പ്രവാചക നിന്ദയ്ക്കെതിരായ പ്രതിഷേധത്തെ പ്രതിരോധിച്ച് ഉത്തര്‍പ്രദേശില്‍ ഭരണകൂടത്തിന്റെ മുസ്‌ലിം വേട്ട. പ്രയാഗ്‌രാജില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തുവെന്ന ആരോപണം നേരിടുന്ന വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ജാവേദ് മുഹമ്മദിന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. പ്രതിഷേധത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് പൊലീസ് ഇതുവരെ 350 ലധികം പേരെ അറസ്റ്റ് ചെയ്തു.
അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് ആരോപിച്ചാണ് വീട് പൊളിച്ചു തുടങ്ങിയത്. അതാല പ്രദേശത്തുള്ള വീട് പൊളിക്കുകയാണെന്നും 11 മണിക്ക് മുമ്പായി ഒഴിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ട് പ്രയാഗ്‌രാജ് വികസന അതോറിട്ടി നോട്ടീസ് നല്‍കിയിരുന്നു. അനധികൃത നിര്‍മ്മാണത്തിന്റെ പേരില്‍ മേയ് 10 ന് ജാവേദിന് നോട്ടീസ് നല്‍കിയിരുന്നതായി അതോറിട്ടി അധികൃതര്‍ അവകാശപ്പെട്ടു. അതേസമയം പ്രതിഷേധത്തിന്റെ മറവില്‍ പ്രദേശത്തെ മുഴുവന്‍ മുസ്‍ലിം കുടുംബങ്ങളെയും പ്രാദേശിക ഭരണകൂടം നിര്‍ബന്ധപൂര്‍വം ഒഴിപ്പിക്കുന്നതായാണ് പരാതി.
നൂറുകണക്കിന് പൊലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിലായിരുന്നു ഇടിച്ചുനിരത്തല്‍. പ്രവാചക നിന്ദയുടെ പേരില്‍ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം രാജ്യത്ത് നിരവധി നഗരങ്ങളില്‍ പ്രതിഷേധമുണ്ടായത്. പ്രയാഗ്‌രാജില്‍ നടന്ന സംഘര്‍ഷത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ജാവേദിനെയും ഭാര്യയെയും മകളെയും പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു.
വാറന്റില്ലാതെയാണ് ജാവേദിനെ കസ്റ്റഡിയിലെടുത്തതെന്നും പാതിരാത്രിയാണ് സ്ത്രീകളടക്കമുള്ളവരെ പൊലീസ് കൊണ്ടുപോയതെന്നും കുടുംബം ആരോപിച്ചിരുന്നു. നിയമവിരുദ്ധമായ കസ്റ്റഡിയെന്ന് കാണിച്ച് മകള്‍ അഫ്രീന്‍ ഫാത്തിമ ദേശീയ വനിത കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്. കാണ്‍പുര്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത മുസ്‌ലിങ്ങളുടെ വീടുകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ഒമ്പത് ജില്ലകളിലായി 13 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രയാഗ്‌രാജ്, സഹരന്‍പുര്‍ എന്നിവിടങ്ങളില്‍ മൂന്ന് കേസുകള്‍ വീതവും ഫിറോസാബാദ്, അംബേദ്കര്‍ നഗര്‍, മൊറാദാബാദ്, ഹത്രാസ്, അലിഗഡ്, ലഖിംപുര്‍ ഖേരി, ജലൗണ്‍ എന്നിവിടങ്ങളില്‍ ഓരോ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എഡിജിപി പ്രശാന്ത് കുമാര്‍ അറിയിച്ചു. പ്രയാഗ്‌രാജില്‍ 91 പേരും, സഹരന്‍പുരില്‍ 71 പേരും, ഹത്രാസില്‍ 51 പേരും, അംബേദ്കര്‍ നഗറിലും മൊറാദാബാദിലും 34 പേര്‍ വീതവും, ഫിറോസാബാദില്‍ 15 പേരും അലിഗഡില്‍ ആറ് പേരും, ജലൗണില്‍ രണ്ട് പേരും അറസ്റ്റിലായതായി അദ്ദേഹം പറഞ്ഞു.
English Summary: Bulldozer Raj; Muslim poaching continues in UP
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.