6 October 2024, Sunday
KSFE Galaxy Chits Banner 2

മതരാഷ്ട്രപാതയിലേക്കുള്ള ആഘോഷമുദ്രകൾ

ടി കെ പ്രഭാകരകുമാർ
February 6, 2022 7:00 am

കേന്ദ്രഭരണത്തെയും നീതിന്യായവ്യവസ്ഥകളെയും കൂട്ടുപിടിച്ച് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ സംഘപരിവാർ കൊണ്ടുപിടിച്ചുള്ള നീക്കങ്ങൾ നടത്തുന്ന കാലമാണിത്. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ‑മതേതരത്വമൂല്യങ്ങളെ കഴുത്ത് ഞെരിച്ചുകൊന്ന് ഹിന്ദുത്വത്തിലധിഷ്ഠിതമായ ഏകാധിപത്യവാഴ്ചയിലേക്ക് രാജ്യത്തെ നയിക്കുന്ന ഫാസിസ്റ്റ് കുതന്ത്രങ്ങൾ ഏത് വിധേനയും വിജയിപ്പിച്ചെടുക്കാനുള്ള പരിശ്രമത്തിലാണവർ. ഹിന്ദുത്വസർവാധിപത്യം എന്ന ലക്ഷ്യത്തിലെത്തുന്നതിനുവേണ്ടി അവർ ഇതുവരെ സ്വീകരിച്ചിരിക്കുന്ന സമീപനങ്ങളും നടപ്പിൽവരുത്തിയ തീരുമാനങ്ങളും പരിശോധിക്കുമ്പോൾ മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവർക്ക് ആശങ്കയോടെ മാത്രമേ നോക്കിക്കാണാൻ സാധിക്കുകയുള്ളൂ. പൗരത്വഭേദഗതിനിയമം, കശ്മീരിന്റെ സ്വയംനിർണയാവകാശം റദ്ദ് ചെയ്യൽ, മുത്തലാഖ് നിയമം, അയോധ്യയിലെ രാമക്ഷേത്രനിർമ്മാണം തുടങ്ങിയ ഹിന്ദുത്വ അജണ്ടകൾക്കു ശേഷം ഇനി രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കാനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുന്ന കേന്ദ്രത്തിലെ ബിജെപി ഭരണകൂടം ജനുവരി 26ന് നടന്ന രാജ്യത്തിന്റെ റിപ്പബ്ലിക് ദിനാഘോഷചടങ്ങ് പൂർണമായും ഹൈന്ദവവത്കരിച്ചതിലൂടെ നല്കിയിരിക്കുന്ന സന്ദേശം വളരെ വ്യക്തമാണ്. രാജ്യതലസ്ഥാനത്ത് കഴിഞ്ഞ റിപ്പബ്ലിക് ആഘോഷങ്ങളിലൊന്നും കാണാതിരുന്ന ഹൈന്ദവബിംബങ്ങൾക്കാണ് ഇത്തവണ ന്യൂഡൽഹി സാക്ഷ്യം വഹിച്ചത്. ഇത് യഥാർത്ഥത്തിൽ റിപ്പബ്ലിക് പരേഡാണോ അതോ ശ്രീകൃഷ്ണജയന്തി-ഗണേശോത്സവങ്ങളുടെ ഘോഷയാത്രയാണോ എന്ന സന്ദേഹമുണർത്തുന്ന പുരാണകഥാപാത്രങ്ങളെ കൊണ്ട് സമ്പുഷ്ടമായ നിശ്ചലദൃശ്യങ്ങളാണ് പ്രദർശിപ്പിക്കപ്പെട്ടത്. റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിക്കുന്നതിനായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച