2 May 2024, Thursday

Related news

March 27, 2024
March 21, 2024
March 21, 2024
March 21, 2024
March 18, 2024
March 16, 2024
March 14, 2024
March 13, 2024
March 13, 2024
March 8, 2024

റബ്ബർ കൃഷിയെ വിഴുങ്ങാൻ ബില്ലുമായി കേന്ദ്രം

ബേബി ആലുവ
കൊച്ചി
August 28, 2023 9:11 pm

റബ്ബർ കൃഷിയെ വ്യവസായമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര നീക്കത്തിൽ എതിർപ്പ് ശക്തം. റബർ മരങ്ങളും കൃഷിയും പാൽ ഉല്പാദനവും ഗവേഷണവുമെല്ലാം വ്യവസായമാക്കി മാറ്റാനാണ് നീക്കം. നിലവിലെ റബർ ആക്ട് (1947) റദ്ദാക്കിക്കൊണ്ടുള്ള പുതിയ കരട് ബില്ലിലാണ് ഈ നിർദേശങ്ങളുള്ളത്.

ബിൽ നിയമമായാൽ റബ്ബർ മേഖലയിലപ്പാടെ കേന്ദ്ര സർക്കാരിന്റെ താല്പര്യങ്ങൾ അടിച്ചേൽപ്പിക്കാൻ നിഷ്പ്രയാസം കഴിയുമെന്നും ഇത് മേഖലയെ വിഴുങ്ങാനുള്ള നീക്കമാണെന്നും റബ്ബർ കർഷകരും ഈ രംഗത്തെ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. റബ്ബറിനെ കൃഷിയായി നിർവചിക്കണമെന്ന് കർഷകർ കാലങ്ങളായി നിരന്തരം ആവശ്യപ്പെട്ടു പോരുന്നതാണ്. അതിന് കടക വിരുദ്ധമാണ് ബില്ലിലെ വ്യവസ്ഥകൾ. അതേസമയം, റബ്ബറിന്റെ ഇറക്കുമതി നിയന്ത്രിക്കുന്നതിനോ തടയുന്നതിനോ ഉള്ള വ്യവസ്ഥകളൊന്നും ബില്ലിൽ ഇല്ല താനും. റബ്ബർ ആക്ട് (1947) പ്രകാരം, റബ്ബറിന് തറവില നിശ്ചയിക്കാനുള്ള അധികാരം റബർ ബോർഡിനുണ്ടായിരുന്നു. എന്നാൽ, പുതിയ ബില്ലിൽ തറവില നിശ്ചയിക്കാനുള്ള വ്യവസ്ഥ എടുത്തു കളഞ്ഞിരിക്കുകയാണ്. ഇതും കർഷകരുടെ താല്പര്യങ്ങൾക്ക് കടക വിരുദ്ധമാണ്.

പുറമെ ബോർഡിന്റെ ജനാധിപത്യ സ്വഭാവം ഇല്ലാതാക്കാനും കേന്ദ്ര ഇടപെടൽ സുഗമമാക്കാനും കഴിയും വിധത്തിലുള്ള പുനഃസംഘടനയും നിർദേശിച്ചിരിക്കുകയാണ്. ബോർഡിൽ കേരളത്തിൽ നിന്ന് എട്ട് അംഗങ്ങളുണ്ടായിരുന്നത് പുനഃസംഘടനയോടെ ആറായി കുറയും. സ്വാഭാവിക റബ്ബറിന്റെ സ്ഥാനത്ത് സർവസാധാരണമായിരിക്കുന്നതും കർഷകർക്ക് വെല്ലുവിളിയായി മാറിയിരിക്കുന്നതുമായ കൃത്രിമ റബ്ബറിന്റെ ഉല്പാദനത്തെയും ഉപയോഗത്തെയും കുറിച്ച് കരട് ബില്ലിൽ മനഃപൂർവമായി മൗനം പാലിച്ചിരിക്കുകയുമാണ്.

കേരളത്തിലെ റബ്ബർ കൃഷിയുടെയോ കർഷകരുടെയോ തോട്ടം തൊഴിലാളികളുടെയോ ശാക്തീകരണത്തിന് ഉതകുന്ന ശുപാർശയും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുമില്ല. റബ്ബർ കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. ഉല്പാദനച്ചെലവിന് അനുസരിച്ചുള്ള തുക ഉല്പന്നങ്ങൾക്ക് കിട്ടുന്നില്ല. റബ്ബർ ഷീറ്റിന് കിലോയ്ക്ക് 250 രൂപയെങ്കിലും കിട്ടണമെന്നതടക്കം നിരവധി ആവശ്യങ്ങൾ കർഷകർ ഉന്നയിച്ചിരിക്കുന്ന സാഹചര്യവുമാണ്. കഴിഞ്ഞ ജനുവരിയിൽ കേന്ദ്രം അവതരിപ്പിച്ച കരട് ബിൽ (പ്രമോഷൻ ആന്റ് ഡെവലപ്മെന്റ് ) പരിഷ്കരിക്കാനുള്ള നീക്കത്തിൽ പ്രതീക്ഷയർപ്പിച്ചിരുന്ന കൃഷിക്കാർ, പുതിയ ബില്ലിന്റെ അവതരണത്തോടെ തീർത്തും നിരാശയിലുമായി.

Eng­lish sum­ma­ry; Cen­ter with bill to swal­low rub­ber cultivation
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.