വയസ് അഞ്ച് കഴിഞ്ഞിട്ടും കൊച്ചി മെട്രോയെ പിച്ചവച്ചു നടക്കാനനുവദിക്കാതെ കേന്ദ്ര സർക്കാർ. അഞ്ച് വർഷം പൂർത്തിയാക്കിയ രാജ്യത്തെ ഇതര മെട്രോ റയിലുകൾക്ക് രണ്ടും മൂന്നും ഘട്ട വികസനങ്ങൾ സാധ്യമാക്കിയപ്പോഴും കൊച്ചി മെട്രോയുടെ തുടർ വികസനത്തിനെതിരായ കടും പിടിത്തം തുടരുയൊണ് കേന്ദ്രം.
നഷ്ടത്തിന്റെ പാതയിലൂടെ നീങ്ങുന്ന സ്ഥാപനത്തിന് കൈത്താങ്ങാകുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്, കാക്കനാട്ടേക്കുള്ള രണ്ടാം ഘട്ട വികസനം. ഇതിനായി, കഴിഞ്ഞ കേന്ദ്ര ബജറ്റിൽ വിഹിതം വകയിരുത്തിയിട്ടും, തുടർച്ചയായി സംസ്ഥാനം കേന്ദ്രത്തിന്റെ വാതിലിൽ മുട്ടിയിട്ടും അനുമതിയായിട്ടില്ല. അനുമതി ഉടനെന്ന് കേന്ദ്രമന്ത്രിമാർ കേരളത്തിലെത്തി പ്രഖ്യാപിച്ചിരുന്നതുമാണ്.
അതേസമയം, മറ്റു ചില സംസ്ഥാനങ്ങളിലെ മെട്രോകളുടെ പല ഘട്ട വികസനങ്ങൾക്ക് പലവട്ടം പച്ചക്കൊടി കാട്ടുകയും ചെയ്തു. ബജറ്റിലെ വിഹിതത്തിന്റെ കാര്യത്തിലും വൈരുധ്യമുണ്ട്. 1957 കോടിയെന്നാണ് പ്രഖ്യാപനം. യഥാർത്ഥത്തിൽ ലഭിക്കുക 338.75 കോടിയും. കേന്ദ്രത്തിനു മാത്രമല്ല, കേരളീയനായ കേന്ദ്ര മന്ത്രിക്കും സംസ്ഥാനത്തെ ലോകസഭാംഗങ്ങൾക്കും പോലും കൊച്ചി മെട്രോയുടെ കാര്യത്തിൽ താല്പര്യമില്ല.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം സ്റ്റേഷനിൽ നിന്ന് കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള 11.2 കിലോമീറ്റർ രണ്ടാം ഘട്ടത്തിനായി പ്രതീക്ഷിക്കുന്ന ചെലവ് 2300 കോടിയാണ്. ഈ പാതയിലെ ഓട്ടത്തിലാണ് കൊച്ചി മെട്രോ റയിൽ കോർപറേഷന്റെ മുഴുവൻ പ്രതീക്ഷയും. ആലുവയിൽ നിന്നു തുടങ്ങുന്ന റൂട്ടിൽ പ്രതിദിനം ഒരു ലക്ഷം യാത്രക്കാരെയാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും എണ്ണം 70, 000 — ലെത്തിയിട്ടേയുള്ളു. രണ്ടാം ഘട്ട വികസനം കഴിഞ്ഞാൽ ആലുവയിൽ നിന്നു തുടങ്ങി നെടുമ്പാശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്കുള്ള ഘട്ടമാണ് കെഎംആർഎൽ വിഭാവന ചെയ്യുന്നത്.
കരാർ പ്രകാരമുള്ള വായ്പകൾ തിരിച്ചടക്കേണ്ടത് അടുത്ത മാസം മുതലാണ്. മെട്രോ സുരക്ഷയ്ക്കായി കേരള പൊലീസിലെ സ്റ്റേറ്റ് ഇൻഡസ്ട്രീയൽ സെക്യൂരിറ്റി ഫോഴ്സിനെ നിയോഗിച്ചതിലെ ഫീസിനത്തിൽ കോടികൾ കുടിശികയായതിനെ തുടർന്ന് അവരെ അടുത്തിടെ പിൻവലിച്ചിരുന്നു. വരുമാനം വർധിപ്പിക്കാൻ മെട്രോ സർവീസുമായി ബന്ധപ്പെടുത്തി പല പദ്ധതികളും കെഎംആർഎൽ ആവിഷ്കരിച്ചിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിന് ആകർഷകമായ പാക്കേജുകളും ആലോചനയിലുണ്ട്. പാത കാക്കനാട്ടേക്കു നീട്ടുന്നതിന്റെ മുന്നോടിയായുള്ള റോഡിനു വീതികൂട്ടൽ തുടങ്ങിയ ജോലികളൊക്കെ നടന്നുവരികയാണ്.
English Summary: Center against Kochi Metro development
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.