നിശ്ചലദൃശ്യങ്ങളെല്ലാം ഹിന്ദുദൈവങ്ങളുടെയും ഹൈന്ദവവിശ്വാസങ്ങളിൽ അധിഷ്ഠിതമായ ബിംബങ്ങളുടേതുമായിരുന്നു. ദൈവങ്ങളും സന്യാസികളും പശുക്കളും ക്ഷേത്രങ്ങളും ഉൾപ്പെടുന്ന നിശ്ചലദൃശ്യങ്ങളാണ് പരേഡിൽ അണിനിരന്നത്. ഉത്തർപ്രദേശിന്റെ നിശ്ചലദൃശ്യത്തിന്റെ പ്രധാനഭാഗം കാശി വിശ്വനാഥക്ഷേത്രവും ഗംഗാതീരവും ആയിരുന്നെങ്കിൽ കർണാടകയുടെ നിശ്ചലദൃശ്യത്തിൽ ഹനുമാൻ സ്ഥാനം പിടിച്ചു. കരകൗശലവൈവിധ്യമായിരുന്നു കർണാടകയുടെ ഫ്ലോട്ടിന്റെ വിഷയമെങ്കിലും നടുവിൽ ഹനുമാൻ രൂപം വച്ചതോടെ അതിന് ഹിന്ദുത്വത്തിന്റെ ഛായയാണ് ഫലത്തിലുണ്ടായത്. ഗോധൻ ന്യായ് യോജനയുടെ പ്രചരണാർത്ഥമെന്ന് അവകാശപ്പെട്ട് അടിമുടി നീലം പൂശിയ പശുവായിരുന്നു ഛത്തീസ്‌ഗഢിന്റെ നിശ്ചലദൃശ്യം. ദേശീയവിദ്യാഭ്യാസനയത്തിന്റെ പ്രചരണാർത്ഥം തയാറാക്കിയ നിശ്ചലദൃശ്യത്തിന്റെ മുൻഭാഗത്ത് പ്രത്യക്ഷപ്പെട്ടത് കാഷായവസ്ത്രധാരിയായ സന്യാസിയും ചുറ്റിലും നാലഞ്ച് യുവസന്യാസിമാരുമാണ്. വേദകാലത്തെ ഗുരു-ശിഷ്യബന്ധത്തെ ഓർമ്മപ്പെടുത്തുന്ന ഈ നിശ്ചലദൃശ്യം വിദ്യാഭ്യാസമേഖലയെ കാവിവത്കരിക്കാൻ സംഘപരിവാർ നീക്കം നടത്തുന്ന സാഹചര്യത്തിൽ ആപത്കരമായ സന്ദേശമാണ് നൽകുന്നത്. അവർണരെയും അധഃസ്ഥിതരെയും മാറ്റിനിർത്തി സവർണർക്ക് മാത്രം വേദം പകർന്നുനൽകുന്ന ചാതുർവർണ്യത്തിന്റെ ആ ഇരുണ്ട കാലത്തിലേക്കാണ് ഇന്നത്തെ വിദ്യാഭ്യാസരീതി മടങ്ങിപ്പോകേണ്ടതെന്ന സംജ്ഞ ഈ നിശ്ചലദൃശ്യം നല്കുന്നു. രാജ്യത്ത് നാളിതുവരെ കാത്തുപരിപാലിച്ചിരുന്ന ബഹുസ്വരതയുടെയും സാംസ്കാരികവൈവിധ്യങ്ങളുടെയും മതേതരത്വത്തിന്റെയും മുദ്രകൾ റിപ്പബ്ലിക് ആഘോഷത്തിൽ നിന്നുപോലും പൂർണമായും നിരാകരിക്കപ്പെടുന്ന സ്ഥിതിവിശേഷം ഇതാദ്യമാണ്. രാജ്യത്ത് സാമൂഹ്യപുരോഗതിക്കും നവോത്ഥാനമൂല്യങ്ങൾക്കും നിലകൊള്ളുകയും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പോരാടുകയും ചെയ്ത ശ്രീനാരായണഗുരുവിനെ പോലുള്ള മഹത് വ്യക്തിത്വങ്ങളുടെ നിശ്ചലദൃശ്യങ്ങള്‍ റിപ്പബ്ലിക്ദിന പരേഡിൽ പ്രദർശിപ്പിക്കാതിരിക്കാൻ കേന്ദ്രസർക്കാർ നടത്തിയ ഇടപെടലിൽ അത്ഭുതപ്പെടാനില്ല.


