17 December 2025, Wednesday

Related news

December 11, 2025
November 3, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
August 21, 2025
July 13, 2025
June 28, 2025
June 20, 2025

വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്ര നയങ്ങൾ

Janayugom Webdesk
October 5, 2024 5:00 am

താൽക്കാലിക രാഷ്ട്രീയ ലാഭത്തിനും ഇടനിലക്കാർക്ക് സഹായകമാകുന്ന വിധത്തിലും നയംമാറ്റങ്ങൾ വരുത്തി അവശ്യസാധന വിലക്കയറ്റത്തിന് കാരണമാകുന്ന സമീപനങ്ങൾ കേന്ദ്ര സർക്കാർ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഉള്ളി, അരി, ഭക്ഷ്യ എണ്ണ എന്നിവയുടെ കയറ്റിറക്കുമതി നയങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ ഈ വസ്തുക്കളുടെ വിലക്കയറ്റത്തിന് കാരണമായിരിക്കുകയാണ്. സെപ്റ്റംബർ അവസാനമാണ് ബസ്‌മതി ഇതര അരി കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം കേന്ദ്രം നീക്കിയത്. പുഴുക്കലരിയുടെ കയറ്റുമതി തീരുവയിൽ കുറവുവരുത്തുകയും ചെയ്തു. 20 ശതമാനമായിരുന്ന തീരുവ 10 ശതമാനത്തിലേക്കാണ് കുറച്ചത്. കാർഷിക കയറ്റുമതി വർധിപ്പിക്കാൻ ലക്ഷ്യമിട്ട് കുറഞ്ഞ കയറ്റുമതി വില (എംഇപി) മെട്രിക് ടണ്ണിന് 490 യുഎസ് ഡോളറെന്ന നിലയിൽ നിശ്ചയിച്ചതായും സർക്കാർ ഉത്തരവിൽ പറയുന്നു. ഈ സമീപനം ചെറുകിട കർഷകർക്ക് ഗുണം ചെയ്യില്ലെന്നും ഉപഭോക്താക്കളെ സംബന്ധിച്ച് ഭക്ഷ്യ വിലക്കയറ്റത്തിന് കാരണമാകുമെന്നുമാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഇന്ത്യക്ക് ഒരു മിനിമം കയറ്റുമതി വില ആവശ്യമുണ്ടോ എന്ന സംശയവും അവർ ഉന്നയിക്കുന്നുണ്ട്. ഈ നീക്കം കാർഷിക കയറ്റുമതി വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണെങ്കിലും അതിന്റെ ഗുണം ചെറുകിട കർഷകർക്കല്ല ഇടനിലക്കാർക്കാണ് ലഭിക്കുന്നത്. വിപണി വിലയിൽ വർധനയുണ്ടാക്കുന്നത് ഉപഭോക്താക്കൾക്ക് ബാധ്യതയാകുകയും ചെയ്യുന്നു. കർഷകർ ഉല്പാദിപ്പിക്കുന്ന മുഴുവൻ ഉല്പന്നങ്ങളും സമാഹരിക്കുന്നതിനുള്ള സംവിധാനങ്ങൾ സർക്കാർ തലത്തിൽ ഇതുവരെയുണ്ടായിട്ടില്ല.

സംഭരിക്കുന്നവയാകട്ടെ സൂക്ഷിക്കുന്നതിനുള്ള സജ്ജീകരണങ്ങളുമില്ല. അതുകൊണ്ടുതന്നെ കൂടുതൽ ഉല്പന്നങ്ങളും വാങ്ങിക്കൂട്ടുന്നത് ഇടനിലക്കാരായ വ്യാപാരികളാണ്. ഉല്പാദനം കൂടുതലാണെങ്കിൽ കർഷകർക്ക് കുറഞ്ഞ വിലയ്ക്ക് വിൽക്കേണ്ട സ്ഥിതിയുമുണ്ടാകുന്നു. കര്‍ഷകര്‍ ഉല്പന്നങ്ങള്‍ വിറ്റതിനുശേഷം കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് എന്നപേരിൽ നടത്തുന്ന മാറ്റങ്ങളൊന്നും കർഷകർക്ക് ഗുണം ചെയ്യുന്നവയല്ല. അരി, ഉള്ളി, ഉരുളക്കിഴങ്ങ്, ഭക്ഷ്യഎണ്ണ എന്നിവ പോലെ അവശ്യ ഉല്പന്നങ്ങൾക്കാണ് സാധാരണയായി കുറഞ്ഞ കയറ്റുമതി വില നിശ്ചയിക്കുന്നത്. സംഭരണം പൂർത്തിയായശേഷം കർഷകർക്ക് ഗുണപ്രദമാകുന്നതിനെന്നപേരിൽ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്ന സമീപനങ്ങളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. കർഷകർക്ക് ഗുണകരമാകുമെന്ന ബോധ്യം സൃഷ്ടിച്ച് രാഷ്ട്രീയ ലാഭം നേടുക മാത്രമാണ് ഇതിലൂടെ സംഭവിക്കുന്നത്. കാരണം അടുത്ത സംഭരണ വേളയാകുമ്പോഴേക്കും നയത്തിൽ മാറ്റം വരുത്തുകയും ഇടനിലക്കാർക്ക് അനുഗുണമാകുന്ന നിലയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഈ വർഷം മേയ് മാസത്തിൽ ഉള്ളിയുടെ കയറ്റുമതി നിരോധനം നീക്കിയതിന് ശേഷമാണ് എംഇപി നിശ്ചയിച്ചത്.

