24 April 2024, Wednesday

കേന്ദ്രസർക്കാരിന്റെ ധാന്യലേലത്തിൽ അഴിമതിയെന്ന് കേന്ദ്ര ഏജൻസി; കൊള്ളയടിച്ചത് നാലായിരത്തിലധികം കോടി

Janayugom Webdesk
ന്യൂഡല്‍ഹി
April 27, 2022 8:41 pm

പാവപ്പെട്ടവർക്കും സെെന്യത്തിനും വിതരണം ചെയ്യാനുള്ള ധാന്യം ലേലം ചെയ്തതിൽ കേന്ദ്രസർക്കാര്‍ ഏജന്‍സി അഴിമതി നടത്തിയെന്ന് മറ്റൊരു കേന്ദ്രഏജൻസി സ്ഥിരീകരിച്ചു. പാവപ്പെട്ടവർക്കുള്ള ധാന്യ ഇടപാടിൽ കേന്ദ്ര ഏജൻസിയായ നാഫെഡ് മില്ലുടമകൾക്ക് 4,600 കോടിയുടെ ലാഭമുണ്ടാക്കാന്‍ വേണ്ടി പ്രവർത്തിച്ചുവെന്ന് കേന്ദ്ര സർക്കാരിന്റെ നാഷണൽ പ്രൊഡക്ടിവിറ്റി കൗൺസിലാണ് കണ്ടെത്തിയത്.

നിലവിലുണ്ടായിരുന്ന പരമ്പരാഗത ലേല നടപടിക്രമങ്ങൾ തിരുത്തിയെഴുതി ധാന്യങ്ങളിൽ വെട്ടിപ്പു നടത്താൻ നാഫെഡ് മില്ലുടമകളെ അനുവദിച്ചുവെന്ന് ‘റിപ്പോർട്ടേഴ്സ് കളക്ടീവ്’ ഏതാനും മാസം മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യമാണ് വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ അധ്യക്ഷനായ നാഷണൽ പ്രൊഡക്ടിവിറ്റി കൗൺസില്‍ അന്വേഷിച്ചത്. മില്ലുകാർക്ക് ധാന്യങ്ങൾ തട്ടിയെടുക്കാനും പൊതുവിപണിയിൽ ലാഭത്തിൽ വിൽക്കാനും ഗുണനിലവാരമില്ലാത്ത പയറുവർഗങ്ങൾ വിതരണം ചെയ്യാനും ലേലനിബന്ധനകളിൽ വെള്ളം ചേർത്തുവെന്നാണ് കൗൺസിൽ കണ്ടെത്തിയത്.

നാല് വർഷക്കാലം കൊണ്ട് 4,600 കോടി രൂപയോളമാണ് 5.4 ലക്ഷം ടൺ ധാന്യം സംസ്കരിക്കുന്നതിന്റെ പേരിൽ മില്ലുടമകൾ അധികമായി കൈക്കലാക്കിയത്. ക്ഷേമപദ്ധതികളിലെ ഗുണഭോക്താക്കൾക്കും പ്രതിരോധ സേനാംഗങ്ങൾക്കുമുള്ള ധാന്യം സംഭരിക്കുന്നതിനായി സംഭരണ ഏജൻസിയായ നാഫെഡ് ആയിരത്തോളം ലേലങ്ങളാണ് 2018 മുതൽ നടത്തിയത്. ലേലത്തിനുള്ള മില്ലുകളെ തിരഞ്ഞെടുത്തത് അടിസ്ഥാന നിരക്ക് പോലും നിർദേശിക്കാതെയാണെന്ന് രേഖകൾ തെളിയിക്കുന്നു. സര്‍ക്കാരിന് നഷ്ടമുണ്ടാക്കുന്ന ലേല രീതിയെക്കുറിച്ച് സിഎജി മുന്നറിയിപ്പ് നൽകി. കേന്ദ്ര, സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും ആശങ്കകൾ ഉയർത്തിയിരുന്നു. തുടര്‍ന്ന് സെൻട്രൽ വിജിലൻസ് കമ്മിഷന് പരാതിയും നൽകി. എന്നിട്ടും ലേല നടപടികൾ മുടക്കം കൂടാതെ മുന്നോട്ടു പോവുകയായിരുന്നു.

2017 ലാണ് സംസ്ഥാനങ്ങൾക്ക് ക്ഷേമപദ്ധതികൾക്കായി ധാന്യങ്ങൾ സംസ്കരിച്ച് വിതരണം ചെയ്യാൻ നാഫെഡും കേന്ദ്ര സർക്കാരും തീരുമാനിച്ചത്. ധാന്യസംസ്കരണത്തിന് മില്ലുകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിക്കുകയും ഏറ്റവും കുറവ് തുക നിർദ്ദേശിച്ച മില്ലുടമയെ തിരഞ്ഞെടുക്കുകയുമായിരുന്നു അതുവരെ നിലനിന്നിരുന്ന സമ്പ്രദായം. ഈ പ്രക്രിയയെ നാഫെഡ് അട്ടിമറിച്ചു. ധാന്യങ്ങൾ സംസ്കരിച്ച് വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുകയ്ക്ക് പകരം ‘ഔട്ട് ഓഫ് ടേൺ അനുപാതം’ എത്രയെന്ന് കാണിക്കാനായിരുന്നു നാഫെഡ് നിര്‍ദേശം. അസംസ്കൃത ധാന്യത്തിന്റെ അളവും അത് പൂർണമായും സംസ്കരിച്ച് എടുക്കുമ്പോൾ കിട്ടുന്ന അളവും തമ്മിലുള്ള അനുപാതമാണ് ഔട്ട് ഓഫ് ടേൺ റേഷ്യോ അഥവാ ഒടിആർ. ഏറ്റവും കുടുതൽ ഒടിആർ നൽകുന്ന മില്ലുടമ ലേലത്തിൽ വിജയിക്കുന്നു.

ഒടിആറിന് താഴ്ന്ന പരിധിയില്ലാത്തതിനാല്‍ അനുപാതത്തിൽ ഒരു ശതമാനത്തിന്റെ വ്യത്യാസം വന്നാൽ പോലും ബില്ലിൽ കോടികളുടെ വ്യത്യാസം ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഏതാനും സംസ്ഥാനങ്ങളില്‍ നിലവിലുണ്ടായിരുന്ന ഈ രീതി മില്ലുടമകൾക്ക് സഹായകരമായെന്ന് 2015 ൽ സിഎജി കണ്ടെത്തിയിരുന്നു. എന്നിട്ടും നാഫെഡ് അതേരീതിയിൽ മുന്നോട്ടുപോകുകയായിരുന്നു.

Eng­lish Sum­ma­ry: Cen­tral Gov­ern­men­t’s grain auc­tion; More than Rs 4,000 crore was looted

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.