21 May 2024, Tuesday

രാജ്യത്തിന്റെ പ്രധാന ശത്രു സംഘപരിവാർ

Janayugom Webdesk
January 2, 2022 4:45 am

ക്രിസ്മസ് ദിനങ്ങളിൽ ക്രിസ്ത്യൻ ദേവാലയങ്ങൾക്കു നേരെയുള്ള ആക്രമണപരമ്പരയാണ് രാജ്യം കണ്ടത്. പലയിടത്തും ക്രിസ്തുവിന്റെ പ്രതിമകൾ തകർത്തു. ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, അസം തുടങ്ങിയവയുൾപ്പെടെ സംസ്ഥാനങ്ങളിൽ നിന്നും ആക്രമണങ്ങളും നശീകരണ പ്രവർത്തനങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനു പിന്നാലെയാണ് മദർ തെരേസ സ്ഥാപിച്ച ‘മിഷനറീസ് ഓഫ് ചാരിറ്റി’യ്ക്കുള്ള സംഭാവനകൾ അധികാരികൾ തടഞ്ഞുവെന്ന വാർത്ത വന്നത്. ആക്രമണങ്ങളിൽ പതിവു നടപടിയായി പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും വിശദീകരണങ്ങൾ നൽകുകയും ചെയ്തുവെങ്കിലും ഈ സംഭവങ്ങൾ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ മനസിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യൻ ജനസംഖ്യയുടെ രണ്ട് ശതമാനം മാത്രമാണ് ക്രിസ്ത്യൻ ജനതയെന്നും അക്രമസംഭവങ്ങളെ അവഗണിക്കണമെന്നും നിസാരവല്ക്കരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ജനസംഖ്യയിൽ ക്രിസ്ത്യൻ ജനതയുടെ എണ്ണം ചെറുതായിരിക്കാം. പക്ഷേ ഈ ആക്രമണങ്ങൾ ഇന്ത്യയുടെ മതേതര ഘടനയിലുണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. ഈ ആഘാതത്തിന്റെ തരംഗങ്ങൾ മൊത്തം ജനസംഖ്യയുടെ 20 ശതമാനത്തോളം വരുന്ന ന്യൂനപക്ഷവിഭാഗങ്ങളുടെ മനസിലേക്കാണ് കടന്നുകയറുന്നത്. അങ്ങനെ ന്യൂനപക്ഷ ആക്രമണങ്ങൾ മതേതര ജനാധിപത്യത്തിന്റെ അടിത്തറയ്ക്കെതിരായ ആക്രമണമായി മാറുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഈ ക്രിമിനൽ പ്രവർത്തനങ്ങളെ അപലപിക്കുകയും രാജ്യത്തെ നിയമങ്ങൾക്കനുസൃതമായി കുറ്റവാളികളെ ശിക്ഷിക്കാൻ ബന്ധപ്പെട്ട സർക്കാരുകളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ന്യൂനപക്ഷ സമുദായങ്ങളോട് മറ്റ് മതേതര സമൂഹത്തോടൊപ്പം പാർട്ടി ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. മതേതര ജനാധിപത്യത്തിന്റെ ശക്തിയും സുസ്ഥിരതയും അത് ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന സംരക്ഷണത്തെ ആശ്രയിച്ചാണ്. ആധുനിക സമൂഹത്തിൽ മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും അടിസ്ഥാനമായി ന്യൂനപക്ഷ അവകാശങ്ങൾ കണക്കാക്കപ്പെടുന്നു. മതന്യൂനപക്ഷങ്ങൾക്ക് പുറമെ ഭാഷാ ന്യൂനപക്ഷങ്ങൾ, ലൈംഗികന്യൂനപക്ഷങ്ങൾ, വംശീയ ന്യൂനപക്ഷങ്ങൾ തുടങ്ങിയവരുടെ അവകാശങ്ങൾക്കും സംരക്ഷണം നൽകണം. വംശീയ മേധാവിത്വത്തിന്റെ പ്രത്യയശാസ്ത്രവും സംസ്കാരവുമാണ് ന്യൂനപക്ഷ അവകാശങ്ങളോടുള്ള വിദ്വേഷം വളർത്തിയെടുത്തത്. ലോകമെമ്പാടും ഫാസിസ്റ്റ് ശക്തികൾ ഇങ്ങനെ വിദ്വേഷം വളർത്താൻ ശ്രമിച്ചിട്ടുണ്ട്. ആർഎസ്എസ്-ബിജെപി വളർച്ച തന്നെ ഈ രീതിയിലാണ്. മുസ്‍ലിം-ക്രിസ്ത്യൻ വിദ്വേഷമായിരുന്നു ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ആണിക്കല്ല്. അവരതിനെ ബോധപൂർവം ‘ഹിന്ദുത്വ’ എന്ന് വിളിക്കുന്നു. സൂക്ഷ്മമായി പരിശോധിച്ചാൽ ഹിന്ദുത്വ എന്നത് ഹിറ്റ്ലറുടെ ഫാസിസത്തിന്റെ ഇന്ത്യൻ പതിപ്പാണെന്ന് വ്യക്തമാകും. യഥാർത്ഥത്തിൽ ‘ഹിന്ദുത്വ’ത്തിന് ഹിന്ദു ധർമ്മവുമായും ധാർമ്മികതയുമായും ബന്ധവുമില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവം സൃഷ്ടിച്ചെടുത്തതാണ് ഹിന്ദു മതവുമായി പേരിലുള്ള സാമ്യം. വിദ്വേഷത്തിന്റെ പ്രചാരകർ ന്യൂനപക്ഷ വേട്ടയുടെ ഭാഗമായി ഏതറ്റം വരെ പോകാനും മടിക്കില്ല. അവർ ചരിത്രം തിരുത്തിയെഴുതുകയും പുരാണങ്ങളെ വളച്ചൊടിച്ച് വർഗീയ വിഭജനത്തിന്റെ താല്പര്യങ്ങൾ നിറവേറ്റുകയും ചെയ്യും. ജനങ്ങൾക്കിടയിൽ വിഭജനമുണ്ടാക്കുക എന്നതാണ് വർഗചൂഷണത്തിന്റെ പ്രാഥമിക ലക്ഷ്യം.