ഇതുകൂടി വായിക്കാം; രാജ്യത്തിന്റെ പ്രധാന ശത്രു സംഘപരിവാർ


ഏത് കാലഘട്ടത്തിൽപെട്ടവരായാലും ജാതി-മതവിഭാഗീയവ്യവസ്ഥിതിക്കെതിരെ പ്രവർത്തിച്ചവരെയും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരെയും സംഘപരിവാർ ശത്രുതയോടെയാണ് വീക്ഷിക്കാറുള്ളതെന്ന് എല്ലാവർക്കുമറിയാം. വർഗീയ‑വംശീയമനോഭാവമുള്ള പ്രത്യയശാസ്ത്രത്തിന്റെ വക്താക്കൾ കേരളം ശ്രീനാരായണഗുരുവിനെ ഉൾപ്പെടുത്തി സമർപ്പിച്ച നിശ്ചലദൃശ്യത്തെ നിരാകരിക്കുകയല്ലാതെ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാൻ നിർവാഹമില്ല. കേരളത്തിന് പുറമെ, തമിഴ്‌നാട്, പശ്ചിമബംഗാൾ, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള നിശ്ചലദൃശ്യങ്ങളെയും കേന്ദ്രം തള്ളിക്കളയുകയായിരുന്നു. ഈ നിരാകരണങ്ങളെ ഒട്ടും നിസാരമായി കാണാൻ സാധിക്കില്ല. റിപ്പബ്ലിക് ആ­ഘോഷത്തിലെ നിശ്ചലദൃശ്യങ്ങളുടെ പേരിൽ എന്തിനാണ് ഇത്ര ആശങ്കയെന്ന ലാഘവത്തോടെയുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്നവരുണ്ട്. ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ നിശ്ചലദൃശ്യങ്ങളെ കലാരൂപങ്ങളായി കണ്ടാൽ പോരേയെന്നും മറ്റെന്താണ് പ്രശ്നമെന്നും വാദിക്കുന്നവർ ഏറെയാണ്. അത്തരം വാദഗതികൾക്ക് കൃത്യമായ മറുപടി നല്കി ഈ അജണ്ടയ്ക്ക് പിന്നിലുള്ള ആപത്തിനെ തുറന്നുകാണിക്കേണ്ടത് ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്നവരുടെ കടമയാണ്. ഇന്ത്യയെ ഹിന്ദുമതരാഷ്ട്രമാക്കാനുള്ള പാത തന്നെയാണ് ഇത്തരത്തിലുള്ള ആഘോഷമുദ്രകളെന്ന് നമ്മൾ തിരിച്ചറിയണം. ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന നിശബ്ദമായ പ്രഖ്യാപനം തന്നെയായിരുന്നു 2022ലെ റിപ്പബ്ലിക്ദിനപരേഡ്. മറ്റൊരു മതത്തെയും സംസ്കാരത്തെയും തങ്ങൾ അംഗീകരിക്കില്ലെന്ന വെല്ലുവിളിയിലധിഷ്ഠിതമായ നിലപാട് കൂടി സംഘപരിവാർ വിഭാഗീയകെട്ടുകാഴ്ചയിലൂടെ വിളിച്ചുപറയുന്നുണ്ട്. ഹിന്ദുത്വത്തിന് പുറത്തുള്ള സാംസ്കാരികഅടയാളങ്ങളൊന്നും രാജ്യത്ത് ആവശ്യമില്ലെന്ന