22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 20, 2024
November 2, 2024
October 31, 2024
October 31, 2024
October 31, 2024
October 25, 2024
October 6, 2024
October 5, 2024
October 1, 2024

ജാതി, ലിംഗ അസമത്വങ്ങൾ ഒറ്റക്കെട്ടായി നേരിടണം: എഐടിയുസി

വത്സൻ രാമംകുളത്ത്
ഗുരുദാസ് ദാസ് ഗുപ്ത നഗർ
December 18, 2022 11:30 pm

ആർഎസ്എസ് നിയന്ത്രണത്തിലുള്ള നരേന്ദ്രമോഡി സർക്കാർ, രാജ്യത്തെ ദളിത്, ഗോത്രവർഗ ജനവിഭാഗങ്ങളുടെ ജീവിതസ്വാതന്ത്ര്യത്തിനുമേൽ കടന്നുകയറുന്നതായി എഐടിയുസി നാല്പത്തിരണ്ടാം ദേശീയ സമ്മേളനം. ദളിത് വിഭാഗങ്ങൾ ഉൾപ്പെടുന്ന തൊഴിലാളി വർഗത്തോടുള്ള അനീതിക്കെതിരെയും ചൂഷണത്തിനെതിരെയും ശക്തമായ പോരാട്ടം അനിവാര്യമാണെന്നും വർഗ, ജാതി, ലിംഗ അസമത്വങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു. എട്ട് വർഷത്തെ മോഡി ഭരണത്തിൽ ഗോത്രവർഗ, ദളിത് വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങളും അതിക്രമങ്ങളും അവരുടെ ആവാസവ്യവസ്ഥയിലെ കടന്നുകയറ്റവും വർധിച്ചു. അസംഘടിത മേഖലയുടെ പ്രതിസന്ധികളെക്കുറിച്ച് കഴിഞ്ഞ കുറേ വർഷങ്ങളായി നമ്മുടെ ചര്‍ച്ചാവിഷയമാണ്. കർഷകത്തൊഴിലാളികളാണ് ഈ മേഖലയിൽ ഭൂരിഭാഗവും. അവരിൽ 70 ശതമാനവും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലുള്ളവരാണ്. അവർക്കുനേരെയാണ് മോഡി സർക്കാരും ആർഎസ്എസ്-ബിജെപി ഗുണ്ടകളും അതിക്രമങ്ങൾ നടത്തുന്നത്.

മിക്ക അതിക്രമക്കേസുകളിലും കോടതി വിധികൾ വൈകുന്നു. കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം വർഷംതോറും വർധിക്കുന്നുവെന്നാണ് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻസിആർബി) യുടെ കണക്കുകൾ പറയുന്നത്. യുപിയാണ് ഇക്കാര്യത്തിൽ മുന്നിൽ. രാജസ്ഥാനും ബിഹാറും തൊട്ടുപിന്നിൽ. ഗോത്രവർഗക്കാർക്കെതിരായ അതിക്രമങ്ങളുടെ പട്ടികയിൽ മധ്യപ്രദേശാണ് ഒന്നാം സ്ഥാനത്ത്. ഭൂമിയുടെ ഉടമസ്ഥാവകാശത്തിനായും കയ്യേറ്റത്തിനെതിരെയും ഇവിടങ്ങളിലെല്ലാം വലിയ പോരാട്ടങ്ങളാണ് തുടരുന്നത്. അക്രമികൾക്കെതിരെ യാതൊരു നടപടികളുമില്ല. എന്നാൽ അവകാശത്തിനുവേണ്ടി സമരം ചെയ്ത ഗോത്രവർഗ ജനവിഭാഗങ്ങളെ സർക്കാരുകൾ ജയിലടയ്ക്കുന്നു.

ജയിലുകളിൽ കഴിയുന്ന പട്ടികജാതി-പട്ടികവർഗക്കാരുടെ മോചനത്തിനായി കേന്ദ്രനിയമമന്ത്രിയോട് ഇടപെടണമെന്ന് പറയാൻ രാഷ്ട്രപതി ദ്രൗപദി മുർമു നിർബന്ധിതയായി. എന്നാൽ അവർക്ക് ജാമ്യച്ചെലവ് താങ്ങാൻ പോലും കഴിഞ്ഞില്ല. പുതിയ ലിബറൽ നയങ്ങളാണ് അതിക്രമങ്ങൾ പെരുകുന്നതിന് കാരണം. നവലിബറൽ നയങ്ങളുടെ വക്താക്കളും ജാതി വ്യവസ്ഥയുടെ സംരക്ഷകരാണ്. ആദിവാസികൾക്കും ദളിതർക്കും ഭൂമിയുടെ അവകാശം നൽകണം. അവർക്കുനേരെയുള്ള അക്രമങ്ങൾക്കെതിരെ വേഗത്തിലും കർശനമായും നടപടിയെടുത്ത് തടയണം. സ്വകാര്യ മേഖലയിലെ സംവരണ കേസുകൾ കൈകാര്യം ചെയ്യാൻ അതിവേഗ കോടതികൾ സ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

പൊതുചർച്ച തുടങ്ങി; നാളെ സെമിനാര്‍

ഗുരുദാസ് ദാസ് ഗുപ്ത നഗര്‍: ദേശീയ സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ടിന്മേൽ പൊതുചർച്ചയ്ക്ക് തുടക്കമായി. ഇന്ന് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ചർച്ചയിൽ പങ്കെടുത്തു. ശ്രീലങ്കയിൽ നിന്നുള്ള പ്രതിനിധി ജനകാ അധികാരി, പോർച്ചുഗലിൽ നിന്നുള്ള പ്രതിനിധി മൗരിക്യോ മിഗുൾ, നേപ്പാളിൽ നിന്നുള്ള പ്രതിനിധി പ്രമൽകുമാർ ഖനാൽ, ഖസാക്കിസ്ഥാനിൽ നിന്നുള്ള പ്രതിനിധി ഷെമിംഗ് വിറ്റാലി, സിപ്രസിൽ നിന്നുള്ള പ്രതിനിധി സോറ്റിറോയില്ല ചർലംബസ്, ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനിരാജ, എഐവൈഎഫ് ജനറൽ സെക്രട്ടറി ആർ തിരുമലൈ രാമൻ, എഐഎസ്എഫ് ജനറൽ സെക്രട്ടറി വിക്കി മഹേശരി, ബികെഎംയു നേതാവ് ഗുൽസാർ സിങ് ഗോറിയ തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.

ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാർ സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്തു. പി വി സത്യനേശൻ അധ്യക്ഷനായി. നാളെ വൈകിട്ട് 5ന് ഗുരുദാസ് ദാസ് ഗുപ്ത നഗറിൽ (മുനിസിപ്പൽ സ്റ്റേഡിയം) നടക്കുന്ന ‘വർഗ രാഷ്ട്രീയത്തിന്റെ സമകാലിക കാഴ്ചപ്പാടുകൾ’ എന്ന സെമിനാർ എഐടിയുസി ദേശീയ വൈസ് പ്രസിഡന്റ് കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

Eng­lish Summary:Caste, gen­der inequal­i­ties must be tack­led togeth­er: AITUC

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.