19 December 2024, Thursday
KSFE Galaxy Chits Banner 2

ജാതി സെൻസസിൽ തെളിയുന്നത്

രമേശ് ബാബു
മാറ്റൊലി
October 19, 2023 4:30 am

ഹാത്മാഗാന്ധി 1925 മാർച്ച് 12ന് ശിവഗിരിയിൽ ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ച വേളയിൽ അവർ തമ്മിൽ നടന്ന സംവാദങ്ങളിലെ പ്രധാന വിഷയങ്ങളിലൊന്ന് ജാതിയായിരുന്നു. ഗാന്ധിജി ചോദിച്ചു: “അധഃകൃതവർഗക്കാരുടെ അവശതകൾ തീർക്കുന്നതിന് അയിത്തോച്ചാടനത്തിനു പുറമേ എന്തെല്ലാം വേണമെന്നാണ് സ്വാമിയുടെ അഭിപ്രായം?”
ഗുരു: “അവർക്ക് വിദ്യാഭ്യാസവും ധനവും ഉണ്ടാകണം. മിശ്രഭോജനമോ മിശ്രവിവാഹമോ ഉടനടി വേണമെന്ന പക്ഷമില്ല. നന്നാകാനുള്ള സൗകര്യം എല്ലാവർക്കുമെന്നപോലെ അവർക്കും ഉണ്ടാകണം.”
ഗാന്ധിജി: “ലൗകിക സ്വാതന്ത്ര്യത്തിനാണല്ലോ നാം പരിശ്രമിക്കുന്നത്. അത് സഫലമാകാതെ വരുമോ?”
ഗുരു: “അത് സഫലമാകാതെ വരികയില്ല. അതിന്റെ രൂഢമൂലത ഓർത്താൽ പൂർണഫലപ്രാപ്തിക്ക് മഹാത്മജി വീണ്ടും ഇവിടെ വരേണ്ടിവരും?”
ഗുരു പറഞ്ഞപോലെ മഹാത്മാഗാന്ധി ഇനി ജന്മമെടുത്താലും ഇന്ത്യയിലെ ജാതീയത അവസാനിക്കുമെന്ന് തോന്നുന്നില്ല. അത്രകണ്ട് രൂഢമൂലമാണ് ഇന്ത്യയിൽ ജാതി സ്വത്വം എന്ന് വ്യക്തമാക്കുകയാണ് ബിഹാറിലെ ജാതി സെൻസസ് റിപ്പോർട്ട്. ഗാന്ധിജയന്തി ദിനത്തിൽ പുറത്തുവിട്ട കണക്കുപ്രകാരം ബിഹാറിൽ 13.07 കോടിയാണ് ജനസംഖ്യ. അതിൽ പിന്നാക്കക്കാർ (ഒബിസി) മാത്രം 63.13 ശതമാനമാണ്. (പട്ടികജാതി വിഭാഗം 19.65 ശതമാനവും പട്ടികവർഗം 1.68 ശതമാനവുമാണ്, മുസ്ലിങ്ങൾ 17.7 ശതമാനം). പിന്നാക്കക്കാരിൽ 36 ശതമാനം പേർ സർക്കാരിന്റെ യാതൊരു ആനുകൂല്യവും ലഭിക്കാത്ത അതിപിന്നാക്കക്കാരാണ്. എന്നാൽ 15.53 ശതമാനം മാത്രം വരുന്ന മുന്നാക്ക വിഭാഗത്തിനാണ് ഭരണത്തിലും ഉദ്യോഗങ്ങളിലും നിയമനിർമ്മാണസഭകളിലും ഇപ്പോഴും മേൽക്കെെ.


