ലാറ്റിൻ അമേരിക്കയിലെയും കരീബിയൻ ദ്വീപ് സമൂഹങ്ങളിലെയും രാജ്യങ്ങളുടെ ഏകീകരണത്തിനുള്ള ശ്രമങ്ങളിൽ വലിയൊരു ചുവടുവയ്പായിരുന്നു ബ്രസീലിലെ സികോൻഫി കൺവെൻഷൻ സെന്ററിൽ നടന്ന സമ്മേളനം. ഫെബ്രുവരി 20 മുതൽ 24 വരെ നടന്ന സമ്മേളനത്തിൽ മേഖലയിലെ 20 രാജ്യങ്ങളിൽ നിന്നായി 4000ത്തിലധികം പ്രതിനിധികളാണ് പങ്കെടുത്തത്. കൊളംബിയൻ വൈസ് പ്രസിഡന്റ് ഫ്രാൻഷിയ മാർക്വിസ് ഉൾപ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തവരിലുണ്ടായിരുന്നു. രണ്ടു ദിവസങ്ങളിലായി നടന്ന സമ്മേളനം മേഖലയിലെ ജനങ്ങളും രാജ്യങ്ങളും ഭരണാധികാരികളും നേരിടുന്ന പ്രശ്നങ്ങൾ സമഗ്രമായി ചർച്ച ചെയ്തു. തുടർന്ന് രാജ്യങ്ങളിലെയും മേഖലയിലെയും ജനങ്ങളോട് ഏകോപനത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യവുമായ കാരണങ്ങൾ വിശദീകരിച്ചുമുള്ള രേഖ അംഗീകരിക്കുകയും ചെയ്തു. അന്താരാഷ്ട്ര സാമ്പത്തിക മൂലധനത്തിന്റെയും ആഗോള കമ്പനികളുടെയും കേന്ദ്രമായി ലാറ്റിൻ അമേരിക്കൻ, കരീബിയൻ രാജ്യങ്ങളെ മാറ്റുന്നതിനും ദേശീയവും ജനകീയവുമായ പരമാധികാരം തകര്‍ക്കാനും ആഗ്രഹിക്കുന്ന തീവ്ര വലതുപക്ഷത്തെ തടയുന്നതിന് ജനങ്ങളുടെ ഐക്യം അടിസ്ഥാനപരമാണെന്ന് രേഖയില്‍ പറയുന്നു.
ക്യൂബയിലെയും വെനസ്വേലയിലെയും വിപ്ലവങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന രേഖയിൽ ഹെയ്തിയിലെ കോളനി ആധിപത്യത്തെയും പലസ്തീൻ ജനതയ്ക്കുമേൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയെയും നിരാകരിക്കുന്നതായും വ്യക്തമാക്കുന്നു. പലസ്തീന്റെ സ്വയംഭരണം അംഗീകരിക്കുന്നതിനും അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനും ആഗോള സമൂഹം പ്രതികരിക്കണമെന്നും രംഗത്തുവരണമെന്നും രേഖയിൽ ആവശ്യപ്പെടുന്നുണ്ട്. പാരിസ്ഥിതിക വിഷയങ്ങളും രേഖയിലെ മുഖ്യവിഷയമാണ്. അടുത്തവർഷം ബ്രസീലിയൻ നഗരമായ പരായിലെ ബെലേമിൽ നടക്കാനിരിക്കുന്ന സിഒപി30 ഉച്ചകോടിയുടെ മുന്നോടിയായി തങ്ങളുടെ സംഘടനകൾ ഒരിക്കൽകൂടി ജനകീയ ഉച്ചകോടിക്കായി ഒത്തുചേരുമെന്നും രേഖയിൽ പറയുന്നു. മാർച്ച് രണ്ട്, എട്ട്, ഏപ്രിൽ 17, മേയ് ഒന്ന്, ജൂൺ അഞ്ച്, ഒക്ടോബർ 16 എന്നീ തീയതികളിൽ ഭൂഖണ്ഡത്തിലാകെ നടക്കുന്ന യോജിച്ച പ്രക്ഷോഭങ്ങളും രേഖയില്‍ സൂചിപ്പിക്കുന്നുണ്ട്.
