1 May 2024, Wednesday

സിഎഎ: പ്രകടനപത്രികയെ ന്യായീകരിച്ച് ആന്റണിയും

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
April 10, 2024 7:46 pm

പൗരത്വ നിയമഭേദഗതി വിഷയത്തില്‍ മൗനം പാലിക്കുന്ന കോണ്‍ഗ്രസ് പ്രകടനപത്രികയെ ന്യായീകരിച്ച് എ കെ ആന്റണിയും. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും, കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ അത് സംബന്ധിച്ച് ഒന്നും പരാമര്‍ശിക്കാതിരുന്നത് വിമര്‍ശനത്തിന് കാരണമായിരുന്നു. ഇന്നലെ തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് മറ്റ് നേതാക്കളെല്ലാം ഉയര്‍ത്തിയ ന്യായീകരണങ്ങള്‍ തന്നെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എ കെ ആന്റണിയും ആവര്‍ത്തിച്ചത്. കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും വിമര്‍ശിക്കുന്നതിനെക്കാളധികം ഇടതുപക്ഷ മുന്നണിയെ കുറ്റപ്പെടുത്താനാണ് വാര്‍ത്താസമ്മേളനത്തിലുടനീളം ആന്റണി ശ്രമിച്ചത്. 

ഭരണഘടന ഉണ്ടാക്കിയതിന്റെ അവകാശം കോണ്‍ഗ്രസിനും അംബേദ്കര്‍ക്കും മാത്രമാണെന്ന് എ കെ ആന്റണി വാദിച്ചു. ഭരണഘടനയെ അട്ടിമറിക്കുന്നതിനെതിരെ പറയാനും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താനും മുഖ്യമന്ത്രിക്കും എല്‍ഡിഎഫിനും യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മാത്രമാണ് ഇത്രയധികം വന്യജീവി ആക്രമണങ്ങളുടെ വാര്‍ത്തകള്‍ വരുന്നത്. മറ്റ് സംസ്ഥാനങ്ങളിലും വനവും വന്യജീവികളുമുണ്ടല്ലോ. വനമേഖലയില്‍ താമസിക്കുന്നവരെ ആട്ടിയോടിക്കാനുള്ള ദുഷ്ടലാക്ക് കേരളത്തിലെ സര്‍ക്കാരിനുണ്ടോ എന്ന് സംശയിക്കേണ്ടിവരും. കേരളീയര്‍ ആകെ പ്രയാസത്തിലാണ്.
എല്ലാ മേഖലകളെയും എല്‍ഡിഎഫ് സര്‍ക്കാര്‍ തകര്‍ത്തുവെന്നും ആന്റണി ആരോപിച്ചു. 

Eng­lish Sum­ma­ry: CAA: Antony defends the manifesto

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.