 


ഇതുകൂടി വായിക്കൂ: ജനങ്ങളെ ഭയന്നോടുന്ന ബിജെപി


 

ഈ അവസ്ഥയിൽ മുതലാളിത്തത്തിന്റെ വർഗ താല്പര്യങ്ങളും വർഗീയവാദികളുടെ താല്പര്യങ്ങളും ഒരുമിക്കുന്നു. ഹിറ്റ്ലറുടെ ഫാസിസവുമായുള്ള ആർഎസ്എസിന്റെ പ്രത്യയശാസ്ത്രപരമായ അടുപ്പം അവരുടെ ചിന്തകളിലും പ്രവൃത്തികളിലും വരെ പ്രകടമാണ്. രണ്ടു പ്രത്യയശാസ്ത്രങ്ങളുടെയും പൊതുവായ അടിത്തറ വംശീയ അഭിമാനത്തോടുള്ള പ്രതിബദ്ധതയും സാമ്പത്തിക മൂലധനത്തോടുള്ള വിധേയത്വവുമാണ്. ഈ സവിശേഷതകളെ അടിസ്ഥാനമാക്കിയാണ് എം എസ് ഗോൾവാൾക്കർ, ‘ഹിന്ദുത്വ’യുടെ ആദരണീയ ഗ്രന്ഥമായി കണക്കാക്കപ്പെടുന്ന വിചാരധാര (ബഞ്ച് ഓഫ് തോട്ട്സ്) എന്ന തന്റെ പുസ്തകം പുറത്തിറക്കിയത്. ന്യൂനപക്ഷങ്ങളോടുള്ള ആർഎസ്എസിന്റെ വിഷലിപ്തമായ സമീപനം ആ കൃതിയിലുടനീളം കാണാം. ന്യൂനപക്ഷങ്ങളെ രാജ്യത്തിന്റെ ആഭ്യന്തര ഭീഷണിയായി ഗോൾവാൾക്കർ വർഗീകരിക്കുന്നു. മുസ്‍ലിങ്ങൾ ഒന്നാം ശത്രുവും ക്രിസ്ത്യാനികൾ രണ്ടാം സ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഒരു നൂറ്റാണ്ടായി ആർഎസ്എസ് വിഷം തുപ്പുന്നത് അവരുടെ സ്വയംസേവകരുടെ മനസിനെയും തലച്ചോറിനെയും വിഷമയമാക്കാൻ വേണ്ടിത്തന്നെയാണ്. ആർഎസ്എസ്-ബിജെപി ശ്രേണിയിലുള്ളവരെല്ലാം ആ സൈദ്ധാന്തിക ചട്ടക്കൂടിൽ പരിശീലനം നേടിയവരാണ്. രാജ്യത്തെ വിഭജിക്കുന്നതിന് കളമൊരുക്കുന്നതിൽ അതിന്റെ സംഭാവന വളരെ വലുതാണ്. സ്വാതന്ത്ര്യത്തിന്റെ തലേന്ന് നടന്ന രക്തച്ചൊരിച്ചിലുകളും കൊലപാതകങ്ങളും ചരിത്രത്തിലെ കറുത്ത പാടായി ഇപ്പോഴും അവശേഷിക്കുന്നു. അവരുടെ വർഗീയ ദുര അവിടെ അവസാനിച്ചില്ല.