ഇതുകൂടി വായിക്കൂ: ചന്ദ്രയാന്‍ ചിന്തകള്‍


2020ലെ ഓക്സ്ഫാം റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ജനസംഖ്യയിലെ ഏറ്റവും ഉയർന്ന പത്ത് ശതമാനം പേരാണ് മൊത്തം സമ്പത്തിന്റെ 74.3 ശതമാനവും കെെവശം വയ്ക്കുന്നത്. മധ്യനിരയിലുള്ള 40 ശതമാനവും താഴെയുള്ള 50 ശതമാനവും യഥാക്രമം 22.9 ശതമാനവും 2.8 ശതമാനവുമാണ് സ്വായത്തമാക്കിയിട്ടുള്ളത്. സ്വാതന്ത്ര്യം കിട്ടി മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും ഇന്ത്യൻ സമൂഹത്തിൽ വർധിച്ചുവരുന്ന വർഗാടിസ്ഥാന അസമത്വത്തിന്റെ ചിത്രമാണ് ഈ കണക്കുകൾ. ഇതുവരെ നല്‍കിപ്പോന്ന സംവരണവും ആനുകൂല്യങ്ങളും ഒന്നുംതന്നെ പര്യാപ്തമായിട്ടില്ലെന്നും ഈ കണക്കുകൾ തെളിയിക്കുന്നു. അപ്പോൾ എവിടെയാണ് പിഴവെന്ന് കണ്ടെത്താൻ സൂക്ഷ്മപരിശോധനകളാണ് വേണ്ടത്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കാവസ്ഥയിലുള്ള ജനവിഭാഗങ്ങൾക്കും മതന്യൂനപക്ഷങ്ങൾക്കും പ്രത്യേക പരിരക്ഷകളും അവകാശങ്ങളും ഇന്ത്യൻ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. ഭരണഘടനയുടെ അനുച്ഛേദം 15 (4), 16 (4) പ്രകാരം വിദ്യാഭ്യാസം-ഉദ്യോഗമേഖലകളിൽ ദളിത് പിന്നാക്ക വിഭാഗങ്ങൾക്ക് പ്രവേശനത്തിനും നിയമനത്തിനും സംവരണവും പ്രത്യേക പരിരക്ഷകളും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വിഭാഗങ്ങൾക്ക് വരുമാനത്തിന്റെ കാര്യത്തിലുള്ള അന്തരം ലഘൂകരിക്കണമെന്നും പദവികളിലും അവസരങ്ങളിലുമുള്ള അസമത്വം ഇല്ലാതാക്കണമെന്നും അനുച്ഛേദം 38 (2) വ്യക്തമാക്കുന്നു. പിന്നാക്കക്കാരുടെ വിഷമതകൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച ശുപാർശകൾ സമർപ്പിക്കാൻ രാഷ്ട്രപതിക്ക് കമ്മിഷനെ നിയമിക്കാമെന്ന് ആർട്ടിക്കിൾ 340(1) നിർദേശിക്കുന്നുമുണ്ട്.
ബ്രിട്ടീഷ് ഭരണകാലത്ത് 1871ലാണ് ഇന്ത്യയിൽ ആദ്യമായി ജാതി സെൻസസ് ആരംഭിക്കുന്നത്. രാജ്യത്ത് ഭൂരിപക്ഷം വരുന്ന അവർണവിഭാഗങ്ങൾക്ക് വിദ്യാഭ്യാസമോ, താഴ്ന്ന ജോലികൾ പോലുമോ ലഭിക്കുന്നില്ലെന്നും ഉദ്യോഗതലങ്ങളിൽ ബ്രാഹ്മണ മേധാവിത്തമാണെന്നും അക്കാലത്തെ സെൻസസുകൾ കണ്ടെത്തിയിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ 1951ൽ നെഹ്രു സർക്കാരാണ് ആദ്യ സെൻസസ് നടത്തിയത്. ആ സെൻസസിൽ നിന്ന് വളരെ ആസൂത്രിതമായി പിന്നാക്ക‑മുന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കിയിരുന്നു. അനുച്ഛേദം 340 (1) പ്രകാരം നിയമിക്കപ്പെട്ട കാലേക്കർ കമ്മിഷൻ 1955ലും ബി പി മണ്ഡൽ കമ്മിഷൻ 1980ലും റിപ്പോർട്ടുകൾ സമർപ്പിച്ചു. മേലിൽ സെൻസസുകൾ നടത്തുമ്പോൾ ജാതി തിരിച്ച് കണക്കെടുപ്പ് നിർബന്ധമായും ഉണ്ടാകണമെന്നും ഈ കമ്മിഷനുകൾ നിർദേശിച്ചിരുന്നു. ജാതിതിരിച്ച് കണക്കെടുപ്പ് അനിവാര്യമാണെന്ന് സംവരണം സംബന്ധിച്ച കേസുകളിൽ സുപ്രീം കോടതി പലതവണ നിർദേശിച്ചിട്ടുള്ളതുമാണ്. 2011ൽ നടന്ന സെൻസസിൽ പിന്നാക്ക, മുന്നാക്ക വിഭാഗങ്ങളെ ഉൾപ്പെടുത്തിയെങ്കിലും ആ റിപ്പോർട്ട് പൂഴ്ത്തപ്പെടുകയായിരുന്നു.

