19 December 2024, Thursday
KSFE Galaxy Chits Banner 2

സഹകരണമേഖലയില്‍ കടന്നുകയറാന്‍ കേന്ദ്രം ശ്രമിക്കുന്നു‍: കാനം

കെസിഇസി സംസ്ഥാന സമ്മേളനം തുടങ്ങി
Janayugom Webdesk
കൊല്ലം
November 12, 2022 9:35 pm

ഭരണഘടനയിലെ സംസ്ഥാന വിഷയമായ സഹകരണ മേഖലയില്‍ കടന്നുകയറാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ (എഐടിയുസി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയന്ത്രണങ്ങള്‍ നല്ലതാണ്, എന്നാല്‍ ഭരണഘടനാദത്തമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നത് അംഗീകരിക്കാനാവില്ല. റിസര്‍വ്വ് ബാങ്കിനെ ഉപയോഗിച്ച് സഹകരണ സ്ഥാപനങ്ങളില്‍ ഇടങ്കോലിടുകയാണ്. കോര്‍പറേറ്റുകളുടെ കടബാധ്യത എഴുതി തള്ളാന്‍ ഒരു മടിയും കാട്ടാത്ത റിസര്‍വ്വ് ബാങ്ക് സഹകരണ മേഖലയെ തകര്‍ക്കുന്ന സമീപനം സ്വീകരിക്കുന്നു. നോട്ട് നിരോധനം കൊണ്ടുവന്ന സമയത്ത് സഹകരണ മേഖല കള്ളപ്പണം വെളുപ്പിക്കുന്നു എന്ന് കേന്ദ്രം ആരോപിച്ചു. അന്നേ സഹകരണ മേഖലയില്‍ ഇടപെടാനുള്ള വഴിതേടുകയായിരുന്നു കേന്ദ്രമെന്നും അദ്ദേഹം പറഞ്ഞു. 

ഭരണഘടനാതത്വങ്ങളൊന്നും കേന്ദ്രം പാലിക്കാറില്ല. സംസ്ഥാന വിഷയമായിട്ടും കാര്‍ഷികമേഖലയെ തകര്‍ക്കുന്ന മൂന്ന് നിയമങ്ങള്‍ അവര്‍ കൊണ്ടുവന്നതും ജനകീയ പ്രക്ഷോഭത്തിലൂടെ അത് പിന്‍വലിക്കേണ്ടിവന്നതും നാം കണ്ടു. കണ്‍കറന്റ് ലിസ്റ്റിലുള്ള വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനങ്ങളോട് ആലോചിക്കാതെ ദേശീയ വിദ്യാഭ്യാസനയം കൊണ്ടുവന്നു. അതുപോലെ സഹകരണ മേഖലയെയും ഇല്ലായ്മ ചെയ്യാന്‍ അവര്‍ക്ക് മടിയുണ്ടാകില്ല. സര്‍വതലസ്പര്‍ശിയായ സഹകരണ മേഖല സാമൂഹ്യസേവന മേഖലയില്‍ അഭിവൃദ്ധി ഉണ്ടാക്കി പ്രതിസന്ധികളെ അതിജീവിച്ചാണ് സഹകരണ മേഖല ഇന്നത്തെ നിലയില്‍ എത്തിയത്. ഈ മേഖലയ്ക്ക് ഇ ചന്ദ്രശേഖരന്‍നായരും പി രവീന്ദ്രനും നല്‍കിയ സംഭാവന വലുതാണ്. അവര്‍ തുടങ്ങിവച്ച നിക്ഷേപ സമാഹരണത്തിലൂടെ സഹകരണ മേഖലയെ സമ്പദ്ഘടനയുടെ ചാലകശക്തിയാക്കി. സാധാരണക്കാരന് വായ്പ നല്‍കുന്ന പ്രസ്ഥാനമാണിത്. 

അഭൂതപൂര്‍വമായ ഈ വളര്‍ച്ചക്കിടയില്‍ ചില പുഴുക്കുത്തുകള്‍ ഉണ്ടാകുന്നുണ്ട്. പക്ഷേ അത് മുഖ്യചര്‍ച്ചാ വിഷയമാക്കി ഈ മേഖലയെ കടന്നാക്രമിക്കാനാണ് കേന്ദ്രം ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ അഭിവാദ്യപ്രസംഗം നടത്തി. സംസ്ഥാന പ്രസിഡന്റ് വിത്സന്‍ ആന്റണി പതാക ഉയര്‍ത്തി. സ്വാഗതസംഘം ചെയര്‍മാന്‍ പി എസ് സുപാല്‍ എംഎല്‍എ സ്വാഗതം പറഞ്ഞു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവംഗം ആര്‍ രാജേന്ദ്രന്‍, എഐടിയുസി സംസ്ഥാന സെക്രട്ടറി എം ജി രാഹുല്‍, ജില്ലാ സെക്രട്ടറി ജി ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

Eng­lish Summary:Center try­ing to for­ay into coop­er­a­tive sec­tor: Kanam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.