19 December 2024, Thursday
KSFE Galaxy Chits Banner 2

പോരാട്ട വീര്യത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍

ആര്‍ രവീന്ദ്രനും സി കെ സാലിക്കും സ്മൃതി മണ്ഡപം ഒരുങ്ങുന്നു
പി ‌ആര്‍ ഗോപിനാഥന്‍
July 10, 2024 4:30 am

തോട്ടം തൊഴിലാളികളുടെ മുൻനിര നേതാക്കളിലൊരാളായ ആർ രവീന്ദ്രന്റെയും കേരള മഹിളാ സംഘം സ്ഥാപക സെക്രട്ടറി സി കെ സാലിയുടെയും സ്മരണ നിലനിർത്താൻ കോന്നിയിൽ സ്മൃതി മണ്ഡപം ഒരുങ്ങുകയാണ്. ആര്‍ രവീന്ദ്രന്റെ 41-ാം ചരമവാര്‍ഷികദിനമായ ഇന്ന് കോന്നിയില്‍ ആര്‍ രവീന്ദ്രന്‍ ഫൗണ്ടേഷന്‍ നിര്‍മ്മിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഏല്പിക്കുന്ന സ്മൃതിമണ്ഡപത്തിന്റെ ഉദ്ഘാടനം സിപിഐ സംസ്ഥാന എക്സിക്യൂട്ടിവംഗം മുല്ലക്കര രത്നാകരൻ നിര്‍വഹിക്കും. വൈകുന്നേരം മൂന്നുമണിക്കാണ് ചടങ്ങ്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുവേണ്ടി സമർപ്പിത ജീവിതമായിരുന്നു ഈ കമ്മ്യൂണിസ്റ്റ് ദമ്പതികളുടേത്. തോട്ടംതൊഴിലാളികളെ ദാരുണ ജീവിതത്തിൽ നിന്ന് മോചിപ്പിക്കാനും അവരെ സമരസജ്ജരാക്കാനും അഹോരാത്രം പൊരുതിയ രവീന്ദ്രനും, കേരളത്തിൽ മഹിളാ സംഘത്തിന് ശക്തമായ അടിത്തറ കെട്ടിപ്പടുത്ത സാലിയും, നമ്മുടെ മനസ്സിൽ മിഴിവാർന്ന ചിത്രങ്ങളാണ് കോറിയിട്ടത്.
സമൂഹത്തിൽ ഏറ്റവും അധികം ദുരിതമനുഭവിക്കുന്ന തോട്ടംതൊഴിലാളികളെ സംഘടിപ്പിക്കാനും അടിമ ജീവിതത്തിൽ നിന്ന് അവരെ കൈപിടിച്ചുയർത്താനും വേണ്ടി പോരാടിയ ആർ രവീന്ദ്രൻ അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ മനുഷ്യ സ്നേഹിയായിരുന്നു. 1935ലായിരുന്നു ജനനം. കൊല്ലം എസ്എൻ കോളജിൽ വിദ്യാർത്ഥിയായി എഐഎസ്എഫിന്റെ ഉശിരൻ പ്രവർത്തകനായതോടെ പഠിത്തം പൂർത്തിയാക്കാതെ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. സാമ്പത്തിക സ്ഥിതി മോശമായ കുടുംബത്തിന്റെ എല്ലാപ്രതീക്ഷയും രവീന്ദ്രനിലായിരുന്നു. വീട്ടിലെ സാഹചര്യമോ സഹോദരങ്ങളുടെ സംരക്ഷണമോ ഒന്നും രവീന്ദ്രൻ കാര്യമാക്കിയില്ല. രാഷ്ട്രീയം അത്രത്തോളം തലയ്ക്കുപിടിച്ചു എന്ന് സാരം.

