22 December 2024, Sunday
KSFE Galaxy Chits Banner 2

ലേബര്‍ കോഡുകള്‍ നേരത്തേയാക്കാൻ കേന്ദ്രം

ഡോ. ഗ്യാന്‍ പഥക്
October 21, 2024 4:45 am

വിവാദമായ നാല് ലേബർ കോഡുകളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോയാൽ പണിമുടക്ക് ഉൾപ്പെടെയുള്ള രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് 10 കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി ഭീഷണി മുഴക്കിയിരിക്കെ, നിയമം നേരത്തെ നടപ്പാനൊരുങ്ങുകയാണ് മോഡി ഭരണകൂടം. ലേബർ കോഡുകൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട്, കേന്ദ്ര തൊഴിൽ മന്ത്രാലയം തൊഴിലാളി സംഘടനാ നേതൃത്വങ്ങളുമായി സംസാരിച്ചിരുന്നെങ്കിലും അഭിപ്രായ വ്യത്യാസം ഇപ്പോഴും അതേപടി നിലനിൽക്കുന്നു. സംഘടനകളുടെ സംയുക്ത സമിതി, നാല് ലേബർ കോഡുകൾ റദ്ദാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്.

കോഡ് ഓൺ വേജസ് 2019, കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി 2020, തൊഴിൽ സുരക്ഷ, ആരോഗ്യം, പ്രവർത്തന സാഹചര്യങ്ങൾ കോഡ് 2020, വ്യാവസായികബന്ധ കോഡ് 2020 എന്നിവയാണ് നാല് ലേബർ കോഡുകൾ. വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്തുക, തൊഴിലുടമകൾ ചെയ്യുന്ന ചില കുറ്റങ്ങള്‍ ലഘൂകരിക്കുന്നതിലൂടെ ബിസിനസ് എളുപ്പമാക്കുക എന്നീ ലക്ഷ്യങ്ങളോടെ, നിലവിലുണ്ടായിരുന്ന 44 കേന്ദ്ര തൊഴിൽ നിയമങ്ങളിൽ 29 എണ്ണം ഉൾപ്പെടുത്തിയാണ് കോഡുകൾ രൂപപ്പെടുത്തിയത്. രാജ്യത്ത് വ്യാപാരം സുഗമമാക്കുന്നതിന് ഏറെ ഗുണകരമായ തൊഴിൽ പരിഷ്കാരങ്ങളാണിതെന്നും തൊഴിലാളികളുടെ താല്പര്യവും കണക്കിലെടുത്തിട്ടുണ്ടെന്നും കേന്ദ്രം വാദിക്കുന്നു.

എന്നാല്‍ എഐടിയുസി, ഐഎന്‍ടിയുസി, സിഐടിയു, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി തുടങ്ങി 10 കേന്ദ്ര യൂണിയനുകളുടെ സംയുക്ത സമിതി, കോഡുകൾ തൊഴിലാളി വിരുദ്ധവും കോർപറേറ്റ് അനുകൂലവുമാണെന്നും അവ നടപ്പിലാക്കുന്നത് തൊഴിൽശക്തി കുറയ്ക്കുമെന്നും സാമ്പത്തിക അടിമത്തമുണ്ടാക്കുമെന്നും ആരോപിച്ചു.


കോർപറേറ്റ് തൊഴിൽ സംസ്കാരത്തെ ചെറുക്കണം


പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും ലേബർ കോഡുകൾ നടപ്പിലാക്കുന്നതിൽ തടസമുണ്ടാകില്ലെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്. പ്രധാന പ്രതിപക്ഷ സംസ്ഥാനമായ പശ്ചിമ ബംഗാൾ ഈയിടെ അതിന്റെ കരട് ചട്ടം രൂപീകരിക്കാൻ സമ്മതിച്ചു. ലേബർ കോഡുകളെ പശ്ചിമ ബംഗാൾ നേരത്തെ എതിർത്തിരുന്നുവെന്നത് എടുത്തുപറയേണ്ടതാണ്. മറ്റ് രണ്ട് സംസ്ഥാനങ്ങൾ — മേഘാലയയും നാഗാലാന്റും — അവരുടെ കരട് നിയമങ്ങൾ ഉടൻ തയ്യാറാക്കുമെന്ന് കേന്ദ്രം പ്രതീക്ഷിക്കുന്നു. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും നിയമങ്ങൾ ഏറെക്കുറെ തയ്യാറായെന്നാണ് കേന്ദ്ര തൊഴിൽ മന്ത്രാലയവൃത്തങ്ങൾ അറിയിക്കുന്നത്. എല്ലാ കേന്ദ്രഭരണ പ്രദേശങ്ങളും 28ൽ 25 സംസ്ഥാനങ്ങളും ഇതിനകം നിയമങ്ങൾ രൂപീകരിച്ചുകഴിഞ്ഞു. അതിനാൽ കേന്ദ്ര‑സംസ്ഥാന നിയമങ്ങളുടെ പേരിൽ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകാനിടയില്ലെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