 


ഇതുകൂടി വായിക്കൂ: തീവ്രഹിന്ദുത്വം വയറുനിറയ്ക്കില്ല


 

അത് ബാബറി മസ്ജിദ് തകർച്ചയിലേക്കും അതിനു മുമ്പും ശേഷവുമുള്ള നിരവധി വർഗീയ സംഘർഷങ്ങളിലേക്കും നീണ്ടു. മോഡി സർക്കാരിന്റെ വരവോടെ, അതേ വംശീയ ചിന്തകളാണ് ദേശീയ പൗരത്വ — ദേശീയ പൗരത്വ പട്ടിക (സിഎഎ-എൻആർസി) നിയമങ്ങൾക്ക് ജന്മം നൽകിയത്. ഏഴുവർഷത്തെ നരേന്ദ്രമോഡി ഭരണം സംഘപരിവാറിന്റെ വർഗീയ വിദ്വേഷത്തിന്റെ അക്രമസ്വഭാവം വർധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നിറവേറ്റാൻ വർഗീയ വിഭജനം ഉപയോഗിക്കുന്നതിൽ അവർ പ്രത്യേക വൈദഗ്‍ധ്യം നേടിയിട്ടുണ്ട്. രാഷ്ട്രീയ അധികാരത്തിലേക്കുള്ള കുറുക്കുവഴി തുറക്കാൻ അവർ കലാപങ്ങൾക്ക് തുടക്കമിട്ടു. വർഗീയ വിദ്വേഷത്തിന്റെ പതാകവാഹകർ ന്യൂനപക്ഷങ്ങളെ പ്രതികാരമനോഭാവത്തോടെ നോട്ടമിട്ടു. ദൈനംദിന ആലോചനകളിൽ ‘ഞങ്ങൾ’, ‘അവർ’ എന്ന വിഭാഗീയത സാധാരണ പ്രയോഗമായി. അയോധ്യക്ക് പിന്നാലെ നിരവധി മന്ദിർ‑മസ്ജിദ് അതിക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടു. മതപരിവർത്തനത്തിന്റെ പേരിൽ ക്രിസ്ത്യാനികൾ ശക്തമായി ആക്രമിക്കപ്പെട്ടു. ഭരണവൃത്തങ്ങളുടെ നിഘണ്ടുവിൽ നിന്ന് യുക്തിയുടെയും സംയമനത്തിന്റെയും ശബ്ദം അപ്രത്യക്ഷമായി. ന്യൂനപക്ഷങ്ങൾക്കെതിരെ നിരന്തരം ആക്രമണം അഴിച്ചുവിടാനുള്ള കാരണങ്ങൾ അന്വേഷിക്കുകയായിരുന്നു ഇക്കൂട്ടർ. തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോഴെല്ലാം ഇത്തരം ശ്രമങ്ങൾ ശക്തമാക്കും. ജനകീയ വിഷയങ്ങളിൽ സമസ്ത മേഖലകളിലും പരാജയപ്പെട്ട സർക്കാരാണ് രാജ്യം ഭരിക്കുന്നത്. തൊഴിലില്ലായ്മ, വിലക്കയറ്റം മുതലായവ മോഡിയുടെ ‘അച്ചാദിനി‘ന്റെ പൊള്ളത്തരത്തിലേക്ക് വിരൽ ചൂണ്ടുന്നു.

 


ഇതുകൂടി വായിക്കൂ: വിദ്വേഷത്തിന്റെ വിഷവിത്തുകൾ


 

ജനങ്ങൾ കടുത്ത നിരാശയിലാണെന്ന് പൂർണബോധമുള്ള സംഘപരിവാർ ജീവിതത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കുന്നു. അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പും 2024ലെ പൊതുതെരഞ്ഞെടുപ്പും ബിജെപിക്ക് നിർണായകമാണ്. ചരിത്രപ്രസിദ്ധമായ കർഷക സമരത്തിന്റെ വിജയവും തൊഴിലാളി ജനസമൂഹത്തിന്റെ ഒറ്റക്കെട്ടായ ചെറുത്തുനിൽപ്പും അവരെ ഭയപ്പെടുത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് തങ്ങളുടെ കൊളോണിയൽ യജമാനന്മാരിൽ നിന്ന് പഠിച്ച ‘വിഭജിച്ച് ഭരിക്കുക’ എന്ന തന്ത്രം പയറ്റാൻ ന്യൂനപക്ഷങ്ങൾക്ക് നേരെ ഹീനമായ ആക്രമണങ്ങൾ ആവിഷ്കരിക്കുന്നത്. ഈ വിഭജന രാഷ്ട്രീയത്തിന് മുന്നിൽ പതറാൻ രാജ്യത്തെ അനുവദിക്കരുത് എന്നതുകൊണ്ട് മതേതര, ജനാധിപത്യ ശക്തികൾ ന്യൂനപക്ഷങ്ങൾക്കെതിരായ സംഘപരിവാർ ആക്രമണങ്ങളെ എതിർക്കുന്നു. ഇന്ന് കൃസ്ത്യാനികളെങ്കിൽ നാളെ മുസ്‍ലിങ്ങളായിരിക്കും. തീർച്ചയായും അടുത്ത ദിവസം അവർ തൊഴിലാളികളുടെയും കർഷകരുടെയും ജനാധിപത്യ ശക്തികളുടെയും നേർക്ക് വരും. അത് ചെറുക്കണം, ഒറ്റപ്പെടുത്തണം. സംഘപരിവാറാണ് ഇന്ന് രാജ്യത്തിന്റെ പ്രധാന ശത്രു.

 

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.