 


ഇതുകൂടി വായിക്കൂ: സമകാലത്തിന്റ മാറ്റൊലി


1990 ഓഗസ്റ്റിൽ പ്രധാനമന്ത്രി വി പി സിങ്ങാണ് മണ്ഡൽ കമ്മിഷൻ ശുപാർശ പ്രകാരമുള്ള 27 ശതമാനം പിന്നാക്ക സംവരണം പ്രഖ്യാപിച്ചത്. ഇത് ദേശീയ രാഷ്ട്രീയത്തെയും ഹിന്ദി ഹൃദയഭൂമിയെയും കലാപകലുഷിതമാക്കി. പ്രഖ്യാപനത്തെ അക്രമാസക്തമായ പ്രക്ഷോഭങ്ങളിലൂടെ സവർണ ലോബികൾ നേരിടുകയും മണ്ഡലിന് പകരം കമണ്ഡൽ ഉയർത്തുകയുമായിരുന്നു. പിന്നാക്കക്കാർക്ക് 27 ശതമാനം സംവരണം നിലവിൽ വന്നെങ്കിലും അത് പൂർണമായി നടപ്പാക്കുന്നതിനെതിരെ സവർണരുടെ ഭാഗത്തുനിന്ന് പലവിധത്തിലുള്ള കുത്സിതനീക്കങ്ങൾക്കും രാജ്യം സാക്ഷ്യം വഹിച്ചു. അതിന്റെ ഉപഫലമാണ് ക്രീമിലെയർ സംവിധാനം.
രാജ്യത്ത് 10വർഷത്തിലൊരിക്കൽ സെൻസസ് നടത്തേണ്ടത് കേന്ദ്രസർക്കാരാണ്. എന്നാൽ ദേശീയതലത്തിൽ ജാതി സെൻസസ് നടത്താൻ തയ്യാറല്ലെന്നും സംസ്ഥാനങ്ങൾക്ക് ആകാം എന്നുമാണ് മോഡി സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയത്. ജാതി സെൻസസ് നടത്തിയാൽ 85 ശതമാനം വരുന്ന പിന്നാക്ക‑ദളിത് ജനതയ്ക്ക് അധികാരത്തിൽ ഉൾപ്പെടെ അർഹമായ പങ്കാളിത്തം വേണമെന്ന മുറവിളി ഉയരും. ഇതുകൊണ്ടാണ് കേന്ദ്രസർക്കാർ ജാതി സെൻസസിനെ പേടിക്കുന്നത്. 2010ൽ പ്രതിപക്ഷത്തായിരുന്ന ബിജെപി ജാതി സെൻസസിനുവേണ്ടി അന്ന് വാദിച്ചിരുന്നുവെങ്കിലും ഇപ്പോൾ അത് രാജ്യത്തെ ജാതീയമായി ഭിന്നിപ്പിക്കുമെന്നാണ് ആരോപിക്കുന്നത്. തങ്ങളാണ് പിന്നാക്കക്കാരനെ പ്രധാനമന്ത്രിയായും ആദിവാസിയെ രാഷ്ട്രപതിയായും ഉയർത്തിയതെന്ന അവകാശവാദങ്ങൾ ബിജെപി പ്രതിരോധമാക്കുന്നു. ജാതി സെൻസസിനെ അനുകൂലിക്കാതിരുന്ന കോൺഗ്രസ് ഇപ്പോൾ ശക്തിയുക്തം അതിനായി രംഗത്ത് വന്നിരിക്കുകയാണ്. ‘ഇന്ത്യ’ മുന്നണിയുടെ പ്രധാന അജണ്ട തന്നെ ജാതി സെൻസസായി മാറുകയാണ്.