ഓർമപ്പെടുത്തൽ കൂടിയാണിത്. രാജ്യത്തിന്റെ സ്വാതന്ത്ര്യദിനവും റിപ്പബ്ലിക്കും ഈ വിധത്തിൽ മതവല്ക്കരിക്കാനും വർഗീയവല്ക്കരിക്കാനും തയാറാകുമ്പോൾ അട്ടിമറിക്കപ്പെടുന്നത് നാനാത്വത്തിൽ ഏകത്വമെന്ന ഭരണഘടനാതത്വമാണ്. ഇന്ത്യയിൽ പൂർണമായും ഹിന്ദുമതസംഹിതക്കനുസരിച്ചുള്ള ഭരണമാണ് സംഘപരിവാറിന്റെ രാഷ്ട്രസങ്കല്പം. അത്തരമൊരു ഭരണം സാധ്യമായാൽ അംബേദ്കർ എഴുതിയ ഇന്ത്യൻ ഭരണഘടന വിസ്മൃതിയിലാകും. പകരം അവിടെ മനുസ്മൃതിയായിരിക്കും ഹിന്ദുത്വരാഷ്ട്രത്തിലെ ഭരണഘടനയായി മാറുക. വർഗീയതയും ജാതീയതയും തീവ്രസ്വഭാവം കൈവരിക്കുന്നതിന് പുറമെ രാജ്യത്ത് നിന്ന് നിർമാർജനം ചെയ്യപ്പെട്ട പഴയകാല അപരിഷ്കൃത ആചാരങ്ങൾ കൂടി തിരിച്ചുവരും. സതി പോലുള്ള ദുരാചാരങ്ങളും നരബലികളും സാർവത്രികമാകും. ഇതരമതവിഭാഗങ്ങൾക്കും ദളിതർക്കുമെതിരായ ആക്രമണങ്ങൾ കൂടുതൽ ഹിംസാത്മകമാകും. മറ്റുമതസ്ഥരുടെ ആരാധനാലയങ്ങളും ആരാധനാസമ്പ്രദായങ്ങളും ഉന്മൂലനം ചെയ്യാനുള്ള പ്രവർത്തനങ്ങൾ നടക്കും. നാം ഇതുവരെ നേടിയെടുത്ത ശാസ്ത്രപുരോഗതിയും യുക്തിബോധവും അസ്ഥാനത്താകും. വിവേകവും വിജ്ഞാനവും ചിന്താശേഷിയുമില്ലാത്ത തലമുറയായിരിക്കും ഹിന്ദുരാഷ്ട്രത്തിൽ വളർന്നുവരിക. ഇന്ത്യ മറ്റൊരു താലിബാൻ ആകുമെന്ന കാര്യത്തിൽ സംശയമില്ല. ഇതൊക്കെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ ബാധ്യതപ്പെട്ട, രാജ്യത്തെ ഏറ്റവും വലിയ മതേതരകക്ഷിയെന്ന് അവകാശപ്പെടുന്ന കോൺഗ്രസ്, തങ്ങളുടെ ഉത്തരവാദിത്വം വിസ്മരിച്ചുകൊണ്ട് ഹിന്ദുത്വവോട്ടുകൾ തങ്ങൾക്ക് എങ്ങനെ അധികാരത്തിലെത്തുന്നതിന് വേണ്ടി സമാഹരിക്കാമെന്ന ഗവേഷണം നടത്തുകയാണ്. ഇന്ത്യയെ ഒരുമതരാഷ്ട്രമായി സംഘപരിവാർ മാറ്റുകയാണെങ്കിൽ ആ പാപഭാരത്തിലെ പ്രധാനപങ്ക് കോൺഗ്രസിനും ഉണ്ടായിരിക്കും. അങ്ങനെ സംഭവിക്കാതിരിക്കാൻ രാജ്യത്തെ മറ്റ് മതേതരകക്ഷികളെ ഒരുമിച്ച് നിർത്തി ബിജെപിക്കെതിരായ മുന്നേറ്റം ശക്തിപ്പെടുത്തുന്നതിന് കോൺഗ്രസ് തന്നെയാണ് മുൻകൈയെടുക്കേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.