23 December 2024, Monday
KSFE Galaxy Chits Banner 2

ബഫർസോൺ വിഷയം കക്ഷിരാഷ്ട്രീയ പ്രശ്നമല്ല

Janayugom Webdesk
December 21, 2022 5:00 am

വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും ഉൾപ്പെടുന്ന സംരക്ഷണ പ്രദേശങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കണമെന്ന വിധി പരമോന്നത കോടതിയിൽ നിന്നുണ്ടായതിനെ തുടർന്ന് വലിയ വിഭാഗം ജനങ്ങൾ ആശങ്കയിലാണ്. സങ്കീർണമായ ഈ വിഷയത്തിൽ ജൂൺ മൂന്നിനാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അന്നുതന്നെ ഈ പ്രശ്നം വലിയൊരു ജനവിഭാഗത്തിന്റെ കുടിയൊഴിപ്പിക്കലിനും ജീവനോപാധി നഷ്ടത്തിനും കാരണമാകുമെന്ന നിലപാട് സ്വീകരിക്കുകയും വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നല്കുന്നതിന് തീരുമാനിക്കുകയും ചെയ്ത സംസ്ഥാനമാണ് കേരളം. അതനുസരിച്ച് ജനങ്ങളുടെ ഉത്ക്കണ്ഠകൾ പരിഹരിക്കുന്നതിന് ആകാവുന്നതെല്ലാം ചെയ്യുകയാണ് സർക്കാർ. എന്നാൽ ഈ വിഷയം സംസ്ഥാന സർക്കാർ വരുത്തിവച്ചതാണെന്ന പ്രചരണം നടത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുകയാണ് പ്രതിപക്ഷവും ചില സാമുദായിക സംഘടനകളും. സുപ്രീം കോടതി വിധിയുടെ അപ്രായോഗികത ബോധ്യപ്പെടുത്തുന്നതിന് സംരക്ഷിത വനമേഖലയ്ക്കു ചുറ്റുമുള്ള ജനവാസ കേന്ദ്രങ്ങൾ തിട്ടപ്പെടുത്തി പരമോന്നത കോടതിയെ ബോധ്യപ്പെടുത്തുന്നതിന് ആദ്യം തീരുമാനിച്ചത് കേരളത്തിലെ എൽഡിഎഫ് സർക്കാരാണ്. ജൂൺ മാസം എട്ടിന് തന്നെ ഉന്നത തലയോഗം ചേരുകയും സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് ജനവാസ മേഖലകളെ ഒഴിവാക്കി പരിസ്ഥിതിലോല പ്രദേശങ്ങൾ പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്കായി ഉന്നതാധികാര സമിതിയെയും സുപ്രീം കോടതിയെയും സമീപിക്കണമെന്ന് തീരുമാനിക്കുകയും 25ന് തന്നെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കത്ത് നല്കുകയും ചെയ്തിരുന്നു. ഇതിന് പുറമേ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലും മന്ത്രിമാരുടെ നേതൃത്വത്തിലും യോഗങ്ങൾ ചേർന്ന് ജനങ്ങളെ കുടിയൊഴിപ്പിക്കുകയോ ജീവനോപാധികൾ നഷ്ടമാകുകയോ ചെയ്യാതെയുള്ള പ്രശ്ന പരിഹാരത്തെ കുറിച്ച് പല തവണ ചർച്ച ചെയ്യുകയുമുണ്ടായി. ഓഗസ്റ്റ് 17ന് തന്നെ സംസ്ഥാനം സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി സമർപ്പിക്കുകയും ചെയ്തു.

ജൂൺ മൂന്നിലെ സുപ്രീം കോടതി വിധിക്കു മുമ്പുതന്നെ നിലനില്ക്കുന്നതാണ് പരിസ്ഥിതി ലോല മേഖലാ പ്രശ്നം. മാധവ് ഗാഡ്ഗിൽ, കസ്തൂരി രംഗൻ സമിതി റിപ്പോർട്ടുകളുടെ നിർദേശമനുസരിച്ച് സംരക്ഷിത വനമേഖല, പശ്ചിമഘട്ടം എന്നിവയുടെ പരിസരത്ത് നിയന്ത്രണങ്ങൾ ഉണ്ടായപ്പോൾ അത് മേഖലയ്ക്ക് ചുറ്റും താമസിക്കുകയും ഉപജീവനം നടത്തുകയും കൃഷിയിറക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളെ ആശങ്കയിലാക്കുന്ന സ്ഥിതിയുണ്ടായി. ഈ ഘട്ടത്തിൽ കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലുണ്ടായിരുന്നത് കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരുകളായിരുന്നു. പ്രശ്നങ്ങളും ആശങ്കകളും പരിഹരിക്കുന്നതിന് ഫലപ്രദമായി നടപടി സ്വീകരിക്കുകയല്ല പ്രസ്തുത സർക്കാരുകൾ ചെയ്തത്. സമിതി ശുപാർശകളുടെയും അതിന്റെ പിൻബലത്തിൽ രൂപപ്പെട്ട നിയമപ്രശ്നങ്ങളുടെയും ഫലമായാണ് ഏറ്റവും ഒടുവിൽ സുപ്രീം കോടതി വിധിയുണ്ടായതെന്ന് നാൾവഴികൾ പരിശോധിക്കുന്ന ആർക്കും വ്യക്തമാകുന്നതാണ്. കൂടാതെ സംസ്ഥാന സർക്കാർ ഉൾപ്പെടെ നല്കിയ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലുമാണ്.


