25 April 2025, Friday
KSFE Galaxy Chits Banner 2

Related news

March 12, 2025
February 4, 2025
January 24, 2025
July 23, 2024
February 14, 2024
February 5, 2024
February 5, 2024
February 2, 2024
January 31, 2024
January 23, 2024

ബജറ്റ് പ്രസംഗം; കേരളത്തിന് വീണ്ടും നിരാശ

റെജി കുര്യന്‍
ന്യൂഡല്‍ഹി
February 1, 2023 11:17 pm

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രസംഗ ബജറ്റുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. തൊഴിലില്ലായ്മ പരിഹരിക്കാനും വിലക്കയറ്റം തടയാനും കാര്യമായ നിര്‍ദേശങ്ങളില്ലാത്ത ബജറ്റില്‍ നടത്തിയ പ്രഖ്യാപനങ്ങളാകട്ടെ പഴയ പദ്ധതികളുടെ തുടര്‍ച്ചമാത്രം. അപൂര്‍ണമായി കിടക്കുന്ന പദ്ധതികള്‍ തന്നെ ആവര്‍ത്തിച്ചു.
ഗ്രാമീണ സമ്പദ്ഘടനയ്ക്ക് സഹായകമായിരുന്ന തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതത്തില്‍ വീണ്ടും വെട്ടിക്കുറവ് വരുത്തി. 29,000ത്തിലധികം കോടിയാണ് കുറച്ചത്. ഭക്ഷ്യ സബ്സിഡി വിഹിതവും കുറച്ചു. കാര്‍ഷിക മേഖലയിലെ ചില പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും മൊത്തം വിഹിതം 8000ത്തിലധികം കോടി കുറഞ്ഞു. നിലവിലുള്ള ഗ്രാമീണ ഭവന പദ്ധതി വിഹിതം വര്‍ധിപ്പിച്ചുവെന്ന് കൊട്ടിഘോഷിക്കുമ്പോള്‍തന്നെ നഗര ഭവന പദ്ധതിക്ക് വിഹിതത്തില്‍ കുറവ് വരുത്തിയത് പരാമര്‍ശിച്ചതുമില്ല.

രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ജനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന നിര്‍ദേശമൊന്നും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കമ്പോളത്തെ സജീവമാക്കാനും മാന്ദ്യത്തില്‍നിന്ന് കരകയറാനും ഇടയാക്കുന്ന ജനകീയ പദ്ധതികള്‍ ഒന്നുമില്ല.
എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള വികസനം, എല്ലാവരിലേക്കും എത്തുന്ന വികസനം, അടിസ്ഥാന സൗകര്യ മേഖലയും നിക്ഷേപവും, സാധ്യതകള്‍ വിനിയോഗിക്കല്‍, ഹരിത വളര്‍ച്ച, യുവശക്തി, സാമ്പത്തിക മേഖല എന്നിങ്ങനെ ഏഴുകാര്യങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതാണ് ബജറ്റെന്ന് സീതാരാമന്‍ പ്രസംഗത്തില്‍ ആമുഖമായി പറഞ്ഞു.

പി എം ഗരീബ് കല്യാണ്‍ യോജന പദ്ധതി പ്രകാരം അന്ത്യോദയ അന്നയോജന, മുന്‍ഗണനാ വിഭാഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കിവന്നിരുന്ന സൗജന്യ ഭക്ഷ്യധാന്യ വിതരണം വരുന്ന ഒരു വര്‍ഷത്തേക്കുകൂടി നീട്ടാന്‍ ബജറ്റില്‍ തീരുമാനമുണ്ട്. പ്രതിരോധ മേഖലയ്ക്ക് 5.94 ലക്ഷം കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തല്‍. മൂലധന നിക്ഷേപം 10 ലക്ഷം കോടി രൂപയായി വര്‍ധിപ്പിച്ചു. ധനക്കമ്മി 5.9 ശതമാനമാണ് ബജറ്റ് ലക്ഷ്യമിടുന്നത്. ഹേര്‍ട്ടികള്‍ച്ചര്‍ വിളകള്‍ക്കായുള്ള ആത്മനിര്‍ഭര്‍ ക്ലീന്‍ പ്ലാന്റ് പ്രോഗ്രാമിന് 2200 കോടിയാണ് വകയിരുത്തല്‍. സര്‍ക്കാരിതര സ്ഥാപനങ്ങളിലെ വിരമിക്കുന്ന ജീവനക്കാര്‍ക്ക് നികുതി രഹിത ലീവ് സറണ്ടര്‍ പരിധി 25 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. സംസ്ഥാനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം 2023–24ല്‍ 18,62,874 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