പ്രസക്തഭാഗങ്ങൾ ചുവടെ. പലസ്തീന് ഐക്യദാർഢ്യം
ആഗോളതലത്തിൽ മുതലാളിത്ത വ്യവസ്ഥ ഘടനാപരമായ പ്രതിസന്ധി നേരിടുകയാണ്. അതിന്റെ ഫലങ്ങൾ പ്രവചനാതീതവുമാണ്. നവലിബറൽ ഘട്ടത്തിലെ മുതലാളിത്തം ജീവിത സുസ്ഥിരതയുടെ വിവിധ വശങ്ങളെ ഭീഷണിപ്പെടുത്തുന്ന വിധത്തിൽ വികസിച്ചതിന്റെ ഫലമാണ് ഈ പ്രതിസന്ധി. മനുഷ്യരാശിയുടെ ചരിത്രത്തിലെ അഭൂതപൂർവമായ ഭക്ഷ്യ, പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക പ്രതിസന്ധിയാണ് നാം അനുഭവിക്കുന്നത്. തൊഴിൽ അനിശ്ചിതത്വവും മാന്യമായ ജീവിതോപാധിക്കുള്ള അടിസ്ഥാന അവകാശങ്ങളുടെ പരിമിതികളും ദശലക്ഷക്കണക്കിന് ആളുകളെ പ്രതിസന്ധിയിലാക്കി. ദശലക്ഷങ്ങള്‍ കുടിയേറ്റത്തിന്റെ ദുരിതത്തിലേക്ക് പതിച്ചിരിക്കുന്നു. അന്താരാഷ്ട്ര സാമ്പത്തിക മൂലധനം അടിച്ചേല്പിക്കുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അന്തർദേശീയ കോർപറേറ്റുകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക കുറ്റകൃത്യങ്ങളുടെ അനന്തരഫലങ്ങൾ ലാറ്റിൻ അമേരിക്കൻ, കരീബിയൻ ജനത അനുഭവിക്കുകയാണ്.
വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ തർക്കം, യുഎസ് സാമ്രാജ്യത്വത്തിന്റെയും അതിന്റെ നാറ്റോ സഖ്യകക്ഷികളുടെയും ശക്തമായിക്കൊണ്ടിരിക്കുന്ന യുദ്ധോത്സുകത സൃഷ്ടിച്ച സായുധ സംഘട്ടനത്തിന്റെ അപകടസാധ്യത വർധിപ്പിക്കുന്നു. പലസ്തീൻ ജനതയ്ക്കെതിരെ ഇസ്രയേൽ ഭരണകൂടം നടത്തുന്ന വംശഹത്യയും ഉക്രെയ്നിലെ യുദ്ധവുമൊക്കെ അതിന്റെ അനന്തര ഫലങ്ങളാണ്. ലാറ്റിനമേരിക്കൻ, കരീബിയൻ ജനതകളുടെ സംയോജനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുവേണ്ടി ചേർന്ന സമ്മേളനം അന്താരാഷ്ട്ര ഐക്യദാർഢ്യവും പലസ്തീൻ ലക്ഷ്യത്തിനുവേണ്ടിയുള്ള പ്രതിരോധവും ഉറക്കെപ്രഖ്യാപിക്കുന്നു. അടിയന്തര വെടിനിർത്തലിനും സ്വതന്ത്ര പരമാധികാര പലസ്തീൻ രാഷ്ട്രം സൃഷ്ടിക്കുന്നതിനുമുള്ള ജനങ്ങളുടെ അഭിലാഷം അന്താരാഷ്ട്ര സമൂഹം ശ്രദ്ധിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു.
