19 December 2024, Thursday
KSFE Galaxy Chits Banner 2

കേന്ദ്രം സംസ്ഥാനങ്ങളെ സമീപിക്കുന്നത് അടിമ ഉടമയെന്ന നിലയില്‍: കാനം

Janayugom Webdesk
വെളിയം ഭാര്‍ഗവന്‍ നഗര്‍ (തിരുവനന്തപുരം)
October 1, 2022 8:24 pm

ബിജെപി അധികാരത്തിലേറിയതിന് ശേഷം സംസ്ഥാനത്തിന്റെ അധികാരത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ നിരന്തരം കടന്നാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഫെഡറലിസവും കേന്ദ്ര‑സംസ്ഥാന ബന്ധങ്ങളും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഫെ‍ഡറല്‍ സംവിധാനത്തെ അപ്രസക്തമാക്കാനാണ് കേന്ദ്രഭരണകൂടം ശ്രമിക്കുന്നത്. സംസ്ഥാന വിഷയമായി നിശ്ചയിച്ചിട്ടുള്ള കര്‍ഷകരുടെ പ്രശ്നങ്ങള്‍, ഉല്പന്നങ്ങളുടെ വിപണനം തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മ്മാണങ്ങളും നടപടികളും സ്വീകരിക്കാറുണ്ട്. എന്നാല്‍ കേന്ദ്രം പാര്‍ലമെന്റിന്റെ അധികാരം ഉപയോഗിച്ച് ചില നിയമങ്ങള്‍ പാസാക്കി. അത് രാജ്യത്താകെ കൃഷിക്കാരുടെ സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും വഴിതെളിച്ചു. അവസാനം ആ നിയമങ്ങള്‍ മരവിപ്പിക്കേണ്ടി വന്നു. വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റിലാണ്. എന്നാല്‍ ദേശീയ വിദ്യാഭ്യാസനയം പ്രഖ്യാപിച്ച് സംസ്ഥാനങ്ങളുടെ ആ അധികാരങ്ങള്‍ കവര്‍ന്നെടുക്കാന്‍ കേന്ദ്രം തീരുമാനിച്ചു. നികുതിക്കുള്ള അധികാരം ജി എസ് ടി വന്നതോടുകൂടി കേന്ദ്ര സര്‍ക്കാര്‍ കവരുന്ന സ്ഥിതിയായി. നിലവിലെ അവസ്ഥയില്‍ കേന്ദ്രം സംസ്ഥാനങ്ങളെ സമീപിക്കുന്നത് അടിമ ഉടമയെന്ന നിലയിലാണ്. നമ്മുടെ ഭരണഘടന നിര്‍വ്വചിച്ചിട്ടുള്ള ഫെഡറല്‍ സംവിധാനത്തിന് തുരങ്കം വെയ്ക്കുന്ന നടപടിയാണിതെല്ലാമെന്ന് കാനം പറഞ്ഞു.
സര്‍ക്കാരിയ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിശ്ചിതമായ അവകാശങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അതിന്റെ അടിസ്ഥാനത്തില്‍ പോകാനോ പിന്നീടുവന്ന പൂഞ്ചി കമ്മിഷന്റെ അടിസ്ഥാനത്തില്‍ ഈ വിഷയങ്ങളെ സംബന്ധിച്ച് നടപടി സ്വീകരിക്കാനോ കേന്ദ്രം തയ്യാറല്ല. സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും താല്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കണമെങ്കില്‍ ഈ നിലപാടിനെതിരെ എല്ലാ സംസ്ഥാനങ്ങളും യോജിക്കണം. സിപിഐ ഇത്തരം സമീപനങ്ങളില്‍ പ്രത്യേകിച്ച് സര്‍ക്കാരിയ കമ്മീഷന് മുമ്പാകെ കൊടുത്തിട്ടുള്ള മൊഴികള്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ ശക്തമായി എതിര്‍ക്കുന്നതാണ്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം കേന്ദ്ര ഗവണ്‍മെന്റിന്റെ ഏജന്റുമാരെപ്പോലെ ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിച്ച് ഭരണനിര്‍വ്വഹണത്തിന് തുടര്‍ച്ചയായി തടസ്സങ്ങള്‍ ഉണ്ടാക്കുന്നു. ഇതെല്ലാം ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും അതിന് അഭിപ്രായ സ്വരൂപണം നടത്താനുമുള്ള ഒരു ശ്രമം എന്ന നിലയിലാണ് ഈ വിഷയം കേരളത്തിലെ മുഖ്യമന്ത്രിയും തമിഴ്‍നാട് മുഖ്യമന്ത്രിയും പങ്കെടുത്ത് ചര്‍ച്ച ചെയ്യണം എന്ന് പാര്‍ട്ടി തീരുമാനിച്ചത്. കേന്ദ്രത്തിന്റെ ഈ നിലപാടിനെതിരെ സംസ്ഥാനങ്ങളുടെ ഐക്യം വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയണമെന്നും കാനം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‍നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ തുടങ്ങിയവര്‍ വിഷയത്തെ അധികരിച്ച് സംസാരിച്ചു. മന്ത്രി ജി ആര്‍ അനില്‍ സ്വാഗതവും വിളപ്പില്‍ രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.