ഇതുകൂടി വായിക്കൂ: കേന്ദ്ര നിലപാട് സൈനികരോടുള്ള അനാദരവ്


ജൂൺ മൂന്നിന്റെ വിധിയാണ് നിലനില്ക്കുന്നത് എന്നതിനാൽ പ്രസ്തുത വിധിയുടെ അടിസ്ഥാനത്തിലും പുനഃപരിശോധനാ ഹർജിയുടെ ഭാഗമായും സംസ്ഥാനത്തെ 23 സംരക്ഷിത വനമേഖലാ പ്രദേശങ്ങളുടെ ചുറ്റളവിലുള്ള ജനവാസ മേഖലകളും കെട്ടിടങ്ങളും സംബന്ധിച്ച പട്ടിക തയ്യാറാക്കുന്ന വിഷയമാണ് ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനാണെന്ന് കുപ്രചരണം നടത്തി രാഷ്ട്രീയ മുതലെടുപ്പിന് പ്രതിപക്ഷവും ചില സംഘടനകളും ഉപയോഗിക്കുന്നത്. ഉപഗ്രഹ സർവേയും അതോടൊപ്പംതന്നെ ഭൗതിക പരിശോധനയും നടത്തി പട്ടിക തയ്യാറാക്കുന്നതിന് നേരത്തെതന്നെ തീരുമാനിച്ചിരുന്നു. ഓഗസ്റ്റ് 28ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാനതല ഉന്നതതല യോഗം ഭൗതിക പരിശോധനയ്ക്കു തീരുമാനിച്ച് സെപ്റ്റംബർ 30 ന് ഇതിനായുള്ള വിദഗ്ധസമിതിയും സാങ്കേതിക സമിതിയും രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഇത്രയും നടപടികൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. മാത്രവുമല്ല ജൂൺ മൂന്നിലെ ഉത്തരവ് നടപ്പിലാക്കുന്നതിലെ അപ്രായോഗികത സുപ്രീം കോടതി തന്നെ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥലത്തിന്റെ യഥാർത്ഥ സാഹചര്യംകൂടി പരിഗണിച്ചുവേണം ഉത്തരവ് നടപ്പാക്കാനെന്ന് ജസ്റ്റിസുമാരായ ബി ആർ ഗവായ്, വിക്രം നാഥ് എന്നിവരുൾപ്പെട്ട ബെഞ്ച് ഹർജികളുടെ പരിഗണനാവേളയിൽ അഭിപ്രായപ്പെട്ടതും കേരളത്തിന് പ്രതീക്ഷ നല്കുന്നതാണ്. കൂടാതെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും അവരെ സഹായിക്കുന്നതിനുമായി ഹെൽപ് ഡെസ്കുകൾ, ഉപഗ്രഹ സർവേ പ്രകാരം തയ്യാറാക്കിയ റിപ്പോർട്ട് പരിശോധിക്കുന്നതിനും പരാതി നല്കുന്നതിനുമുള്ള സംവിധാനം, കൂടുതൽ പ്രദേശങ്ങളിൽ സിറ്റിങ് നടത്തി പരാതി സ്വീകരിക്കൽ എന്നിവയും സർക്കാർ സജ്ജീകരിക്കുന്നുണ്ട്. ഇതൊന്നും ഉൾക്കൊള്ളാതെയാണ് പ്രതിപക്ഷവും ചില സംഘടനകളും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സർക്കാരിനെതിരെ തിരിച്ചുവിടാൻ ശ്രമിക്കുന്നത്. ഇതൊരു കക്ഷിരാഷ്ട്രീയ വിഷയമല്ലെന്നും വിവിധ കാരണങ്ങളാൽ രൂപപ്പെട്ട സാമൂഹ്യ പ്രശ്നമാണെന്നും മനസിലാക്കാൻ സാധിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.