വിപ്ലവ ക്യൂബയ്ക്കും വെനസ്വേലയ്ക്കും അഭിവാദ്യം
വൻകിട മൂലധനം പുനഃക്രമീകരിച്ച ആധിപത്യത്തിന്റെ സാമ്രാജ്യത്വ തന്ത്രങ്ങൾക്കെതിരെ ശാശ്വതമായ ചെറുത്തുനില്പിൽ ജീവിക്കുന്ന മേഖലയാണ് ലാറ്റിൻ അമേരിക്കൻ കരീബിയൻ രാജ്യങ്ങൾ. ഈ ചെറുത്തുനില്പിന്റെ പാതയിൽ, മേഖലയിലെ ജനങ്ങളെ സംയോജിപ്പിക്കുന്നതിനുള്ള ചരിത്രപരമായ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള അടിസ്ഥാന നടപടികൾ സ്വീകരിക്കാൻ ഇവിടെയുള്ള ജനങ്ങൾക്കും അവരുടെ സംഘടനകൾക്കും കഴിഞ്ഞു. വംശീയ കൊളോണിയലിസത്തിനെതിരായ ചെറുത്തുനില്പിന്റെ പ്രതിനിധികളാണ് ഇപ്പോൾ ഇവിടെയുള്ളവർ. പ്രദേശത്തെ സൈനിക സ്വേച്ഛാധിപത്യത്തിന്റെ പ്രക്രിയകൾക്കും കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തിലുണ്ടായ നവലിബറൽ തരംഗത്തിനുമെതിരായ ജനകീയ പ്രതിരോധത്തിന്റെയും പ്രക്ഷോഭങ്ങളുടെയും പുതിയതലമുറയാണ് ഇവിടെയുള്ളത്. അത്തരം പ്രവർത്തനങ്ങൾക്ക് ക്യൂബൻ വിപ്ലവത്തിന്റെ വെളിച്ചവും വീരോചിതമായ ചെറുത്തുനില്പും പ്രചോദനമായിട്ടുണ്ട്.
അതോടൊപ്പം ഹ്യൂഗോ ഷാവേസിനൊപ്പം വെനസ്വേലയും മേഖലയിലെ രാജ്യങ്ങളെ അന്താരാഷ്ട്ര സാമ്പത്തിക മൂലധനത്തിന്റെയും അതിന്റെ ഭാഗമായുള്ള അന്തർദേശീയ കോർപറേറ്റുകളുടെയും ചൂഷണനീക്കങ്ങളെയും അധിനിവേശ ശ്രമങ്ങളെയും ചെറുക്കുന്നതിന് നേതൃത്വപരമായ പങ്കാണ് വഹിച്ചത്. അതുകൊണ്ട് ക്യൂബയോടും വെനസ്വേലയോടും അവരുടെ വിപ്ലവങ്ങളോടും ഐക്യദാർഢ്യം വീണ്ടും ഉറപ്പിക്കേണ്ടതാണ്. “ക്യൂബയെ ജീവിക്കാൻ അനുവദിക്കൂ! ” എന്ന അന്താരാഷ്ട്ര ക്യാമ്പയ്‌നിൽ തുടർന്നു പ്രവർത്തിക്കാനുള്ള പ്രതിബദ്ധത വീണ്ടും പ്രഖ്യാപിക്കുന്നു. 60 വർഷത്തിലേറെയായി ക്യൂബൻ ജനതയുടെ മേൽ അടിച്ചേല്പിച്ച വംശഹത്യാ ഉപരോധത്തെ അപലപിക്കുകയും ദ്വീപിനെ തീവ്രവാദത്തിന്റെ സ്പോൺസർമാരുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.