budget list

ആദായനികുതി പരിധി ഏഴുലക്ഷമാക്കി

ന്യൂഡല്‍ഹി: ആദായ നികുതി ഇളവിന് കുറഞ്ഞ പരിധി അഞ്ച് ലക്ഷത്തില്‍ നിന്ന് ഏഴുലക്ഷമാക്കി ഉയര്‍ത്തി. വാര്‍ഷിക വരുമാനം ഏഴുലക്ഷം രൂപ വരെയുള്ളവര്‍ ഇനി നികുതി നല്‍കേണ്ടതില്ല. 2020 ല്‍ കൊണ്ടുവന്ന പുതിയ നികുതി സമ്പ്രദായത്തിനായിരിക്കും ഇനി മുന്‍ഗണന. പുതിയ സ്കീമിലേക്ക് മാറിയവരുടെ നികുതി സ്ലാബുകള്‍ അഞ്ചാക്കി കുറച്ചു. പഴയ സ്കീമിന്റെ നികുതി സ്ലാബുകളില്‍ മാറ്റമില്ല.
ആദായ നികുതി റിട്ടേൺ നടപടികളുടെ ദിവസം 16 ആയി കുറച്ചു. ഒമ്പത് ലക്ഷം വരെ വരുമാനമുള്ളവർ 45,000 രൂപ ആദായ നികുതി അടച്ചാൽ മതി. 15 ലക്ഷം വരെ ശമ്പളം വാങ്ങുന്നവർ 1.5 ലക്ഷം രൂപ ആദായ നികുതിയായി അടയ്ക്കണം. നികുതി ഇളവ് ഇടത്തരക്കാര്‍ക്ക് വലിയ ആശ്വാസമാകുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി.

കേരളത്തിന് വീണ്ടും നിരാശ

തിരുവനന്തപുരം: കേരളത്തിന് വീണ്ടും നിരാശ സമ്മാനിച്ച് കേന്ദ്ര ബജറ്റ്. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അയല്‍ സംസ്ഥാനമായ കര്‍ണാടകയിലുള്‍പ്പെടെ വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങള്‍ പോലും കേന്ദ്രം ഇത്തവണയും പരിഗണിച്ചില്ല. സംസ്ഥാനത്തിന്റെ വികസനപദ്ധതികളും കേന്ദ്രവിഹിതം വര്‍ധിപ്പിക്കണമെന്ന ആവശ്യങ്ങളുമൊന്നും കണക്കിലെടുക്കാതെയുള്ള പതിവ് അവഗണന തന്നെയാണ് കേന്ദ്ര ധനമന്ത്രി ഇന്നലെ പ്രഖ്യാപിച്ച ബജറ്റിലുമുണ്ടായത്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കാര്യത്തിലും കേരളത്തോട് അവഗണന തന്നെയാണുള്ളത്.
ജിഎസ്‌ടി നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്ന ആവശ്യം പലതവണയായി കേന്ദ്രത്തിന് മുന്നില്‍ കേരളം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അതിനെക്കുറിച്ച് ബജറ്റില്‍ മിണ്ടാട്ടം പോലുമില്ല. സംസ്ഥാനങ്ങള്‍ക്കുള്ള നികുതിവിഹിതം വര്‍ധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോടും ബജറ്റ് മുഖംതിരിച്ചു. കേരളത്തിന്റെ കടമെടുപ്പ്‌ പരിധിയായ 3.5 ശതമാനത്തിൽ മാറ്റം വരുത്തിയിട്ടില്ല. ദേശീയപാത വികസനത്തിനും റെയില്‍വേ വികസനത്തിനും ആരോഗ്യപദ്ധതികള്‍ക്കുള്ള തുക വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അതെല്ലാം വെട്ടിക്കുറയ്ക്കുകയാണുണ്ടായത്. ഗ്രാമീണ മേഖലയ്ക്കും ഭക്ഷ്യ സബ്സിഡിയും രാസവളം സബ്സിഡിയുമെല്ലാം വെട്ടിക്കുറച്ചതും കേരളത്തിന് തിരിച്ചടിയാകും.
കേരളത്തിന്റെ വികസന പദ്ധതികളില്‍ ഒന്നുപോലും കേന്ദ്രബജറ്റില്‍ പരിഗണിച്ചില്ല. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ സുപ്രധാനമായ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി ലഭ്യമാക്കണമെന്ന ആവശ്യം കേന്ദ്രം പരിഗണിച്ചില്ല. സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ത്തുകൊണ്ടുള്ള വാദമുഖങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്ന വന്ദേ ഭാരത് തീവണ്ടികളെക്കുറിച്ചും ബജറ്റില്‍ ഒന്നുമുണ്ടായില്ല.
വര്‍ഷങ്ങളായി നിരന്തരം ആവശ്യപ്പെട്ടിട്ടും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കേരളത്തിന് അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്ര ബജറ്റ് മൗനം പാലിക്കുന്നു. കേരളത്തിന്റെ റെയിൽ വികസനത്തിനായുള്ള പരാമർശങ്ങളൊന്നും ഉൾപ്പെടുത്താതെയുമാണ് ബജറ്റ് പ്രസംഗം.
തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം. എന്നാല്‍ തൊഴിലുറപ്പ് പദ്ധതി വിഹിതം വെട്ടിക്കുറച്ചുകൊണ്ടുള്ള പ്രഖ്യാപനമാണ് കേന്ദ്രബജറ്റിലുണ്ടായത്. കോവിഡ് കാരണം മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി പ്രത്യേക പാക്കേജ്, പ്ലാന്റേഷന്‍ മേഖലയ്ക്ക് പ്രത്യേക പാക്കേജ് ഇവയൊന്നും കേന്ദ്രം പരിഗണിച്ചില്ല.

