസിഡന്റ് കൊട്ടാരം, സുപ്രീം കോടതി കെട്ടിടങ്ങളില്‍ അതിക്രമിച്ച് കടന്ന് ആക്രമണം നടത്തുകയായിരുന്നു. ഇടതുപക്ഷാനുഭാവിയായ ലുല ഡ സില്‍വ അധികാരത്തിലേറി എട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഫാസിസ്റ്റ് അനുഭാവികള്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ അട്ടിമറി ശ്രമം നടത്തിയത്.
പ്രദേശിക സമയം വൈകിട്ട് 6.30 ഓടെയാണ് മഞ്ഞ, പച്ച നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് കലാപകാരികളെത്തിയത്. ബാരിക്കേഡുകള്‍ തകര്‍ത്ത് അകത്ത് കടന്നശേഷം ഇവര്‍ കോണ്‍ഗ്രസ് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ ഉള്‍പ്പെടെ ഇരച്ചുകയറി. പ്രസിഡന്റ് കൊട്ടാരത്തിന്റെ ജനലുകള്‍ അടിച്ചുതകര്‍ത്തു. സുപ്രീം കോടതി കെട്ടിടത്തിന്റെ നിരവധി മുറികളിലും നാശനഷ്ടങ്ങളുണ്ടാക്കി. ലുലയെ പുറത്താക്കാന്‍ സൈന്യം ഭരണമേറ്റെടുക്കണമെന്നും ഇവര്‍ ആക്രോശിച്ചുകൊണ്ടിരുന്നു. 

കലാപം അക്രമാസക്തമായതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. എന്നിട്ടും ഇവര്‍ പിരിഞ്ഞുപോകാതിരുന്നതോടെ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ഹെലികോപ്റ്റര്‍ ഉപയോഗിച്ച് കണ്ണീര്‍ വാതക ബോംബുകള്‍ വര്‍ഷിക്കുകയുമായിരുന്നു. 300 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അട്ടിമറി നടത്താന്‍ വിദേശത്തിരുന്ന് ബൊള്‍സൊനാരൊ അനുയായികളെ പ്രേരിപ്പിക്കുകയാണെന്ന് ലുല പ്രതികരിച്ചു. തികച്ചും ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനമാണെന്നും ഫാസിസ്റ്റ് ആക്രമണമാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ലുല പറഞ്ഞു. എന്നാല്‍ അതിക്രമത്തില്‍ പങ്കില്ലെന്ന് സംഭവത്തെ അപലപിച്ചുകൊണ്ട് ബൊള്‍സൊനാരൊ പ്രതികരിച്ചു. 

അട്ടിമറി ശ്രമം പ്രഖ്യാപിക്കുകയും ക്രമസമാധാനനില പുനഃസ്ഥാപിക്കാന്‍ സര്‍ക്കാരിന് പ്രത്യേക അധികാരം നല്‍കുന്ന ഉത്തരവില്‍ ലുല ഒപ്പുവയ്ക്കുകയും ചെയ്തു. നിയന്ത്രണം പൂര്‍ണമായും തിരിച്ചുപിടിച്ചതായി സുരക്ഷാസേന അറിയിച്ചു. എന്നാല്‍ കലാപം ഒഴിവാക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് സുപ്രീം കോടതി ബൊള്‍സൊനാരൊ അനുകൂലിയായ ബ്രസീലിയ ഗവര്‍ണര്‍ ഇബാനീസ് റോചയെ 90 ദിവസത്തേയ്ക്ക് അന്വേഷണ വിധേയമായി പുറത്താക്കി.
യുഎസ്, റഷ്യ, ചിലി, കൊളംബിയ, അര്‍ജന്റീന, വെനസ്വേല, ഫ്രാന്‍സ്, സ്പെയിന്‍, പോര്‍ചുഗല്‍, ഓസ്ട്രേലിയ, രാജ്യങ്ങളും യൂറോപ്യന്‍ യൂണിയന്‍, യുഎന്‍, വിവിധ മനുഷ്യാവകാശ സംഘടനകളും സംഭവത്തില്‍ അപലപിച്ചു. ഇതോടെ ഫ്ലോറിഡയിലെ മിയാമിയില്‍ കഴിയുന്ന ബൊള്‍സൊനാരൊയെ പുറത്താക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് മേല്‍ സമ്മര്‍ദ്ദം ശക്തമായേക്കും. 

Eng­lish Sum­ma­ry: Coup attempt in Brazil

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.