ലേബർ കോഡുകൾ നടപ്പിലാക്കുന്നതിനുള്ള പ്രധാന തടസങ്ങളിലൊന്ന്, ഭരണഘടനാ വ്യവസ്ഥയനുസരിച്ച് തൊഴിലാളികൾ കൺകറന്റ് ലിസ്റ്റിൽ ഉള്‍പ്പെടുന്നതാണ്. അതിനാല്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും അവരവരുടെ നിയമങ്ങൾ ആവശ്യമാണ്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ പോലും ആത്യന്തികമായി വിവാദ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കാൻ സമ്മതിച്ചുവെന്നത് നടപടികളിലെ പുരോഗതിയായി കേന്ദ്രം കണക്കുകൂട്ടുന്നു.

കേന്ദ്ര തൊഴിലാളി യൂണിയനുകള്‍ ചെറുക്കുന്നുവെങ്കിലും, ലേബർ കോഡുകൾ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസ്ഥാനങ്ങളെ ബോധവല്‍ക്കരിക്കുന്നതിൽ സർക്കാർ വിജയിച്ചതായും കേന്ദ്ര തൊഴിൽ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളുമായി സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ നടന്ന മേഖലാ യോഗങ്ങള്‍ എല്ലാ പങ്കാളികളുടെയും അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിന് അനുഗുണമായി. ലേബർ കോഡിന്റെ ചട്ടക്കൂടിനുള്ളിൽ നിന്ന് നിയമങ്ങൾ നടപ്പിലാക്കാൻ സംസ്ഥാനങ്ങൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.


തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ


മറുവശത്ത്, തൊഴിലാളികളുടെ നിരവധി പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും ഈ പശ്ചാത്തലത്തിൽ നാല് ലേബർ കോഡുകൾ നടപ്പിലാക്കുന്നത് തൊഴിലാളികളുടെ ജീവിതാവസ്ഥ കൂടുതൽ വഷളാക്കുമെന്നും തൊഴിലാളി സംഘടനകള്‍ കേന്ദ്ര തൊഴിൽ മന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. ‌‌‌2019ലും 2020ലും പാർലമെന്റിൽ കോഡുകൾ പാസാക്കിയതുമുതൽ, കേന്ദ്രയൂണിയനുകളുടെ ഐക്യവേദി പ്രതിഷേധമുയര്‍ത്തുകയും അഖിലേന്ത്യാ പണിമുടക്കുകൾ ഉള്‍പ്പെടെ പ്രക്ഷോഭം നടത്തുകയും ചെയ്തു. ഇക്കഴിഞ്ഞ സെപ്റ്റംബർ 23ന് പതിനായിരക്കണക്കിന് തൊഴിലാളികൾ രാജ്യത്തെ വിവിധ പട്ടണങ്ങളിലും നഗരങ്ങളിലും ലേബർ കോഡുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി. അന്നേദിവസം കേന്ദ്ര ട്രേഡ് യൂണിയനുകള്‍ കരിദിനമായും ആചരിച്ചു.

വന്‍കിട ബിസിനസുകാര്‍ക്കും കോർപറേറ്റുകൾക്കും ബഹുരാഷ്ട്ര കമ്പനികൾക്കും വേണ്ടിയുള്ള കോഡുകള്‍ കോവിഡ് മഹാമാരിയുടെ സമയത്ത് ചർച്ച കൂടാതെയാണ് പാർലമെന്റില്‍ പാസാക്കിയത്. നാല് ലേബർ കോഡുകൾക്കും കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കുമെതിരെ നവംബർ 26ന് അഖിലേന്ത്യാ പണിമുടക്കിന് കേന്ദ്ര തൊഴിലാളി സംഘടനകളുടെയും കർഷക യൂണിയനുകളുടെയും സംയുക്ത വേദി തയ്യാറെടുക്കുകയാണ്.

(ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.