27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 16, 2024
July 8, 2024
July 7, 2024
July 4, 2024
July 4, 2024
June 29, 2024
June 26, 2024
June 22, 2024
June 19, 2024
June 18, 2024

അഡാനി, അംബാനിമാർക്കെതിരെ കേന്ദ്ര ഏജൻസി അന്വേഷിക്കണം: ബിനോയ് വിശ്വം

Janayugom Webdesk
ന്യൂഡല്‍ഹി
May 9, 2024 10:45 pm

പ്രധാനമന്ത്രിയുടെ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ അഡാനി, അംബാനി എന്നിവര്‍ക്കെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന് സിപിഐ പാർലമെന്ററി ഗ്രൂപ്പ് നേതാവും സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. തെലങ്കാനയിലെ കരിംനഗറിൽ ബിജെപി റാലിയിൽ സംസാരിക്കവേ ശതകോടീശ്വരന്മാരായ അഡാനിയും അംബാനിയും ലോറികളിൽ കെട്ടുകണക്കിന് പണം ഒരു രാഷ്ട്രീയ പാർട്ടിക്ക് നൽകിയെന്നാണ് നരേന്ദ്ര മോഡി പരാമർശം നടത്തിയത്. ചങ്ങാത്ത മുതലാളിത്തത്തിന്റെ കരിനിഴൽ വീണ, ധാരാളം ക്രമക്കേടുകൾ ആരോപിക്കപ്പെട്ട അഡാനി ഗ്രൂപ്പിനെതിരെയും അംബാനിയുടെ റിലയൻസ് ഗ്രൂപ്പിനെതിരെയും തെളിവുകൾ ഉണ്ടായിട്ടും യാതൊരു നടപടിയും പ്രധാനമന്ത്രി സ്വീകരിക്കാതിരുന്നത് നിരാശാജനകമാണ്. ഇരുവരുമായി മോഡിക്കുള്ള അടുപ്പവും അവരുടെ കമ്പനികളുടെ സ്വകാര്യ വിമാനങ്ങൾ ഉപയോഗിച്ചതും കത്തിൽ പരാമർശിച്ചു.
അഡാനിക്ക് എതിരെ ഹിൻഡൻബെർഗ് റിസർച്ച് കൊണ്ടുവന്ന ആരോപണങ്ങൾ നിഷേധിച്ചതും വെള്ളപൂശാൻ മുന്നിൽ നിന്നതും ബിജെപിയാണ്. 

അഡാനി നടത്തിയ ക്രമക്കേടുകളും വിവിധ സാമ്പത്തിക നിയമങ്ങള്‍ ലംഘിച്ചുവെന്ന ആരോപണവും ചർച്ച ചെയ്യാൻ ശ്രമിച്ചപ്പോൾ ലോക്‌സഭ സമ്മേളനം തന്നെ ബിജെപി അലങ്കോലമാക്കി. ഹിൻഡൻബെർഗ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്ന ആവശ്യവും കേന്ദ്രം അംഗീകരിച്ചിരുന്നില്ല. ഇതേ വിഷയം താൻ സഭയിൽ ഉന്നയിച്ചപ്പോൾ ബിജെപി എംപിമാർ ബഹളമുണ്ടാക്കി സഭാ നടപടികൾ തടസപ്പെടുത്തിയെന്നും ബിനോയ് വിശ്വം കത്തിൽ പറയുന്നു. ഇപ്പോൾ സർക്കാരിന്റെ തലവനായ പ്രധാനമന്ത്രി തന്നെ അഡാനിയും അംബാനിയും കള്ളപ്പണമിടപാടിലൂടെയും മറ്റും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് സമ്മതിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ പരസ്യപ്രസ്താവനയുടെ അടിസ്ഥാനത്തിൽ ഇഡി, സിബിഐ, ആദായ നികുതി വകുപ്പ് തുടങ്ങിയ കേന്ദ്രാന്വേഷണ ഏജൻസികൾ അഡാനിക്കും അംബാനിക്കും എതിരെ അന്വേഷണം ആരംഭിക്കണമെന്നും “സമ്പദ് നിർമ്മാതാക്കൾ” എന്ന് ന്യായീകരിച്ച ബിജെപി നേതാക്കൾ പരസ്യമായി മാപ്പ് പറയണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. 

Eng­lish Summary:Central agency should inves­ti­gate Adani, Amba­n­is: Binoy Viswam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.