കോന്നിയിൽ തിരിച്ചെത്തിയ രവീന്ദ്രൻ ട്രേഡ് യൂണിയൻ രംഗത്തേക്കു തിരിഞ്ഞു. തേയില, റബ്ബർ തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ജീവിതം വളരെ കഷ്ടത നിറഞ്ഞതായിരുന്നു. തോട്ടം ഉടമകളെ ഭയന്ന് സംഘടിക്കാന്‍ തയ്യാറായില്ല. അവരെ സംഘടിപ്പിക്കുക, അവകാശ ബോധം ഉള്ളവരാക്കുക എന്നിവ ഏതൊരു ട്രേഡ് യൂണിയൻ പ്രവർത്തകനും വെല്ലുവിളിയായിരുന്നു. ആ വെല്ലുവിളി ധീരമായി ഏറ്റെടുത്ത രവീന്ദ്രൻ നിരവധി ഉജ്വല സമരങ്ങൾക്ക് നേതൃത്വം നല്കി. അന്നത്തെ തൊഴിൽ സാഹചര്യം ദയനീയമായിരുന്നു. തൊഴിലാളിക്ക് താമസിക്കാൻ ലയമോ, സ്ത്രീ തൊഴിലാളികൾ പണിക്കുപോകുമ്പോൾ കുട്ടികളെ സംരക്ഷിക്കാൻ ‘പിള്ള പുര’കളോ ഇല്ല. ചികിത്സാ സൗകര്യം വിദ്യാഭ്യാസ സൗകര്യം എന്നതൊന്നും ചിന്തിക്കാനേ കഴിയില്ല. തൊഴിലാളിയുടെ ജോലിക്ക് സ്ഥിരതയില്ല, കൃത്യമായി കൂലി കിട്ടില്ല. അതിന് വ്യക്തമായ വ്യവസ്ഥയുമില്ല. ഇവയൊക്കെ ശക്തമായ സമരങ്ങളിലൂടെയാണ് നേടിയെടുത്തത്. ചെങ്ങറ, കൊടുമൺ കല്ലേലി തോട്ടങ്ങളിൽ തീപാറുന്ന സമരങ്ങൾ നടന്നു. ദിവസങ്ങളോളം നീണ്ടുനിന്നവയായിരുന്നു ആ സമരങ്ങൾ, ചെങ്ങറ തോട്ടത്തിലെ പാല് വയ്പ് സമരം.

എഐഎസ്എഫിന്റെ കൊല്ലം ജില്ലാ സെക്രട്ടറി, സിപിഐ പത്തനംതിട്ട താലൂക്ക് സെക്രട്ടറി സംസ്ഥാന കൗൺസിലംഗം, പ്ലാന്റേഷൻ ലേബർ യൂണിയൻ സെക്രട്ടറി, ഓൾ കേരള പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി, പിഎൽസി മെമ്പർ, കോഫി ബോർഡംഗം, റബ്ബർ ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 1982ല്‍ എഐടിയുസി സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴാണ് അന്ത്യം സംഭവിച്ചത്.
അധികാരികൾ കണ്ടുകെട്ടിയ സ്വതന്ത്ര സമുദായം എന്ന ഗ്രന്ഥം രചിച്ച ഈ മാധവന്റെയും കൗസല്യയുടെയും മകളായിരുന്നു സി കെ സാലി. ജനനം 1941ൽ. സ്കൂൾ വിദ്യാഭ്യാസ കാലത്ത് എസ്എഫിന്റെ ഉശിരൻ പ്രവർത്തകയായിരുന്ന സാലി എസ്എഫ് സ്ഥാനാർത്ഥിയായി സ്കൂൾ പാർലമെന്റിൽ മത്സരിച്ചു. വിദ്യാഭ്യാസാനന്തരം തൊഴിൽ തേടി യുപിയിൽ പോയി അവിടെ സര്‍ക്കാര്‍ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന സമയത്താണ് കേരളത്തിലെ പാർട്ടിയിൽനിന്നും വിളി വന്നത്.
തിരിച്ചെത്താനും യാത്രാക്കൂലിയായി 150 രൂപ മണി ഓർഡറായി അയയക്കുന്നുവെന്നുമാണ് അറിയിപ്പുണ്ടായത്. ഉടൻ തന്നെ ജോലി രാജിവച്ച് നാട്ടിലേക്ക് മടങ്ങി. മഹിളാസംഘം രൂപീകരിക്കാനുള്ള പ്രാരംഭ പ്രവർത്തനം ആരംഭിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി എസ് കുമാരനും മഹിളാ മുന്നണിയുടെ ചാർജുകാരനായ എമ്മെനും റോസമ്മ പുന്നൂസും പങ്കെടുത്ത യോഗത്തിൽ സംഘാടക കമ്മിറ്റി പ്രസിഡന്റായി റോസമ്മ പുന്നൂസിനെയും സെക്രട്ടറിയായി സി കെ സാലിയെയും തെരഞ്ഞെടുത്തു. 1970 നവംബർ 15,16 തീയതികളിൽ മഹിളാ സംഘത്തിന്റെ ആദ്യ സമ്മേളനം എറണാകുളം ടൗൺ ഹാളിൽ നടന്നു. ഒമ്പത് ജില്ലകളിലും സംഘടനയുടെ രൂപീകരണം നടന്നു.