 

ജനവിരുദ്ധം: ഇടത് എംപിമാര്‍

ന്യൂഡല്‍ഹി: അങ്ങേയറ്റം നിരാശാജനകവും ജനവിരുദ്ധവുമാണ് കേന്ദ്രബജറ്റിന്റെ ഉള്ളടക്കമെന്ന് ഇടതുപക്ഷം. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ ബജറ്റ് അവതരണത്തിനു ശേഷം വിജയ് ചൗക്കില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംപിമാര്‍.
രാസവള സബ്‌സിഡിയിലും ഭക്ഷ്യ സബ്‌സിഡിയിലും കുറവ് വരുത്തി. കാര്‍ഷിക മേഖലയ്ക്ക് കാര്യമായ സഹായം ഇല്ല. ഇത് കര്‍ഷകരെ ഗുരുതരമായി ബാധിക്കുന്ന വിഷയമാണ്. കര്‍ഷകര്‍ക്ക് നേരിട്ട് സാമ്പത്തിക സഹായം ലഭിക്കുന്ന പദ്ധതികളിലും തുക വകയിരുത്തിയത് വെട്ടിക്കുറച്ചെന്നും എംപിമാര്‍ അഭിപ്രായപ്പെട്ടു.
തൊഴിലുറപ്പ് പദ്ധതി, പെട്രോളിയം സബ്സിഡി എന്നീ ഇനങ്ങള്‍ക്കും വിഹിതം വെട്ടിക്കുറച്ചു. ബജറ്റിന്റെ സവിശേഷതയായി ധനമന്ത്രി അവകാശപ്പെട്ട ഏഴിനങ്ങളില്‍ ഒരിടത്തും തൊഴിലാളി എന്നോ തൊഴിലാളി ക്ഷേമം എന്നോ പരാമര്‍ശമില്ല.
രാജ്യത്തെ 56 കോടിയോളം വരുന്ന തൊഴിലാളികളാണ് യഥാര്‍ത്ഥ സമ്പത്ത് ഉല്പാദകര്‍. അവരെ ബജറ്റ് പൂര്‍ണമായും അവഗണിച്ചു.
കേരളം ദീര്‍ഘകാലമായി ഉന്നയിച്ചുവന്ന ആവശ്യങ്ങളൊന്നും ബജറ്റില്‍ അംഗീകരിച്ചിട്ടില്ലെന്നും സിപിഐ രാജ്യസഭാ കക്ഷി നേതാവ് ബിനോയ് വിശ്വം, പി സന്തോഷ് കുമാര്‍, എളമരം കരീം, ജോണ്‍ ബ്രിട്ടാസ്, എ റഹീം, വി ശിവദാസന്‍ തുടങ്ങിയവര്‍ ചൂണ്ടിക്കാട്ടി.

ഇപിഎഫ്: തെറ്റായ അവകാശവാദം

രാജ്യത്തെ തൊഴില്‍ ശക്തി വര്‍ധിക്കുന്നുവെന്നതിന് ധനമന്ത്രി നടത്തിയത് തെറ്റായ അവകാശവാദം. ഇപിഎഫില്‍ 27 കോടി അംഗങ്ങളുണ്ടെന്നാണ് ധനമന്ത്രിയുടെ വാദം.
പദ്ധതി നിലവില്‍ വന്നതിനുശേഷം ഇതുവരെ അംഗങ്ങളായവരുടെ ആകെ എണ്ണമാണ് മന്ത്രി ഉദാഹരിച്ചത്. എന്നാല്‍ നിലവില്‍ അഞ്ച് കോടി മാത്രമാണ് ഇപിഎഫില്‍ അംഗങ്ങളായുള്ളത്.

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.