16 November 2024, Saturday
KSFE Galaxy Chits Banner 2

കേന്ദ്രസർക്കാരിന്റെ നിയമന നിരോധനം: ഒഴിഞ്ഞുകിടക്കുന്നത് 12.3 ലക്ഷം തസ്തികകൾ

Janayugom Webdesk
ന്യൂഡൽഹി
January 30, 2022 10:09 pm

രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് കുത്തനെ ഉയരുകയും തൊഴിലിനായി കോടിക്കണക്കിന് യുവാക്കൾ പോരാടുകയും ചെയ്യുമ്പോൾ കേന്ദ്രസർക്കാർ മേഖലയിൽ ലക്ഷക്കണക്കിന് തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം വിവിധ മന്ത്രാലയങ്ങളിലായി 8.7 ലക്ഷവും മറ്റ് സേവനമേഖലകളിൽ 3.6 ലക്ഷവും ഒഴിവുകളുണ്ട്. രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് ഡിസംബർ മാസത്തിലെ കണക്കനുസരിച്ച് നാല് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയെന്ന സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ കണക്ക് നിലനില്ക്കുമ്പോഴാണ് ഈ സ്ഥിതി.

റിപ്പബ്ലിക്ദിനത്തിൽ ബിഹാറിലും ഉത്തർപ്രദേശിലും നടന്ന തൊഴിൽരഹിതരായ യുവാക്കളുടെ വ്യാപകമായ പ്രതിഷേധം രാജ്യത്തെ തൊഴിലില്ലായ്മയുടെ ചിത്രം വെളിപ്പെടുത്തുന്നു. റയിൽവേ ജോലികൾക്കുള്ള തെറ്റായ തിരഞ്ഞെടുപ്പ് പ്രക്രിയകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാക്കൾ തെരുവിലിറങ്ങിയത്. ഇന്ത്യൻ റയിൽവേ 2019ൽ ഏകദേശം 35,000 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 1.25 കോടിയിലധികം പേർ അപേക്ഷിക്കുകയും ഘട്ടങ്ങളിലായി നടന്ന പരീക്ഷയില്‍ 60 ലക്ഷം പേർ പങ്കെടുക്കുകയും ചെയ്തു. 35,000 തസ്തികകളിലേക്കാണ് 1.25 കോടി അപേക്ഷകർ എന്നത് ഇന്ത്യയിലെ ദാരുണമായ തൊഴിൽ സാഹചര്യത്തിന്റെ തെളിവാണ്.

2021 ജൂലൈ 29 ന് പ്രധാനമന്ത്രിയുടെ ഓഫീസ് നല്കിയ രേഖയനുസരിച്ച് 2016 മുതൽ 21 വരെ അഞ്ചുവർഷം കൊണ്ട് 4.45 ലക്ഷം ആളുകള്‍ക്കാണ് വിവിധ തസ്തികകളില്‍ നിയമനം നല്കിയത്. അതേസമയം മൊത്തം 8.72 ലക്ഷത്തിലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുവെന്നും ഇതേ റിപ്പോര്‍ട്ടിലുണ്ട്. പ്രതിരോധ മന്ത്രാലയത്തിൽ 2.48 ലക്ഷം സിവിലിയൻ തസ്തികകളും ആഭ്യന്തര മന്ത്രാലയത്തിൽ 1.28 ലക്ഷവും റയിൽവേയിൽ 2.37 ലക്ഷവും ഒഴിവുണ്ട്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൽ 2,000 ത്തിലധികം ഒഴിവുകളാണുള്ളത്. ഇതിനുപുറമെ 10,861 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 58,000 തസ്തികകള്‍ രാജ്യത്താകെ നിലവിലുണ്ട്. ഇതിനുപുറമെ ജലവിഭവ മന്ത്രാലയത്തിൽ പോലും 4,500 ലധികം തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു.

കേന്ദ്ര സർവകലാശാലകൾ, ജവഹർ നവോദയ വിദ്യാലയങ്ങൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ഐഐടികൾ, ഐഐഎമ്മുകൾ എന്നിവ ഉൾപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 25,000 ത്തിലധികം ഒഴിവുകളും പൊതുമേഖലാ ബാങ്കുകളിൽ 41,000 ത്തിലേറെ ഒഴിവുകളുമാണുള്ളത്. ഹൈക്കോടതികളിൽ 400 ലധികം ജഡ്ജിമാരുടെ കുറവുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

ഏറ്റവും കൂടുതൽ ഒഴിവുകളുള്ളത് സായുധ സേന, കേന്ദ്ര പൊലീസ് സേനകളായ സിആർപിഎഫ്, ബിഎസ്എഫ്, എസ്എസ്ബി, സിഐഎസ്എഫ്, ഐടിബിപി മുതലായവയിലാണ്. സായുധ സേനയിൽ 1.22 ലക്ഷത്തിലധികവും കേന്ദ്ര പൊലീസ് സേനയിൽ 96,000 ത്തിലധികവും ഒഴിവുകളുണ്ട്. തപാൽ മേഖലയിൽ 73,000 ത്തിലധികം ഒഴിവുകളാണുള്ളത്.

ദേശീയ ആരോഗ്യ ദൗത്യത്തിൽ 2021 ഡിസംബർ 17 ലെ കണക്കനുസരിച്ച് സർജൻ, ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷ്യൻ തുടങ്ങിയ 9,000 ലധികം സ്പെഷ്യലിസ്റ്റുകളുടെയും പതിനായിരത്തിലധികം ഡോക്ടർമാരുടെയും തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ഫാർമസിസ്റ്റുകൾ, എക്സ്റേ ടെക്നീഷ്യൻമാർ, ലബോറട്ടറി ജീവനക്കാർ തുടങ്ങി 9,000 ത്തിലധികം സാങ്കേതിക ജീവനക്കാരുടെയും 18,000 നഴ്സുമാരുടെയും തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. കോവിഡ് മഹാമാരിയെ നേരിടാൻ കേന്ദ്രസർക്കാർ സംവിധാനം എത്രത്തോളം ദയനീയമായിരുന്നുവെന്ന് ഈ ഒഴിവുകൾ കാണിക്കുന്നു.

സർക്കാർ തന്നെ സമ്മതിച്ചിട്ടുള്ള 8.72 ലക്ഷം ഒഴിവുകളിൽ 7.56 ലക്ഷം അഥവാ 87 ശതമാനം ഗ്രേഡ് സി നോൺ ഗസറ്റഡ് തസ്തികകളാണ്. വെറും 2.4 ശതമാനം മാത്രമാണ് ഗ്രേഡ് എ വിഭാഗത്തിലുള്ളത്. സാധാരണക്കാരായ തൊഴിൽരഹിതരെയാണ് മോഡി സർക്കാർ അവഗണിക്കുന്നത് എന്നർത്ഥം.

Eng­lish Sum­ma­ry: Cen­tral Gov­ern­ment move to ban on recruit­ment: 12.3 lakh job left vacant

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.