ഹെയ്തി ജനത നീണാൾ വാഴട്ടെ
ഹെയ്തിയിലെ വികൃതവും കുറ്റകരവുമായ നവ കൊളോണിയൽ ആധിപത്യത്തെ അപലപിക്കുകയും ഹെയ്തിയൻ ജനതയോടും ജനകീയ പ്രസ്ഥാനങ്ങളോടും പൂർണവും സജീവവുമായ ഐക്യദാർഢ്യം വളർത്തിയെടുക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. അമേരിക്കൻ നിയന്ത്രണത്തിലുള്ളതും കരീബിയൻ മേഖലയിലെ സാമ്രാജ്യത്വ ആധിപത്യത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയതുമായ ഒരു സൈനിക ഇടപെടലിനോടുള്ള അവരുടെ എതിർപ്പിനെയും പിന്തുണയ്ക്കുന്നു. ആ സമൂഹത്തിന്റെ ഘടനാപരമായ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയും അമേരിക്കൻ ഇഷ്ടത്തിന് പൂർണമായും കീഴടങ്ങിയ തീവ്ര വലതുപക്ഷ ശക്തികളുമായി ലജ്ജാകരമായി സഖ്യമുണ്ടാക്കുകയും ചെയ്ത ചില യുഎൻ സമാധാന സേനകൾ, ഹെയ്തി ജനതയ്ക്കെതിരെ നടത്തിയ കുറ്റകൃത്യങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് സമ്മേളനം ആവശ്യപ്പെടുന്നു.
പ്രാദേശിക ഏകീകരണത്തിന്റെ ആവശ്യകത
നിലവിലുള്ള മേഖലാ-ലോക സാഹചര്യങ്ങൾ പ്രാദേശിക സഹകരണം ശക്തിപ്പെടുത്തണമെന്നാണ് ജനങ്ങളോട് ആവശ്യപ്പെടുന്നത്. പരസ്പരപൂരകത, കൂട്ടായ്മ, പ്രകൃതിയെക്കുറിച്ചുള്ള അവബോധം എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധവും ആവശ്യമായി വരുന്നു. സാമ്പത്തികവും സാമൂഹികവുമായ പരിമിതികളെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്താൻ കഴിയില്ലെന്ന ആശയവും കണക്കിലെടുക്കണം. രാജ്യങ്ങളുടെ പരിസരങ്ങൾ ജനങ്ങളുടെ ജീവിത‑തൊഴിൽ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, അതുകൊണ്ടാണ് മേഖലയിലെ ജനകീയ പ്രസ്ഥാനങ്ങളും ട്രേഡ് യൂണിയനുകളും പ്രാദേശിക സംയോജനമെന്ന ജനങ്ങളുടെ മൂർത്തമായ ആവശ്യങ്ങളോട് പ്രതികരിക്കണമെന്ന് ആവശ്യപ്പെടുന്നത്. കാലാവസ്ഥ, ജൈവവൈവിധ്യം, ജലം, ഭക്ഷ്യ പ്രതിസന്ധികൾക്കെതിരായ പോരാട്ടത്തിലെ അടിസ്ഥാന ഘടകമാണ് ഈ ഏകോപനം. സന്തോഷത്തോടെയും അന്തസോടെയും ജീവിക്കാൻ കഴിയുന്ന, പരമാധികാരവും സ്വതന്ത്രവുമായ പ്രദേശങ്ങൾ സംരക്ഷിക്കുകയും കെട്ടിപ്പടുക്കുകയും ചെയ്യുന്ന ഒരു ഐക്യ ഭൂഖണ്ഡത്തിനായുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും പ്രോത്സാഹിപ്പിക്കുന്നതിന് പ്രവർത്തിക്കാനും പോരാടാനുമുള്ള പ്രതിബദ്ധത രേഖ പ്രഖ്യാപിക്കുന്നു. ലാറ്റിനമേരിക്കയും കരീബിയനും ഐക്യത്തോടെ നീണാൾ വാഴട്ടെ! ഞങ്ങൾ ജീവിക്കും, ഞങ്ങൾ വിജയിക്കുക തന്നെ ചെയ്യുമെന്നും രേഖ വിളംബരം ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.