രാജ്യത്ത് ഒരു ന്യൂനപക്ഷം മാത്രമായ സവർണർക്ക് 50 ശതമാനം തുറന്ന സംവരണമാണ് നിലവിലുള്ളത്. കൂടാതെ സാമ്പത്തിക പിന്നാക്കത്തിന്റെ പേരിൽ (ഇബിസി ക്വാട്ട) 10 ശതമാനം അധിക സംവരണവും ചേരുമ്പോൾ 60 ശതമാനമാണ് തത്വത്തിൽ അവർ അനുഭവിക്കുന്നത്. ഓരോ സംസ്ഥാനവും ജാതി സെൻസസ് നടത്തുകയും യഥാർത്ഥ ചിത്രം വെളിപ്പെടുകയും ചെയ്താൽ ഭൂരിപക്ഷാധിപത്യത്തിന്റെയും സ്വത്വരാഷ്ട്രീയത്തിന്റെയും മറ്റൊരു പരിസ്ഥിതി മാറ്റത്തിലേക്കാകും രാഷ്ട്രം നീങ്ങുക. 90കളിൽ ദിശാമാറ്റം സൃഷ്ടിച്ച മണ്ഡൽ കമ്മിഷൻ റിപ്പോർട്ടുകളെ തുടർന്നുണ്ടായ പിന്നാക്ക ധ്രുവീകരണത്തിലൂടെ ബിഹാറിലും മധ്യപ്രദേശിലും യുപിയിലുമൊക്കെ അധികാരം കയ്യാളിയവരുടെ തലമുറ കുടുംബാധിപത്യത്തിലേക്ക് നീങ്ങുന്നതും ഉദ്ദേശ്യലക്ഷ്യങ്ങളെ ‘ഹെെജാക്ക്’ ചെയ്യുന്ന അവസ്ഥകളും സംജാതമാക്കിയത് കാണാതിരുന്നുകൂടാ. കോൺഗ്രസ് വക്താവ് അഭിഷേക് മനു സിംഘ്‌വി ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്.
ജാതിയുടെ അടിസ്ഥാനത്തിൽ രാഷ്ട്രത്തിന്റെ സമ്പത്ത് വിഭജിക്കുകയാണെങ്കിൽ വിവിധ ജാതികളുടെ ജനസംഖ്യയെക്കുറിച്ചും അവരുടെ സാമൂഹിക‑സാമ്പത്തിക നിലയെക്കുറിച്ചും കൃത്യമായ വിവരങ്ങൾ നിർബന്ധമായും ശേഖരിക്കപ്പെടുകതന്നെ വേണം. രാജ്യത്തിന്റെ സമഗ്രവും സമ്പൂർണവുമായ വളർച്ചയ്ക്ക് അത് അനിവാര്യമാണ്.

മാറ്റൊലി

“മനുഷ്യർ പ്രത്യക്ഷത്തിൽ വ്യത്യസ്തരായി കാണാമെങ്കിലും ഗുണപരമായി ഒന്നു തന്നെ. പിറവിയും ഒരേ സ്രോതസിൽ നിന്നാണ്”. — ശ്രീനാരായണഗുരു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.