കേരളത്തിലങ്ങോളമിങ്ങോളം യൂണിറ്റ് തലം വരെ ഘടകങ്ങൾ രൂപീകരിക്കാൻ നേതൃത്വം ഏറ്റെടുത്ത് ഓടിനടന്നു. യാത്രാ സൗകര്യം തീരെ കുറവായിട്ടും അതിനെയെല്ലാം അതിജീവിച്ച് സംഘടന കെട്ടിപ്പടുക്കാൻ സാലിക്ക് കഴിഞ്ഞു. 27 വർഷക്കാലം സംഘടനയുടെ നേതൃനിരയിൽ അവർ പ്രവർത്തിച്ചു. 1970ലായിരുന്നു എഐടിയുസി നേതാവ് ആർ രവീന്ദ്രനുമായുള്ള വിവാഹം. 1982 ൽ ആർ രവീന്ദ്രന്റെ അകാല മരണം കടുത്ത ആഘാതമായിട്ടും തന്റെ കടമകൾ നിർവഹിച്ച് ധീരമായി മുന്നോട്ടുപോയി. രവീന്ദ്രൻ വഹിച്ച പിഡിപിഎൽ യൂണിയന്റെ ചുമതല ഏറ്റെടുത്തു. കോന്നി ഫോറസ്റ്റ് യൂണിയന്‍ സെക്രട്ടറിയായി മരണം വരെ ആ സ്ഥാനത്തു തുടർന്നു. കല്ലേലി തോട്ടംതൊഴിലാളികൾ നടത്തിയ ധീരമായ സമരത്തിന് നേതൃത്വം നല്കുകയും ദിവസങ്ങളോളം നീണ്ട നിരാഹാരസമരം അനുഷ്ഠിക്കുകയും ചെയ്തു. ജീവിക്കാനും മകനെ വളർത്താനും ഏറെ കഷ്ടപ്പെട്ടു. പാർട്ടി കുടുംബ സഹായ ഫണ്ട് സ്വരൂപിക്കാമെന്ന് നിർദേശിച്ചെങ്കിലും അത് നിരസിക്കുകയാണവർ ചെയ്തത്. തലസ്ഥാനനഗരിയിലെ ഭക്തി വിലാസം കോമ്പൗണ്ടിൽ ഏഴ് നിലയ്ക്ക് അടിസ്ഥാനമിട്ട് നിർമ്മിക്കുന്ന വർക്കിങ് വിമൻസ് ഹോസ്റ്റൽ സ്ഥാപിക്കാൻ മുൻകൈ എടുത്തതും സാലിയാണ്.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ അംഗമായിരുന്നു. ഖാദി ബോർഡംഗം, സോഷ്യൽ വെൽഫെയർ ബോർഡംഗം തുടങ്ങി നിരവധി ചുമതലകൾ വഹിച്ചു. തഴപ്പായ വികസന സമതി പ്രസിഡന്റായിരുന്നു. 2017 ജൂൺ രണ്ടിന് ആ ജീവിതം അവസാനിച്ചു. 

(സിപിഐ സംസ്ഥാന കൗണ്‍സിലംഗമാണ് ലേഖകന്‍)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.