സെപ്റ്റംബർ 13ന് പ്രീമിയം ബസ്‌മതി അരിയുടെ എംഇപിയിലും മാറ്റംവരുത്തി. ഉള്ളിയുടെ കയറ്റുമതി തീരുവ 40ൽ നിന്ന് 20 ശതമാനമായി കുറയ്ക്കുകയും ചെയ്തു. അതുപോലെ, ബസ്‌മതി അരിക്ക് 2023 ഓഗസ്റ്റ് 25ന് ടണ്ണിന് 1,200 ഡോളർ എംഇപി ചുമത്തുകയും 2023 ഒക്ടോബറിൽ ടണ്ണിന് 950 ഡോളറായി കുറയ്ക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഗുണം മുഴുവൻ ലഭിക്കുന്നത് ഇടനിലക്കാർക്കാണ്. ഭക്ഷ്യഎണ്ണയുടെ കാര്യത്തിലും നയംമാറ്റങ്ങൾ വിലക്കയറ്റത്തിന് കാരണമാകുന്നുവെങ്കിലും അവകാശപ്പെടുന്നതുപോലെ യഥാർത്ഥ ഉല്പാദകർക്കല്ല ഗുണം ലഭിക്കുന്നത്. കഴിഞ്ഞമാസം ഭക്ഷ്യഎണ്ണയുടെ ഇറക്കുമതി ചുങ്കം വർധിപ്പിച്ചതിലൂടെ വിലക്കയറ്റം രൂക്ഷമായിരിക്കുകയാണ്. ആഭ്യന്തര ഉല്പാദനവും വിപണവും കൂട്ടാനെന്ന പേരിലാണ് ഭക്ഷ്യഎണ്ണ ഇറക്കുമതി നിരോധിച്ചിരിക്കുന്നത്. എന്നാൽ മതിയായ മുന്നൊരുക്കമില്ലാതെ തീരുമാനം നടപ്പിലാക്കിയത് വിലക്കയറ്റത്തിന് കാരണമായിരിക്കുകയാണ്. ഇറക്കുമതി നികുതിയും എണ്ണക്കുരു വിലയും തമ്മിലുള്ള അന്തരം പരിഗണിച്ചതുമില്ല. ഇറക്കുമതി നികുതി യഥാക്രമം 5.5, 13.75 ശതമാനത്തിൽ നിന്ന് 27.5, 35.75 ശതമാനം നിരക്കിലാണ് കൂട്ടിയത്. ആവശ്യമായ 55 (സോയബീൻ എണ്ണ 32, സൂര്യകാന്തി 22, പാംഓയിൽ 20) ശതമാനം ഭക്ഷ്യഎണ്ണയും ഇറക്കുമതി ചെയ്യുന്ന വേളയിൽ മതിയായ ആഭ്യന്തരോല്പാദനം ഉറപ്പാക്കാതെയുള്ള നിരോധനം ദൗർലഭ്യതയ്ക്ക് കാരണമാകുകയും വിലക്കയറ്റം സൃഷ്ടിക്കുകയുമായിരുന്നു. അങ്ങനെ സംഭവിക്കുമെന്ന് മനസിലാക്കുവാൻ കണക്കിന്റെയും വിപണിയുടെയും പ്രാഥമിക പാഠങ്ങൾ അറിഞ്ഞാൽ മതിയാകും. വിളവെടുപ്പുവേള കഴിഞ്ഞും സംഭരണത്തിന് മുന്നേയും കൈക്കൊള്ളേണ്ട തീരുമാനങ്ങൾ തെരഞ്ഞെടുപ്പുകൾ ലക്ഷ്യംവച്ച് ജനങ്ങളുടെ കണ്ണിൽപ്പൊടിയിടുന്നതിനായി നടത്തുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതമാണ് ഇപ്പോൾ സൃഷ്ടിക്കപ്പെടുന്ന വിലക്കയറ്റങ്ങൾ. കുറഞ്ഞ കയറ്റുമതി വില നിശ്ചയിച്ചാൽ അതിനനുസൃതമായി കർഷകർക്ക് കൂടിയ വില ലഭിക്കുമെന്ന പ്രതീതി സൃഷ്ടിക്കുക. കാർഷികോല്പാദനത്തിൽ മെച്ചപ്പെട്ട സ്ഥാനമുള്ള ഹരിയാനയിൽ തെരഞ്ഞെടുപ്പ് നടക്കുന്നു എന്നതിനാൽ അവിടെയുള്ള കർഷകരെ പ്രീണിപ്പിക്കാമെന്ന തെറ്റിദ്ധാരണയിലാണ് അരി കയറ്റുമതിനയത്തിൽ മാറ്റം വരുത്തിയതും ഭക്ഷ്യഎണ്ണ ഇറക്കുമതി നിരോധനമേർപ്പെടുത്തിയതും. എന്നാൽ ഇതിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ കർഷകരല്ല, ഇടനിലക്കാർ മാത്രമാണ്. കൂടാതെ ഇത്തരം സമീപനങ്ങളിലൂടെയുണ്ടാകുന്ന വിലക്കയറ്റത്തിന്റെ ആഘാതം വളരെയധികം നേരിടേണ്ടിവരുന്നത് എല്ലാ സാധനങ്ങൾക്കും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങൾക്കാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.